
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരെ കോടതിയില്‍ ഹാജരാക്കാത്തത് സര്‍ക്കാരിന്റെ പേടിമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു . സംസ്ഥാന, കേന്ദ്ര മന്ത്രിമാരുടെ പേരുകള്‍ അവര്‍ വെളിപ്പെടുത്തുമെന്നാണ് അധികൃതര്‍ ഭയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി എം എല്‍ എ മാര്‍ നടത്തിയ 24 മണിക്കൂര്‍ സമരത്തിന്റെ സമാപന ചടങ്ങിലാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം പറഞ്ഞത്. ഇടതുമുന്നണി നടത്തുന്ന 'രാപ്പകല്‍ സമര'ത്തിന്റെ ആദ്യദിനമാണ് എം.എല്‍.എ.മാര്‍ സമരം നടത്തിയത്.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ ഇടത് നേതാക്കളെല്ലാം തിങ്കളാഴ്ച രാത്രി സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് കഴിച്ചുകൂട്ടിയത്.
എം എല്‍ എ മാരുടെ സമരം രാവിലെ സമാപിച്ചയുടന്‍ അതേ പന്തലില്‍ ഇടത് യുവജന സംഘടനകള്‍ 'രാപ്പകല്‍ സമരം' തുടങ്ങി. അനിശ്ചിതകാല സമരം അടക്കമുള്ളവയെക്കുറിച്ച് ഇടതുമുന്നണി യോഗത്തില്‍ തീരുമാനം എടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.