ശബരിമല: സൈസീജിയം ഗാര്‍ഡനറി എന്ന പേര് അധികം പരിചിതമായിരിക്കില്ല. എന്നാല്‍, വെഞ്ഞാറമൂട് എന്നത് മിക്കവര്‍ക്കും സുപരിചിതം. ഒരു കാര്യംകൂടി അറിയുക, വെഞ്ഞാറ എന്ന മരമാണ് ഈ സൈസീജിയം ഗാര്‍ഡിനറി. ഇത്തരം അറിവുകള്‍ ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കുകൂടി പരിചയപ്പെടുത്താനൊരുങ്ങുകയാണ് വനംവകുപ്പും പാലാ സെന്റ് തോമസ് കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകന്‍ ഡോ. ജോമി എസ്.അഗസ്റ്റിനും.
തീര്‍ത്ഥാടകവഴിയിലെ അപൂര്‍വമരങ്ങളെ ഭക്തര്‍ക്ക് പരിചയപ്പെടുത്താന്‍ ഓരോ മരത്തിലും അവയുടെ ശാസ്ത്രീയ നാമവും പ്രത്യേകതകളും രേഖപ്പെടുത്തുന്നതിന്റെ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച ആരംഭിച്ചു. പമ്പയില്‍ നിന്നുള്ള യാത്രയില്‍ ഡോ. ജോമി എസ്.അഗസ്റ്റിന്‍ ഓരോ മരങ്ങളുെടയും പ്രത്യേകതകളും വിവരിച്ചു. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒരു മരമുണ്ട്. പേര് കല്‍മാണിക്യം. പേരുപോലെ തന്നെ മാണിക്യത്തിന് തുല്യമാണ് കല്‍മാണിക്യവും. കാരണം ശബരിമലക്കാട്ടില്‍ വളരെ കുറച്ചുമാത്രമാണ് ഈ മരം ശേഷിക്കുന്നത്.
അറയാഞ്ഞിലി എന്ന മരത്തിന്റെ കഥയാണ് ഏറെ കൗതകം. നാഗാലാന്‍ഡ്, ബര്‍മ്മ എന്നിവിടങ്ങളിലെ ആദിവാസികള്‍ ഇതിന്റെ വിഷക്കായയുടെ നീര് അമ്പിന്റെ തുമ്പില്‍ പുരട്ടി ബ്രിട്ടീഷുകാര്‍ക്ക് എതിരെ യുദ്ധം ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന വിജയകരമായ ഒരു സായുധസമരമായും ചരിത്രം വിശേഷിപ്പിക്കുന്നു. മരവുരി ഉണ്ടാക്കുന്നതും ഇതിന്റെ തോലുകൊണ്ടാണ്. വംശനാശം വന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒട്ടേറെ വൃക്ഷങ്ങള്‍ ശബരിമലക്കാടുകളിലുണ്ടെന്ന് ഡോ. ജോമി പറയുന്നു. ദൈവത്തെ േസ്‌നഹിക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗം ദൈവത്തിന്റെ സൃഷ്ടികളായ മരങ്ങളെ സ്‌നേഹിക്കുകയാണ്. നൂറോളം മരങ്ങളെ ഡോ.ജോമിയുടെ യാത്രകൊണ്ട് തീര്‍ത്ഥാടകര്‍ക്കിനി അടുത്തറിയാം.
പമ്പയില്‍നിന്ന് സ്വാമിഅയ്യപ്പന്‍ റോഡുവഴി സന്നിധാനത്ത് എത്തി തിരിച്ച് നീലിമല വഴിയായിരുന്നു മടക്കം. വന്നവഴികളില്‍ ഓരോ മരത്തിനും നമ്പറുകള്‍ നല്‍കി. കൈയിലുള്ള ബുക്കില്‍ ഓരോ മരത്തിന്റെ ശാസ്ത്രീയനാമവും കുറിച്ചുവെച്ചു. പിന്നീട് ഈ പേരുകള്‍ വലിയ ഫലകങ്ങളിലാക്കി മരങ്ങളില്‍ ഘടിപ്പിക്കും.
ആണി അടിക്കാതെയാണ് ഇവ മരങ്ങളില്‍ പിടിപ്പിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കാനനപാതയിലൂടെ വരുന്ന അയ്യപ്പന്മാര്‍ക്ക് ഇതൊരു പുതിയ അനുഭവമാകും. ഇത്ര നിബിഡമായ വനത്തില്‍ വസിക്കുന്ന ദേവന്‍ ലോകത്ത് വേറെയില്ലെന്ന് ഡോ. ജോമി എസ്. അഗസ്റ്റിന്‍ പറയുന്നു.