കര്‍മപദ്ധതി ഒരാഴ്ചയ്ക്കകം
പെഷവാര്‍: സൈനിക സ്‌കൂളിലെ താലിബാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ പാകിസ്താന്‍ ഭരണകൂടം തീരുമാനിച്ചു. ഇതുസംബന്ധിച്ച കര്‍മപദ്ധതിക്ക് ഒരാഴ്ചയ്ക്കകം രൂപം നല്‍കുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചു.
അവസാന ഭീകരവാദിയെയും ഇല്ലാതാക്കുന്നതുവരെ പ്രവര്‍ത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് കര്‍മപദ്ധതി സംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തില്‍ നവാസ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സര്‍ക്കാറിനെ നിശിതമായി എതിര്‍ക്കുന്ന ഇമ്രാന്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി മന്ത്രി ചൗധരി നിസാറിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. ഏഴുദിവസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. അതിനിടെ ദേര ഇസ്മയില്‍ഖാന്‍ ജില്ലയിലെ വനിതാ കോളേജിന് പുറത്ത് ബുധനാഴ്ച രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയിലെ ജില്ലയാണിത്. ആര്‍ക്കും പരിക്കുപറ്റിയതായി അറിവില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.