ശബരിമല: ഇല്ലാത്ത ആചാരങ്ങള്‍ ഉണ്ടാക്കുകയാണ് മാളികപ്പുറത്ത് ചില സ്വാമിമാര്‍.
മാളികപ്പുറം ക്ഷേത്രത്തിനുമുന്നിലെ മുഖമണ്ഡപത്തിനു മുകളിലാണ് പുതിയ വിക്രിയകള്‍. ദേവിക്കു സമര്‍പ്പിക്കാന്‍ കൊണ്ടുവരുന്ന പട്ട്, അരി ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയില്‍ ഒരുഭാഗം മണ്ഡപത്തിനുമുകളിലേക്ക് എറിയുകയാണ് ചിലര്‍. മണ്ഡപത്തിനുമേലെ ഇങ്ങനെ എത്തുന്ന വസ്തുക്കള്‍ ശേഖരിക്കുന്നത് കൂടിവരികയാണ്.
താഴെ നില്‍ക്കുന്ന സ്വാമിമാര്‍ ഒരാളെ പൊക്കിയെടുത്ത് ഉന്തിക്കയറ്റും. ഇയാള്‍ അള്ളിപ്പിടിച്ചുകിടന്ന് പട്ടുംമറ്റും വാരിയെടുക്കും. ഇത് താഴെ കൂട്ടംകൂടിനില്‍ക്കുന്ന സ്വാമിമാര്‍ക്ക് ഇട്ടുകൊടുക്കും. പിടിക്കാന്‍ താഴെ വലിയ മത്സരവും.
ചൊവ്വാഴ്ച ഇങ്ങനെ ചെയ്യവെ ഒരാള്‍ മുകളില്‍നിന്നു വീണു. കൂടിനിന്ന സ്വാമിമാര്‍ പിടിച്ചതിനാല്‍ കൈയും കാലും ഒടിഞ്ഞില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ കൂട്ടിക്കൊണ്ടുപോയെങ്കിലും താക്കീതുനല്‍കി വിട്ടയച്ചു. ഇതിനുശേഷവും ഈ പ്രവൃത്തി നിര്‍ബാധം തുടര്‍ന്നു.
ഇതു തടയാന്‍ ദേവസ്വത്തിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്ന് ഒരുനീക്കവും ഉണ്ടായിട്ടില്ല.