ടി.എസ്.രാധാകൃഷ്ണജിയും (വലത്ത്) ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യഅയ്യരും സന്നിധാനത്ത്
ശബരിമല: വെല്ലൂരിലെ ആസ്പത്രിവരാന്തയില്‍ നിന്ന് 57 കൊല്ലം മുമ്പ് ഒരമ്മ ഉള്ളുരുകി അയ്യപ്പനെ വിളിച്ചു. 60 ദിവസംമാത്രമായ മകന്‍ അപ്പോള്‍ ശസ്ത്രക്രിയാമേശയിലായിരുന്നു.സ്ഥാനം തെറ്റിയ വന്‍കുടല്‍ നേരെയാക്കാനുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയായിരുന്നു. 12ാം വയസ്സില്‍ മകനെ ശബരിമല ചവിട്ടിക്കാമെന്ന സുബ്ബലക്ഷ്മിയമ്മയുടെ പ്രാര്‍ഥന അയ്യപ്പന്‍ കേട്ടു എന്നുപറയാം. രാധാകൃഷ്ണന്‍ എന്ന ആ മകന്‍ 12ാം വയസ്സില്‍ മല ചവിട്ടി.
പമ്പാഗണപതി.., ഹരിവരാസനം കേട്ടു മയങ്ങിയ.., പാപം മറിച്ചിട്ടാല്‍ പമ്പാ..., സൂര്യന്റെ തിടമ്പില്‍... തുടങ്ങിയ ഹിറ്റ് അയ്യപ്പഭക്തിഗാനങ്ങളും ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ...,വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ...തുടങ്ങിയ നിരവധി ഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തിയ ടി.എസ്.രാധാകൃഷ്ണജി എന്ന സംഗീതസംവിധായകനായി ആ കുട്ടിയെ ലോകം അറിഞ്ഞു.
സ്വന്തം ജീവിതത്തിന് അയ്യപ്പനോട് കടപ്പെട്ടിരിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന രാധാകൃഷ്ണജി വൃശ്ചികം ഒന്നിന് സന്നിധാനെത്തത്തി അയ്യപ്പനെ തൊഴുതു. തുടര്‍ച്ചയായ 45ാം കൊല്ലമാണിത്. ഇക്കുറി മകന്‍ ശങ്കര്‍ വിനായകും ഒപ്പം. സന്നിധാനത്തുനടന്ന തുളസീവനം സംഗീതോത്സത്തില്‍ മൃദംഗം വായിച്ചത് ശങ്കറായിരുന്നു.
സംഗീതജീവിതത്തില്‍ രാധാകൃഷ്ണജിക്ക് ആദ്യം കിട്ടിയ പുരസ്‌കാരവും അയ്യപ്പന്റെ പേരിലായിരുന്നു. അയ്യപ്പഗാനശ്രീ പുരസ്‌കാരം 1982ല്‍ അയ്യപ്പസേവാസംഘമാണ് സമ്മാനിച്ചത്.
അയ്യപ്പഭക്തിഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് തികഞ്ഞ നിര്‍വൃതിയോടെയാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു. സൂര്യന്റെ തിടമ്പില്‍.... എന്ന ഗാനം റിക്കാര്‍ഡ് ചെയ്യുന്ന വേള. അതിലെ ഒരു വരി ഇങ്ങനെ..' ശരണം വിളിയാല്‍ ശാസ്താവിനെയെന്‍ മരണംവരെയും ഭജിക്കും...'. ആര്‍.കെ. ദാമോദരന്റെ ഈ വരികള്‍ യേശുദാസിനെ ഏറെ സ്വാധീനിച്ചു.ദാസേട്ടന്‍ കണ്ണടച്ചുനിന്ന് ഈ വരികള്‍ പത്തുവട്ടം പാടി. നിറകണ്ണുകളോടെയാണ് അദ്ദേഹം ഇത് പൂര്‍ത്തിയാക്കിയത്.
'ഈശാനകോണില്‍ ആഴി തീര്‍ത്തു...' എന്ന ഗാനം പാടിത്തീര്‍ത്തപ്പോള്‍ അയ്യപ്പ സാന്നിധ്യം അനുഭവിച്ചറിഞ്ഞതായി പി.ജയചന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്ന് രാധാകൃഷ്ണജി പറഞ്ഞു.
ചിട്ടെപ്പടുത്തിയവയില്‍ ഏറ്റവുംപ്രിയം ഹരിവരാസനം കേട്ടുമയങ്ങിയ ഹരിഹര പുത്രാ ഉണരൂ... എന്നതാണ്.
ഈണത്തിന് ബലം നല്‍കുന്ന വരികള്‍ ഇപ്പേള്‍ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സന്നിധാനത്ത് വരുന്നവരില്‍ 90 ശതമാനവും പണ്ഡിതരല്ല. സാധാരണക്കാരാണ് കൂടുതല്‍. അവരുടെ ഉള്ളില്‍തട്ടുന്ന വരികള്‍ വന്നാലേ നല്ല പാട്ടുകള്‍ ഉണ്ടാവൂ. എന്നാല്‍, നല്ല വരികളും മികച്ച ഈണവും ഉണ്ടായിട്ടും ആധുനികതയുടെ കുത്തൊഴുക്കില്‍ പാട്ടുകള്‍ക്ക് പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശരംകുത്തി മുതല്‍ ആറുമണിക്കൂര്‍ ക്യു നിന്നാണ് രാധാകൃഷ്ണജിയും പ്രശസ്ത കര്‍ണാടകസംഗീതജ്ഞന്‍ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യഅയ്യരും അടങ്ങിയ സംഘം സന്നിധാനെത്തത്തിയത്.
ഇത്രയും കഷ്ടപ്പാട് 45 കൊല്ലത്തിനിടെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു തുള്ളിവെള്ളം കുടിക്കാന്‍ കിട്ടിയില്ല.തിരക്കില്‍നിന്ന് ശ്വാസംമുട്ടി. ശരണംവിളി മാത്രമായിരുന്നു ഏക പോംവഴി.
മലയിറങ്ങാന്‍നേരം രാധാകൃഷ്ണജി ഒരു സ്വന്തംഗാനം പതിയെ പാടി,' ത്യാഗരാജ സംഗീതം ശ്രീരാമം...പുരന്ദരസംഗീതം ശ്രീകൃഷ്ണം...സ്വാതിക്കുസംഗീതം പദ്മനാഭം...അടിയനുസംഗീതം അയ്യപ്പന്‍....'