വിദ്യാഭ്യാസത്തെ , പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ താലിബാന്‍ ശക്തമായി എതിര്‍ത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുക എന്നത് അവരുടെ പ്രഖ്യാപിത നയമായിരുന്നു. വിദ്യാഭ്യാസത്തിനെതിരെയുള്ള താലിബാന്‍ ഭീകരതയുടെ ഏറ്റവും വലിയ പ്രതീകമാണ് മലാല യൂസഫ് സായി എന്ന പെണ്‍കുട്ടി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിനാണ് 2012 ല്‍ മലാലയെ തീവ്രവാദികള്‍ അക്രമിച്ചത്. മലാല യൂസഫ്‌സായിയുടെ തലയില്‍ നിറയൊഴിക്കുമ്പോള്‍ താലിബാന്‍ ഭീകരര്‍ നല്‍കിയ സന്ദേശം വ്യക്തമായിരുന്നു പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമില്ല.
പക്ഷേ, ഭീകരര്‍ കരുതിയതുപോലെയായിരുന്നില്ല പാക് പെണ്‍കുട്ടികളുടെ വിധി. അവര്‍ കൂടുതലായി സ്‌കൂളിലേക്ക് വരാന്‍ തുടങ്ങി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിന്റെ ആഗോളപ്രതീകമായി മലാല മാറി.
2012 ഒക്ടോബര്‍ ഒമ്പതിനാണ് പാകിസ്താനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ സ്വാത് താഴ്‌വരയില്‍വെച്ച് മലാലയ്ക്ക് വെടിയേറ്റത്. ഭീകരരുടെ വിലക്ക് അവഗണിച്ച് സ്‌കൂളില്‍പോയതിനും വിദ്യാഭ്യാസാവകാശം പ്രചരിപ്പിച്ചതിനുമായിരുന്നു ശിക്ഷ.
മലാല പ്രചോദനമായതോടെ പാകിസ്താനില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തിത്തുടങ്ങി എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതുവരെ 1,02,374 പെണ്‍കുട്ടികളാണ് സ്വാത് പ്രവിശ്യയിലെ പ്രൈമറി സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 96,540 മാത്രമായിരുന്നു. സ്വാതില്‍ താലിബാന്‍ സ്വാധീനം കുറയുകയും ചെയ്തു.