ഭീകരതയെ ഒരുമിച്ച് നേരിടുമെന്ന് പാകിസ്താനും അഫ്ഗാനിസ്താനും

Posted on: 18 Dec 2014


ഇസ്ലാമാബാദ്: താലിബാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സൈനികത്തലവന്‍ ജനറല്‍ റഹീല്‍ ഷരീഫ് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിയുമായി കാബൂളില്‍ കൂടിക്കാഴ്ച നടത്തി. ഭീകരതയെ ഒരുമിച്ച് നേരിടുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങളുമായുള്ള രഹസ്യാന്വേഷണ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അവര്‍ ചര്‍ച്ച നടത്തി. പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐ.യുടെ തലവനും ജനറല്‍ റഹീലിനൊപ്പമുണ്ടായിരുന്നു. പെഷവാറിലെ സൈനികസ്‌കൂള്‍ ആക്രമിച്ച ഭീകരര്‍ക്ക് അഫ്ഗാനിസ്താനുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഭീകരരില്‍ ചിലര്‍ അറബിയാണ് സംസാരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് ഇവരുടെ അഫ്ഗാന്‍ബന്ധം വെളിവാക്കുന്നു.

വടക്കുകിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഒളിവിലുള്ള പാക് താലിബാന്‍ തലവന്‍ മുല്ല ഫസ്ലുള്ളയെ കൈമാറ്റം ചെയ്യണമെന്ന് പാകിസ്താന്‍ ഈ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അഫ്ഗാന്‍താലിബാന്‍ ഭീകരര്‍ക്ക് പാകിസ്താന്‍ തണലേകുന്നതായി അഫ്ഗാനിസ്താനും പാക് താലിബാന്‍ ഭീകരര്‍ക്ക് അഫ്ഗാനിസ്താന്‍ സംരക്ഷണമൊരുക്കുന്നതായി പാകിസ്താനും പരസ്പരം പഴിചാരുന്നത് പതിവാണ്. ഇക്കാര്യങ്ങളും ചര്‍ച്ചചെയ്തതായി സൂചനയുണ്ട്.



 

ga