|
ജൈവ കീടനാശിനിയുമായി അനാമികയും സിദ്ധാര്‍ഥും |
പേരിനുമാത്രം കൃഷിഭൂമിയുള്ള നാട്ടില്‍നിന്നായിരുന്നു ടി.കെ. അനാമികയുടെയും എ.എസ്. സിദ്ധാര്‍ഥിന്റെയും വരവ്. ഇരുവരും കോഴിക്കോട് മെഡിക്കല്‍കോളേജ് കാമ്പസ് സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥികള്‍.
വെറും വട്ടയിലയില്‍ നിന്നുവരെ ജൈവകീടനാശിനിയുണ്ടാക്കാമെന്ന അവരുടെ കണ്ടെത്തല്‍ ഒരുനാട് സ്വീകരിച്ചതിന്റെ ആത്മവിശ്വാസം ഇരുവരുടെയും മുഖത്ത് പ്രകടം.
വയനാട്ടിലെ കുരുമുളക് കര്‍ഷകരുടെ ജീവിതത്തില്‍ വില്ലനായ മീലിമൂട്ട (ഫെറീഷ്യ വിര്‍ഗേറ്റ)എന്ന കീടത്തെ പ്രതിരോധിക്കാനുള്ള ജൈവകീടനാശിനികളാണ് ഇവര്‍ തയ്യാറാക്കിയത്. നമ്മള്‍ കൃഷിചെയ്യുന്ന പഴങ്ങളും പച്ചക്കറികളുമുള്‍പ്പെടെ 68 വിളകള്‍ നശിപ്പിക്കാന്‍ മീലിമൂട്ടയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണ ഇവയ്‌ക്കെതിരെ രക്താര്‍ബുദത്തിനടക്കം ഇടയാക്കുന്ന മലാത്തിയോണ്‍, ഡയോക്‌സിന്‍ തുടങ്ങിയ മാരക കീടനാശിനികളാണ് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ വട്ടയില, ആര്യവേപ്പ്, കരിനൊച്ചി, പാണല്‍, കാഞ്ഞിരം എന്നിവയുപയോഗിച്ച് ജൈവകീടനാശിനി നിര്‍മിക്കാമെന്ന് അനാമികയും സിദ്ധാര്‍ഥും സമര്‍ഥിക്കുന്നു. ഇവയിലേതെങ്കിലും 100 ഗ്രാം എടുത്ത് ഇടിച്ചുപിഴിയുക. പിന്നീട് 100 മില്ലിലിറ്റര്‍ വെള്ളവുംചേര്‍ത്ത് തയ്യാറാക്കുന്ന കീടനാശീനി തളിച്ചാല്‍ മീലിമൂട്ട പറപറക്കും. ഇതില്‍ കരിനൊച്ചി ഉപയോഗിച്ചുള്ള കീടനാശിനിയാണ് ഏറ്റവും ഫലപ്രദം.
ഒരുതവണ തളിച്ചാല്‍ 90 ശതമാനത്തോളം കീടങ്ങളും നശിക്കും. ആര്യവേപ്പ് ഉപയോഗിച്ചുള്ള ലായനി ഉപയോഗിച്ചാല്‍ 80 ശതമാനവും വട്ടയില ഉപയോഗിച്ചാല്‍ 50 ശതമാനവും കീടങ്ങള്‍ ചാകും. ഇവരുടെ ആശയം കോഴിക്കോട് ചേവായൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ച് അംഗീകരിച്ചിട്ടുമുണ്ട്.