ആം ആദ്മിയെ 2016 ല്‍ കേരളത്തില്‍ വി എസ് നയിക്കുമോ

കെ എ ജോണി Posted on: 20 Feb 2015


വി എസ് അച്യുതാനന്ദന്‍ ഇക്കുറി കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത് രണ്ടും കല്‍പിച്ചായിരിക്കണം എന്നു വേണം കരുതാന്‍. അങ്ങിനെയാണെങ്കില്‍ വി എസ് ആയിരിക്കുമോ ആം ആദ്മി പാര്‍ട്ടിയെ 2016 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ നയിക്കുക?

ശതലക്ഷം വിലയുള്ള ചോദ്യം എന്നാക്കെ പറയാറില്ലേ, അത്തരത്തിലൊരു ചോദ്യമാണിത്. കാരണം വി എസ് ആപ്പിലേക്കെത്തിയാല്‍ കളി മാറിമറിയുക തന്നെ ചെയ്യും.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ തിരിച്ചു വരവ് അപാരമായിരുന്നു. ബിജെപിയുടെയും മോദിയുടെയും തേരോട്ടം തടയുക മാത്രമല്ല , ഇതാ ഒരു ബദല്‍ രാഷ്ട്രീയം എന്ന സന്ദേശം അതിശക്തമായി ഉയര്‍ത്തുക കൂടിയാണ് ആം ആദ്മി ചെയ്തത്. ഈ ബദല്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ ഒരു നേതാവില്ല എന്നതാണ് ആപ് നേരിടുന്ന പ്രതിസന്ധി. ഇവിടെയാണ് വി എസ് കടന്നുവരുന്നത്.

സിപിഎമ്മില്‍ ഇനിയിപ്പോള്‍ വി എസിന് കാര്യമായെന്നല്ല, ഒരു ഭാവിയുമില്ല. കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിലൂടെ വി എസ് പാര്‍ട്ടിക്കുള്ളില്‍ സ്വന്തം ഭാവിക്കുമേല്‍ അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു. ഇത്തവണയും ആണി ഊരിക്കൊടുത്ത് സ്വയം ആപ്പിലാവാന്‍ പിണറായിയും കൂട്ടരും തയ്യാറാവുമെന്ന് കരുതുന്നത് ആനമണ്ടത്തരമായിരിക്കും.

ഈ 92-ാം വയസ്സില്‍ വി എസിനു മുന്നിലുള്ള ഏക വഴി ആം ആദ്മി പാര്‍ട്ടിയാണ്. കോണ്‍ഗ്രസും സിപിഎമ്മും മടുത്ത ആയിരക്കണക്കിന് ജനങ്ങള്‍ കേരളത്തിലുണ്ട്. ഇവര്‍ തങ്ങളുടെ കൂടാരത്തിലേക്കു വരുമെന്നും അങ്ങിനെ 2016 ല്‍ കേരളത്തില്‍ നല്ല ഉഗ്രനൊരു അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നുമുള്ള കണക്കു കൂട്ടലിലാണ് ബിജെപി മുന്നോട്ടു നീങ്ങുന്നത്.

നിലവില്‍ ആപ്പിന് കേരളത്തില്‍ വലിയ പ്രതീക്ഷകളൊന്നുമില്ല. പക്‌ഷേ, സഖാവ് വി എസ് കളത്തിലിറങ്ങിയാല്‍ കളി സീരിയസ്സാവും. 2016 ല്‍ കേരള നിയമസഭയിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വി എസാണ് ആപ്പിനെ നയിക്കുന്നതെങ്കില്‍ സിപിഎമ്മും കോണ്‍ഗ്രസും വെള്ളം കുടിക്കുമെന്നതുറപ്പാണ്.

വി എസ്സിനുള്ളത് അഴിമതിരഹിത നേതാവിന്റെ പ്രതിച്ഛായയാണ്. അഴിമതി വിരുദ്ധ പോരാട്ടമാണ് സമൂഹത്തിന്റെ ഭാവന പിടിച്ചെടുക്കാന്‍ കെല്‍പുള്ള ആയുധം. ഈ ആയുധത്തിന് മൂര്‍ച്ചയേകാന്‍ ഇന്നിപ്പോള്‍ കേരളത്തില്‍ വി എസ് കഴിഞ്ഞിട്ടേ മറ്റൊരു നേതാവുള്ളൂ.

ആപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുവര്‍ണ്ണാവസരമാണ്. ഡല്‍ഹിക്കു പിന്നാലെ ഇന്ത്യയുടെ തെക്കേ മുമ്പില്‍ ഒരു ഉശിരന്‍ കളിക്കുള്ള അരങ്ങാണ് ആപ്പിനു മുന്നില്‍ ഒരുങ്ങുന്നത്. ഈ അരങ്ങിലേക്ക് വരാന്‍ വി എസ് തയ്യാറാവുമോ?

ആദ്യം പറഞ്ഞതുപോലെ ഇതൊരു ദശലക്ഷം ഡോളര്‍ ചോദ്യമാണ്. ഉത്തരത്തിനായി പക്‌ഷേ, അധിക നാള്‍ കാത്തിരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.



1

 

ga