സോളാര്‍ തട്ടിപ്പ് : നടി ഉത്തരയെ പോലീസ് ചോദ്യം ചെയ്യും

Posted on: 11 Jul 2013

കാച്ചി: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യുവ നടി ഉത്തര ഉണ്ണിക്കെതിരെയും അന്വേഷണം. സോളാര്‍ കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനോടും സരിതയ്ക്കുമൊപ്പം ഇവര്‍ ചെന്നൈയിലേക്ക് വിമാനയാത്ര നടത്തിയതിന്റെ രേഖകള്‍ പുറത്തായതിനെ തുടര്‍ന്നാണ് ഉത്തരയെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. സിനിമ, സീരിയല്‍ നടി ഊര്‍മിള ഉണ്ണിയുടെ മകളാണിവര്‍.

ബിജു രാധാകൃഷ്ണനും സരിത എസ്. നായരും വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന രവിപുരത്തെ ട്രാവല്‍ ഏജന്‍സി ഉടമ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരുടെ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തായത്. സൗത്ത് പോലീസ് ഇത് സോളാര്‍ കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം സരിതയും ബിജുവും പണം നല്‍കാതെ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രാവല്‍ ഏജന്‍റ് പോലീസില്‍ പരാതി നല്‍കിയത്. ഒന്നേമുക്കാല്‍ ലക്ഷം രൂപയോളം ട്രാവല്‍ ഏജന്‍റിന് നല്‍കാനുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

ഉത്തരയും ബിജു രാധാകൃഷ്ണനും ഒരേ ദിവസം ചെന്നൈയിലേക്ക് യാത്ര ചെയ്തതിന്റെ രേഖകള്‍ ഇതിലൂടെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആഗസ്ത് 16നും സപ്തംബര്‍ ആറിനുമായിരുന്നു ഇത്. രണ്ടു തവണ ഉത്തര സരിതയുടെ കൂടെയും യാത്ര ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കായിരുന്നു യാത്ര. ഡല്‍ഹിയിലേക്കും ഇവര്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. സരിതയും ബിജുവും ചേര്‍ന്നാണ് ഉത്തരയ്ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയതെന്നും പോലീസിന് ലഭിച്ച പരാതിയിലുണ്ട്.

ടീം സോളാറിന്റെ ബ്രാന്‍റ് അംബാസഡറായിരുന്നു ഉത്തര ഉണ്ണിയെന്നും സൂചനയുണ്ട്. ടീം സോളാര്‍ ബ്രാന്‍റ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതായി ഉത്തര ഫേസ്ബുക്കില്‍ എഴുതിയിരുന്നതായി പോലീസ് പറഞ്ഞു. സോളാര്‍ കേസില്‍ ബിജുവും സരിതയും അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം ഫേസ്ബുക്ക് പേജില്‍ നിന്ന് പിന്നീട് ഈ വിവരം ഇവര്‍ നീക്കം ചെയ്യുകയായിരുന്നു. അതേസമയം ടീം സോളാറിന്റെ ബ്രാന്‍റ് അംബാസഡറല്ല തന്റെ മകളെന്ന് ഊര്‍മിള പറഞ്ഞു. ടീം സോളാറിനു വേണ്ടി മകള്‍ മോഡലിങ് നടത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്ന് ഊര്‍മിള വ്യക്തമാക്കി. ചെന്നൈയില്‍ വിദ്യാര്‍ത്ഥിയായ ഉത്തര ടീം സോളാറിനു വേണ്ടി മോഡലാകാന്‍ വേണ്ടിയാണ് അവര്‍ നല്‍കിയ ടിക്കറ്റില്‍ പലയിടങ്ങളിലേക്ക് യാത്ര ചെയ്തതെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.

പുറത്തിറങ്ങാനിരിക്കുന്ന ലെനിന്‍ രാജേന്ദ്രന്റെ 'ഇടവപ്പാതി' എന്ന സിനിമയിലും മറ്റ് തമിഴ്പടങ്ങളിലും ചില പരസ്യചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.




 

ga