ഒമ്പതാംക്ലൂസില്‍ ഇനി ദാവൂദ് മാത്രം

Posted on: 18 Dec 2014

പെഷവാര്‍: താലിബാന്‍ ഭീകരര്‍ കൂട്ടക്കുരുതി നടത്തിയ പെഷവാര്‍ സൈനികസ്‌കൂളിലെ ഒന്പതാം ക്ലൂസില്‍ ഇനി പഠിക്കാനെത്തുക പതിനഞ്ചുകാരന്‍ ദാവൂദ് ഇബ്രാഹിം മാത്രം. സഹപാഠികളെല്ലാം ഭീകരരുടെ വെടിയുണ്ടകള്‍ക്ക് ഇരയായപ്പോള്‍ വീട്ടിലെ പ്രവര്‍ത്തിക്കാതിരുന്ന അലാറമാണ് ദാവൂദിനെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

തലേദിവസം വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് വൈകിക്കിടന്നതിനാല്‍ നേരത്തേ ഉണരാന്‍ അലാറംവെച്ചാണ് ദാവൂദ് കിടന്നത്. എന്നാല്‍, അലാറം കൃത്യസമയത്ത് പ്രവര്‍ത്തിക്കാഞ്ഞതിനാല്‍ സ്‌കൂളില്‍ പോകാനായില്ല. ഈ സമയത്താണ് പാക് താലിബാന്‍ ഭീകരര്‍ സ്‌കൂളില്‍ തോക്കുകളും ഗ്രനേഡുകളുമായി സംഹാരതാണ്ഡവമാടിയത്.

സഹപാഠികളും ഉറ്റ സുഹൃത്തുക്കളുമെല്ലാം ഭീകരരുടെ വെടിയുണ്ടകള്‍ക്ക് ഇരയായതിന്റെ വേദനയ്ക്കിടയിലും ജീവന്‍ രക്ഷപ്പെടുത്തിയ പ്രവര്‍ത്തിക്കാത്ത അലാറത്തിന് നന്ദി പറയുകയാണ് ദാവൂദ് ഇബ്രാഹിമും കുടുംബവുമിപ്പോള്‍.

എല്ലാം വിധിയായിരുന്നു - അവന്റെ ക്ലൂസിലെ മുഴുവന്‍ വിദ്യാര്‍ഥികളും തോക്കുകള്‍ക്ക് ഇരയായി. ദാവൂദിന്റെ സഹോദരന്‍ സുഫിയാന്‍ ഇബ്രാഹിം മാധ്യമങ്ങളോട് പറഞ്ഞു. ഉറ്റ സുഹൃത്തുക്കളായ ആറ് സഹപാഠികളുടെ മരണാനന്തര ചടങ്ങുകളില്‍ വേദനയോടെയാണെങ്കിലും ശാന്തനായാണ് ദാവൂദ് ബുധനാഴ്ച പങ്കെടുത്തത്. സംഭവത്തിനുശേഷം ബുധനാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് അധികൃതര്‍ സ്‌കൂളിനുള്ളില്‍ പ്രവേശനാനുമതി നല്‍കിയത്.



 

ga