ബിജുവിന് ശാലുവിനെ കാണാന്‍ മോഹം; കോടതി അനുവദിച്ചില്ല

Posted on: 12 Jul 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന് കൂട്ടുപ്രതിയായ ശാലുമേനോനെ കാണണമെന്ന് ആഗ്രഹം. അഞ്ചുമിനിറ്റ് സംസാരിക്കാന്‍ അവസരം നല്‍കണമെന്നാണ് ബിജു ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇതനുവദിച്ചില്ല.

ബിജുരാധാകൃഷ്ണനെ പോലീസ് കസ്റ്റഡി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ശാലുവിനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്. തന്നെ ജാമ്യത്തിലിറക്കാന്‍ ബന്ധുക്കള്‍ ആരുമില്ലെന്നും ശാലുവിനെ കണ്ട് സ്വകാര്യം പറയണമെന്നും ബിജു പറഞ്ഞു.

ബിജുവിന്റെ ആവശ്യം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിരസിച്ചു. ബിജുവിനെ ജൂലായ് 22 വരെ റിമാന്‍ഡ് ചെയ്തു. ബിജുവിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ബിജുവിന് ജാമ്യം നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. സൈബര്‍സെല്‍, ഫോറന്‍സിക് ലാബ് എന്നിവിടങ്ങളില്‍ നിന്ന് ഇനിയും തെളിവുകള്‍ ശേഖരിക്കാനുള്ളതായും പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

ശാലുമേനോന്റെ ആഡംബര കാര്‍ കസ്റ്റഡിയില്‍ എടുത്തു

ചങ്ങനാശ്ശേരി: സോളാര്‍ തട്ടിപ്പ്‌കേസ്സില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ ആഡംബര കാര്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഈ കാറിലാണ് ബിജു രാധാകൃഷ്ണന്‍ കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ തൃശൂര്‍ വരെ പോയതെന്നാണ് പോലീസ് നിഗമനം. വ്യാഴാഴ്ച നാലുമണിയോടെയാണ് ചങ്ങനാശ്ശേരിയിലെ വീട്ടില്‍ നിന്ന് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. ബിജു രാധാകൃഷ്ണനാണ് ഈ കാര്‍ ശാലുവിന് വാങ്ങി നല്‍കിയതെന്നാണ് അറിയുന്നത്.

സരിതയുടെയും ബിജുവിന്റെയും റിമാന്‍ഡ് 18 വരെ നീട്ടി

അമ്പലപ്പുഴ: സോളാര്‍ തട്ടിപ്പുകേസ്സില്‍ പ്രതികളായ ബിജു രാധാകൃഷ്ണന്റെയും സരിത എസ്. നായരുടെയും റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടിക്കൊണ്ട് അമ്പലപ്പുഴ ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് വി. ഉദയകുമാര്‍ ഉത്തരവിട്ടു.





 

ga