നൈജീരിയയില്‍ ബോക്കോഹറാം ബന്ദികളാക്കിയ കുട്ടികളെ ഇനിയും മോചിപ്പിച്ചില്ല
റഷ്യയിലെ ബെല്‍സാന്‍ സ്‌കൂള്‍ ചെചന്‍ വിമതര്‍ ചോരക്കളമാക്കിയതിന്റെ പത്താംവാര്‍ഷികത്തിലാണ് പെഷവാര്‍ സ്‌കൂളിലെ കുരുതി.
2004 സപ്തംബര്‍ ഒന്നിനാണ് റഷ്യയിലെ നോര്‍ത്ത് ഒസെഷ്യ നഗരമായ ബെല്‍സാനിലെ സ്‌കൂളില്‍ വിമതര്‍ കടന്നുകയറി പ്രൈമറി സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവരെ മൂന്നുദിവസം ബന്ദികളാക്കിയത്.
സ്‌കൂള്‍ തുറന്നദിവസമായിരുന്നു അന്ന്. പുതിയപഠിതാക്കള്‍ക്കൊപ്പം രക്ഷിതാക്കളുമെത്തിയിരുന്നു. കുട്ടികളും മുതിര്‍ന്നവരുമായി 1200 പേരെ വിമതര്‍ ബന്ദികളാക്കി. സപ്തംബര്‍ മൂന്നിന് റഷ്യാ സേന വിമതരെ കീഴടക്കുമ്പോള്‍ ബന്ദികളില്‍ 334 പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ 186 പേര്‍ കുട്ടികളായിരുന്നു. എഴുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ ഒരാളൊഴികെ 32 പേരും കൊല്ലപ്പെട്ടു. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു.
സ്‌കൂളിലെ ജിംനേഷ്യത്തില്‍ ബോംബുകള്‍ സ്ഥാപിച്ച് അവിടെയായിരുന്നു ബന്ദികളെ പാര്‍പ്പിച്ചത്. പ്രൈമറി സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയില്ല. മോചിതരായശേഷം വളരെക്കാലം മാനസികമായ പ്രശ്‌നങ്ങള്‍ ഈ കുട്ടികളെ അലട്ടി.
രക്ഷപ്പെട്ട അക്രമി നൂര്‍ പാഷി കുലായേവ് പിടിയിലായി. ഭീകരാക്രമണം, ബന്ദിയാക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി ജീവപര്യന്തം തടവിലാക്കി. ഷാമില്‍ ബസായേവ് നേതാവായ ചെചന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം റിയാദുസ് സാലിഖിന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.
നൈജീരിയയില്‍ പാശ്ചാത്യവിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ഭീകരപ്രസ്ഥാനമായ ബോക്കോ ഹറാം 276 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത് ഈ വര്‍ഷമാണ്. ഏപ്രില്‍ 14-ന് ബോര്‍ണോ സംസ്ഥാനത്തെ ചിബോക് പട്ടണത്തിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ഇവരെ പിടിച്ചുകൊണ്ടുപോയത്. 50 വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെക്കുറിച്ച് വിവരമില്ല. ഇവരെ ഇസ്ലാം മതത്തില്‍ ചേര്‍ത്തെന്നും ചിലരെ സംഘടനാംഗങ്ങള്‍ വിവാഹം ചെയ്‌തെന്നും മറ്റുള്ളവരെ അടിമച്ചന്തയില്‍ വിറ്റെന്നുമാണ് സംഘടന അവകാശപ്പെടുന്നത്.