ഈ തിരക്ക് ഒരു മുന്നറിയിപ്പ്

Posted on: 17 Nov 2014

ശബരിമല: ആദ്യദിനം സന്നിധാനത്ത് ഇത്തരമൊരു തിരക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ശബരിമലയില്‍ എല്ലാം മുന്‍കൂട്ടിക്കാണണമെന്ന ഓര്‍മപ്പെടുത്തലായിരുന്നു അത്. മുന്നൊരുക്കങ്ങള്‍ തീര്‍ഥാടനം തുടങ്ങുന്നതിന്റെ തലേന്നുവരെ ചെയ്തിട്ടും തീരാത്ത അവസ്ഥയിലേക്കാണ് വ്രതശുദ്ധിയോടെ പതിനായിരക്കണക്കിന് അയ്യപ്പന്മാരെത്തിയത്.
ആദ്യദിനങ്ങളില്‍ വരുന്ന അയ്യപ്പന്മാര്‍ക്ക് അവശ്യസൗകര്യങ്ങള്‍ വളരെക്കുറച്ചു മതിയെന്ന മട്ടിലായിരുന്നു സന്നിധാനത്തെ കാഴ്ചകള്‍. ആറും ഏഴും മണിക്കൂര്‍ കാത്തുനിന്നശേഷമാണ് തുലാം 30ന് വൈകീട്ട് നട തുറന്നപ്പോള്‍ സ്വാമിമാര്‍ക്ക് ദര്‍ശനം കിട്ടിയത്. മരക്കൂട്ടംമുതല്‍ ശരംകുത്തി വഴിയുള്ള കാനനപാത പിറ്റേന്ന് രാവിലെ 11 മണിവരെ ഏതാണ്ട് എല്ലാസമയവും തിങ്ങിനിറഞ്ഞ നിലയിലായിരുന്നു. സ്വാമിമാരുടെ ശരണംവിളികള്‍ക്കൊപ്പം കന്നിയയ്യപ്പന്മാരുെടയും മാളികപ്പുറങ്ങളുെടയും കരച്ചിലും ഉയര്‍ന്നുകേട്ടു.
ഒരുതുള്ളി വെള്ളം കിട്ടാനില്ലെന്ന പരാതിയായിരുന്നു എല്ലാവര്‍ക്കും. മൂത്രമൊഴിക്കാന്‍പോലും സംവിധാനങ്ങളില്ല.
ശരംകുത്തിക്കുതാഴെയുള്ള ഒരു മൂത്രപ്പുരയിലേക്കു കയറിയ ഒരു സ്വാമി അവിടത്തെ വൃത്തിഹീനമായ സാഹചര്യംകണ്ട് അതിവേഗം തിരിച്ചിറങ്ങി. അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിന്റെ രോഷമെല്ലാം സ്വാമിമാര്‍ തീര്‍ക്കുന്നത് ശരണംവിളിച്ചായിരുന്നു. ഡ്യൂട്ടിയിലുള്ള േപാലീസുകാര്‍ പരാതികേട്ടുമടുത്തു. തങ്ങള്‍ക്ക് വെള്ളം വിതരണംചെയ്യാന്‍ നിര്‍വാഹമില്ലെന്ന നിസ്സഹായാവസ്ഥ അവര്‍ സ്വാമിമാരോട് പറഞ്ഞു. എങ്കില്‍ക്കൂടി തീരെ അവശരായവര്‍ക്കുവേണ്ട സഹായം േപാലീസയ്യപ്പന്മാര്‍ ചെയ്തുകൊടുക്കുന്നുമുണ്ട്.
നടതുറന്ന ദിവസം പതിനെട്ടാംപടിക്കുതാഴെ വലിയ ദുരന്തം ഉണ്ടാകാതെപോയത് ഭാഗ്യംകൊണ്ടു മാത്രമായിരുന്നു. വടക്കുഭാഗത്തുനിന്നുള്ള സ്വാമിമാരെ തടഞ്ഞുനിര്‍ത്തിയിരുന്ന ഗേറ്റ് എങ്ങനെയോ തുറന്നു.
അയ്യപ്പന്മാര്‍ ഇരച്ച് പതിനെട്ടാംപടിക്കരികിലേക്കു വന്നു. ഈസമയം, കിഴക്കുഭാഗത്ത് അയ്യപ്പന്മാരെ തടഞ്ഞുനിര്‍ത്തിയിരുന്നതിനാലാണ് കൂട്ടയിടി ഒഴിവായത്. നിയുക്തമേല്‍ശാന്തിമാരും ഈ തിരക്കില്‍പ്പെട്ട് വലഞ്ഞിരുന്നു.
താെഴതിരുമുറ്റം ടൈല്‍പാകി മനോഹരമാക്കിയെങ്കിലും അതിലെ പൊടി കഴുകിക്കളയാന്‍ ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ക്ക് സാധിച്ചില്ല. ട്രാക്ടറുകള്‍ ഓടുമ്പോള്‍ സിമന്റുപൊടി അന്തരീക്ഷത്തില്‍ പടരുന്നു.
വിശുദ്ധിസേനാംഗങ്ങളുടെ ശുചീകരണം കാര്യക്ഷമമായി പമ്പയിലും സന്നിധാനത്തും നടക്കുന്നുണ്ട്. വന്‍ ബോധവല്‍ക്കരണം നടത്തിയിട്ടും പ്ലാസ്റ്റിക്കിന്റെ വരവില്‍ കാര്യമായ കുറവില്ല. എന്നാല്‍, അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുന്ന പ്രവണത കുറഞ്ഞിട്ടുണ്ടെന്ന് വിശുദ്ധിേസനാംഗങ്ങള്‍ പറയുന്നു. സ്വാമിഅയ്യപ്പന്‍ റോഡില്‍ ഒരുതുള്ളി വെള്ളം കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്. ഇവിടെ കുടിവെള്ളവിതരണ സംവിധാനമുണ്ടാകുമെന്ന് ദേവസ്വം നേരത്തെതന്നെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വെള്ളം പമ്പുചെയ്യുന്നതിനുള്ള പൈപ്പുലൈനിന്റെ നിര്‍മാണംപോലും ഇതുവെരെ പൂര്‍ത്തിയായിട്ടില്ല. മോഷണശല്യവും സന്നിധാനത്ത് റിപ്പോര്‍ട്ടുചെയ്തുതുടങ്ങി. പമ്പയില്‍നിന്ന് നീലിമല പാതവഴി വന്ന പൊന്നാനി സ്വദേശിയായ ഒരു സ്വാമിയുടെ തോള്‍സഞ്ചി കീറി മൂവായിരം രൂപ കവര്‍ന്നു. ഹരിപ്പാട്ടുനിന്ന് ദര്‍ശനത്തിനെത്തിയ സുധീഷ് ഗോപാല്‍ സ്വാമിയുടെ സംഘത്തില്‍പ്പെട്ടവരുടെ മൊബൈല്‍ ഫോണും പണവും മോഷണംപോയി. തിരക്ക് മുതലെടുക്കാന്‍ മോഷ്ടാക്കള്‍ സജീവമായി ഇറങ്ങുമെന്ന്‌ േപാലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.




sabarimala zoomin

 

ga
virtual Q