ശാസ്ത്രാവേശത്തിന് കൊടിയിറക്കം

Posted on: 01 Dec 2014


തിരൂര്‍:
ചരിത്രത്തിലെ ആദ്യ ശാസ്‌ത്രോത്സവത്തിന് തുഞ്ചത്താചാര്യന്റെ നാട്ടില്‍ കൊടിയിറക്കം. കോഴിക്കോടിന്റെ ശാസ്ത്രഭാവനകളെ കിരീടംചൂടിച്ച മേളയുടെ സമാപനത്തിലും ആവേശം തെല്ലും ചോര്‍ന്നില്ല. പ്രഖ്യാപിത സ്വര്‍ണക്കപ്പ് യാഥാര്‍ഥ്യമാകാത്തതിനാല്‍ മാതൃകാകപ്പാണ് ജേതാക്കള്‍ ഏറ്റുവാങ്ങിയത്.

സമാപനച്ചടങ്ങിന്റെ ഉദ്ഘാടകന്‍ മന്ത്രി എ.പി. അനില്‍കുമാറായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ച പൂര്‍ണമായി ഉള്‍ക്കൊണ്ട പുതുതലമുറയാണ് കേരളത്തിന്റേതെന്ന് ഈ ഉത്സവം തെളിയിച്ചതായി മന്ത്രി പറഞ്ഞു. പഠനത്തിനുപുറമേ ഇത്തരംപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാം രാജ്യത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദാണ് സമ്മാനദാനം നിര്‍വഹിച്ചത്. ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ശാസ്ത്രജ്ഞന്മാര്‍ മേളയില്‍നിന്ന് ഉയര്‍ന്നുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചരിത്രത്തിലാദ്യമായി ജില്ലാ ആസ്ഥാനത്തിനു വെളിയില്‍ സ്‌കൂള്‍ യുവജനോത്സവംനടത്തി വിജയിപ്പിച്ച തിരൂര്‍ വിജയം ആവര്‍ത്തിക്കുകയാണെന്ന് അധ്യക്ഷനായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.

സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ സി. മമ്മുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഉത്സവത്തിന്റെ സുവനീര്‍ മലയാള സര്‍വകലാശാല വി.സി. കെ. ജയകുമാര്‍ വി.എച്ച്.എസ്.സി ഡയറക്ടര്‍ സി.കെ. മോഹനനുനല്‍കി പ്രകാശനംചെയ്തു.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.എന്‍. സതീഷ്, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, കെ.പി. ജല്‍സീമിയ, പി. സൈതലവി. സലീം കുരുവമ്പലം, വനജ, വി. അബ്ദുറസാഖ്, കെ. കൃഷ്ണന്‍നായര്‍, സി.കെ. റസാഖ്, പി.സി. കമലം, കെ. ബാവ, ഡിവൈ.എസ്.പി. അസൈനാര്‍, എസ്. സത്യന്‍, പി. അഹമ്മദുകുട്ടി, ഡി.ഇ.ഒ. കമലം, ഒ.എ. രാധാകൃഷ്ണന്‍, ഷാജു കെ. തോമസ്, കുഞ്ഞാമുട്ടി, വി.കെ. അജിത്കുമാര്‍, എം. ഹുസൈന്‍, ഹബീബ് റഹ്മാന്‍ പുല്പാടന്‍ എന്നിവര്‍ സംബന്ധിച്ചു. മലപ്പുറം ഡി.ഡി.ഇ. ടി.കെ. ജയന്തി പതാകതാഴ്ത്തിയതോടെ മേള ഔപചാരികമായി സമാപിച്ചു.



Sasthramela Zoomin

 

ga