കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ സരിതയെയും ബിജുവിനെയും സഹായിക്കാന്‍ ടെന്നി ജോപ്പന്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തുവെന്ന വാദം തള്ളാനാവില്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റന്‍റായ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. എസ്. സതീശചന്ദ്രന്റെ ഈ വിലയിരുത്തല്‍.
ബിജുവും സരിതയും വ്യാപകമായി നടത്തിയ സോളാര്‍ തട്ടിപ്പില്‍ ജോപ്പന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി കേസ് ഡയറി പരിശോധിച്ച കോടതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായ ഹര്‍ജിക്കാരനെ ജാമ്യത്തില്‍ വിട്ടാല്‍ കേസുമായി ബന്ധപ്പെട്ടവരെ സ്വാധീനിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
ശ്രീധരന്‍ നായരുടെ പരാതിയില്‍ ജോപ്പന്റെ പേരില്ലെന്നതിന് ഈ ഘട്ടത്തില്‍ വലിയ പ്രാധാന്യമില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു. ബിജുവും സരിതയും ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പുകേസുകളില്‍ ഒന്നുമാത്രമാണ് ഇത്. ജാമ്യം പരിഗണിക്കുമ്പോള്‍ പൊതുതാത്പര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകളില്‍ അന്വേഷണം നടന്നുവരികയാണ്. ശ്രീധരന്‍ നായരെ കബളിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായ ടെന്നി ജോപ്പന്‍ സരിതയെയും ബിജുവിനെയും സഹായിച്ചുവെന്നാണ് സൂചന. സരിതയും ബിജുവും ഔദ്യോഗികപദവികളിലുള്ളവരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കരുതേണ്ടത്.
' ടീം സോളാര്‍ എനര്‍ജി സൊലൂഷന്‍സി ' ന്റെ പത്രപ്പരസ്യം കണ്ടാണ് ശ്രീധരന്‍ നായര്‍ സ്ഥാപനത്തെ സമീപിക്കുന്നത്. സര്‍ക്കാരിന്റെ സഹായത്തോടെ പാലക്കാട് കിന്‍ഫ്രയില്‍ സൗരോര്‍ജ പ്ലാന്‍റ് സ്ഥാപിക്കാന്‍ സരിതയും മറ്റും സഹായം വാഗ്ദാനം ചെയ്തു എന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്ലാന്‍റിന് സര്‍ക്കാരില്‍ നിന്ന് എല്ലാ സഹായവും കിട്ടുമെന്ന് ജോപ്പന്‍ വിശ്വസിപ്പിച്ചുവെന്നാണ് കേസ്. ശ്രീധരന്‍ നായര്‍ മൂന്നു ചെക്കുകളിലുടെ നല്‍കിയ 40 ലക്ഷം രൂപ സരിതയും ബിജുവുമാണ് മാറിയെടുത്തത്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോഴാണ് ശ്രീധരന്‍ നായര്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ പങ്ക് വെളിപ്പെട്ടപ്പോഴാണ് ജൂണ്‍ 28-ന് ജോപ്പനെ അറസ്റ്റ് ചെയ്തതെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. പി. ദണ്ഡപാണി കോടതിയെ അറിയിച്ചു.
ജോപ്പന്റെ ഉറപ്പിനുശേഷമാണ് ശ്രീധരന്‍ നായര്‍ മൂന്നാമത്തെ ചെക്ക് മാറ്റാനായി നല്‍കിയത് എന്നാണ് കേസെന്ന് കോടതി വിലയിരുത്തി. അതിനാല്‍ പരാതിയില്‍ ജോപ്പന്റെ പേരില്ലെന്നത് ജാമ്യത്തിന് കാരണമാവുന്നില്ല. ജോപ്പന് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ എന്ന നിലയില്‍ ടെന്നി ജോപ്പന്‍ വ്യക്തികളിലും അധികാര കേന്ദ്രങ്ങളിലും ചെലുത്തിയ സ്വാധീനവും പരിഗണിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ബോധിപ്പിച്ചത്. ഹര്‍ജിക്കാരന്‍ സരിതയും ബിജുവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളെയും ഇവരുടെ ബാങ്കിടപാടുകളെയും കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സോളാര്‍ പദ്ധതിയുടെ പേരില്‍ ശ്രീധരന്‍ നായരെ കബളിപ്പിച്ചതിന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് ജോപ്പന്‍. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പ്ലാന്‍റ് നിര്‍മാണവുമായി ബന്ധപ്പെട്ട് 40 ലക്ഷം രുപ വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്.