കൂട്ടക്കൊല: മുല്ലാ റേഡിയോ സൂത്രധാരന്‍

Posted on: 18 Dec 2014

പാകിസ്താന്‍ സ്‌കൂളില്‍ ചാവേര്‍ ആക്രമണം നടത്തിയ താലിബാന്‍ ഭീകരര്‍. പാക് താലിബാന്‍ പുറത്തുവിട്ട ചിത്രം


പെഷവാര്‍: ലോകത്തെ കരയിച്ച പെഷവാറിലെ കുരുന്നുകളുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം വഹിച്ചത് മുല്ലാ റേഡിയോ എന്നറിയപ്പെടുന്ന മൗലാനാ ഫസലുള്ള. പാക് താലിബാന്റെ പുതിയ നേതാവായ മുല്ലാ മലനിരകളിലൂടെ കുതിരയെ അതിവേഗം പായിക്കുന്നതില്‍ വിദഗ്ധനാണ്. കുരുന്നു കഞ്ഞുങ്ങളെ നിരത്തിനിര്‍ത്തി വെടിവെക്കാന്‍ ഉത്തരവിട്ടപ്പോള്‍ പുറത്തായത് ഇയാളുടെ ഭ്രാന്തമായ ഈ ചങ്കുറപ്പ് തന്നെ.

പാകിസ്താന്റെ വടക്ക് പടിഞ്ഞാറ് വിദൂരഗ്രാമങ്ങള്‍ക്കുമപ്പുറത്ത് വനാന്തരങ്ങളിലെ കൊടുമുടികളിലെവിടെയോ മുല്ലാ റേഡിയോ ഉണ്ടാകും. പാകിസ്താനിലെ സ്വാത് വാലിയില്‍ പതിനായിരങ്ങളായ ഗ്രാമീണര്‍ ഇയാള്‍ അനധികൃതമായി നടത്തുന്ന റേഡിയോ നിത്യവും കേള്‍ക്കുന്നു. മലകള്‍ക്കപ്പുറത്തിരുന്ന് ഇയാള്‍ റേഡിയോവിലൂടെ ജനമനസ്സുകളിലേക്ക് പൈശാചികത കോരിയിടുന്നു

സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയില്ലായ്മ മുതല്‍ വിശുദ്ധ യുദ്ധത്തിന്റെ ആവശ്യങ്ങള്‍ വരെ ഇയാള്‍ റേഡിയോവിലൂടെ നിരന്തരം പ്രചരിപ്പിക്കുന്നു. ഇതുവഴി ഇയാളുടെ സ്വാധീനത്തില്‍ പെട്ട ഗ്രാമീണര്‍ അവരുടെ സമ്പാദ്യവും സ്വര്‍ണവുമെല്ലാം മുല്ലാ റേഡിയോയ്ക്ക് നിരന്തരം സമ്മാനമായി കാഴ്ചവെക്കുന്നു. സര്‍വനിയന്ത്രണങ്ങളും വിട്ട ഒരു അപകടകാരിയാണ് മുല്ലാ റേഡിയോ 2007 ല്‍ മുല്ലാ റേഡിയോയെത്തേടി സ്വാതിലെത്തിയ ന്യൂയോര്‍ക്ക് ടൈംസിന്റെ പത്രപ്രവര്‍ത്തകന്‍ നിക്കോളാസ് ഷിമില്‍ഡെയോട് സ്വാത്തിലെ ഗ്രാമീണ നേതാവ് പറഞ്ഞതിങ്ങനെ.

ഭ്രാന്തമായ ചെയ്തികളും ആശയങ്ങളുമുള്ള ഇയാളുടെ മോഹങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനുമപ്പുറത്തേക്ക് വളര്‍ന്നു .ഇതുതന്നെയാണ് ഇയാളെ പാകിസ്താന്‍ താലിബാന്റെ തലപ്പത്തെത്തിച്ചതും. ഫസില്‍ ഹയാത്ത് എന്നാണ് ആദ്യ പേര്. ഇയാളുടെ ബാല്യകാലം അത്ര വെളിപ്പെട്ടിട്ടില്ല. പക്ഷേ, പഴയ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇയാള്‍ റോപ്പ് വേയുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു ഏറെ നാള്‍. അയാളെ മാറ്റിമറിച്ചത് ഒരു സ്ത്രീയുമായുണ്ടായ കൂടിക്കാഴ്ചയാണ്.

തുടര്‍ന്ന് പ്രമുഖനായ തീവ്രവാദിയുടെ മകളെ വിവാഹം കഴിച്ചു. ഇതോടെ ഫസില്‍ ഹയാത്ത് എന്ന പേരുമാറ്റി മൗലാനാ ഫസലുള്ള ആയി. അധികം വൈകാതെ മുല്ലാ റേഡിയോയുമായി. 2013ല്‍ താലിബാന്റെ മുന്‍ നേതാവ് കൊല്ലപ്പെട്ടതോടെ നേതൃസ്ഥാനത്തെത്തി. ഇയാളുടെ റേഡിയോയെ നാട്ടുകാര്‍ മൗലാനാ റേഡിയോ എന്നാണ് വിളിക്കുന്നത്. റേഡിയോ പ്രക്ഷേപണത്തിലൂടെ ഇയാള്‍ നിരവധിപേരെ താലിബാന്റെ വലയിലാക്കി.



 

ga