അടൂര്‍: സോളാര്‍ കേസിലെ പ്രതി സരിതയുമായി ചേര്‍ന്ന് കെ.ബി.ഗണേഷ്‌കുമാറും മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും ഭൂമി വാങ്ങിയെന്ന് ആരോപണം. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനാണ് ഇക്കാര്യം തന്നോടു പറഞ്ഞതെന്ന് ഇയാള്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞ ഡി.വൈ.എഫ്.ഐ. നേതാവ് സഞ്ജു മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. സോളാര്‍ തട്ടിപ്പിനെതിരെ സമരം നടത്തിയതിനാണ് സഞ്ജു ജയിലിലായത്. ഇദ്ദേഹം ഡി.വൈ.എഫ്.ഐ. അടൂര്‍ മേഖലാ സെക്രട്ടറിയാണ്.
''സരിതയും മറ്റുള്ളവരും ചേര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സ്ഥലം വാങ്ങിയത്'' - സഞ്ജു പറഞ്ഞു.
ജാമ്യത്തിലിറങ്ങിയ സഞ്ജു പറഞ്ഞത് ഇങ്ങനെ:- '' കഴിഞ്ഞ 15-ാം തിയ്യതിയാണ് ഇക്കാര്യങ്ങള്‍ ബിജു രാധാകൃഷ്ണന്‍ എന്നോടുപറഞ്ഞത്. രാവിലെ അയാളെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായിരുന്നു ഇത്. സരിതയും ഗണേഷും ചാണ്ടി ഉമ്മനും ചേര്‍ന്ന് ബാലരാമപുരത്ത് ഭൂമിവാങ്ങിയത് താനറിയാതെയായിരുന്നുവെന്ന് ബിജു പറഞ്ഞു. ജയിലിലെ സെല്ലില്‍ മറ്റാരുമായി ബിജുവിന് ബന്ധമുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐ. നേതാവ് എന്ന നിലയിലാണ് എന്നോട് സംസാരിച്ചതെന്നുതോന്നുന്നു. സി.പി.എം. നേതാക്കളായ വി.എസ്സിനെയോ പിണറായിയെയോ തന്റെയടുത്തേയ്ക്ക് അയയ്ക്കാന്‍ നടപടിയെടുത്താല്‍ ആശ്വാസമാകും എന്ന നിലയ്ക്കാണ് ബിജു സംസാരിച്ചത്. താന്‍ എല്ലാം തുറന്നുപറഞ്ഞാല്‍ അഞ്ചുദിവസത്തിനുള്ളില്‍ ഭരണം പോകുമെന്നും അയാള്‍ അറിയിച്ചു.
ഈ തട്ടിപ്പില്‍ നടി ശാലുമേനോന് പങ്കൊന്നും ഇല്ലെന്നും ബിജു പറഞ്ഞു. ശാലു മേനോനെ പിടിച്ചതോടെ അയാള്‍ അസ്വസ്ഥനായി. ശാലുവുമായി സ്‌നേഹത്തിലാണെന്നും അയാള്‍ അറിയിച്ചു.
മന്ത്രിയായിരുന്ന ഗണേഷിനെ താനാണ് മര്‍ദ്ദിച്ചത്. സരിതയുമായ ഗണേഷിനുണ്ടായിരുന്ന ബന്ധം അറിഞ്ഞതിനാലായിരുന്നു ഇത്. ഗണേഷിന്റെ തല ഭിത്തിയില്‍ ചേര്‍ത്ത് ഇടിച്ചെന്നും അയാള്‍ പറഞ്ഞു. ഈ സംഭവത്തോടെയാണ് സരിതയും ബിജുവും അകന്നതെന്ന് തോന്നുന്നു''. തന്റെ പേരിലുള്ള ലെറ്റര്‍പാഡ്, സരിത വ്യാജമായി ഉണ്ടാക്കി തട്ടിപ്പ് നടത്തിയതാകാമെന്ന് ബിജു പറഞ്ഞതായി സഞ്ജു അറിയിച്ചു.