ഈ കുഞ്ഞുങ്ങള്‍ ലോകത്തിന്റെ രക്തസാക്ഷികളാണ്‌

Posted on: 17 Dec 2014



ലോകമനഃസാക്ഷിക്കുമേല്‍ കുത്തിയിറക്കിയ വിഷംപുരട്ടിയ വാളാണ് പാകിസ്താനിലെ പെഷവാറിലുള്ള ആര്‍മി സ്‌കൂളില്‍ ചൊവ്വാഴ്ച താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണം. നൂറിലധികം കുട്ടികളെയും അധ്യാപകരെയുമാണ് അവര്‍ കുരുതികഴിച്ചത്. മനുഷ്യവംശത്തോടുള്ള കുറ്റകൃത്യമെന്നല്ലാതെ വിശേഷിപ്പിക്കുകവയ്യ ആ ഹീനകര്‍മത്തെ. പാകിസ്താന്‍ അനുഭവിക്കുന്ന വേദന മനുഷ്യരാശിയുടെ മുഴുവന്‍ വേദനയാണ്.

അന്ധമായ മതഭക്തിയുമായി പ്രവര്‍ത്തിക്കുകയും എന്നാല്‍ മതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാതെ നരഹത്യ നടത്തുകയുംചെയ്യുന്ന തെഹ്‌രിക് ഇ താലിബാന്‍ എന്ന പാക് താലിബാന്‍പോലുള്ള ഭീകരവാദസംഘടനകളെ ഉന്മൂലനം ചെയ്യാന്‍ ലോകംമുഴുവന്‍ കൈകോര്‍ത്തുനില്‍ക്കേണ്ട സമയം വൈകിയിരിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്നു പെഷവാറിലെ ദുരന്തം. ഗോത്രവര്‍ഗമേഖലകളില്‍ പാകിസ്താന്റെ പട്ടാളം നടത്തുന്ന താലിബാന്‍ വിരുദ്ധ പോരാട്ടത്തോടുള്ള പ്രതികാരമായാണ് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ കൊന്നതെന്നാണ് താലിബാന്‍ വിശദീകരിച്ചിരിക്കുന്നത്. പട്ടാളത്തെ വേദന അറിയിക്കാന്‍വേണ്ടിയാണത്രെ ആര്‍മിസ്‌കൂള്‍ തന്നെ തിരഞ്ഞെടുത്തത്. ഇതിനേക്കാള്‍ ദുഷ്ടവും ഹൃദയഭേദകവുമായ ഒരു പ്രസ്താവന ഉണ്ടാകാനിടയില്ല.


നരജീവിതമായ വേദനയ്ക്ക് ഔഷധങ്ങളെന്ന് കവി വിശേഷിപ്പിച്ച കുഞ്ഞുങ്ങളെ കൊല്ലുന്ന ലോകത്തേക്കാള്‍ ശപിക്കപ്പെട്ടതായി മറ്റൊന്നുമില്ല. വിദ്യാലയത്തില്‍ അക്ഷരത്തിന്റെ അഗ്‌നി ഏറ്റുവാങ്ങുകയായിരുന്ന കുട്ടികളെയാണ് മതഭീകരര്‍ ഇരുട്ടിന്റെ ലോകത്തേക്കു പിച്ചിക്കീറിയെറിഞ്ഞത്. അതിലൂടെ അവര്‍ ഉയര്‍ത്തുന്ന സമരസന്ദേശം ബീഭത്സതയുടെ വേദാന്തമല്ലാതെ മറ്റൊന്നുമല്ല. 'പാല്‍ച്ചിരി കാണ്‍കെ മൃതിയെ മറന്നേപോകും പാവം മാനവഹൃദയം' എന്ന മനുഷ്യത്വത്തിന്റെ വേദാന്തം അവര്‍ക്കു മനസ്സിലാവുകയില്ല. പെണ്‍കുട്ടികള്‍ക്കുപഠിക്കാനുള്ള അവകാശത്തിനായി ശബ്ദമുയര്‍ത്തിയ മലാല യൂസുഫ്‌സായിയെന്ന ബാലികയെ വെടിവെച്ച ചരിത്രമുള്ള പാക് താലിബാന്‍ മലാല കൊളുത്തിയ വിദ്യയുടെവെളിച്ചം കെടുത്താന്‍കൂടി വേണ്ടിയാണ് ഈ ആക്രമണം നടത്തിയതെന്നുവ്യക്തമാണ്.

അരാജകത്വവും ഭീതിയും സൃഷ്ടിക്കുക മാത്രമല്ല വിദ്യാഭ്യാസമുള്‍പ്പെടെയുള്ള പുരോഗമനപരമായ ആശയങ്ങളില്‍നിന്ന് പാകിസ്താനിലെ സാമാന്യജനങ്ങളില്‍ പ്രതിലോമകരമായ മതഭീകരവാദ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കല്‍കൂടിയാണ് താലിബാന്‍ ഭീകരരുടെ ലക്ഷ്യം. ലോകംമുഴുവന്‍ പടര്‍ന്നുകയറിക്കൊണ്ടിരിക്കുന്ന ഈ വിഷസസ്യത്തെ ഇല്ലാതാക്കിയേപറ്റൂ.

പെഷവാറില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ സമാധാനംനിറഞ്ഞ ലോകത്തിനുവേണ്ടി രക്തസാക്ഷികളായ വിശുദ്ധരാണ്. ആ കുഞ്ഞുങ്ങളുടെ പേരില്‍ പാകിസ്താനിലെ ജനത അനുഭവിക്കുന്ന വേദന ഇന്ത്യയുടെയും വേദനയായിവേണം ഉള്‍ക്കൊള്ളേണ്ടത്. മതഭീകരവാദത്തിന്റെ കൊടിയ പ്രഹരങ്ങള്‍ പലതവണ അനുഭവിച്ച ഇന്ത്യക്ക് ഈ ദേശീയദുരന്തത്തിന്റെ ഗാഢമായ ആഘാതം മനസ്സിലാവും. അന്ധമായവിശ്വാസത്തിന്റെയും ഭീകരതയുടെയും ആയുധത്തിനിരയായ ആ കുട്ടികള്‍ക്കുവേണ്ടി മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രാര്‍ഥനയുണ്ടാവും. ഭീകരവാദത്തിനെതിരെ ഉയരുന്ന ശാന്തിയുടെ ഗായത്രികളാണ് ആ പ്രാര്‍ഥനകള്‍.



 

ga