സോളാര്‍ താരതമ്യേന ചെറിയ തട്ടിപ്പെന്ന് മുഖ്യമന്ത്രി

Posted on: 23 Jul 2013

ആലുവ: സോളാര്‍ പത്ത് കോടി മാത്രം വരുന്ന താരതമ്യേന ചെറിയ തട്ടിപ്പ് മാത്രമാണെന്നും ഇതില്‍ സര്‍ക്കാറിന്റെ ഒരു പൈസ പോലും പോയിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ എടത്തലയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീം സോളാറിന് സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. തട്ടിപ്പ് കണ്ടതോടെ കര്‍ശനമായി നടപടിയെടുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ സമയത്ത് ഇതേ രീതിയിലുള്ള 14 കേസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം വെറും സിവില്‍ കേസുകളായി കണ്ട് തള്ളുകയായിരുന്നു. 2009-ല്‍ പി.ആര്‍.ഡി. ഉദ്യോഗസ്ഥനായിരുന്ന ഫിറോസിനെ പോലീസ് ഇത്തരമൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് കൂടെയുണ്ടായിരുന്നവര്‍ ജാമ്യത്തിലിറങ്ങി ഫിറോസിനെ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തെറ്റ് ഉണ്ടായിരുന്നുവെന്നു പറഞ്ഞ് നമ്മുടെ തെറ്റ് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുപേരുടെ മാത്രം ഭൂരിപക്ഷത്തോടെ അധികാരത്തില്‍ കയറിയ ഈ സര്‍ക്കാര്‍ താനെ താഴെയിറങ്ങിക്കോളുമെന്ന് കരുതിയിരുന്നവരാണ് ക്ഷമ നശിച്ചപ്പോള്‍ സോളാര്‍ ആരോപണവുമായി രംഗത്ത് വന്നത്. അതേസമയം പഴി കേള്‍ക്കാന്‍ ഇടവന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദര്‍ശം പറഞ്ഞതുകൊണ്ട് ജനങ്ങള്‍ക്ക് പുരോഗതിയുണ്ടാകുന്നില്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ കുറച്ചുകാലമായി നടത്തിയ വിവിധ സമരങ്ങള്‍ പൊളിഞ്ഞത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഭൂസമരവും പങ്കാളിത്ത പെന്‍ഷനെതിരേയും നടത്തിയ സമരങ്ങള്‍ വിജയം കണ്ടില്ല. അഞ്ച് കൊല്ലം കൊണ്ട് ചെയ്യാത്ത കാര്യം പ്രതിപക്ഷത്തിരുന്നുകൊണ്ട് എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളില്‍ മാധ്യമ വിചാരണ നടത്തി നടപടി സ്വീകരിക്കണം എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളിയാണ്. സങ്കുചിത താത്പര്യക്കാരും പ്രാദേശിക രാഷ്ട്രീയക്കാരും ഒരുവശത്തു നിന്ന് കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

ആലുവ എടത്തല കുഞ്ചാട്ടുകരയിലെ ശാന്തിഗിരി ആശ്രമത്തില്‍ വെച്ചാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ 'യുവദൃഷ്ടി' എന്ന ക്യാമ്പ് നടക്കുന്നത്. ദേശീയ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അര്‍ദ്ധനാരി, സെക്രട്ടറി സയ്യിദ് അസ്മത്തുള്ള ഹുസൈന്‍, എം.എല്‍.എ. മാരായ അന്‍വര്‍ സാദത്ത്, പി.സി. വിഷ്ണുനാഥ്, ചാലക്കുടി പാര്‍ലമെന്‍റ് പ്രസിഡന്‍റ് പി.ബി. സുനീര്‍ എന്നിവര്‍ പങ്കെടുത്തു.



 

ga