സ്വാമി സംഗീതമാലപിക്കും...

യേശുദാസ്‌ Posted on: 17 Nov 2012

മനുഷ്യന്റെ പാട്ടുകേട്ടുറങ്ങുന്ന ദൈവമാണ് ശബരിമലയിലേത്. യേശുദാസ് എന്ന ശബ്ദത്തില്‍ മയങ്ങുന്ന ആയിരങ്ങളിലൊരുവനായി അയ്യപ്പനും. ലോകത്തിലെ ഒരു ഗായകനും കിട്ടാത്ത ഭാഗ്യം. അവിടെ നടതുറന്നിരിക്കുന്ന നാളുകളിലെ രാവുകളിലെല്ലാം സോപാനത്തിലെ വിളക്കുകള്‍ ഓരോന്നായി അണയും നേരം യേശുദാസ് അയ്യപ്പന് താരാട്ടായി മാറുന്നു. പതിനെട്ടുമലകളും അതുകേട്ടുറങ്ങുന്നു..

വിഗ്രഹവും നെയ്യും തമ്മിലുള്ള ബന്ധം പോലെയൊന്നാണത്. എത്രയോ കാലമായി യേശുദാസ് അയ്യപ്പനുമീതേ ശബ്ദമായി ഒഴുകിനിറയുന്നു. അഭിഷേകമായി മാറുന്ന ആലാപനം. അയ്യപ്പനുവേണ്ടി യേശുദാസ് പാടിയ പാട്ടുകള്‍ക്ക് കണക്കില്ല. അതില്‍ ചിലതുകേള്‍ക്കുമ്പോള്‍ തോന്നും തനിക്കായി പാടാന്‍,തന്റെ ശബ്ദമാകാന്‍ ഗായകരില്‍ ഒരു ഗഗനചാരിയെ സൃഷ്ടിക്കുകയായിരുന്നു അയ്യപ്പനെന്ന്.
യേശുദാസിനെ ഇന്നു കാണുന്ന രൂപത്തില്‍ സൃഷ്ടിച്ചതുതന്നെ അയ്യപ്പനാണ്. ആദ്യകാലത്ത് അദ്ദേഹത്തിന് താടിയും മീശയുമില്ലായിരുന്നു.

ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്തപ്പോഴാണ് യേശുദാസ് ആദ്യമായി താടിവച്ചത്. പയ്യെപ്പയ്യെ അത് ഹൃദയത്തെ ഇരുമുടികളായി പകുത്തുവയ്ക്കുകയായിരുന്നു. 'താടി വടിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത അസ്വസ്ഥത പോലെ. പാടുമ്പോഴൊന്നും ഒരു സുഖം കിട്ടുന്നില്ല. അങ്ങനെ വളര്‍ത്തിത്തുടങ്ങിയതാണിത്.' സപ്തതിവേളയില്‍ കണ്ടപ്പോള്‍ ഏഴുസ്വരങ്ങളും തഴുകിനില്‍ക്കുന്ന താടിയെത്തൊട്ട് യേശുദാസ് പറഞ്ഞു. അയ്യപ്പന്റെ നാളായ ഉത്രമാണ് യേശുദാസിന്റേതും. അച്ഛന്‍ അഗസ്റ്റിന്‍ജോസഫിന്റെ നാളും അതുതന്നെ. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ യേശുദാസിന്റെ വാചകങ്ങള്‍ ഇതായിരുന്നു: ഇതൊക്കെ കാണുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും. എന്റെ ജീവിതത്തില്‍ അയ്യപ്പന്‍ അത്രയും നിറഞ്ഞു നില്‍ക്കുകയാണ്.'

വൈക്കത്തെ വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നാണ് ശബരിമലയെയും അയ്യപ്പനെയും പറ്റി കൂടുതല്‍ അറിഞ്ഞതെന്ന് യേശുദാസ് എഴുതിയിട്ടുണ്ട്. ആഗ്രഹം പമ്പകടന്നുചെന്നപ്പോള്‍ അദ്ദേഹം ദേവസ്വത്തിന് കത്തയച്ചു. ഇരുമുടിയും വ്രതദീക്ഷയുമുണ്ടെങ്കില്‍ ഏതുഭക്തനും ദര്‍ശനമാകാമെന്നും താങ്കള്‍ തീര്‍ച്ചയായും വരണമെന്നുമായിരുന്നു മറുപടി. യേശുദാസിന്റെ ഓര്‍മയില്‍ ആദ്യത്തെ ശബരിമലയാത്ര 1976ലാണ്. മുംബൈയില്‍നിന്നുള്ള അപ്പുനായര്‍,ഉണ്ണിച്ചേട്ടന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മലചവിട്ടിയത്. സങ്കല്പത്തിനതീതമായ സാഹോദര്യവും സഹവര്‍ത്തിത്വവും സമത്വവും സന്നിധാനത്ത് ദര്‍ശിച്ചുവെന്നാണ് കന്നിസ്വാമിയായപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് യേശുദാസ് കുറിച്ചത്. പിന്നീട് എത്രയോ യാത്രകള്‍. കറുപ്പുടുത്ത് താടിനീട്ടിവളര്‍ത്തി സദ്യവിളമ്പുന്ന യേശുദാസിനെ തരംഗിണിയിലെ പഴയ ചിത്രങ്ങളില്‍ കാണാം.

മഞ്ഞിന്റെ മാലയിട്ട മണ്ഡലക്കാലത്ത് ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന സ്വരം യേശുദാസിന്റേതാണ്. തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങള്‍ ഒരുകാലം കേരളത്തിന്റെ കാതുകളില്‍ ശരണംവിളിച്ചുനിന്നു. വൃശ്ചികം സ്വാമിസംഗീതത്തിന്റെ മാസമായത് അങ്ങനെയാണ്. തംരഗിണിയുടെ 'ഹരിഹരസുതഅഷേ്ടാത്തരശതക'ത്തിലേതാണ് ശബരിമലയില്‍ കേള്‍ക്കുന്ന ഹരിവരാസനം. 'ഒരു നോട്ടമെങ്കിലും കിട്ടാന്‍ കൊതിച്ച് ഒരു മഹാശക്തിക്ക് മുന്നില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് പേര്‍.അവരില്‍ നിന്ന് എന്നെ മാത്രം അടുത്തു വിളിച്ച് പാടൂ..എന്ന് പറയുമ്പോഴുണ്ടാകുന്ന വികാരമില്ലേ അതാണ് ഹരിവരാസനം എനിക്ക് തരുന്നത്.' അയ്യപ്പന്റെ ഉറക്കുപാട്ടിന് ശബ്ദമായതിനെക്കുറിച്ച് യേശുദാസ് പറഞ്ഞതിങ്ങനെ. മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പാടാന്‍ അയ്യപ്പന്‍ പറഞ്ഞു. അങ്ങനെ 'തത്ത്വമസി' എന്ന സിനിമയ്ക്കുവേണ്ടി യേശുദാസിന്റെ ശബ്ദത്തില്‍ ഹരിവരാസനമൊഴുകി.

കഠിനപാതകള്‍ താണ്ടിയെത്തുന്ന ഭക്തകോടികള്‍ സന്നിധാനത്തുവച്ച് ഹരിവരാസനം കേള്‍ക്കേ കല്ലുംമുള്ളുമേല്‍പ്പിച്ച മുറിവുകള്‍ മറക്കുന്നു. ആറുമിനിട്ടില്‍ നിറയുന്ന ആശ്വാസം. അയ്യപ്പമൂലമന്ത്രത്തിന്റെ പവിത്രതയുള്ള പാട്ടായി മാറിക്കഴിഞ്ഞു അത്. യേശുദാസ് ഇതുവരെ നടയ്ക്കരികില്‍ നിന്ന് ഹരിവരാസനം കേട്ടിട്ടില്ല. സ്വന്തം സ്വരത്തിന്റെ തൊട്ടിലില്‍ അയ്യപ്പനുറങ്ങുന്ന ദൃശ്യം അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അനുഭവിക്കാനുമായിട്ടില്ല. പമ്പയില്‍ വച്ച് ഒരിക്കല്‍ കേട്ടു. 'മലയുടേയും കാടിന്റേയും നിശബ്ദതയിലും തണുപ്പിലും നടുവില്‍ നിന്നു വേണം അത് കേള്‍ക്കാന്‍. ആ പാട്ടിന്റെ അനുഭൂതി അപ്പോഴേ ശരിക്ക് അനുഭവിക്കാനാകൂ.'-യേശുദാസ് പറയുന്നു.

രാവിലെ നടതുറക്കുമ്പോള്‍ ശബരിമലയില്‍ മുഴങ്ങുന്ന അയ്യപ്പ സുപ്രഭാതവും യേശുദാസിന്റേതാണ്. പാടിയുറക്കാനും പാടിയുണര്‍ത്താനും ഒരേയൊരാള്‍. അങ്ങനെ പുണ്യം എന്ന വാക്ക് വെള്ളവസ്ത്രംധരിച്ചാല്‍ യേശുദാസായി മാറുന്നു. ' ഈ ലോകത്തിന്റെ കാര്യത്തില്‍ നമുക്ക് വല്ല പിടിയുമുണ്ടോ? നമ്മള്‍ എവിടെ നിന്ന് വന്നു എന്ന് ആലോചിച്ചാല്‍ എന്തുത്തരമാണ് കിട്ടുക. എന്റെ ശബ്ദത്തെക്കുറിച്ച് കെട്ടുകഥകള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതൊന്നും ശരിയല്ല. എത്ര ജന്മമെടുത്തു നാം,ഇനിയെത്ര ജന്മമുണ്ടാകും എന്നൊക്കെ ആലോചിക്കാറുണ്ട്. എത്രയോ ജന്മങ്ങളിലൂടെ കടന്നു വന്ന് എന്നിലെത്തി നില്‍ക്കുന്നതാകാം ഈ സംഗീതം.'- എവിടെ നിന്നുകിട്ടി ഈ സ്വരം,അതിനുവേണ്ടി എന്തുപുണ്യമാണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ യേശുദാസ് പറഞ്ഞ മറുപടി ഇതായിരുന്നു.

തയാറാക്കിയത്: ശരത് കൃഷ്ണ




sabarimala zoomin

 

ga
virtual Q