സോളാര്‍: സി.ബി.ഐ.ക്ക് വിടുന്നു

Posted on: 07 Jul 2013

തിരുവനന്തപുരം: കൂടുതല്‍ അറസ്റ്റുകളും വെളിപ്പെടുത്തലുകളും കോണ്‍ഗ്രസ്സിലെ ചേരിപ്പോരുകളുമായി സോളാര്‍ തട്ടിപ്പുകേസ് വഷളായതോടെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലായി. സ്ഥിതിഗതികള്‍ നേരിടാന്‍ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു.

ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടാന്‍ ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും.

കോട്ടയത്തായിരുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി ശനിയാഴ്ച വൈകീട്ട് അടിയന്തര യോഗം ചേര്‍ന്നത്. പോലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യം, ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍, പ്രത്യേക അന്വേഷണസംഘം മേധാവി എ.ഹേമചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സര്‍ക്കാരിന്റെ മുന്‍കൈയില്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടാല്‍ നിലവിലുള്ള സമ്മര്‍ദ സാഹചര്യത്തിന് ഒരുപരിധി വരെ അയവുണ്ടാവുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടാന്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിലൂടെ കഴിയുമെന്ന് യോഗത്തില്‍ ധാരണയായതായി അറിയുന്നു.

സോളാര്‍ തട്ടിപ്പുകേസിന്റെ തുടര്‍ച്ചയായി ഫോണ്‍ ചോര്‍ത്തല്‍ വിവാദവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. സരിത എസ്.നായരെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചുവെന്ന വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവര്‍ സരിതയുമായി നിരന്തര ബന്ധം പുലര്‍ത്തിയെന്ന വിവരവും വിശദമായ കോള്‍ പട്ടികയും മാധ്യമ സ്ഥാപനങ്ങളിലെത്തിയത്.

ഈ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് രാഷ്ട്രീയം വഷളാവുകയും ചെയ്തിട്ടുണ്ട്. ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നകാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് സെന്‍കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. നിലവില്‍ സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന സൂചനയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേസ്സെടുത്ത് അന്വേഷിക്കുന്നതിന്റെ സാധ്യതകളും യോഗം വിലയിരുത്തിയിട്ടുണ്ട്.

അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദം സോളാര്‍ തട്ടിപ്പ് കേസിനൊപ്പം അന്വേഷിക്കുന്നത് കേസിന്റെ ദിശമാറ്റുമെന്ന് വിലയിരുത്തപ്പെട്ടു. ഇതോടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം വകുപ്പുതല അന്വേഷണത്തിലേക്ക് ചുരുങ്ങാനാണ് സാധ്യത. ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ മേല്‍നോട്ടം വഹിക്കുന്ന ഐ.ജി ടി.ജെ.ജോസില്‍ നിന്ന് സെന്‍കുമാര്‍ മൊഴിയെടുത്തിട്ടുണ്ട്.

സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഇതില്‍ സര്‍ക്കാറിന്റെ നിലപാട് അറിയിക്കണം. അന്നുതന്നെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നുമുണ്ട്. സഭയ്ക്ക് അകത്തും പുറത്തും സോളാര്‍ തട്ടിപ്പിന്റെ കേസില്‍ പ്രതിപക്ഷം വന്‍ സമരങ്ങള്‍ക്ക് തുടക്കമിടുമെന്ന അറിവും സര്‍ക്കാരിനുണ്ട്. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് കേസ് സി.ബി.ഐയ്ക്ക് വിടുന്നതിനെക്കുറിച്ച് എ.ജി.യുമായി ആലോചിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചത്.




 

ga