മാലിന്യമോ അതെന്താ

Posted on: 29 Nov 2014

മാലിന്യംകൊണ്ട് പാചകയന്ത്രം; ഒപ്പം വൈദ്യുതിയും
കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‌സെക്കന്‍ഡറി സ്‌കൂളിലെ അനന്തുവും എ. സല്മാനും ചേര്ന്ന് നിര്മിച്ച പാചകയന്ത്രം ശാസ്ത്രമേളയില് ഹിറ്റ്. ഒമ്പതാംക്ലാസ് വിദ്യാര്ഥികളായ ഇവര് പകര്ന്നത് കുറഞ്ഞതുക മുടക്കിയാല് മാലിന്യത്തില്‌നിന്ന് പാചകംചെയ്യാമെന്ന പാഠം. വേണ്ടത് പഴയ സ്റ്റീരിയോയുടെ മോട്ടോറും തകിടും ഉള്‌പ്പെടെ കുറച്ച് പാഴ്വസ്തുക്കള്. ഈ യന്ത്രത്തില്‌നിന്ന് വേണമെങ്കില് അടുക്കളയിലേക്ക് ആവശ്യമായ വെളിച്ചത്തിനുള്ള വൈദ്യുതിയുമുണ്ടാക്കാം. നിര്മിക്കാന് വരുന്ന ആകെ ചെലവ് പരമാവധി 3000 രൂപമാത്രം.

ഹൈസ്‌കൂള് വിഭാഗം പ്രവൃത്തിപരിചയമേളയിലാണ് അനന്തുവിന്റെയും സല്മാന്റെയും അദ്ഭുതയന്ത്രം ശ്രദ്ധനേടിയത്. യന്ത്രത്തിലെ പ്രത്യേക അറയിലേക്ക് പ്ലാസ്റ്റിക് ഒഴികെയുള്ള ഏതു മാലിന്യവും തള്ളാം. ഇതോടൊപ്പം തീക്കനലാണ് കത്താനുള്ള ഇന്ധനമായി ഉപയോഗിക്കുന്നത്. സൗരോര്ജവൈദ്യുതി ഉപയോഗിച്ച് ഇതിനുസമീപമുള്ള ഫാന് കറക്കുന്നതോടെ മാലിന്യം കനലിനൊപ്പം കത്തിപ്പടര്ന്ന് തീയാകും. ഇതിനുമുകളില് പ്രഷര്കുക്കര്‍ ഉള്‌പ്പെടെ ഏതു പാത്രവുംവെച്ച് പാചകം നടത്താം. പ്രഷര്കുക്കറാണെങ്കില് വിസിലില്‌നിന്ന് നീരാവി വഹിക്കുന്ന ട്യൂബ് ഘടിപ്പിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ചെറിയ ടര്‌ബൈന് കറക്കിയാല് അടുക്കളയിലേക്കുള്ള വൈദ്യുതിയും തയ്യാര്.

തീവണ്ടിമാലിന്യത്തെ പേടിക്കേണ്ട
രാജ്യത്തെ റെയില്‍വേട്രാക്കുകളില് പ്രതിദിനം 3980 മെട്രിക് മനുഷ്യവിസര്ജ്യവും തള്ളി കൂകിപ്പായുന്ന തീവണ്ടികള്. ശുചിത്വ ഇന്ത്യ സ്വപ്നംകാണുമ്പോള് ഈ പ്രശ്‌നത്തിനും പരിഹാരം കാണണ്ടേ. തൃശ്ശൂര് ആലങ്ങാട് യു.പി.സ്‌കൂളിലെ ആറാംതരം വിദ്യാര്ഥികളായ കെ.ആര്. അഭിനവും അക്ഷയ്കൃഷ്ണയും ശാസ്ത്രമേളയില് എത്തിയത് ഇതിനുള്ള പ്രതിവിധിയുമായി.
തീവണ്ടിക്കടിയില് പ്രത്യേക ടാങ്ക് നിര്മിച്ച് മനുഷ്യ വിസര്ജ്യത്തില്‌നിന്ന് ശുദ്ധജലമുണ്ടാക്കാമെന്നാണ് ഇവരുടെ കണ്ടെത്തല്. ഒപ്പം ഖരമാലിന്യത്തില്‌നിന്ന് ബയോഗ്യാസും. മേളയിലെ യു.പി. വിഭാഗം സ്റ്റില് മോഡലിലാണ് ഇവര് ആശയം അവതരിപ്പിച്ചത്.
പ്രത്യേക ടാങ്കില് ശേഖരിക്കുന്ന വിസര്ജ്യത്തിന്റെ ഘടനയില് അനടോണ് ഉപയോഗിച്ച് മാറ്റംവരുത്തുകയാണ് ആദ്യം ചെയ്യുക. 100 കിലോമീറ്ററിനിടയില് ട്രാക്കിന് സമീപം സംഭരണടാങ്കുകള് സ്ഥാപിക്കണം. ഇവയിലേക്ക് ഇവ മാറ്റണം. ദ്രവമാലിന്യം, സൂക്ഷ്മാണുക്കള് എന്നിവയെ നശിപ്പിക്കാന് സൂര്യപ്രകാശം കടത്തിവിട്ട് അള്ട്രാവയലറ്റ് റേഡിയേഷന് നടത്തും. പിന്നെ എയറേഷന് എന്ന പ്രക്രിയ. മലിനജലത്തില് വായു കടത്തിവിട്ട് ഗുണനിലവാരം കൂട്ടുന്ന പ്രക്രിയ. ചരല്, മണല്, കരി എന്നിവ കടത്തിവിട്ട് ഖരമാലിന്യങ്ങളെ വേര്തിരിക്കുന്ന ഫില്‌ട്രേഷന് പ്രക്രിയയാണ് അടുത്തഘട്ടം. വേര്തിരിക്കപ്പെട്ട ഖരമാലിന്യത്തില്‌നിന്ന് ബയോഗ്യാസ് നിര്മിക്കാമെന്നാണ് ഇവരുടെ വാദം. ഏറ്റവുമൊടുവില് സൂക്ഷ്മാണുക്കളെ നശിപ്പിക്കാന് വെള്ളത്തില് ക്ലോറിനേഷനും നടത്തിയാല് 98 ശതമാനം ശുദ്ധമായ വെള്ളം ലഭിക്കുമെന്ന് ഇവര് അവകാശപ്പെടുന്നു.

കോഴിയവശിഷ്ടത്തില്‌നിന്ന് കോഴിത്തീറ്റ, എണ്ണ, സോപ്പ്
കോഴിമാലിന്യത്തില്‌നിന്ന് പന്നിക്കുള്ള തീറ്റയും വെര്മി കമ്പോസ്റ്റും ഉണ്ടാക്കുന്ന വിദ്യയാണ് കാസര്‌കോട് ജില്ലയിലെ ബോവിക്കാനം ബി.എ.ആര്.എച്ച്.എസ്.എസ്സിലെ പ്ലസ്വണ് വിദ്യാര്ഥികളായ ശ്രീലക്ഷ്മി, നിരഞ്ജന എന്നിവര് അവതരിപ്പിച്ചത്. കോഴിയവശിഷ്ടത്തില് ഫോമിക് ആസിഡ് ചേര്ത്തിളക്കി മൂന്നുദിവസം അടച്ചുവെക്കുക. ശേഷം അതില് തവിടുപൊടിയിട്ട് ഇളക്കിയെടുത്താല് പന്നിക്കുള്ള തീറ്റയായി. ഇതോടൊപ്പം കോഴിമാലിന്യത്തില്‌നിന്ന് കമ്പോസ്റ്റും അവശിഷ്ടത്തില്‌നിന്ന് ലഭിക്കുന്ന എണ്ണയുമുപയോഗിച്ച് സോപ്പുണ്ടാക്കാന് കഴിയുമെന്നും കുട്ടികള് വ്യക്തമാക്കുന്നു.

അറവുമാലിന്യങ്ങള് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്ക്ക് പരിഹാരവുമായാണ് ഹൈസ്‌കൂള് വിഭാഗം അധ്യാപക പ്രോജക്ടില് കോട്ടയ്ക്കല് ഗവ. രാജാസ് എച്ച്.എസ്.എസ്സിലെ ജീവശാസ്ത്ര അധ്യാപകന് ജയദീപ് വി എത്തിയത്. അറവുമാലിന്യങ്ങള് ചെറിയ കഷണങ്ങളാക്കി ഉപ്പു വെള്ളത്തിലിട്ട് കഴുകി ഡ്രയറില്വെച്ചുണക്കി മില്ലില് ആട്ടിയെടുത്താല് എണ്ണയും പ്രോട്ടീന് മാറ്ററും(പിണ്ണാക്ക്) ലഭിക്കും. ഈ പിണ്ണാക്കില് ചെമ്മീന്‌പൊടിയും ചോളത്തവിടും ചേര്ത്ത് പൊടിച്ചാല് ഒന്നാന്തരം കോഴിത്തീറ്റ തയ്യാര്‍. എണ്ണയുപയോഗിച്ച് സോപ്പ് ഇപ്പോള്കിട്ടുന്നതിലും പത്തിലൊന്ന് വിലയില് നിര്മിക്കാനാകുമെന്നും ജയദീപ് പറയുന്നു.

മാലിന്യം കളയരുതേ
ജൈവമാലിന്യം സംസ്‌കരിച്ച് അതിലൂടെ വൈദ്യുതിയുണ്ടാക്കുന്നതെങ്ങനെയെന്ന് കോട്ടയം താഴത്തുപാടം ഗവ. എച്ച്.എസ്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്ഥികളായ ആസിഫ് സി. കരീം, ലിബിന് വര്ഗീസ് എന്നിവര് കാണിച്ചുതരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള് പ്രത്യേക സംവിധാനത്തില് ബര്ണര് ഉപയോഗിച്ച് ചൂടാക്കി അതില്‌നിന്ന് വൈദ്യുതിയും ഇന്ധനവുമുണ്ടാക്കുന്ന വിദ്യയുമായാണ് മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്ഥികളായ സഫ്‌ന എ.ടി, ഷദ കെ എന്നിവര് തത്സമയം കാണിച്ചുതന്നത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുയര്ത്തുന്ന മലിനജലം സംസ്‌കരിക്കുന്നതിനുള്ള മാര്ഗമാണ് തൃശ്ശൂര് വിവേകോദയം സ്‌കൂള് ഹയര്‌സെക്കന്ഡറി വിദ്യാര്ഥികളായ അഞ്ജലി ജയിംസ്, റിയ പി.എം എന്നിവര് അവതരിപ്പിച്ചത്.

കോഴിയവശിഷ്ടവും മുടിയും നഖങ്ങളും അറവുമാടുകളുടെ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്‌കരിച്ചാല് മാലിന്യപ്രശ്‌നം പരിഹരിക്കാമെന്ന് കല്പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്ഥികളായ കരോലിന് ഇമ്മാനുവേല്, ഗ്രീഷ്മ ബാലു എന്നിവര് പറയുന്നു.




Sasthramela Zoomin

 

ga