ശാസ്‌ത്രോത്സവവേദിയിലെ തിരക്കിനിടയിലേക്ക് വീല്‍ ചെയറിലാണ് നന്ദനന്‍ വന്നത്. 13 വര്‍ഷത്തെ തളര്‍ച്ചയെ നിശ്ചയദാര്‍ഢ്യംകൊണ്ട് നേരിട്ട ചെറുപ്പക്കാരന്‍. ചുരുങ്ങിയസമയംകൊണ്ട് മത്സരാര്‍ഥികളുടെ ആവേശവും പരീക്ഷണക്കാഴ്ചകളും ഇദ്ദേഹം നോക്കിക്കണ്ടു.
പത്താംക്ലാസ്സുകാരനായ തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു വി.കെ. നന്ദനന്‍. മലപ്പുറം ബി.പി. അങ്ങാടി സ്വദേശി. 25ാം വയസ്സില്‍ തെങ്ങില്‍നിന്ന് വീണ് അരയ്ക്ക് താഴെ പൂര്‍ണമായും തളര്‍ന്നു. 11 വര്‍ഷം കട്ടിലില്‍ നിന്നുമാറാന്‍ കഴിയാത്ത ജീവിതം.
രണ്ടുവര്‍ഷംമുന്‍പ് എടപ്പാളില്‍ പാലിയേറ്റീവ് ക്യാമ്പില്‍നിന്ന് ലഭിച്ച 50 കിലോ സോപ്പുപൊടിയാണ് ഈ ജീവിതം മാറ്റിമറിച്ചത്. തിരൂര്‍ കാരുണ്യ പാലിയേറ്റീവ് സര്‍വ്വീസും എസ്.എം.ഇ. പോളിടെക്‌നിക്കിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളും സംഘടിപ്പിച്ചതായിരുന്നു ക്യാമ്പ്. സോപ്പ് നിര്‍മാണം പഠിച്ച് ചെറിയൊരു യൂണിറ്റ് വീട്ടില്‍ തുടങ്ങി. മേല്‍നോട്ടവും സോപ്പ് നിര്‍മാണവും എല്ലാം നന്ദനന്‍തന്നെ. പരിമിതികള്‍ മറികടക്കാന്‍ പ്രത്യേക അച്ച് വാങ്ങി. കാരുണ്യ പാലിയേറ്റീവിന്റെ കമ്പനിയായ പാലിയത്തിന്റെ യൂണിറ്റായാണ് പ്രവര്‍ത്തനം. ഇപ്പോള്‍ ഡിഷ് വാഷ് ബാര്‍, സോപ്പ് പൊടി, ഫിനോയില്‍ എല്ലാം വിപണിയില്‍ ലഭ്യം.