ശാലുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസ്

Posted on: 12 Jul 2013


തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ നടി ശാലുമേനോന്റെ ജീവന് ഭീഷണിയുള്ളതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടുനല്‍കി. സമീപകാലത്ത് ശാലുവിന്റെ ഡാന്‍സ് സ്‌കൂള്‍ തകര്‍ത്തത് ഇതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ശാലുവിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് ശാലുവിനെതിരെ തട്ടിപ്പിന് കേസെടുത്തിട്ടുള്ളതായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ബാലചന്ദ്രമേനോന്‍ കോടതിയെ അറിയിച്ചു. ലക്ഷങ്ങള്‍ തട്ടിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നത് ആശാസ്യമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

അവിവാഹിതയായ ഡാന്‍സ് അധ്യാപികയെ അകാരണമായാണ് പീഡിപ്പിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. കേസിനാസ്പദമായ സംഭവം നടന്നിട്ടുള്ള തിരുവനന്തപുരത്തും എറണാകുളത്തും ശാലു പ്രവേശിക്കില്ലെന്ന് ഉറപ്പുനല്‍കാം. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ശാലുവിനെതിരെ തൃശ്ശൂരില്‍ കേസ്സുണ്ടെന്ന് പുതുതായി എഴുതിചേര്‍ത്തതാണെന്ന് പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. കേസ് ഡയറി അന്വേഷണ ഉദ്യോഗസ്ഥന്‍ ഉച്ചയ്ക്കുമുമ്പേ ഹാജരാക്കി. തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്നില്‍ പി.ഡി. ജോസഫ് എന്ന പൊതുപ്രവര്‍ത്തകനാണ് ശാലുവിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്.

ജാമ്യഹര്‍ജി വിധിപറയാന്‍ വെള്ളിയാഴ്ചയിലേക്ക് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി മാറ്റി. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണനെ വ്യാഴാഴ്ച വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു




 

ga