പാകിസ്താന്റെ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ അര്‍ധസ്വയംഭരണാധികാരമുള്ള പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഇസ്ലാമിക ഭീകരസംഘടനകളുടെ കൂട്ടായ്മയാണ് തെഹ്രീക് ഇ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി.) അഥവാ പാകിസ്താനി താലിബാന്‍. 2007 ഡിസംബറില്‍ 13 സംഘടനകളുടെ കൂട്ടായ്മയായി ഇത് രൂപംകൊണ്ടു. പാകിസ്താനിലെ അര്‍ധസ്വയംഭരണാധികാരമുള്ള പ്രവിശ്യകളും ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. അല്‍ ഖ്വെയ്ദയുടെ ഉന്നതനേതാക്കളുമായി പ്രസ്ഥാനം അടുത്തബന്ധം പുലര്‍ത്തുന്നു.
ലക്ഷ്യം
* വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ അര്‍ധ സ്വയംഭരണാധികാരമുള്ള പ്രവിശ്യകളുടെ നിയന്ത്രണം കരസ്ഥമാക്കല്‍
* പാകിസ്താനില്‍ ശരീയത്ത് നടപ്പാക്കല്‍
* അഫ്ഗാനിസ്താനിലെ നാറ്റോ സൈന്യത്തെ പുറത്താക്കല്‍
നേതൃത്വം
* പാകിസ്താനിലെ ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്നുള്ള ഗോത്രനേതാവ് ബെത്തുള്ള മഹ്‌സൂദാണ് സ്ഥാപകന്‍. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ആക്രമണങ്ങള്‍ക്കുപിന്നില്‍ മഹ്‌സൂദാണെന്നാണ് ആരോപണം. 2009 ആഗസ്ത് അഞ്ചിന് യു.എസ്സിന്റെ ആളില്ലാവിമാനം നടത്തിയ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു.
* ഹക്കിമുള്ള മസൂദ് പിന്‍ഗാമിയായി. 2013 നവംബര്‍ ഒന്നിന് യു.എസ്. വ്യോമാക്രമണത്തില്‍ ഇയാളും കൊല്ലപ്പെട്ടു.
* ടി.ടി.പി.യുടെ ഭാഗമായ തെഹ്രീക് ഇ നഫസ് ഇ ശരീയത്ത് ഇ മൊഹമ്മദി എന്ന സംഘടനാംഗമായ മൗലാന ഫസലുള്ളയാണ് ഇപ്പോള്‍ പ്രസ്ഥാനത്തെ നയിക്കുന്നത്.
പ്രധാന ആക്രമണങ്ങള്‍
* മലാല യൂസുഫ്‌സായിക്കുനേരേ 2012 ഒക്ടോബറില്‍ നടത്തിയ വെടിവെപ്പ്
* 2010 മെയ് ഒന്നിലെ ന്യുയോര്‍ക്ക് ടൈംസ് സ്‌ക്വയര്‍ ആക്രമണം
അഫ്ഗാനിസ്താനിലെ താലിബാന്‍ പ്രസ്ഥാനവുമായി ടി.ടി.പി.ക്ക് നേരിട്ട് ബന്ധമില്ല. പഷ്തൂണ്‍ പ്രവിശ്യകേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം എന്നതാണ് മുഖ്യ സാമ്യം. ലക്ഷ്യങ്ങളും താത്പര്യങ്ങളും ഭിന്നമാണ്. നാറ്റോ സേനയെ അഫ്ഗാനിസ്താനില്‍നിന്ന് പുറത്താക്കാന്‍ താലിബാന് ടി.ടി.പി.യുടെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍, പാകിസ്താനെതിരായ ടി.ടി.പി.യുടെ പോരാട്ടത്തോട് താലിബാന് എതിര്‍പ്പാണ്. മൗലാന ഫസ്ലുള്ള ടി.ടി.പി.യുടെ നേതൃത്വമേറ്റശേഷം പ്രസ്ഥാനം നാല് ചെറുസംഘങ്ങളായി ഭിന്നിച്ചുവെന്നും അവ തമ്മിലടിയിലാണെന്നും വാര്‍ത്തയുണ്ട്.