പ്ലാസ്റ്റിക് പാപം കഴുകാന്‍ തിരുനെല്ലിയുടെ മക്കള്‍

Posted on: 29 Nov 2014

തിരൂര്‍: വയനാട്ടിലെ തിരുനെല്ലിയുടെ പുണ്യപുളകമാണ് പാപനാശിനി. പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് ഓര്‍മ്മയാകുന്ന ആ പുഴയെ തിരികെപ്പിടിക്കാനുള്ള കാട്ടുമക്കളുടെ ശ്രമത്തിന് ശാസ്‌ത്രോത്സവത്തിന്റെ ആദരം.

അപ്പര്‍ പ്രൈമറി വിഭാഗത്തിലെ ഗവേഷണ പദ്ധതിക്കുള്ള ഒന്നാം സ്ഥാനമാണ് തിരുനെല്ലി സര്‍ക്കാര്‍ ആശ്രമം സ്‌കൂള്‍ നേടിയത്. അങ്ങനെ ആറാം ക്ലാസുകാരി എം.ബേബിയും ഏഴാം തരക്കാരി ബി.ആര്‍.രമ്യയും ഉത്സവത്തിന്റെ യഥാര്‍ത്ഥ പ്രതിഭകളായി.
ആദിവാസികളിലെ പണിയ, അടിയ വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള സംസ്ഥാനത്തെ ഏക സ്‌കൂളാണിത്.

ബലിതര്‍പ്പണത്തിനായി നിരവധിപേര്‍ എത്തുന്ന നീരുറവയാണ് പാപനാശിനി. സന്ദര്‍ശകര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും ബാഗുകളും ഈ വിശുദ്ധതീര്‍ത്ഥത്തെ ഇല്ലാതാക്കുകയാണ്. പാപനാശിനിയെ ഇങ്ങനെ നശിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിജ്ഞയോടെയാണ് ഇവര്‍ അന്വേഷണം തുടങ്ങിയത്.

സ്‌കൂളിലെ ശാസ്ത്രാധ്യാപകനായ ടി.അശോകന്‍ സാങ്കേതിക നേതൃത്വം നല്‍കി. പരിസ്ഥിതിക്ക് പരമാവധി പരിക്കേല്‍പ്പിക്കാതെ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കാനുള്ള പദ്ധതി അങ്ങനെയാണ് രൂപപ്പെടുന്നത്.

പുഴയില്‍നിന്നും കുട്ടികള്‍ ശേഖരിച്ച വസ്തുക്കള്‍ വൃത്തിയായി കഴുകിയെടുത്തു ആദ്യം. പരമാവധി ചൂടാക്കിയ വലിയ ഇരുമ്പുചട്ടിയിലേക്ക് ഇവ ഇടേണ്ട താമസം ഉരുകി ദ്രാവകമായി. വിവിധ രൂപത്തിലുള്ള അച്ചുകളിലേക്ക് ഇത് പകരുന്നതോടെ മറ്റ് വസ്തുക്കള്‍ പിറവിയെടുത്തു.

ഇഷ്ടിക, മുറ്റത്തു പാകാവുന്ന ടൈലുകള്‍, പൂച്ചട്ടി, സ്വിച്ച് ബോര്‍ഡ്, ചന്ദനത്തിരി സ്റ്റാന്‍ഡ് തുടങ്ങി കപ്പി, ചോക്ക് ഡസ്റ്റര്‍ വരെ ഇങ്ങനെ ഉണ്ടാക്കിയെടുത്തു. പ്ലാസ്റ്റിക് കവറുകള്‍, ബ്രഷുകള്‍, ബോള്‍ പേനകള്‍, തെര്‍മോക്കോള്‍ കഷണങ്ങള്‍ എന്നിവയൊക്കെ ഇങ്ങനെ രൂപം മാറ്റപ്പെട്ടു.

വളരെവേഗം ദ്രാവകമായിത്തീരുന്നതിനാല്‍ വിനാശകരമായ പുകയുണ്ടാകുന്നില്ലായെന്നത് ഇതിന്റെ മേന്‍മയാണ്. തികച്ചും ലളിതമായ സംസ്‌കരണ നടപടികളാണെന്നതും പദ്ധതിയെ പ്രിയംകരമാക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തിലും ഇതേ സ്‌കൂളിലെ എം.ശ്രീരാഗും പി.എം.മഹേശ്വരിയും അവതരിപ്പിച്ച ഗവേഷണമാതൃകയ്ക്ക് എ ഗ്രേഡ് ലഭിച്ചു. അറവുമാലിന്യ സംസ്‌കരണമായിരുന്നു ഇതിന്റെ വിഷയം. ഹൈസ്‌കൂള്‍ വിഭാഗം കൊത്തുപണി മത്സരത്തില്‍ പങ്കെടുക്കുന്ന കെ.കെ.വിനേഷാണ് സ്‌കൂളിന്റെ മറ്റൊരു പ്രതിനിധി. അധ്യാപകരായ ബിന്‍സി, ബിഞ്ജുഷ, സുമിത് എന്നിവരാണ് കുട്ടികള്‍ക്കൊപ്പമെത്തിയിരുന്നത്.



Sasthramela Zoomin

 

ga