
ന്യൂഡല്‍ഹി: പാകിസ്താനിലെ പെഷവാറില്‍ കുട്ടികളെ കൊലപ്പെടുത്തിയ താലിബാന്റെ ഭീകരതയെ പാര്‍ലമെന്റ് അപലപിച്ചു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും നിമിഷനേരം മൗനമാചരിച്ചു. ആക്രമണത്തില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയും അമര്‍ഷവും ഞെട്ടലും രേഖപ്പെടുത്തി. ലോക്‌സഭ പ്രതിഷേധപ്രമേയം പാസ്സാക്കി.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെ അനുശോചനമറിയിച്ച സഭ, നിരപരാധികളായവര്‍ക്കുനേരെ, പ്രത്യേകിച്ച് കുട്ടികള്‍ക്കുനേരെ നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങളെയും ചെറുക്കാന്‍ ആഹ്വാനം ചെയ്തു. ഭീരുത്വം നിറഞ്ഞ ഈ നടപടിയെ അപലപിച്ച രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി, കൂടുതല്‍ ആത്മവിശ്വാസത്തോടെ ഭീകരതയെ നേരിടാന്‍ കരുത്തുപകരുന്നതാണ് സംഭവമെന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ നടന്ന സംഭവവും ഭീകരതയെ പരാജയപ്പെടുത്താന്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ അണിനിരക്കണമെന്നുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
സിഡ്‌നിയില്‍ ബന്ദികളാക്കപ്പെട്ട പുഷ്‌പേന്ദു ഘോഷ്, വിശ്വകാന്ത അങ്കിറെഡ്ഡി എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഓസ്‌ട്രേലിയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെട്ടിരുന്നു. സംഭവം നടന്ന കാപ്പിക്കടയുടെ 350 മീറ്റര്‍ അകലെയുള്ള ഇന്ത്യന്‍ കോണ്‍സലേറ്റ് അടച്ചിട്ടുവെങ്കിലും വിസ, പാസ്‌പോര്‍ട്ട്, ഒ.സി.ഐ., പി.ഐ.ഒ. കാര്‍ഡുകളുടെ സേവനങ്ങള്‍ നല്‍കിയിരുന്നുവെന്ന് മന്ത്രി അറിയിച്ചു.