--------
ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വിമര്‍ശനം. അനുകൂലമോ പ്രതികൂലമോ ആയി അഭിപ്രായപ്രകടനം നടത്താനുളള അവകാശമാണ് ജനാധിപത്യത്തിന്റെ കാതല്‍. ആവിഷ്‌കാര സ്വാതന്ത്ര്യം (അത് പ്രഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ കാര്‍ട്ടൂണുകളിലൂടെയോ മറ്റേതെങ്കിലും കലാരൂപങ്ങളിലൂടെയോ ആകാം) നഷ്ടമാകുമ്പോള്‍ ജനാധിപത്യത്തിന്റെ ജീവവായുവാണ് ഇല്ലാതാകുന്നത്. ഒരു സമൂഹത്തിന്റെയും സുഗമമായ പോക്കിനു ഈ സ്വാതന്ത്ര്യനിഷേധം അഭികാമ്യമല്ല.
ജനാധിപത്യം തൊട്ടുതീണ്ടാത്ത പല മുസ്‌ലിം രാജ്യങ്ങളിലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു കടുത്ത നിയന്ത്രണങ്ങളുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ അവിടങ്ങളില്‍ ഭരണകൂടത്തിന്റെ വെറും സ്തുതിപാഠകരാണ്. ജനാധിപത്യഭരണക്രമം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ സ്ഥിതി മറിച്ചാണ്.
ജനാധിപത്യത്തിന്റെ കുറവ് വലിയതോതില്‍ അനുഭവപ്പെടുന്നത് മതരംഗത്താണ്. പൗരോഹിത്യം മതത്തില്‍ പിടിമുറുക്കുമ്പോള്‍ നഷ്ടമാകുന്നത് മതസമൂഹങ്ങളുടെ ജനാധിപത്യബോധമാണ്. ഇത് ഇന്ന് ഏറ്റവുമേറെ അനുഭവപ്പെടുന്നത് ഇസ്‌ലാമിലാണെന്ന് കാണാനാവും. വ്യത്യസ്തമോ എതിരോ ആയ അഭിപ്രായങ്ങളോടുളള അസഹിഷ്ണുത ഈ ജനാധിപത്യനിരാസത്തിന്റെ പ്രകടമായ രൂപമാണ്.
ഇസ്‌ലാമിക ആശയങ്ങളുടെയും ജീവിതമാര്‍ഗത്തിന്റെയും മൂര്‍ത്തരൂപമാണ് പ്രവാചകന്‍. ഇസ്‌ലാം മതം പിന്തുടരുന്ന വിശ്വാസികള്‍ പ്രവാചകനെ വിമര്‍ശിക്കാറില്ല. കാരണം, പ്രവാചകനാണ് ഇസ്‌ലാംമത വിശ്വാസത്തിന്റെ മാര്‍ഗനദര്‍ശനം. എന്നാല്‍, ലോകത്ത് ആര്‍ക്കും മുഹമ്മദ് നബിയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് പറയുന്നത് ജനാധിപത്യത്തിനു വിരുദ്ധമായ സങ്കല്‍പ്പമാണ്.
ഏതു മതത്തെയും പ്രത്യയശാസ്ത്രത്തെയും അത് ഉദ്‌ഘോഷിക്കുന്ന നേതാക്കളെയും വിമര്‍ശിക്കാന്‍ ജനാധിപത്യ ലോകക്രമത്തില്‍ ആര്‍ക്കും അവകാശമുണ്ട്. യേശുക്രിസ്തുവിനേയും മുഹമ്മദ് നബിയെയും മഹാത്മാഗാന്ധിയെയും ഗൗതമബുദ്ധനെയും വിമര്‍ശിക്കാന്‍ ജനാധിപത്യലോകക്രമം എല്ലാവര്‍ക്കും അവകാശം നല്‍കുന്നുണ്ട്. ചിലരെ മാത്രമേ വിമര്‍ശിക്കാവൂവെന്നും ചിലരെ വിമര്‍ശിക്കരുതെന്നുമുളള വാദം വിവേചനപരവും ജനാധിപത്യത്തിന്റെ കടുത്ത നിരാസവുമാണ്.
മറ്റെല്ലാ മതങ്ങളുമെന്ന പോലെ ഇസ്‌ലാമും നൂറ്റാണ്ടുകളായി വിമര്‍ശനങ്ങളുടെ മുളളുപാതകള്‍ താണ്ടിയിട്ടുണ്ട്. ഇസ്‌ലാമിനെ കഠിനമായി വിമര്‍ശിച്ചുകൊണ്ടുളള ഒട്ടേറെ ഗ്രന്ഥങ്ങള്‍ പല ഭാഷകളിലായി ഇറങ്ങിയിട്ടുണ്ട്. വിമര്‍ശനംകൊണ്ട് ഇസ്‌ലാമിന്റെ വളര്‍ച്ച മുരടിച്ചിട്ടില്ല.
കാര്‍ട്ടൂണുകളിലൂടെയോ മറ്റു കലാരൂപങ്ങളിലൂടെയോ വിമര്‍ശനം വരുമ്പോള്‍ അതിനു ആക്ഷേപഹാസ്യത്തിന്റെ രൂപഭാവങ്ങള്‍ കൈവരാറുണ്ട്. ആ വിമര്‍ശനങ്ങളെ ഉള്‍ക്കൊളളാനും വേണമെങ്കില്‍ സമാധാനപരമായി പ്രതിഷേധിക്കാനും ജനാധിപത്യ ലോകക്രമത്തില്‍ വേണ്ടുവോളം ഇടമുണ്ട്. എട്ട് വര്‍ഷം മുമ്പ് ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് പ്രവാചകനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അതിനെതിരെ സമാധാനപരമായ പ്രതിഷേധങ്ങള്‍ മുസ്‌ലിംലോകത്ത് അലയടിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ബി.എസ്.പി നേതാവ് ഹാജി യാക്കൂബ് ഖുറൈഷി ഉള്‍പ്പെടെ ചിലര്‍ കാര്‍ട്ടൂണിസ്റ്റിനു നേരെ കൊലവിളി നടത്തുകയും ചെയ്തിട്ടുണ്ട്.
ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോ മുഹമ്മദ് നബിയെ മാത്രമല്ല വിമര്‍ശിച്ചത്. മാര്‍പ്പാപ്പമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും രാഷ്ട്രത്തലവന്‍മാര്‍ക്കുമെതിരെ ആ വാരിക വിമര്‍ശനങ്ങളുടെയും ആക്ഷേപഹാസ്യത്തിന്റെയും ശരങ്ങള്‍ തൊടുത്തുവിട്ടിട്ടുണ്ട്. സ്വയംഭോഗം ചെയ്യുന്ന കന്യാസ്ത്രീകള്‍, ഗര്‍ഭനിരോധനഉറ ധരിച്ച മാര്‍പ്പാപ്പമാര്‍ തുടങ്ങി പരിഹാസത്തിന്റെ അങ്ങേയറ്റംവരെ പോകാന്‍ ഷാര്‍ലി എബ്ദോ തയ്യാറായിട്ടുണ്ട്. അപ്പോഴൊന്നുമുണ്ടാകാത്ത ആക്രമണം പ്രവാചകനെ വിമര്‍ശിക്കുമ്പോള്‍ മാത്രമുണ്ടാകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ പ്രബല വിഭാഗങ്ങളില്‍പ്പെട്ട മുസ്‌ലിംമത നേതൃത്വങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്.
ജനാധിപത്യവുമായി താദാത്മ്യം പ്രാപിക്കാന്‍ മുസ്‌ലിംലോകം ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നതാണ് പൊളളുന്ന യാഥാര്‍ത്ഥ്യം. അഭിപ്രായപ്രകടനത്തെയും ആക്ഷേപഹാസ്യത്തെയും ഉള്‍ക്കൊളളാന്‍ അതാവശ്യമാണ്. പ്രബുദ്ധ കേരളത്തിലെ മുസ്‌ലിം മതനേതൃത്വങ്ങളും ജനാധിപത്യ സമൂഹക്രമത്തെ ഉള്‍ക്കൊളളാനാവുന്നവിധത്തില്‍ മതകാഴ്ച്ചപ്പാടില്‍ മാറ്റംവരുത്തണം. ഈ സാക്ഷര കേരളത്തിലാണല്ലോ, ഒരു ചോദ്യക്കടലാസിന്റെ പേരില്‍ ഒരുകൂട്ടം തീവ്രവാദികള്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിനീക്കിയത്.
എന്തിന്, ഇവിടെയുളള മുഖ്യധാര മതനേതൃത്വം ഈ ജനാധിപത്യ ലോകക്രമത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്‌ലിം സ്ത്രീകള്‍ മുഖംമൂടുന്ന വസ്ത്രം ധരിക്കുന്നതിനെതിരെ എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ അടുത്തയിടെ അഭിപ്രായപ്രകടനം നടത്തിയപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം മതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രതികരണം നാം കണ്ടതാണ്.
വിഷയത്തിന്റെ മെറിറ്റ് അവിടെ നില്‍ക്കട്ടെ, വസ്ത്രധാരണമായാലും മറ്റെന്ത് വിഷയമായാലും ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയെന്നത് ഏതൊരു പൗരന്റെയും അടിസ്ഥാന ജനാധിപത്യ അവകാശമാണ്. മുഖംമൂടുന്നതിനെതിരെ അഭിപ്രായപ്രകടനം നടത്തിയ ഡോ.ഫസല്‍ ഗഫൂറിനു സമസ്ത നല്‍കിയത് വിശദീകരണം ആവശ്യപ്പെട്ടുളള നോട്ടീസാണ്. അഭിപ്രായപ്രകടനത്തെ വിശദീകരണ നോട്ടീസ് നല്‍കി നേരിടുമ്പോള്‍ വ്യത്യസ്ത വീക്ഷണങ്ങളോടുളള കടുത്ത അസഹിഷ്ണുതയാണ് അതില്‍ ദര്‍ശിക്കാനാവുന്നത്.
പ്രവാചകന്റെ മുടിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ അഭിപ്രായപ്രകടനത്തോടുളള കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രതികരണവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. പ്രവാചകന്റെ മുടിയിലും നഖത്തിലുമല്ല, ആശയങ്ങളിലാണ് കാര്യമെന്നാണ് പിണറായി പറഞ്ഞതിന്റെ പൊരുള്‍. രാഷ്ട്രീയക്കാര്‍ മതകാര്യത്തില്‍ ഇടപെടേണ്ടെന്നായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.
മുഖംമൂടിയുടെ കാര്യത്തില്‍ ഫസല്‍ ഗഫൂര്‍ അഭിപ്രായം പറഞ്ഞപ്പോള്‍, ഡോക്ടറെന്തിനു മതകാര്യത്തില്‍ അഭിപ്രായം പറയണമെന്ന മട്ടില്‍ പരിഹാസരൂപേണയുളള മെസ്സേജുകളാണ് മതപ്രവര്‍ത്തകര്‍ കൈമാറിക്കൊണ്ടിരുന്നത്. രാഷ്ട്രീയക്കാര്‍ക്ക് മതകാര്യത്തിലും മതനേതാക്കള്‍ക്ക് രാഷ്ട്രീയകാര്യത്തിലും ഉള്‍പ്പെടെ ആര്‍ക്കും ഏത് രാഷ്ട്രീയത്തെയും മതത്തെയും കലയെയും മറ്റെന്തിനെയും കുറിച്ച് ഭയരഹിതമായി അഭിപ്രായം പറയാനുളള അവകാശമാണ് ജനാധിപത്യത്തിന്റെ അന്തസത്ത. ഇതുള്‍ക്കൊളളാന്‍ മുസ്്‌ലിംമതനേതൃത്വങ്ങള്‍ തയ്യാറാവുകയാണ് വേണ്ടത്.
പ്രവാചകനെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണിന്റെയും പരാമര്‍ശിക്കുന്ന പാഠപുസ്തകത്തിന്റെയും മറ്റും പേരില്‍ കൈവെട്ടുകയും അരുംകൊലകള്‍ നടത്തുകയും ചെയ്യുന്നവര്‍ തിരിഞ്ഞുനോക്കേണ്ടത് അവര്‍ വികാരംകൊളളുന്ന മുഹമ്മദ് നബിയുടെ തന്നെ ജീവിതത്തിന്റെ പാഠങ്ങളിലേക്കാണ്. അസഹനീയമായ കളിയാക്കലുകളെയും മര്‍ദ്ദനമുറകളെയും അങ്ങേയറ്റം ക്ഷമയോടെയും പുഞ്ചിരിയോടെയും നേരിട്ട അതുല്യമായ ജീവിതചരിത്രമാണ് പ്രവാചകനുളളത്.
പ്രവാചകന്‍ കടന്നുപോകുന്ന വഴിക്കരികില്‍ ദിവസവും ഒരു പെണ്‍കുട്ടി നില്‍ക്കുമായിരുന്നു. ആ പെണ്‍കുട്ടി പ്രവാചകനെ കളിയാക്കുകയും കല്ലെറിയുകയും മുഖത്ത് തുപ്പുകയും ചെയ്യുമായിരുന്നു. പ്രവാചകന്‍ അവള്‍ക്കു നേരെ ഒരു പുഞ്ചിരിതൂകി കടന്നുപോകും. ഒരു ദിനം ആ പെണ്‍കുട്ടിയെ കാണാതായപ്പോള്‍ അവള്‍ക്കെന്ത് പറ്റിയെന്ന് പ്രവാചകന്‍ അന്വേഷിച്ചു. അവള്‍ രോഗിയാണെന്ന് അറിഞ്ഞപ്പോള്‍ അവളെ സന്ദര്‍ശിച്ച് സാന്ത്വനമേകുകയാണ് പ്രവാചകന്‍ ചെയ്തത്. നിസ്‌കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ കുടല്‍മാല കഴുത്തിലിട്ട ആളോടും സമാധാനപരമായാണ് പ്രവാചകന്‍ പ്രതികരിച്ചത്.
ഗത്യന്തരമില്ലാത്ത ചില ഘട്ടങ്ങളില്‍ പ്രവാചകന്‍ യുദ്ധം ചെയ്തിട്ടുണ്ടെങ്കിലും ക്ഷമയുടെയും സഹനത്തിന്റെയും സ്‌നേഹത്തിന്റെയും പാഠപുസ്തകമായിരുന്നു പ്രവാചകന്റെ ജീവിതം. അതുകൊണ്ടാണ്, ക്ഷമ ഇസ്‌ലാമിന്റെ പകുതിയാണെന്ന് പ്രവാചകന്‍ പറഞ്ഞത്.
എന്നാല്‍, കാലക്രമത്തില്‍ പൗരോഹിത്യം മതത്തില്‍ പിടിമുറുക്കുകയും മതത്തെ രാഷ്ട്രീയവത്ക്കരിക്കുകയും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോള്‍ ആ പ്രവാചക വഴികളില്‍നിന്ന് മുസ്‌ലിംലോകം അകന്നകന്നു സഞ്ചരിച്ചു. വര്‍ഗ്ഗപരമായ അതിബോധവും തീവ്രചിന്താഗതിയും മതത്തില്‍ കടന്നുവന്നു.
ഇജ്തിഹാദ് അഥവാ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് കാലാനുസൃതമായ നല്ല മാറ്റങ്ങളെ ഉള്‍ക്കൊളളുകയെന്ന ഇസ്‌ലാമിന്റെ പ്രധാന ആശയം കടലാസ്സുകളില്‍ മാത്രം ഒതുങ്ങിനിന്നു. കേരളത്തിലെ മുസ്‌ലിം മതനേതൃത്വം പോലും മതത്തെ ചലനാത്മകമാക്കാനും മാനവികമാക്കാനുമുളള ശ്രമങ്ങളില്‍ നിന്ന് മാറിസഞ്ചരിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്‌ലിംലോകം ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിക്ക് മുഖ്യകാരണങ്ങള്‍ ഇവയൊക്കെയാണെന്നതാണ് സത്യം.
അടിസ്ഥാന ആശയങ്ങളില്‍ ഊന്നിനിന്നുകൊണ്ട് മതത്തില്‍ കാലാനാസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ വിദ്യാസമ്പന്നരായ യുവമുസ്‌ലീം സമൂഹത്തിനു ഭാരിച്ച ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ പ്രാദേശികതലത്തിലും ആഗോളതലത്തിലും ശക്തമായൊരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. അത് നടന്നില്ലെങ്കില്‍, ഈ പ്രതിസന്ധി ഇനിയും മൂര്‍ച്ഛിക്കുകയേയുളളൂ.