തിരുവനന്തപുരം: സോളാര്‍തട്ടിപ്പുകേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ശാലുമേനോന്‍ നിര്‍വികാരതയോടെ കോടതി നടപടികള്‍ നേരിട്ടെങ്കിലും ഉള്ളിലെ പരിഭ്രമം ഒളിപ്പിക്കാനായില്ല. അഭിഭാഷകര്‍ തമ്മിലുള്ള വാദം മുറുകവേ പ്രതിക്കൂട്ടില്‍ നിന്ന ശാലു പരിഭ്രമത്തിലായി. താരത്തിളക്കത്തില്‍നിന്ന് പ്രതിക്കൂട്ടിലേക്കുള്ള മാറ്റം ശാലുവില്‍ പ്രകടമായിരുന്നു. പ്രതിക്കൂട്ടിലെ ഇരുമ്പ് ഗ്രില്ലുകളില്‍ ഇരുകൈകളും കൂട്ടിപ്പിടിച്ചുനിന്നു. പിന്നീട് വനിതാ പോലീസുകാരുമായി കുശലാന്വേഷണങ്ങളില്‍ മുഴുകി. ഇടയ്ക്കിടെ കോടതി നടപടികളെക്കുറിച്ച് പോലീസുകാരോട് ചോദിക്കുന്നുണ്ടായിരുന്നു.
വിധിപറയാന്‍വേണ്ടി കേസ് മാറ്റിവെച്ച വിവരം പോലീസുകാര്‍ അറിയിച്ചപ്പോള്‍ ഹാളിന്റെ പിന്നിലേക്ക് മാറി നില്‍ക്കാന്‍ പോലീസുകാര്‍ പറഞ്ഞു. പ്രോസിക്യൂഷന്റെയും ശാലുവിന്റെ അഭിഭാഷകന്റെയും വാദം കേട്ടശേഷം ജാമ്യാപേക്ഷയിലും പോലീസ് കസ്റ്റഡി അപേക്ഷയിലും വിധി പറയാന്‍ വേണ്ടി കോടതി പിരിഞ്ഞു.
ഈ സമയം ഹാളിന്റെ പിന്നിലെ മതിലില്‍ ചാരിനിന്ന ശാലു അല്‍പനേരം കണ്ണുകള്‍ ഇറുക്കിയടച്ചു. പിന്നെ പോലീസുകാരുമായി കുശലം പറഞ്ഞു. ഇതിനിടെ കോടതിമുറിയുടെ ജനല്‍പാളികളിലൂടെ തന്നെ കാണാന്‍ശ്രമിച്ച സ്ത്രീകളെ നോക്കി ചിരിച്ചു. 1.45 ന് കോടതി വീണ്ടും ചേര്‍ന്നു. മറ്റെന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു ശാലുവിന്റെ മറുപടി.
ശാലുവിനുവേണ്ടി അഡ്വ. വി. ജിനചന്ദ്രന്‍ ഹാജരായി. റിമാന്‍ഡ് അപേക്ഷയെ ശക്തമായി എതിര്‍ത്തു. ശാലു താരമൂല്യമുള്ള നടിയാണെന്നും എപ്പോള്‍ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവുകള്‍ ശേഖരിക്കാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബാലചന്ദ്രമേനോനാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ എത്തിയത്.
തൊട്ടുപിന്നാലെ റിമാന്‍ഡ് ചെയ്തുകൊണ്ടുള്ള കോടതി വിധിയുമെത്തി. പോലീസുകാരാണ് ഇക്കാര്യം ശാലുവിനോട് പറഞ്ഞത്. ആദ്യം പതറിയെങ്കിലും സമനില കൈവിടാതെ ശാലു ചിരിച്ചു. പിന്നെ വനിതാപോലീസുകാരുടെ വലയത്തിനുള്ളിലേക്ക് കയറി.
നാടകീയതകള്‍ക്കൊടുവിലാണ് പോലീസ് ശാലുവിനെ കോടതിയില്‍ എത്തിച്ചത്. ശനിയാഴ്ച രാവിലെ 11 ന് ശാലുമേനോനെ കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു പോലീസ് ആദ്യം നല്‍കിയ വിവരം. ഇതറിഞ്ഞ്, കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി മൂന്ന് ഉള്‍പ്പെട്ട കോടതി കെട്ടിടത്തിന് മുന്നില്‍ വന്‍ ജനാവലി തടിച്ചുകൂടി. ചാനലുകള്‍ തത്സമയ സംപ്രേഷണവും ആരംഭിച്ചു. ഈ സമയം കന്‍േറാണ്‍മെന്‍റ് വനിതാ സെല്ലിലായിരുന്നു ശാലുമേനോന്‍. ഉച്ചയ്ക്ക് ഒന്നിന് മാത്രമേ ഇവരെ കോടതിയില്‍ ഹാജരാക്കുകയുള്ളൂ എന്ന് പോലീസ് പിന്നീട് അറിയിച്ചു.
പന്ത്രണ്ടരയായപ്പോള്‍ കോടതിക്ക് മുന്നിലെ പോലീസ് സന്നാഹം കടുത്തു. കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിച്ചു. 12.45 ന്‌പൈലറ്റ് പോലീസ് വാനിന്റെ അകമ്പടിയോടെ ശാലുമേനോനുമായി പോലീസെത്തി. പൈലറ്റ് വാനിന് പിന്നാലെ കന്‍േറാണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ എയര്‍കണ്ടീഷന്‍ഡ് വാനിലാണ് ശാലുവിനെ കൊണ്ടുവന്നത്. ക്യാമറകളുടെ ഫ്ലാഷ് തുരുതുരെ മിന്നി. തിരക്ക് കാരണം ഒരുവശത്തെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. എതിര്‍വശത്തുകൂടി പോലീസ് ശാലുവിനെ ഇറക്കി കോടതിമുറ്റത്തേക്ക് നീങ്ങി. തിരക്കിനിടയില്‍ ഏറെ പണിപ്പെട്ടാണ് കോടതിക്കുള്ളിലേക്ക് കയറ്റിയത്. വെള്ള ചുരിദാറും പച്ച ഷാളുമായിരുന്നു വേഷം.
സെല്ല് തുറന്നില്ല; ശാലു ഓഫീസില്‍ ഉറങ്ങി
തിരുവനന്തപുരം: സോളാര്‍പാനല്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സീരിയില്‍ നടി ശാലുവിന് പോലീസ് രാത്രി വിശ്രമമൊരുക്കിയത് വനിതാ പോലീസ് സ്റ്റേഷനിലെ ഓഫീസ് റൂമില്‍. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം ശാലുവിനെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. ശാലുവിനെയും കൊണ്ടുള്ള വാഹനം സ്റ്റേഷനിലെത്തിയപ്പോള്‍ വനിതാ പോലീസുകാര്‍ സെല്‍ തുറന്നു. എന്നാല്‍ സെല്‍ അടയ്ക്കാന്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഓഫീസ് റൂമില്‍ വിശ്രമത്തിന് സൗകര്യമൊരുക്കി.
ഇതിനിടെ ശാലുവിന് ആവശ്യമുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളും എത്തിക്കാന്‍ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ശാലുവുമായി തിരുവനന്തപുരത്ത് എത്തിയ കാര്‍ ഉടനെ ചങ്ങനാശ്ശേരിയിലേക്ക് അയച്ചു. ഈ കാറിലെ സണ്‍കണ്‍ട്രോള്‍ ഫിലിം, വിവാദത്തിന് ഇടയാക്കിയിരുന്നു. തിരികെയെത്തിയ കാറിലെ സണ്‍കണ്‍ട്രോള്‍ ഫിലിം സെക്രട്ടേറിയറ്റിന് സമീപത്ത് വെച്ചാണ് നീക്കം ചെയ്തത്.