
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി മന്ത്രിമാരും മറ്റ് നേതാക്കളും നടത്തിയ ടെലഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതുസംബന്ധിച്ച് എസ്‌സിആര്‍ബി ഐ.ജിക്കെതിരെ നടപടിയെടുത്തേക്കും.
ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഐ.ജി. ടി ജെ ജോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ചിലര്‍ക്ക് ടെലഫോണ്‍ വിവരങ്ങള്‍ നല്‍കിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യമാണ് എ.ഡി.ജി.പി. ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദിച്ചത്.
ഫോണ്‍ ലിസ്‌റ്റെടുക്കാന്‍ തനിക്കധികാരമുണ്ടെന്നാണ് ഐജിയുടെ വിശദീകരണം. അന്വേഷണം തന്നെ ഏല്‍പ്പിക്കുമെന്ന് കരുതിയാണ് ടെലഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
എസ്.സി.ആര്‍ബി ഐ.ജി.യോട് ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം. പോളും വിശദീകരണം തേടിയിട്ടുണ്ട്. പോലീസ് നേതൃത്വം അറിയാതെ ഇവിടെനിന്ന് വിവരം ചോര്‍ന്നതെങ്ങനെയെന്നാണ് വിശദീകരിക്കേണ്ടത്.
രാഷ്ട്രീയമായി ഫോണ്‍വിവരം ദുരുപയോഗം ചെയ്തത് വന്‍വിവാദമായ സാഹചര്യത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ വരെ ഇക്കാര്യത്തില്‍ ആരോപണ വിധേയരുമാണ്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കം നാല് മന്ത്രിമാര്‍ സരിത എസ്. നായരെ ഫോണ്‍ ചെയ്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. മന്ത്രിമാരെക്കൂടാതെ നിരവധി നേതാക്കളും എംഎല്‍എമാരും സരിത എസ്. നായരുമായി ടെലഫോണില്‍ ബന്ധപ്പെട്ടതായാണ് ആരോപണം.