അധ്യാപികയെ തീയിട്ടു; ഓടിയവരെ വെടിവെച്ചിട്ടു

Posted on: 17 Dec 2014


പെഷവാര്‍: അവരുടെ കണ്ണിലിപ്പോഴും ചോരചിതറിയ ചിത്രങ്ങളാണ്. കാതില്‍ നിലയ്ക്കാത്ത വെടിയൊച്ചയും നിലവിളികളുമാണ്. താലിബാന്റെ തേര്‍വാഴ്ചയില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിദ്യാര്‍ഥികളില്‍ പലര്‍ക്കും കണ്‍മുന്നില്‍ നടന്ന ക്രൂരത വിവരിക്കാന്‍പോലും വാക്കുകള്‍ കിട്ടുന്നില്ല.

വെടിവെപ്പില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഞങ്ങളുടെ കണ്‍മുന്നില്‍ വെച്ചാണ് അധ്യാപികയെ തീയിട്ടുകൊന്നതെന്ന് പരിക്കേറ്റ ഒരു വിദ്യാര്‍ഥി പറഞ്ഞു.

ഞങ്ങള്‍ ഹാളില്‍ പ്രവേശിച്ച ഉടനെ വെടിവെപ്പ് ആരംഭിച്ചു. അധ്യാപിക നിര്‍ദേശിച്ചതനുസരിച്ച് ഞങ്ങള്‍ പെട്ടെന്നുതന്നെ ഹാളിന്റെ വാതിലുകള്‍ കൊട്ടിയടച്ചു. എന്നാല്‍, കാര്യമൊന്നുമുണ്ടായില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നു. ഇതു കണ്ടതോടെ ഞങ്ങള്‍ ഓടി മേശകള്‍ക്കടിയില്‍ ഒളിച്ചു. അവര്‍ ഞങ്ങളുടെ തലയും കാലുകളും ലക്ഷ്യമിട്ട് വെടിയുതിര്‍ത്തുകൊണ്ടിരുന്നു.

ഞങ്ങള്‍ നോക്കിനില്‍ക്കെ അധ്യാപികയെ പിടികൂടി തീയിടുകയും ചെയ്തു. ഞങ്ങള്‍ക്ക് അനങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അനങ്ങിയവരെയും രക്ഷപ്പെടാന്‍ ശ്രമിച്ചവരെയും അവര്‍ നിര്‍ദയം വെടിവെച്ചിട്ടു. നിരവധിപേരാണ് അവിടെ മരിച്ചുവീണത് - ചികിത്സയില്‍ കഴിയുന്ന ഒരു വിദ്യാര്‍ഥി പറഞ്ഞു.



 

ga