പാകിസ്താന്‍ തേങ്ങുന്നു

Posted on: 18 Dec 2014



മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവുചെയ്തു
ചോരക്കളമായി സ്‌കൂള്‍


പെഷവാര്‍: സൈനികസ്‌കൂളില്‍ പാക് താലിബാന്‍ ഭീകരരുടെ കൊടുംക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകളെയോര്‍ത്ത് പാകിസ്താന്‍ തേങ്ങുന്നു. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്. 132 കുട്ടികള്‍ക്കാണ് സ്‌കൂള്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ ഒമ്പത് അധ്യാപകരും കൊല്ലപ്പെട്ടു. 125 പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ല. കുട്ടികളുടെ മൃതദേഹങ്ങള്‍ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കൂട്ടത്തോടെ മറവുചെയ്തു. മരിച്ചവര്‍ക്ക് മെഴുകുതിരികള്‍ കത്തിച്ച് വിവിധ പ്രദേശങ്ങളില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. വിവിധ രാജ്യങ്ങളിലെ പാക് നയതന്ത്ര കാര്യാലയങ്ങളിലെ പതാക പകുതി താഴ്ത്തിക്കെട്ടി.

ആക്രമണം നടന്ന സ്‌കൂള്‍ ചോരക്കളമായി കിടക്കുകയാണ്. തറയില്‍ ചോര തളംകെട്ടിക്കിടക്കുന്നു. ചുവരുകളില്‍ വെടിയുണ്ട തറഞ്ഞുകയറിയ പാടുകള്‍ വ്യക്തമായി കാണാം. ക്ലാസ്മുറികളില്‍ കുട്ടികളുടെ ബാഗുകളും മറ്റും ചിന്നിച്ചിതറിക്കിടക്കുന്നു. ബെഞ്ചുകളും ഡെസ്‌കുകളും തകര്‍ന്നനിലയിലാണ്. ചാവേര്‍ സ്‌ഫോടനം നടന്ന സ്ഥലത്തെ ചുമര്‍ തകര്‍ന്നിട്ടുണ്ട്. ഇവിടെ ചുറ്റും ചോര പരന്നുകിടക്കുകയാണ്. വായുവില്‍ സ്‌ഫോടകവസ്തുക്കളുടെയും ചോരയുടെയും ഇടകലര്‍ന്ന ഗന്ധം.

മജ്യത്ത് ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളുമൊക്കെ നിരന്തരം ഉണ്ടാവാറുണ്ടെങ്കിലും കുട്ടികളെ കൂട്ടക്കുരുതിക്ക് ഇരയാക്കിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ പിക്കപ്പ് വാനിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സ്‌കൂളിലെ ബസ് ഡ്രൈവര്‍ പറഞ്ഞു. സ്‌കൂളിന്റെ പിന്‍വശത്തേക്ക് വാഹനത്തിലെത്തിയ അവര്‍ അവിടെ തീയിട്ടു.

ഈ ഭാഗത്തുകൂടെ രക്ഷപ്പെടുന്നത് തടയുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് ഒന്നാംഗേറ്റിലെത്തി കാവല്‍ഭടനെയും ഗേറ്റ് കീപ്പറെയും തോട്ടക്കാരനെയും വധിച്ചു. തുടര്‍ന്നായിരുന്നു ചാവേര്‍ സ്‌ഫോടനവും വെടിവെപ്പും. ഓഡിറ്റോറിയത്തിലെത്തി തുടര്‍ച്ചയായി നടത്തിയ വെടിവെപ്പില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു.



 

ga