പെഷവാര്‍: മരണത്തെ താന്‍ മുഖാമുഖം കണ്ടതായി പാക് സൈനികസ്‌കൂളിലെ താലിബാന്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥി. താലിബാന്‍ ഭീകരരുടെ വെടിവെപ്പില്‍ ഇരുകാലുകളിലും വെടിയേറ്റ വിദ്യാര്‍ഥി ഷാറൂഖ് ഖാന്‍ (16) താന്‍ മരിച്ചതായി അഭിനയിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പറയുന്നു. ആസ്പത്രിക്കിടക്കയില്‍ കിടന്നുകൊണ്ടാണ് വിദ്യാര്‍ഥി തന്റെ ഓര്‍മ പങ്കുവെച്ചത്.
''ഞാനും കൂട്ടുകാരും സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ ഒരു കരിയര്‍ ഗൈഡന്‍സ് പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അര്‍ധസൈനിക വിഭാഗത്തിന്റെ യൂണിഫോമില്‍ നാല് ഭീകരര്‍ അവിടേക്കെത്തിയത്. ആരോ ഡെസ്‌കുകള്‍ക്ക് പിന്നില്‍ ഒളിക്കാന്‍ ആവശ്യപ്പെട്ടു. ഭീകരര്‍ 'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞു. തുടര്‍ന്ന് വെടിയുതിര്‍ത്തു. എന്റെ ഇരു കാലുകളിലും മുട്ടിനു താഴെ വെടിയേറ്റു''- ഷാറൂഖ് പറഞ്ഞു.
''പിന്നീട് ബെഞ്ചുകള്‍ക്കടിയിലുള്ളവരെ പിടികൂടാന്‍ ഭീകരരിലൊരാള്‍ ആഹ്വാനം ചെയ്തു. കറുത്ത ഷൂസുകളിഞ്ഞ ഒരാള്‍ എന്റെ അടുത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. അപ്പോഴേക്കും എനിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാന്‍ ഞാന്‍ ടൈ വായിലേക്കു തിരുകി. കണ്ണുകളടച്ച് മരിച്ചതുപോലെ കിടന്നു. അടുത്തെത്തിയ ഭീകരന്‍ എന്റെ കൂട്ടുകാരുടെ ദേഹത്തേക്ക് വെടിയുതിര്‍ത്തു. എനിക്കു നേരെയും അയാള്‍ വെടിയുതിര്‍ക്കുമെന്നാണ് കരുതിയത്.
മരണത്തെ മുഖാമുഖം കണ്ടാണ് അവിടെ കിടന്നത്. അല്‍പ്പസമയം അവിടെ നിന്നശേഷം അയാള്‍ തിരിച്ചുപോയി. പിന്നീട് സര്‍വശക്തിയുമെടുത്ത് പുറത്തേക്കെത്തിയ ഞാന്‍ മൈതാനത്തെത്തിയതുമാത്രമേ ഓര്‍മയുള്ളൂ. കണ്ണ് തുറക്കുമ്പോള്‍ ആസ്പത്രിയിലാണ്''- ഷാറൂഖ് പറഞ്ഞു.