ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാജാറാം മോഹന്‍ റോയ് സ്‌കൂളിന് ഐ.എസ്. ഭീഷണി. ചൊവ്വാഴ്ച ഉച്ചയോടെ ഓഫീസിലെ ഫോണിലേക്കാണ് ഭീഷണിസന്ദേശമെത്തിയതെന്ന് പ്രിന്‍സിപ്പല്‍ മോഹിത് ശര്‍മ (43) പോലീസില്‍ പരാതിപ്പെട്ടു. ഒരുമാസം മുമ്പ് സ്‌കൂളിന്റെ വെബ്‌സൈറ്റും തകര്‍ത്തിരുന്നു.
ഫോണ്‍ ഭീഷണിയെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. വെബ്‌സൈറ്റ് തകര്‍ത്ത കേസ് സൈബര്‍ സെല്ലിന് കൈമാറിയതായി ഡി.സി.പി. വിക്രംജിത് സിങ് പറഞ്ഞു. എന്നാല്‍, ഇത് ഐ.എസ്. ഭീകരര്‍ തന്നെയാണോ അതോ മറ്റാരെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതാണോ എന്ന് വ്യക്തമല്ലെന്നും സിങ് പറഞ്ഞു.
നവംബര്‍ 15-നാണ് വെബ്‌സൈറ്റ് തകര്‍ത്തത്. അറബിയിലും ഇംഗ്ലീഷിലും ചില വാക്കുകള്‍ എഴുതിവെച്ചിട്ടുമുണ്ടായിരുന്നു. 'ഐ.എസ്. ഐ.എസ്. ആയതില്‍ അഭിമാനിക്കുന്നു. മുസ്ലിങ്ങളെ സ്വതന്ത്രരാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കശ്മീരിലെ മുസ്ലിങ്ങളെ സ്വതന്ത്രരാക്കണം. ഇസ്ലാം വരുന്നുണ്ട്, ആശങ്കവേണ്ട.' എന്നൊക്കെയാണ് എഴുതിയിരുന്നത്. വെബ്‌സൈറ്റില്‍ ഐ.എസിന്റെ കൊടിയും പതിപ്പിച്ചിരുന്നു.