മരിച്ചവരില്‍ നൂറിലധികം കുട്ടികള്‍
122 പേര്‍ക്ക് പരിക്ക്
നാല് ഭീകരരെ വധിച്ചു
ഏറെപ്പേരും മരിച്ചത് ചാവേര്‍ സ്‌ഫോടനത്തില്‍
ക്ലാസ് മുറികള്‍തോറും കയറിയിറങ്ങി വെടിയുതിര്‍ത്തു
പെഷവാര്‍: പാകിസ്താനിലെ പെഷവാറില്‍ സൈനികസ്‌കൂളിലേക്ക് തോക്കുമായി ഇരച്ചുകയറിയ താലിബാന്‍ഭീകരര്‍ നടത്തിയ വെടിവെപ്പിലും സ്‌ഫോടനങ്ങളിലും 132 കുട്ടികളടക്കം ചുരുങ്ങിയത് 141-പേരെങ്കിലും കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒമ്പത് പേര്‍ സ്‌കൂള്‍ ജീവനക്കാരാണ്. 122 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്നുണ്ടായ സൈനികനടപടിയില്‍ ഏഴ് ഭീകരരെയും വധിച്ചു.
ഏറെപ്പേരും മരിച്ചത് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിലാണ്. ക്ലാസ് മുറികള്‍ തോറും കയറിയിറങ്ങിയ ഭീകരര്‍ കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്‍(ടി.ടി.പി.) ഏറ്റെടുത്തു.
വടക്കന്‍ വസീരിസ്താനിലുണ്ടായ സൈനിക നടപടികള്‍ക്ക് പ്രതികാരമായാണ് ആക്രമണമെന്ന് താലിബാന്‍വക്താവ് മുഹമ്മദ് ഖൊറാസാനി പറഞ്ഞു. മുതിര്‍ന്ന കുട്ടികള്‍ക്കുനേരെ വെടിയുതിര്‍ക്കാനാണ് നിര്‍ദേശം നല്‍കിയത്. ഏഴ് ചാവേറുകളെയാണ് ഇതിന് നിയോഗിച്ചത്. വേണ്ടപ്പെട്ടവര്‍ കൊല്ലപ്പെടുമ്പോഴുള്ള വേദന എത്രത്തോളമാണെന്ന് സൈന്യത്തെ ബോധ്യപ്പെടുത്താനാണ് ആക്രമണമെന്നും ഖൊറാസാനി പറഞ്ഞു.
ആക്രമണം ദേശീയദുരന്തമാണെന്നും കുട്ടികളുടെ വേര്‍പാട് രാജ്യത്തിന്റെ നഷ്ടമാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതികരിച്ചു. 10 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മുതിര്‍ന്ന വിദ്യാര്‍ഥികളുള്ള ഒരു ബ്ലോക്കിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ ഒരു പരിപാടി നടന്നുകൊണ്ടിരിക്കെയായിരുന്നു ഇത്.
ചൊവ്വാഴ്ച രാവിലെ പ്രാദേശികസമയം 10.30-ഓടെയായിരുന്നു ആക്രമണം. സൈനിക യൂണിഫോമില്‍ തോക്കുമായി എത്തിയ ആറ് ഭീകരരാണ് സ്‌കൂളില്‍ ആക്രമണം നടത്തിയത്. തുടര്‍ച്ചയായി സ്‌ഫോടനങ്ങളും നടത്തി. അഞ്ഞൂറിലധികം കുട്ടികളും ഒട്ടേറെ അധ്യാപകരും ഈ സമയം സ്‌കൂളിലുണ്ടായിരുന്നു. പിന്നീട് ഇതില്‍ ഭൂരിഭാഗം പേരെയും സൈന്യം ഒഴിപ്പിച്ചു. ആക്രമണം എട്ടുമണിക്കൂര്‍ നീണ്ടുനിന്നു. ഭീകരരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിച്ചപ്പോള്‍ ബാക്കിയുള്ളവരെ സൈന്യം വധിക്കുകയായിരുന്നു.
രാജ്യത്തൊട്ടാകെ സൈന്യം നടത്തിവരുന്ന 146 സ്‌കൂളുകളില്‍ ഒന്നാണ് പെഷവാറിലേത്. ഓഫീസര്‍മാരടക്കമുള്ള സൈനികരുടെയും സാധാരണക്കാരുടെയും കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അധ്യാപകരായി സൈനികരുടെ ഭാര്യമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ സൈന്യം താലിബാനെതിരെ ആരംഭിച്ച നടപടി- സര്‍ബി അസ്ബില്‍ 1600-ലധികം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തെ ശക്തിയായി അപലപിച്ച ഇന്ത്യ സംഭവത്തെ പ്രാകൃതവും പൈശാചികവുമെന്ന് വിശേഷിച്ചു. നിഷ്‌കളങ്കരായ കുട്ടികളെ പഠനത്തിനിടെ ആക്രമിച്ചത് ഹീനമാണെന്ന് െഎക്യരാഷ്ട്രസഭ സെക്രട്ടറിജനറല്‍ ബാന്‍ കി മൂണ്‍ കുറ്റപ്പെടുത്തി.