ശാലുവിനെ സ്വന്തം വാഹനത്തില്‍ കൊണ്ടുപോയത് പ്രതിയല്ലാത്തതിനാല്‍

Posted on: 07 Jul 2013

തിരുവനന്തപുരം: ചങ്ങനാശ്ശേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ചോദ്യം ചെയ്യാന്‍ ശാലു മേനോനെ സ്വന്തം വാഹനത്തില്‍ കൊണ്ടുപോയത് പ്രതിയല്ലാത്തതിനാലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആ സമയത്ത് ശാലുവിനെതിരെ കേസെടുത്തിട്ടില്ലായിരുന്നുവെന്നാണ് ഇക്കാര്യത്തില്‍ പോലീസിന്റെ വിശദീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് ശാലുവിനെ പോലീസ് ചങ്ങനാശ്ശേരിയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത് സണ്‍കണ്‍ട്രോള്‍ ഫിലിം ഒട്ടിച്ച സ്വന്തം സ്വിഫ്റ്റ് കാറിലായിരുന്നു.

ആദ്യം പോലീസ് ജീപ്പിലേയ്ക്ക് പോയ ശാലു പിന്നീട് ചങ്ങനാശ്ശേരി സി.ഐ. നിഷാദ്‌മോന്റെ നിര്‍ദേശപ്രകാരമാണ് മഫ്ടിവേഷത്തിലുള്ള രണ്ട് വനിതാ പോലീസുകാര്‍ക്കൊപ്പം യാത്ര സ്വന്തം വാഹനത്തിലാക്കിയത്.

കാര്‍ ഓടിച്ചത് ശാലുവിന്റെ ഡ്രൈവര്‍ തന്നെ. ജീപ്പില്‍ പോലീസ് അവര്‍ക്ക് അകമ്പടി സേവിക്കുകയാണ് ചെയ്തത്. ഇത് വെള്ളിയാഴച് തന്നെ വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

ഇതിനിടെ കാറില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം ഒട്ടിച്ചതിന് ശാലുവിന്റെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് കാറിന്റെ ആര്‍ .സി. ഓണറായ അമ്മ കലാവേണുവിനെതിരെ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തത്.




 

ga