എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു: മലാല

Posted on: 17 Dec 2014


പെഷവാറിലെ വിവേകമില്ലാത്ത കൊടുംക്രൂരതയില്‍ എന്റെ ഹൃദയംതകര്‍ന്നിരിക്കുന്നു. നിരപരാധികളായ കുട്ടികള്‍ക്ക് അവരുടെ സ്‌കൂളില്‍വെച്ച് ഇങ്ങനെയൊരനുഭവം ഉണ്ടാവരുതായിരുന്നു' നൊബേല്‍ ജേതാവ് മലാല യൂസുഫ്‌സായി പറഞ്ഞു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സ്വരമുയര്‍ത്തിയതിനാണ് തെഹ്‌രിക് ഇ താലിബാന്‍ പാകിസ്താനില്‍ മലാലയുടെ ജീവനെടുക്കാന്‍ ശ്രമിച്ചത്. വിദ്യാഭ്യാസത്തിനെതിരായ താലിബാന്‍ ഭീകരതയുടെ ആഗോളപ്രതീകമാണ് മലാല ഇന്ന്. മരണംമുന്നില്‍ക്കണ്ടിട്ടും ഇപ്പോഴും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി സ്വരമുയര്‍ത്തുന്ന മലാലയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയാണ് ലോകം ആദരിച്ചത്.

വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് എക്കാലവും എതിരായിരുന്നു പാക് താലിബാന്‍. മതപാഠങ്ങള്‍ക്കപ്പുറം ഒരുപാഠവും വേണ്ട എന്ന നിലപാടുകാര്‍. അവരുടെ സ്വാധീനമേഖലയായ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സ്വാത് വാലിയിലെ സ്‌കൂളിലായിരുന്നു മലാല പഠിച്ചിരുന്നത്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ ഭീകരര്‍ തടഞ്ഞപ്പോള്‍ അതിനെതിരെ അവള്‍ ബ്ലോഗ് എഴുതി. ഭീഷണികളെ വകവെച്ചില്ല.

2012 ഒക്ടോബര്‍ ഒമ്പതിന് അതിന്റെ വിലനല്‍കേണ്ടിവന്നു. അന്നാണ് സ്‌കൂളില്‍ പോകുന്നവഴി ബസ്സില്‍ പാക് താലിബാന്‍ മലാലയെ വെടിവെച്ചത്. ഭീകരര്‍ക്ക് ലക്ഷ്യം നേടാനായില്ല. മലാല മരിച്ചില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടയിടാനുമായില്ല. മലാല പ്രചോദനമായി. പാകിസ്താനില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തിത്തുടങ്ങി. ഈ വര്‍ഷം ഇതുവരെ 1,02,374 പെണ്‍കുട്ടികള്‍ സ്വാത്തിലെ പ്രാഥമികവിദ്യാലയങ്ങളില്‍ ചേര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 96,540 മാത്രമായിരുന്നു.

'അവിശ്വാസികളുടെയും അശ്ലീലത്തിന്റെയും പ്രതീക'മാണ് പാക് താലിബാന് ഇപ്പോഴും മലാല. വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട 'ശത്രു'വിനെ പാശ്ചാത്യലോകത്തിനൊപ്പം പാകിസ്താനും 'കൊണ്ടാടുന്നതിനോ'ടുള്ള പ്രതിഷേധവുമാകണം പെഷവാറിലെ ആക്രമണം.



 

ga