ശബരിമല: മാളികപ്പുറംദേവിക്ഷേത്രപരിസരം കാവായി നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടില്ല. ക്ഷേത്രമല്ല മാളികപ്പുറത്താവശ്യമെന്നും മരങ്ങളും ചെടികളുമുള്ള കാവാണ് ഇവിടെ ആവശ്യമെന്നും അഷ്ടമംഗലദേവപ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കാവാക്കുമ്പോള്‍ നിലവിലുള്ള ക്ഷേത്രത്തിനുചുറ്റും വേലിയാകാമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇപ്പോള്‍ നിലവിലുള്ള മാളികപ്പുറത്തെ ഗോപുരം പൊളിച്ചുമാറ്റും. നാലുവര്‍ഷംമുമ്പാണ് ഇവിടെ ഗോപുരം പണിതത്. അത് പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല.
ഇവിടെ തറപാകുന്നതിനും നാഗരുടെ തറ പുതുക്കിപ്പണിയുന്നതിനുമായി ഇറക്കിയ കരിങ്കല്ലുകള്‍ നീക്കംചെയ്തിട്ടുണ്ട്.
മണിമണ്ഡപം പൊളിക്കരുതെന്നും നാഗദൈവങ്ങളെ ഒരിടത്ത് ഇരുത്തുന്നതിന് തടസ്സമില്ലെന്നും അഷ്ടമംഗലദേവപ്രശ്‌നത്തിലുണ്ടായിരുന്നു.
വനദുര്‍ഗാദേവിയാണ് മാളികപ്പുറത്ത്. അതിനാല്‍, വനത്തിന്റെ പ്രതീതിയാണ് ഇവിടെ ഉണ്ടാകേണ്ടത്. വികസനത്തിന്റെപേരില്‍ ഇവിടെനിന്ന് വനത്തെ ഒഴിവാക്കാനാവില്ല. അതിനാലാണ് കാവായി നിലനിര്‍ത്തണമെന്ന് അഷ്ടമംഗലദേവപ്രശ്‌നത്തില്‍ തെളിഞ്ഞത്.
മാളികപ്പുറംക്ഷേത്രവുംപരിസരവും കാവായി നിലനിര്‍ത്താനുള്ള ശ്രമം ഇത്തവണത്തെ മകരവിളക്കിനുശേഷം തുടങ്ങാനാണ് സാധ്യത. വൃശ്ചികപ്പൂജയ്ക്ക് നടതുറക്കുന്നതിന് രണ്ടുമാസംമുമ്പുനടന്ന അഷ്ടമംഗലദേവപ്രശ്‌നത്തിലാണ് കാവായി നിലനിര്‍ത്തണമെന്ന് തെളിഞ്ഞത്. അതുവരെ നിര്‍മാണവികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു ദേവസ്വംബോര്‍ഡ്. അഷ്ടമംഗലദേവപ്രശ്‌നത്തില്‍ തെളിഞ്ഞതുപ്രകാരം കാവായി നിലനിര്‍ത്താനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി ദേവസ്വംബോര്‍ഡ് നേതൃത്വംനല്‍കുന്നത്.