കരുതലില്ലാത്ത വികസനം

ഡോ. മുരളി തുമ്മാരുകുടി Posted on: 07 May 2015

അടുത്ത മാസം അഞ്ചാം തിയതി ഒരു അന്താരാഷ്ട്ര പരിസ്ഥിതി ദിനം കൂടി കടന്നു വരികയാണ്. ഒരു മലയാളിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് എന്ന ഒരു പ്രത്യേകത കൂടി ഇത്തവണ ഉണ്ട്. ഏഴു ബില്ല്യന്‍ ജനങ്ങള്‍ ഉള്ള ലോകത്ത് കരുതലോടെ ഉള്ള ഒരു ഉപഭോഗ സംസ്‌കാരത്തിന്റെ ആവശ്യകത ആണ് ഇത്തവണത്തെ മുദ്രാവാക്യം (One world, seven billion people, consume with care).



ഉപഭോഗത്തിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങളില്‍ ഉള്ള ഈ ഊന്നല്‍ കേരളത്തിന് പ്രത്യേക പ്രാധാന്യം ഉള്ളതാണ്. കാരണം ഇന്ത്യയിലെ ആളോഹരി ഉപഭോഗത്തില്‍, അത് ഇറച്ചി ആയാലും, മദ്യം ആയാലും സ്വര്‍ണ്ണം ആയാലും, ഒന്നാമതാണ് കേരളം. കഴിഞ്ഞ ഒന്നോ രണ്ടോ പതിറ്റാണ്ടുകളില്‍ കേരളത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ വച്ച് അസൂയാവഹം ആയ സാമ്പത്തിക വളര്‍ച്ച ആണ് നേടിയത്. പക്ഷെ അതിനോടൊപ്പം ആശങ്കാജനകമായ പരിസ്ഥിതി പ്രശ്‌നങ്ങളും നമുക്ക് ചുറ്റും ഉണ്ട്. നഗരത്തിലെ ഖരമാലിന്യം ആയാലും, ഗ്രാമത്തിലെ കോഴിമാലിന്യം ആയാലും വൃത്തിയാക്കാന്‍ ശരിയായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ എവിടെയും ചീഞ്ഞു നാറുകയാണ്. കെട്ടിടം പണിക്കുള്ള മണലെടുപ്പും, വികസനത്തിനുള്ള മണ്ണെടുപ്പും നമ്മുടെ പുഴകളെയും കുന്നുകളേയും കൊല്ലുകയാണ്. മോട്ടോര്‍ വാഹനങ്ങങ്ങളുടെ വളര്‍ച്ച നമ്മുടെ ദേശീയപാതകളെ പോലും ഗതാകത കുരുക്കില്‍ എത്തി പറ്റിക്കുന്നു, നഗരത്തിലെ കാര്യം പറയാനും ഇല്ലല്ലോ. എറണാകുളം പോലെ ഉള്ള നഗരങ്ങളില്‍ നഗരം ഫ്ലാറ്റ് ആയും മെട്രോ ആയും വളരുകയും സാമ്പത്തിക സൗകര്യങ്ങള്‍ കൂടുകയും ചെയ്യുന്തോറും ജീവിതത്തിന്റെ ഗുണനിലവാരം കുറഞ്ഞു വരികയാണ്. ഇത് തമ്മിലുള്ള കാര്യ കാരണ ബന്ധം പലപ്പോഴും പ്രത്യക്ഷമല്ല, ഇതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം.

ഒരു ഉദാഹരണം എടുക്കാം. കേരളത്തില്‍ അടുത്തയിടക്കാണ് പാറമട ഒരു വന്‍ പരിസ്ഥിതി പ്രശ്‌നം ആകുന്നതും മാഫിയകള്‍ അതു കയ്യടക്കുന്നതും. ഇതിന്റെ ഉത്തരവാദിത്തം മാഫിയകളിലും രാഷ്ട്രീയക്കാരിലും ഒക്കെ ചാര്‍ത്തിക്കൊടുക്കാനാണ് ഭൂരിഭാഗത്തിന് ഇഷ്ടം. മല തുരക്കുന്നതും പാറ പൊട്ടിക്കുന്നതും എല്ലാം മുതലാളിമാരും മാഫിയക്കാരും സ്വന്തം ആവശ്യത്തിനും താല്പര്യത്തിനും ചെയ്യുന്നപോലെയാണ് നാം ചിന്തിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന പരിസ്ഥിതി പ്രശ്‌നങ്ങള്‍ എല്ലാം, അതു പാറയാകട്ടെ, മണല്‍ ആകട്ടെ, നിലം നികത്തല്‍ ആകട്ടെ, ഖരമാലിന്യനിക്ഷേപം ആകട്ടെ, ഇതെല്ലാം ഞാനും നിങ്ങളും ഉള്‍പ്പെട്ട പൊതുസമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും അതുണ്ടാക്കുന്ന ഉപഭോഗത്തിന്റേയും നേരിട്ടുള്ള പ്രത്യാഘാതമാണ്. നിലം നികത്തി ഫ്ലാറ്റുണ്ടാക്കുന്ന മുതലാളിയല്ല മറിച്ച് നിലം നികത്തലിനെതിരെ ഫേസ്ബുക്ക് യുദ്ധം നടത്തുന്ന പുതിയ തലമുറയാണ് ഫ്ലാറ്റുകളില്‍ താമസിക്കുന്നത്. ക്വാറിക്കെതിരെ സമരം ചെയ്യുന്ന ബഹുഭൂരിപക്ഷത്തിന്റെ ആവശ്യത്തിനാണ് മെട്രോ ഉയരുന്നത് അല്ലാതെ ക്വാറി മുതലാളിയുടെ യാത്രക്കല്ല. ഈ ബന്ധം മനസ്സിലാക്കാതെയുള്ള ഏതു കോലാഹലവും ഹിപ്പോക്രാറ്റിക് ആണെന്ന് മാത്രമല്ല ഗുണം ചെയ്യാത്തതും ആണ്.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പരിസ്ഥിതി നാശത്തെ പിടിച്ചുകെട്ടാന്‍ മൂന്നു വഴികളെ ഉള്ളൂ. ഒന്നാമത്തേത് പറയാന്‍ എളുപ്പവും പ്രയോഗിക്കാന്‍ ബുദ്ധിമുട്ടും ആണ്. പരിമിതമായ വിഭവങ്ങള്‍, അത് മരമായാലും, പെട്രോള്‍ ആയാലും, പാറ ആയാലും നാം കുറച്ചു കരുതലോടെ ഉപയോഗിക്കണം എന്നതാണ് അത്. സ്വന്തമായി കാറിനു പകരം ബസ് ഉപയോഗിച്ചാല്‍, തേക്കിന് പകരം പെട്ടന്ന് വളരുന്ന മരങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന ഫര്‍ണിച്ചര്‍ ഉപയോഗിച്ചാല്‍, മാര്‍ബിള്‍ ഇല്ലാതെ തറ ഉണ്ടാക്കിയാല്‍, സ്വര്‍ണത്തിന് പകരം സ്വര്‍ണ ബോണ്ടുകള്‍ വാങ്ങി ലോക്കറില്‍ വച്ചാല്‍ എല്ലാം എവിടെയെങ്കിലും പ്രകൃതിക്ക് ഭാരം കുറയും. പക്ഷെ കരുതലോടെ ഉപയോഗിക്കണം എന്നെല്ലാം പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞുതുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ ആയി. ഇതിനെല്ലാം പ്രതീകാത്മകമായ മാറ്റങ്ങളേ ഉണ്ടാക്കാന്‍ പറ്റുന്നുള്ളൂ. ഒരു മണിക്കൂര്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ എല്ലാവരും റെഡി, പക്ഷെ എല്ലാ ദിവസവും ബസില്‍ യാത്ര ചെയ്യണം എന്ന് പറഞ്ഞാല്‍ 'ചിലപ്പോഴെ ഉള്ളൂ'. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ഇതിനൊരു മാറ്റം ആകട്ടെ.

സമൂഹത്തിന്റെ ഉപഭോഗതൃഷ്ണ മുന്‍കൂട്ടി അറിഞ്ഞ് അതിനനുസരിച്ച് സാങ്കേതികവിദ്യയും നയങ്ങളും മാറ്റുക ആണ് രണ്ടാമത്തെ കാര്യം. ഇവിടെയാണ് നമ്മുടെ പരിസ്ഥിതിനാശത്തിന്റെ പിന്നിലെ രണ്ടാമത്തെ പ്രതി വെളിച്ചത്തു വരുന്നത്. ഇത് മറ്റാരും അല്ല. ഞാന്‍ കൂടി ഉള്‍പ്പെട്ട എഞ്ചിനീയര്‍മാരുടെ സമൂഹം ആണ്. ഖരമാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതും വീടുണ്ടാക്കുന്നതും ഒന്നും പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് ചെയ്യേണ്ട കാര്യമല്ല. അങ്ങനെയല്ലാതെ ചെയ്യാനുള്ള സാങ്കേതികവിദ്യകള്‍ ഉണ്ട്. അത് ലോകത്ത് എത്രയോ സ്ഥലങ്ങളില്‍ വിജയകരമായി പ്രയോഗികമാക്കിയിരിക്കുന്നു. കോണ്‍ക്രീറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ നിര്‍മ്മാണവസ്തുവാണ്. പുതിയ നിര്‍മ്മാണ വസ്തുക്കളും സങ്കേതങ്ങളും ഉണ്ടായിട്ടും അതു നാട്ടിലെത്തിക്കാന്‍ എന്തുകൊണ്ട് നമ്മുടെ എഞ്ചിനീയര്‍മാര്‍ക്ക് കഴിയുന്നില്ല. കൊറിയയിലെ നാളെയുടെ നഗരം എന്നറിയപ്പെടുന്ന ഇഞ്ചിയോണില്‍ എത്രമാത്രം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടെന്ന് നമ്മുടെ സിവില്‍ എഞ്ചിനീയര്‍മാര്‍ അറിയേണ്ടേ? സിങ്കപ്പൂര്‍ പോലെ മുപ്പതു കിലോമീറ്റര്‍ നീളവും ഇരുപതു കിലോമീറ്റര്‍ വീതിയും തിരുവനന്തപുരത്തിന്റെ പത്തിരട്ടി ജനസംഖ്യയുമുള്ള ഒരു സ്ഥലത്ത് ഖരമാലിന്യം തിരുവനന്തപുരത്തെപ്പോലെ റോഡുവക്കില്‍ ഇട്ടു കത്തിക്കാതിരിക്കുന്നത് ഏത് സാങ്കേതികവിദ്യമൂലം ആണ്? അതുപോലെ ഒന്ന് നമുക്ക് എങ്ങനെ ഉണ്ടാക്കാം? എറണാകുളത്തെ കനാലുകള്‍ കൊതുകിന്റെ വിളനിലങ്ങള്‍ ആക്കാതെ നഗരത്തിന്റെ ശുദ്ധരക്തധമനികള്‍ ആക്കി എങ്ങനെ മാറ്റാം എന്ന് എഞ്ചിനീയര്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അറിയുക.

സത്യം എന്തെന്നുവച്ചാല്‍ നമ്മുടെ എഞ്ചിനീയര്‍മാര്‍ക്ക് സമൂഹത്തില്‍ സമൂലമായ മാറ്റം വരുത്താനുള്ള അവരുടെ കഴിവില്‍ വിശ്വാസം ഇല്ല. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുന്നില്‍ വികസനത്തിന്റെ പുതിയ പാതകള്‍ തെളിച്ചുകൊടുക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല. നൂറ്റിഎഴുപത്തേഴ് എഞ്ചിനീയറിംഗ് കോളേജുകളും ഐ.ഐ.ടി.യില്‍ നിന്നുള്‍പ്പെടെ പഠിച്ചിറങ്ങിയ കാക്കത്തൊള്ളായിരം എഞ്ചിനീയര്‍മാരും ഉള്ള കേരളത്തില്‍ മണലും പാറയും കുറച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഗവേഷണങ്ങള്‍ എവിടെ? സ്റ്റീല്‍ കെട്ടിടങ്ങള്‍ പണിയാനുള്ള പരിശീലന സ്‌കൂളുകള്‍ എവിടെ? ഇതിന്റെയൊക്കെ സാധ്യതയെപ്പറ്റി പൊതുസമൂഹത്തേയും തീരുമാനം എടുക്കുന്നവരേയും (decision makers) പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമം എവിടെ? കോണ്‍ക്രീറ്റ് കൊണ്ട് കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്തു വെച്ചിട്ട് മണല്‍ മാഫിയയെ കുറ്റം പറയുന്നതില്‍ എന്ത് കാര്യം?

താനിരിക്കേണ്ടിടത്തു താനിരുന്നില്ലെങ്കില്‍ നായ കയറി ഇരിക്കും എന്നൊരു പഴമൊഴിയുണ്ടല്ലോ. കേരളത്തിലെ വികസന പാതകളിലെ 'ബോട്ടില്‍ നെക്കുകളില്‍' എല്ലാം ഇപ്പോള്‍ മാഫിയകള്‍ കയറിയിരിക്കുകയാണ്. അടുത്തയിടക്ക് കൊല്ലം തൊട്ട് കോഴിക്കോടു വരെ ജലപാതയിലൂടെ സഞ്ചരിച്ച എന്റെ സുഹൃത്ത് ഡോക്ടര്‍ രാജ് കൃഷ്ണന്‍ ഒരു കാര്യം എന്നോടു പറഞ്ഞു. കേരളത്തിലെ ജലപാതകളില്‍ അറവുമാലിന്യം നിറഞ്ഞൊഴുകുകയാണ്. ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. ആളുകളുടെ സാമ്പത്തികസ്ഥിതി കൂടിയതോടെ മാംസത്തിന്റെ ഉപഭോഗം കൂടി. അതേ സമയം അറവുമാലിന്യം സംസ്‌കരിക്കാനുള്ള ഒരു സൗകര്യവും ഇല്ല. അപ്പോള്‍ പിന്നെ അറവുമാലിന്യം ആരും കാണാതെ നിക്ഷേപിക്കാന്‍ പറ്റിയത് കായലിനു നടുക്കാണ്. ചാക്കിലാക്കി രാത്രി അത് സംഘങ്ങള്‍ കായലില്‍ എറിയുന്നു. അതു കിടന്നു ചീഞ്ഞു നാറി ജലം മലിനമാകുന്നു. ഇവിടെ ആരാണു പ്രതി? അറവുമാലിന്യം തള്ളുന്ന രാത്രിസംഘങ്ങളോ, അതോ അറവുമാലിന്യ സംസ്‌കരണത്തിന് ഒരു സംവിധാനവും ഉണ്ടാക്കാത്ത എഞ്ചിനീയര്‍മാരോ ആതോ അറവുമാലിന്യത്തിന് എന്ത് പറ്റുന്നു എന്നറിയാതെ കോഴിബിരിയാണി അടിച്ചു മാലിന്യത്തിനും മാഫിയക്കും എതിരെ പടനയിക്കുന്നവരോ?

പൊതു സമൂഹവും എന്‍ജിനീയര്‍മാരും മാറിയിട്ട് കേരളത്തിലെ പരിസ്ഥിതി രക്ഷപ്പെടാനുള്ള സാധ്യതയില്ല എന്ന് അല്പം ആലോചിക്കുന്നവര്‍ക്കൊക്കെ പെട്ടെന്ന് മനസ്സിലാകും. അപ്പോള്‍ പിന്നെ ബാക്കിയുള്ളത് അവരെ മാറാന്‍ പ്രേരിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും ഉണ്ടാക്കുക എന്നതാണ്. ഉദാഹരണത്തിന് ഏറണാകുളത്ത് കാണുന്ന ട്രാഫിക് ജാം നാം ഇപ്പോള്‍ ലണ്ടനില്‍ കാണുന്നില്ല. കാരണം അവിടുത്തെ തിരക്ക് കുറക്കാന്‍ നഗരമധ്യത്തിലേക്ക് വാഹനങ്ങള്‍ കൊണ്ട് വരുന്നതിന് 'കണ്ജഷന്‍ റ്റാക്‌സ്' എന്ന നികുതി ഏര്‍പ്പെടുത്തി. അങ്ങനെ കിട്ടിയ പൈസ മുഴുവന്‍ പൊതുഗതാഗതം നന്നാക്കാന്‍ ഉപയോഗിച്ചു. അപ്പോള്‍ ജനം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വലിയ ഒരു വിഭാഗത്തിന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിച്ചേ പറ്റൂ. അത് നന്നാക്കി നടത്തുന്നതില്‍ അവര്‍ക്ക് താല്പര്യം ഉണ്ടാവുകയും ചെയ്യും. ഇതേ പോലെ ഉള്ള നയങ്ങള്‍ മറ്റു ഓരോ പ്രശ്‌നത്തെയും അടിസ്ഥാനമാക്കി മാറ്റാന്‍ ഉണ്ടാക്കാന്‍ പറ്റും. ഉദാഹരണത്തിന് കേരളത്തില്‍ വില്ക്കുന്ന ഓരോ കിലോ കോഴി ഇറച്ചിക്കും 25 ശതമാനം 'ഡിസ്‌പോസല്‍ റ്റാക്‌സ്' നമുക്ക് ഏര്‍പ്പെടുത്താം (യൂറോപ്യന്‍ രാജ്യങ്ങളില്‍ ടി വി, ഫ്രിഡ്ജ് എന്നിങ്ങനെ വൈറ്റ് ഗുഡ്‌സ് എന്ത് വാങ്ങുബോഴും അതിന്റെ ഉപയോഗം കഴിഞ്ഞു പരിസ്ഥിതിക്കനുസരിച്ച് അഴിച്ചു മാറ്റുന്നതിനുള്ള ഡിസ്‌പോസല്‍ റ്റാക്‌സ് മുന്‍കൂര്‍ കൊടുക്കണം). ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് കേരളത്തിലെ ഓരോ ജില്ലയിലും കോഴി മാലിന്യം ശുദ്ധീകരിച്ചു ജൈവ വളം ആക്കാനുള്ള സ്ഥാപനങ്ങള്‍ തുടങ്ങാം. കേരളത്തില്‍ കോഴി ഇറച്ചിയുടെ ഉപഭോഗം പ്രൈസ് എലാസ്ടിക് അല്ല (അതായത് കോഴി വില കിലോക്ക് അന്‍പതായലും നൂറായാലും കേരളത്തില്‍ കോഴി ഇറച്ചിയുടെ ഉപഭോഗം കുറയുന്നില്ല.) പക്ഷെ ഒരു പത്തു രൂപ നികുതി ഏര്‍പ്പെടുത്തിയാല്‍ അതിനെതിരെ സമരം ഉറപ്പാണ്. പക്ഷെ ജനങ്ങളുടെ താല്കാല എതിര്‍പ്പുകള്‍ക്ക് നേര്‍ക്കുനേര്‍ നിന്ന് അവരുടെ ദീര്‍ഘ കാല താല്പര്യങ്ങള്‍ അറിഞ്ഞ് അതിലേക്കു അവരെ നയിക്കുന്ന അറിവും ദീര്‍ഘവീക്ഷണവും ഉള്ള നേതൃത്വം നമുക്ക് ഉണ്ടായാല്‍ ഇതൊക്കെ നടക്കും. അല്ലാതെ ഏതു വിഷയവും രാഷ്ട്രീയമായിക്കണ്ട് അതില്‍ ഒത്തു തീര്‍പ്പോ കൊടുക്കല്‍ വാങ്ങലോ നടത്തിയാല്‍ സാമൂഹത്തിന്റെ ദീര്‍ഘകാല നന്മക്കു അത് ഗുണമാവില്ല. ഇന്‍വിക്റ്റസ് എന്ന പ്രശസ്തമായ സിനിമയില്‍ മറ്റെല്ലാവരും തനിക്കു എതിരെ നില്‍ക്കുമ്പോള്‍ നെല്‍സണ്‍ മണ്ടേല പറയുന്ന ഒരു വാചകം ഉണ്ട്. 'You elected me your leader. Let me lead you now'. അങ്ങനെ ഉള്ള നേതാക്കന്മാരെ ദൈവം അടുത്ത ഇടക്കായി നാട്ടിലേക്ക് അയക്കാറില്ല എന്ന് തോന്നുന്നു.

ഇതൊക്കെ പറഞ്ഞതുകൊണ്ട് ഞാന്‍ വികസനവിരോധിയോ എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങണം എന്ന അഭിപ്രായക്കാരനോ ആണ് എന്ന് ധരിക്കേണ്ട. ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികസനത്തിന്റെ ഗുണം നൂറു ശതമാനം അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. എഞ്ചിനീയര്‍ ആയി പരിശീലിപ്പിക്കപ്പെട്ടതിനാല്‍ സാങ്കേതിക വിദ്യയുടെ സഹായം ഇല്ലാതിരുന്ന പഴയകാലം ഇപ്പോഴത്തേക്കാള്‍ മനുഷ്യന് എത്ര ഹാനികരമായിരുന്നു, ദുസ്സഹമായിരുന്നു എന്ന് ശരിക്ക് അറിയുകയും ചെയ്യാം. വികസനത്തെ പറ്റി നാം ആലോചിക്കുമ്പോഴും കണക്കു കൂട്ടുമ്പോഴും അത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ലാഭ നഷ്ടങ്ങള്‍ ആ കണക്കില്‍ ഉള്‍പ്പെടുത്തണം എന്നുള്ളതാണ് പ്രധാനം. പക്ഷെ വികസനത്തിന്റെ പല മാതൃകകള്‍ ലോകത്തെങ്ങും കാണുന്ന ഒരാളെന്ന നിലക്ക്, മല കുത്തി പാറയെടുത്ത് വിറ്റു ലാഭം ഉണ്ടാക്കുന്നത് വികസനം ആണെന്ന മൂഢവിശ്വാസം ഇല്ല. കാട്ടിലെ തടി വെട്ടി വിറ്റാല്‍ ഇതിലും വേഗം വികസനം വരുമല്ലോ. അപ്പോള്‍ പ്രകൃതിയുടെ നഷ്ടം കണക്കില്‍ എടുക്കാത്ത ഒരു വികസനവും വികസനം അല്ല.

പക്ഷെ നഗരവല്‍ക്കരണം കൂടുന്നതോടെ മനുഷ്യര്‍ അവരുടെ ഉപഭോഗവും പരിസ്ഥിതി നാശവും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം അറിയാതെ പോകുന്നു. മനശാസ്ത്രത്തില്‍ പ്രഖ്യാതമായ ഒരു പരീക്ഷണം ഉണ്ട്. ഒരു മനുഷ്യനെ കസേരയില്‍ ഇരുത്തി അതിനോട് ചില ഇലക്ട്രിക് വയറുകള്‍ ബന്ധിപ്പിക്കുക. എന്നിട്ട് വേറെ ഒരാളോട് ഒരു സ്വിച്ച് അമര്‍ത്തി ഒന്നാമത്തെ ആളെ ഷോക്ക് അടിപ്പിക്കുവാന്‍ പറയുക, അതിനു ഒരു പ്രതിഫലവും വാഗ്ദാനം ചെയ്യുക. സമ്മതിക്കുന്നില്ലെങ്കില്‍ പ്രതിഫലം കൂട്ടുക. കസേരയില്‍ ഇരിക്കുന്ന ആളെ നേരെ കാണാന്‍ പറ്റുന്ന ഒരു തരത്തില്‍ ഈ പരീക്ഷണം നടത്തുമ്പോള്‍ ആളുകള്‍ എത്ര പ്രതിഫലം ഉണ്ടെങ്കിലും ഷോക്ക് അടിപ്പിക്കാന്‍ വിസമ്മതിക്കും പക്ഷെ ഈ ആളെ കാണാത്ത തരത്തില്‍ പരീക്ഷണം നടത്തുമ്പോള്‍ കാശ് കൂടുന്നത് അനുസരിച്ച് കൂടുതല്‍ കറണ്ട് കടത്തി വിടാന്‍ മനുഷ്യന് ഒരു മനസ്സാക്ഷിക്കുത്തും ഉണ്ടാവില്ലത്രേ. ഇത് തന്നെ ആണ് പ്രകൃതി നാശത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. കേരളത്തിലെ സമൂഹം ഓരോ ദിവസവും പ്രകൃതിയില്‍ നിന്ന് അകന്നു പോവുകയാണ്. ഗ്രാമങ്ങളില്‍ പോലും കുടി വെള്ളം പൈപ്പില്‍ നിന്നാണ് വരുന്നത്, അരി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും. അപ്പോള്‍ നമ്മുടെ ചുറ്റും ഉണ്ടാകുന്ന പ്രകൃതിയുടെ നാശം നമ്മുടെ ഉറക്കം കിടത്തുന്നില്ല. കൊച്ചിയില്‍ മെട്രോ സ്വപ്നം കണ്ടിരിക്കുന്നവര്‍ എവിടെയോ ഒരു കുന്നിടിഞ്ഞു പോകുന്നതിനെ പറ്റി അറിയുന്നില്ല വേവലാതി പെടുന്നും ഇല്ല. പൊതുവേ നമ്മുടെ ചെറിയ ചെറിയ സ്വകാര്യ ലാഭങ്ങള്‍ അല്ലാത്ത സ്വന്തം ഉപഭോഗമോ ലാഭേച്ഛയോ പ്രകൃതിക്ക് ഉണ്ടാക്കുന്ന നഷ്ടം അവര്‍ നേരിട്ട് കാണുന്നും ഇല്ല, അറിയാന്‍ ശ്രമിക്കുന്നും ഇല്ല.



സാമ്പത്തിക ഉന്നതി നേടിവരുന്ന ഓരോ സമൂഹവും കൂടുതല്‍ വിഭവങ്ങള്‍ ഉപഭോഗം ചെയ്യും എന്നത് പുതുമയല്ല. അത് എവിടെയെങ്കിലും പരിസ്ഥിതിക്ക് നാശം ചെയ്യുകയും ചെയ്യും. ചിലപ്പോള്‍ അത് നമ്മുടെ തൊട്ടു മുന്നിലാകാം, മറ്റു ചിലപ്പോള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് ആകാം. കേരളത്തിലെ പാറമടയെ പറ്റി അനവധി പ്രതിഷേധ സമരങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ വരുന്ന മാര്‍ബിളിനു വേണ്ടി ഭൂമി തുരക്കുന്നത് എവിടെ ആണെന്ന്, അത് അവിടെ എന്ത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് എത്ര മലയാളികള്‍ക്കറിയാം?, എത്ര പേര്‍ അതിനെ പറ്റി ആലോചിച്ചിട്ടുണ്ട്?, ഏതെങ്കിലും ആളുകള്‍ അതിനെ പറ്റി വേവലാതി പെടുന്നുണ്ടോ? ചിലപ്പോള്‍ നമ്മുടെ ഉപഭോഗം പ്രശ്‌നം ഉണ്ടാക്കുന്നത് മറ്റു രാജ്യങ്ങളിലോ ഭൂഖണ്ഡങ്ങളിലോ ഒക്കെ ആകാം. ഇപ്പോള്‍ കേരളത്തില്‍ മരപ്പണിക്ക് വ്യാപകമായി ഉപയോഗിക്കുന്നത് ഇന്തോനേഷ്യയില്‍ നിന്ന് ആഫ്രിക്കയില്‍ നിന്നും വരുന്ന മരങ്ങള്‍ ആണ്. അവിടുത്തെ വനനശീകരണവും വന്യജീവികള്‍ ഇല്ലാതെ ആകുന്നതും തേക്കിന്റെ വാതിലുള്ള വലിയ വീട്ടില്‍ ഇരുന്നു നാം ഓര്‍ക്കാറുണ്ടോ? വീടുപണിക്കുള്ള വസ്തുക്കള്‍ പോട്ടെ, ലോകത്തിലെ സ്വര്‍ണ്ണ ഉപഭോഗത്തിന്റെ നാലിലൊന്ന് ലോക ജനസംഖ്യയുടെ അരശതമാനത്തിലും താഴെ ഉള്ള കേരളത്തില്‍ ആണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നത്. ലോകത്ത് പല സ്ഥലങ്ങളിലും സ്വര്‍ണം ഉല്‍പാദിപ്പിക്കുന്നത് മാഫിയ സംഘങ്ങള്‍ ആണ്. ഭൂമി തുരക്കാനും പുഴയില്‍ മുങ്ങി സ്വര്‍ണം അരിച്ച് എടുക്കാനും അവര്‍ കൊച്ചു കുട്ടികളെ ബലമായും, ചിലപ്പോള്‍ അടിമകളായും ഉപയോഗിക്കുന്നു. കാട്ടിനുള്ളില്‍ നടക്കുന്ന സ്വര്‍ണ ഖനനത്തിന് ബുദ്ധിമുട്ടു വരാതിരിക്കാന്‍ വന്യമൃഗങ്ങളെയും തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനായി ചെറിയ മൃഗങ്ങളെയും കൊല്ലുന്നു. സ്വര്‍ണത്തിന്റെ ഖനവും കള്ളക്കടത്തും എതിര്‍പ്പില്ലാതെ നടത്താന്‍ വ്യവസ്ഥാപിതമായ സര്‍ക്കാരിനെ അട്ടിമറിക്കുന്നു. അവിടുത്തെ സുരക്ഷാസേനകളെ ആക്രമിക്കുന്നു. ബ്ലഡ് ഡയമണ്ട് എന്ന് നാം കേട്ടിട്ടുണ്ട്, അതുപോലെ സ്വര്‍ണത്തിന്റെ പിന്നിലും ഏറെ ചോരക്കറ ഉണ്ട്. കല്യാണത്തിന് ആഡംബരം കാണിക്കാനും ലോക്കറില്‍ നിക്ഷേപം ആയി പൂട്ടിവെക്കാനും വേണ്ടി ആഭരണമോ സ്വര്‍ണക്കട്ടികളോ വാങ്ങുന്ന നമ്മുടെ കയ്യിലല്ലേ ഈ രക്തത്തിന്റെ വലിയ ഒരു പങ്ക്? ഇതിനെ പറ്റി നാം ഒരു ചാനല്‍ ചര്‍ച്ച എങ്കിലും കേട്ടിട്ടുണ്ടോ?

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ കഥയാണ് 'പ്രകൃതിയിലെ അമ്മ' എന്ന പുതിയ പുസ്തകത്തില്‍ ഞാന്‍ പറയുന്നത്.



1

 

ga