മന്ത്രിമാരുടെ ഫോണ്‍വിളിയും അന്വേഷിക്കും

Posted on: 12 Jul 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായരും സംസ്ഥാന മന്ത്രിമാരും തമ്മിലുള്ള ഫോണ്‍ വിളികളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഐ.ജി ടി.ജെ.ജോസിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചുവരുത്തി കാര്യങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സരിതയുടെ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച നടി ഉത്തര ഉണ്ണിയെ കൊച്ചി പോലീസ് ചോദ്യം ചെയ്യും.

സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും ഒരു കേന്ദ്രമന്ത്രിയും സരിതയുമായി നിരന്തരം ഫോണ്‍ ബന്ധം പുലര്‍ത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇവരില്‍ രണ്ടുപേര്‍ സരിതയെ നിരവധി തവണ അങ്ങോട്ട് വിളിച്ചതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുമുണ്ട്. ആധികാരിക ഫോണ്‍ രേഖകള്‍ പുറത്തുവന്നതിനെച്ചൊല്ലി വിവാദമുയര്‍ന്നിരുന്നു. ഫോണ്‍ രേഖകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ അതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയ നിര്‍ദേശമുയര്‍ന്നുവെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നു. മന്ത്രിമാരുടെ ഫോണ്‍വിളിയെക്കുറിച്ച് അന്വേഷിച്ചാല്‍ സോളാര്‍ തട്ടിപ്പുകേസ് അന്വേഷണം ദിശമാറുമെന്നായിരുന്നു പോലീസിന്റെ പക്ഷം. എന്നാല്‍ കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ബന്ധം കാരണമാണ് മന്ത്രിമാരും സരിതയും തമ്മിലുള്ള ഫോണ്‍ ബന്ധവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.

മന്ത്രിമാരുടെ ഫോണ്‍ രേഖകള്‍ ചോര്‍ന്നത് സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ(എസ്.സി.ആര്‍.ബി) യില്‍ നിന്നാണെന്ന് ഇന്‍റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എസ്.സി.ആര്‍.ബിയുടെ ചുമതലയുള്ള ഐ.ജി ടി.ജെ.ജോസിനെതിരെ നടപടിവേണമെന്ന് സെന്‍കുമാര്‍ ശുപാര്‍ശചെയ്തതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് വിശദാംശങ്ങളറിയാന്‍ ജോസിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്. വ്യാഴാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജോസ് തന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനാണ് താനെന്നും അതേസമയം രേഖകള്‍ ചോര്‍ന്നതില്‍ തനിക്ക് പങ്കില്ലെന്നും ജോസ് നേരത്തെ സര്‍ക്കാരിന് വിശദീകരണം നല്‍കിയിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇക്കാര്യവും കൂടി മുന്‍നിര്‍ത്തിയാണ് ഐ.ജിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്.

സരിതയുടെ ടീം സോളാര്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിക്കപ്പെട്ട നടി ഉത്തര ഉണ്ണിയെ കൊച്ചി സൗത്ത് പോലീസ് ചോദ്യം ചെയ്യും. ഉത്തരയെ എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയേ്തക്കും.




 

ga