സരിതയുടെ രഹസ്യമൊഴി സര്‍ക്കാരിന് പുതിയ വെല്ലുവിളി

Posted on: 23 Jul 2013

ജുഡീഷ്യല്‍ അന്വേഷണവും പരിഗണനയില്‍


തിരുവനന്തപുരം:
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ മജിസ്‌ട്രേട്ടിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴി സര്‍ക്കാരിന് പുതിയ വെല്ലുവിളിയാകുന്നു. പോലീസ് സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ, സരിതയുടെ മൊഴിയിലെ ഉള്ളടക്കം പുതിയ കേസുകളിലേക്ക് നയിക്കുമോയെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എ.ഡി.ജി.പി എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. അതിനുശേഷം കേസ് ജുഡീഷ്യല്‍ അന്വേഷണത്തിന് വിടുന്നതിനുള്ള സാധ്യതകളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

പോലീസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് കുറ്റപത്രത്തില്‍ മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാര്‍ക്കോ പ്രശ്‌നങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകാനിടയില്ല. അങ്ങനെയെങ്കില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തിയാലും സര്‍ക്കാരിന് പേടിക്കാനില്ല. ജൂഡീഷ്യല്‍ അന്വേഷണംപ്രഖ്യാപിക്കുന്നതോടെ സമരരംഗത്തുള്ള പ്രതിപക്ഷത്തെ നേരിടുകയുമാവാം. ഇങ്ങനെയൊക്കെയാണ് നിലവില്‍ യു.ഡി.എഫ് തലപ്പത്തുള്ള ചിന്തകള്‍.

ഇതിനിടയില്‍ തികച്ചും അപ്രതീക്ഷിതമായി സരിതയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്താന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശം നല്‍കിയത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. സോളാര്‍ കേസില്‍ ഇതുവരെയുള്ള രഹസ്യമൊഴികളെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയിരുന്നെങ്കിലും സരിതയുടെ മൊഴിയെക്കുറിച്ച് ആര്‍ക്കും തിട്ടമില്ല.

ഒരു കേന്ദ്രമന്ത്രിയെക്കുറിച്ചും സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരെക്കുറിച്ചും മൊഴിയില്‍ പരാമര്‍ശമുണ്ടെന്നുള്ള ഊഹത്തിനപ്പുറം ഒന്നും ഇതുവരെ വെളിപ്പെട്ടിട്ടില്ല. ഈ ദുരൂഹത തന്നെയാണ് സര്‍ക്കാരിനെ കുഴപ്പിക്കുന്നതും.

മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലും സരിതയുടെ രഹസ്യമൊഴി നിര്‍ണായകമാവുകയാണ്. നിലവില്‍ സരിതയുമായി ഫോണ്‍ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ അഞ്ച് മന്ത്രിമാര്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍ വന്നു. അവരില്‍ രണ്ടുപേര്‍ നിരവധി തവണ സരിതയെ അങ്ങോട്ട് വിളിച്ചതിനും രേഖകളുണ്ട്. സരിത മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയിലും ഇതേ മന്ത്രിമാരുടെ പേരുകളുണ്ടെങ്കില്‍ പുനഃസംഘടനയെ അത് സ്വാധീനിക്കും. മജിസ്‌ട്രേട്ടിന് മുമ്പാകെ ഒരുകേസിലെ പ്രതി നല്‍കിയ മൊഴിയില്‍ പേരുള്ളവരെ നിലനിര്‍ത്തിക്കൊണ്ട് പുനഃസംഘടന സാധ്യമാവില്ല. ഇതും സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

സരിത നേരിട്ട് പ്രതിയായ 31 കേസുകളും സരിതയ്ക്ക് പങ്കുള്ള 12 കേസുകളുമാണ് ഇപ്പോള്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കുന്നത്. ഈ കേസുകള്‍ സംബന്ധിച്ച് അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. തെളിവെടുപ്പ്, മൊഴി രേഖപ്പെടുത്തല്‍, തൊണ്ടി സാധനം കണ്ടെത്തല്‍ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചുവെന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ബിജു രാധാകൃഷ്ണന്‍, ശാലു മേനോന്‍ എന്നിവരുടെ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് ഏകദേശ ധാരണകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സരിതയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പരിശോധിച്ചുവരുന്നതേയുള്ളൂ. കോടതിയുടെ വിമര്‍ശം ക്ഷണിച്ചുവരുത്താതെ കുറ്റപത്രം തയ്യാറാക്കണമെങ്കില്‍ തട്ടിപ്പുപണത്തിന്റെ വിനിയോഗം കൂടി ഉള്‍പ്പെടുത്തേണ്ടിവരും. ഒരാഴ്ചയ്ക്കുള്ളില്‍ അത്തരം വിശദാംശങ്ങള്‍ ശേഖരിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.



 

ga