മുക്കം, യതീം, മാറ്റങ്ങള്‍: അവശ്യം ആയ ഓര്‍മ്മ

എന്‍.പി.ആഷ്‌ലി Posted on: 14 Jun 2014

മുക്കം മുസ്ലീം യതീംഖാനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മനുഷ്യക്കടത്തിനെയും തീവ്രവാദപരിശീലനകേന്ദ്രത്തെയും ബന്ധപ്പെടുത്തി കേരളീയ മാധ്യമങ്ങളിലൂടെ വളരുന്നതിനെക്കുറിച്ച് മുക്കത്ത് വ്യാപാരിവ്യവസായി സംഘടനയിലും കലാരംഗത്തും പ്രവര്‍ത്തിച്ചുവരുന്ന എന്‍.എം.ഹാഷിറെന്ന ബന്ധുവിനോട് (സിനിമാനിര്‍മ്മാതാവായിരുന്ന സലാം കാരശ്ശേരിയുടെ മകന്‍) സംസാരിക്കവേ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ആഴത്തിലുള്ള നിരാശയുണ്ടായിരുന്നു. 'മുക്കത്താരും വളരെ ശ്രദ്ധിച്ചല്ലാതെ ഓര്‍ഫനേജിന്റെ കാര്യത്തില്‍ ഇപ്പോള്‍ സംസാരിക്കില്ല. ഓര്‍ഫനേജുകാരുടെയോ ഓര്‍ഫനേജിനെതിരായുള്ളവരുടെയോ ശത്രുത സമ്പാദിക്കണ്ടല്ലോ എന്നു കരുതി പേടിച്ച് എല്ലാവരും ആ വര്‍ത്തമാനം ഒഴിവാക്കുകയാണ്. മുക്കം ശിവരാത്രിക്ക് അഭിവാദ്യങ്ങളുമായി ചെന്നിരുന്നവരാണ് ഓര്‍ഫനേജുകള്‍. മുക്കത്തെ പള്ളിക്ക് ഓടിടാന്‍ ഇറങ്ങിയത് ഹിന്ദുക്കളായിരുന്നു. എല്ലാ കാര്യത്തിലും എല്ലാവരും കൂടി ചെയ്യുന്ന മുക്കത്താണല്ലോ ഈ വര്‍ഗ്ഗീയവല്‍ക്കരണം തുടങ്ങിയത്.'

ആ സങ്കടത്തിലെവിടെയോ പൈങ്കിളി മതേതരത്വമാണ് എനിക്കാദ്യം തോന്നിയത്. ഒരു നാടിന്റെ കൂട്ടുജീവിതാനുഭവങ്ങളെ പരിഹസിച്ചു തള്ളാനുള്ള ക്രൂരവും അപകടകരവുമായ മനോഭാവം നമ്മെയെല്ലാവരെയും എത്രയധികം നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന്, ഓര്‍മ്മകളില്‍ നിന്ന് നമ്മുടെ വിധിയില്‍ നിന്ന് തന്നെയും അക്കിക്കളയുന്നു എന്ന തിരിച്ചറിവാണ് ഈ സ്ഥാപനത്തെയും നാടിനെയും യതീംഖാനകളെക്കുറിച്ചും ഒരു കുറിപ്പിന് എന്നെ പ്രേരിപ്പിക്കുന്നത്. ഒപ്പം കേരളമാകെ സംസാരിക്കുമ്പോഴും തങ്ങളുടെ നാട്ടിലേക്കുള്ള ഒരു സ്ഥാപനത്തെക്കുറിച്ച് മൗനത്തിലേക്ക് മടങ്ങിയിരിക്കുന്ന നാട്ടുകാരില്‍ ഒരാളാണ് ഞാനും എന്ന വസ്തുതയും.

മുക്കമായിരുന്നു ചെറുപ്പകാലത്ത് ചന്തകൂടുകയും ബസ്സുകിട്ടുകയും ചെയ്യുന്ന സ്ഥലം. പഠിച്ചിരുന്ന താഴക്കോട് എല്‍.പി.സ്‌കൂളിലേക്ക് മഴക്കാലത്ത് ഓര്‍ഫനേജിനു മുമ്പിലൂടെയുള്ള റോഡിലൂടെയാണ് പോയിരുന്നത്. ടാറിട്ടിട്ടില്ലാത്ത റോഡിലൂടെ പുഴയ്ക്കു തൊട്ടുമുകളില്‍ ദുര്‍ബലമായി നിന്നിരുന്ന ചെത്തിത്തേയ്ക്കാത്ത ഞങ്ങളുടെ സ്‌കൂളിനു മറ്റു സ്‌കൂളുകളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നതായി തോന്നിയിരുന്നില്ല. ഓര്‍ഫനേജ് സ്‌കൂളിനു വലിയ ഗ്രൗണ്ടുണ്ട് എന്ന് എങ്ങിനെയോ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഓര്‍ഫനേജ് സ്‌കൂളിലെയും മുക്കം ഹൈസ്‌കൂളിലെയും യൂണിഫോം ക്രീം ടോപ്പും പച്ചപ്പാവാടയുമാണെന്നാണോര്‍മ്മ. അവരെ അങ്ങിനെ കാണാറുമില്ല. വല്ലപ്പോഴും പൈസക്കാരുടെ വീട്ടില്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി വരിവരിയായി നടന്നു പോവുന്ന യതീംകുട്ടികളെ കാണാം. അവരോട് നല്ല സ്‌നേഹത്തില്‍ പെരുമാറണമെന്ന് മദ്രസയിലെ ഉസ്താദുമാരില്‍ നിന്നോ ഉപ്പയുടെ ഉമ്മയില്‍ നിന്നോ ഞാന്‍ മനസ്സിലാക്കിയിരുന്നു. യതീം മക്കളെ വേദനിപ്പിച്ചാല്‍ നരകത്തില്‍ പോവുമെന്ന് അന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അവര്‍ നടന്നുപോവുന്നത് നോക്കി സഹതാപത്തെക്കാളധികം സ്‌നേഹബഹുമാനങ്ങളോടെയാണ് ഞങ്ങള്‍ കുട്ടികള്‍ നിന്നിരുന്നത്.

താഴക്കോട് സ്‌കൂളിലെ കാന്തിമതിടീച്ചറുടെ മലയാളാക്ഷരപഠനവും ശങ്കരന്‍ മാഷുടെ സ്വഭാവരൂപീകരണ പഠനവും മമ്മദ് മാഷുടെ സാമൂഹ്യശാസ്ത്രത്തിലേക്കുള്ള പ്രവേശകവുമൊക്കെയായി സ്‌കൂള്‍ എന്നെ ആകര്‍ഷിച്ചിരുന്നപ്പോള്‍ രാവിലെയുള്ള മദ്രസപഠനത്തിന്റെ അധ്യാപകരെ എനിക്കു നേരെയൊന്നും മനസ്സിലായിരുന്നില്ല. അതിനിടയ്‌ക്കേതോ മൊയ്‌ല്യാര്‍കുട്ടിയെപ്പറ്റി(ജൂനിയര്‍ ഉസ്താദ് എന്നു പറയാം) സുഹൃത്ത് ഷുക്കൂറാണെന്നു തോന്നുന്നു പറഞ്ഞത്: 'അയാള്‍ യതീംഖാനയില്‍ പഠിച്ചതാ'. പിന്നെ അയാളോട് ദേഷ്യം വിചാരിക്കാന്‍ പാടില്ല. അതാണ് കുടുക്ക്. യതീംഖാന എന്നു പറഞ്ഞാല്‍ അന്ന് മുക്കം യതീംഖാനയാണ്. അവിടുത്തെ നീണ്ട ക്യൂവില്‍ അയാളും നടന്നിരിക്കണം. (മുസ്ലീം സമുദായത്തില്‍ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നവരാണ് ഉസ്താദന്‍മാര്‍. ഈയടുത്തുവരെ 1500 രൂപ മാസശമ്പളവും വാങ്ങി പല വീടുകളില്‍ പോയി ഭക്ഷണം കഴിച്ച് പോയിരുന്നവരാണിവര്‍. ദളിത് മുസ്ലീങ്ങളോടു ചെയ്തിരുന്ന ആ ദ്രോഹത്തിനെതിരെ മുസ്ലീം പ്രമാണിമാരൊന്നും സംസാരിച്ചു കാണാറില്ല.)

മുക്കം യതീംഖാനയെന്നു കേട്ടാല്‍ എന്തുകൊണ്ടോ വയലിലെ മമ്മദ് ഹാജിയെന്നൊരാളെയാണ് ഓര്‍മ്മ വരിക. 107 വയസ്സിലോ മറ്റോ ആണ് മരിച്ചത്. ഇദ്ദേഹത്തിനു ഓര്‍ഫനേജ് കമ്മിറ്റിയുമായി നേരിട്ട് ബന്ധമുണ്ടോ എന്നറിയില്ല. പക്ഷേ ഓര്‍ഫനേജ് ഈ കുടുംബത്തില്‍പ്പെട്ട മൊയ്തീന്‍കോയ ഹാജി സ്ഥാപിച്ചതാണ്. സിനിമാഹാള്‍ എന്നറിയപ്പെട്ടിരുന്ന മുക്കം ബസ്റ്റാന്റിന്റെ തൊട്ടടുത്തുള്ള ബംഗ്ലാവിനുസമാനമായ വീട്ടില്‍ താമസിച്ചിരുന്ന മമ്മദ് ഹാജിയുടെ പണത്തെപ്പറ്റിയും പ്രതാപത്തെപ്പറ്റിയും ഉള്ള കഥകള്‍ ആനയെക്കുറിച്ചുള്ള കഥകളായാണ് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നത്. ലക്ഷ്മിക്കുട്ടിയെന്ന ആനക്കു തീറ്റകൊടുത്ത് പുറത്തൊരു കസേരയില്‍ ഇരിക്കുമായിരുന്നു ഹാജി. ആനയുടെ വില പന്തീരായിരം എന്നായിരുന്നു അന്നു ഞങ്ങള്‍ കേട്ടിരുന്നത്. അതിനെത്ര പൂജ്യമാണെന്ന് ഞങ്ങള്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. മമ്മദ് ഹാജിയുടെ മയ്യത്തുമായി പള്ളിയിലേക്കു പോയ വളരെ നീണ്ട ജാഥ കുന്നിന്‍ മുകളിലുള്ള മദ്രസ്സയിലിരുന്നു കണ്ട ഞാന്‍ ഓര്‍ത്തത് വെള്ളത്തൊപ്പിയും മുട്ടിറങ്ങാത്ത തുണിയും വെള്ളക്കുപ്പായവുമിട്ട് നിരനിരയായി നടന്നു നീങ്ങുന്ന അനാഥബാലന്‍മാരെയും പച്ചമക്കനയും വെള്ളക്കുപ്പായവും പട്ടപ്പാവാടയുമുടുത്ത് നടക്കുന്ന അനാഥബാലികമാരെയുമാണ്. ചെറുപ്പകാലത്ത് അവരേതോ ദൈവികസ്പര്‍ശത്തിന്റെ നിഴല്‍ബോധമായിരുന്നു. ആനയും അമ്പാരിയുമുള്ള പണക്കാരുടെ ബാധ്യതയും. അതിനിടയില്‍ അന്നു പല വീട്ടിലും കേട്ടിരുന്ന ചിത്ര മനോഹരമായി പാടിയ ഒരു പാട്ടിന്റെ വരികള്‍ ഓര്‍ക്കുകയും നോമ്പിനും മറ്റു മാസങ്ങളിലും വരുന്ന റിസീവര്‍മാര്‍ക്കു അഞ്ചും പത്തും നല്‍കുമായിരുന്നു ബാക്കിയുള്ളവരുടെ സംഭാവന:

'യെത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം
എത്തിക്കുന്നോര്‍ക്കള്ളാ എത്തിക്കും സഹായം'.

അന്നു കുട്ടികളേറ്റവും അധികം പാടിയിരുന്ന പാട്ടുകളിലൊന്ന് ഒരു അനാഥപ്പെണ്‍കുട്ടിയുടെ സങ്കടകഥപറയുന്ന 'കിളിയേ, ദിക്ക്‌റ് പാടിക്കിളിയേ, സുബഹിക്ക് മിനാരത്തില്‍ വലം വെച്ചു പറക്കുന്ന ദിക്ക്‌റ് പാടികിളിയേ നീ ചൊല്ല്' എന്ന പാട്ടായിരുന്നു. മുക്കം ഓര്‍ഫനേജ് കമ്മിറ്റിയുടെ സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ ഒരു വര്‍ഷം പഠിച്ച മൂത്ത പെങ്ങള്‍ നിശയാണ് ഈ പാട്ട് എനിക്ക് പഠിപ്പിച്ചു തന്നത്.

ഒരു ദശകത്തിനുമപ്പുറമാണ് അനാഥശാലപ്രവര്‍ത്തനവുമായുള്ള എന്റെ കണ്ടുമുട്ടല്‍. ഞാന്‍ ആദ്യം അധ്യാപകനായി ചേര്‍ന്ന ദയാപുരം കോളേജ് നടത്തിയിരുന്ന അന്‍സാരി ഓര്‍ഫനേജ് ആയിരുന്നു അത്. തികച്ചും അദൃശ്യമായ ഒരോര്‍ഫനേജ് ആയിരുന്നു ദയാപുരത്തേത്. ജാതിമതഭേദമന്യെ അനാഥക്കുട്ടികളും അഗതികളും സമ്പന്നരുടെ മക്കള്‍ക്കൊപ്പം അതേ വസ്ത്രവും വിദ്യാഭ്യാസവും ഭക്ഷണവും കിട്ടി വളരുന്ന അനാഥസംരക്ഷണത്തില്‍ നിന്ന് അനാഥശാക്തീകരണത്തിന്റെ വഴി തുറന്ന ഈ സ്ഥാപനത്തിലെ നൂറിലധികം വരുന്ന അന്തേവാസികളോട് ഇടപഴകവേയാണ് സഹതാപബോധം കൊണ്ട് നടത്താന്‍ കഴിയുന്ന ഒരു കാര്യമേയല്ല അനാഥശാല എന്നു മനസ്സിലാക്കിയത്. അവിടുത്തെ ചില കഥകള്‍ വഴിയെ പറയാം. അതിനുമുമ്പ് അനാഥശാലസംരക്ഷണരംഗത്ത് ഉണ്ടായ ഒരു കാതലയ മാറ്റത്തെക്കുറിച്ച് ദയാപുരത്തിലൂടെ.

1972 ല്‍ ചേന്ദമംഗലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഖത്തറിലേക്കു പഠനത്തിനുവേണ്ടി പോയ സി.ടി.അബ്ദുറഹീം എന്ന ചെറുപ്പക്കാരന്‍ 1982 ല്‍ ഖത്തര്‍ പോലീസിലെ തന്റെ സേവനമവസാനിപ്പിച്ച് വന്ന് തുടങ്ങിയ സ്ഥാപനമാണ് ദയാപുരം. ഫ്യൂഡല്‍ തറവാടുകളില്‍ നിന്ന് ഗള്‍ഫ് തൊഴിലാളികളുടെയും കച്ചവടക്കാരുടെയും കയ്യിലേക്ക് സമ്പദ്‌വ്യവസ്ഥയുടെ മേധാവിത്വം മാറിയപ്പോള്‍, വിദേശത്തു നിന്നു വരുന്ന സമ്പാദ്യത്തെ ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണത്തിനുപയോഗിക്കണമെന്ന സാമൂഹ്യബോധം അതില്‍ നിന്നു കിട്ടുന്ന സാമ്പത്തികമിച്ചം അനാഥര്‍ക്കും അഗതികള്‍ക്കും പാവപ്പെട്ടവര്‍ക്കും ആണ് എത്തേണ്ടതെന്നുമുള്ള മനുഷ്വത്വം അതായിരുന്നു ദയാപുരത്തിന്റെ അടിപ്പടവ്.

അന്‍സാരി അനാഥശാലയിലെ ഒരു ഹിന്ദുക്കുട്ടിയോട് സി.ടി.അബ്ദുറഹീം പറയുന്നത് കേട്ടു. 'നീയിത്തവണ ടോപ്പറാവണം. കേരള മുസ്ലീം ഓര്‍ഫനേജ് കമ്മിറ്റിയുടെ സമ്മാനം നീ പോയി വാങ്ങുന്നത് കാണണമെന്നാണ് എന്റെ ആഗ്രഹം'. ആ പ്രോത്സാഹനം പോലും ഒരാളുടെ മതത്തെ അധിഷ്ഠിതമാക്കിയാണെന്നതിനാല്‍ അത് ശരിയല്ലെന്നതായിരുന്നു അപ്പോഴത്തെ എന്റെ വീക്ഷണം. അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായത് ദുബായില്‍ വെച്ചു പരിചയപ്പെട്ട ഒരു 'ടെക്കി' ദയാപുരത്തെക്കുറിച്ച് എന്നോട് സംസാരിച്ചപ്പോഴാണ്: 'ദയാപുരം ചെയ്യുന്നത് നല്ലതൊക്കെത്തന്നെ. നല്ല സൗകര്യം, തുല്യതാബോധം, അവകാശബോധം, നല്ല വിദ്യാഭ്യാസം അവര്‍ അനാഥര്‍ക്ക് ഇഹലോകത്തിലെ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഒരു ഹിന്ദുക്കുട്ടിയ്‌ക്കോ ക്രിസ്ത്യന്‍ കുട്ടിക്കോ തുച്ഛമായ ഭൗതിക സാഹചര്യങ്ങള്‍ നല്‍കുന്നതിനെക്കാള്‍ പ്രധാനമല്ലേ അനശ്വരമായ സ്വര്‍ഗ്ഗം നല്‍കുന്നത്? അതവര്‍ ചെയ്യുന്നില്ലല്ലോ?' എന്ത് മറുപടി പറയാനാണ്? ഞാന്‍ ചിരിച്ചൊഴിഞ്ഞു.

ഒരു പ്രാവശ്യം ദയാപുരത്തെ ഓര്‍ഫനേജില്‍ കുട്ടിയെ പ്രവേശിപ്പിക്കാനെത്തിയ ബന്ധുക്കള്‍ക്കു പറയാനുണ്ടായിരുന്നത് തികച്ചും അവിശ്വസനീയവും ഭീതിദവുമായ കഥയായിരുന്നു. കുട്ടിയുടെ ഉമ്മ കൊല്ലപ്പെട്ടതാണ്. കൊലയാളി കുട്ടിയുടെ ബാപ്പയും. അനാഥശാലയില്‍ ചേര്‍ക്കണമെങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലായിരുന്ന ബാപ്പയുടെ സമ്മതം നിയമപരമായി നിര്‍ബന്ധമാണ്. അനാഥശാലാക്കമ്മിറ്റിക്കാര്‍ സമ്മതത്തിനായി കണ്ണൂര്‍ ജയിലില്‍ പോയി ബാപ്പയെക്കണ്ടു. സമ്മതപത്രം ഒപ്പുവെയ്ക്കാന്‍ ബാപ്പ വിസമ്മതിച്ചു. നിരാശയോടെ കമ്മിറ്റിക്കാര്‍ മടങ്ങി. കുട്ടിയെ എടുക്കാന്‍ കഴിഞ്ഞതുമില്ല. ആ കുട്ടി എവിടെയാണെന്ന് ഞാന്‍ ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്.

ദയാപുരത്ത് ഒരു നിയമമുണ്ട്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളെ കാണാന്‍ വരുന്ന രക്ഷിതാക്കള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ടുവരരുത് എന്നാണത്. രക്ഷിതാക്കളോ സാമ്പത്തികസ്ഥിതിയോ ഇല്ലാത്ത അനാഥരും അഗതികളും ഒപ്പം വളരുന്നുണ്ടെന്നും അവരുടെ വികാരത്തെ മാനിക്കാന്‍ പഠിക്കണമെന്നും ഉള്ളതുകൊണ്ടാണ് ഈ നിയമം നിഷ്‌കര്‍ഷിക്കപ്പെടുന്നത്. എത്രപറഞ്ഞാലും രക്ഷിതാക്കള്‍ക്ക് മനസ്സിലാവാത്ത ഒരു കാര്യമാണിത്. കുറഞ്ഞ കാലം അവിടെ ഓഫീസ് ഭരണം നടത്തിയിരുന്ന കാലയളവില്‍ ഇക്കാര്യം എനിക്കു മനസ്സിലായിട്ടുണ്ട്.

ഒരു ഞായറാഴ്ച വൈകുന്നേരം ഞാന്‍ ഹോസ്റ്റലിലേക്കു നടക്കവേ അനാഥശാലയിലെ അന്തേവാസിയായ ഒരു മൂന്നാംക്ലാസുകാരന്‍ ഉമ്മയുമായി സംസാരിച്ചു നില്‍ക്കുന്നതു ഞാന്‍ കണ്ടു (ഓഫീസിലെ കടലാസ്സുകളില്‍ നിന്നെന്ന പോലെ ഉമ്മയുടെ വസ്ത്രത്തില്‍ നിന്നും അവരുടെ ധനസ്ഥിതി എനിക്കു മനസ്സിലാക്കാമായിരുന്നു. ചില വൈകുന്നേരങ്ങളില്‍ ഞാന്‍ കുശലമന്വേഷിക്കുന്ന കുട്ടി ഗ്രൂപ്പുകളില്‍ ഇവനുമുണ്ടാവാറുണ്ട്.) ഉമ്മയോട് യാത്ര പറഞ്ഞ് ഹോസ്റ്റലിലേക്ക് ഓടവേ തിരിഞ്ഞ് അവന്‍ എന്റെ നേര്‍ക്ക് വന്ന് ഒരു ഓറഞ്ച് മിഠായി ചിരിച്ചു കൊണ്ടെനിക്ക് തന്നു: 'ഉമ്മ കൊണ്ടന്നതാ. ഒന്ന് സാറും തിന്നോ' എന്നിട്ട് വീണ്ടും ഓട്ടം തുടര്‍ന്നു. 'നിയമാനുസൃതമല്ലാത്ത' ആ മിഠായിയും നോക്കി ഞാനവിടെനിന്നും ഏതു വ്യവസ്ഥയനുസരിച്ചാണ് ഞാനീ ഓറഞ്ചു മിഠായിയെ അക്കൗണ്ട് ചെയ്യേണ്ടത്? എന്താണീ നിയമത്തിന്റെ ശരി? ആരാണതു നിശ്ചയിക്കേണ്ടത്?

അനാഥശാലകളെ സസൂക്ഷ്മം, സവിസ്തരം നിരീക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമ തന്നെയാണ്. അതില്‍ പങ്കുകാരാവാനും നടത്തിപ്പുകാര്‍ നല്ലതു ചെയ്യുന്നതു കണ്ടാല്‍ അംഗീകരിക്കാനും അവരുടെ ഭാഗത്തു വീഴ്ച കണ്ടാല്‍ വിമര്‍ശിക്കാനും വേണ്ടി വന്നാല്‍ നടപടിയെടുക്കാനും നാം എപ്പോഴും സജ്ജരായിരിക്കുകയും വേണം. അതില്‍ മതഭേദത്തിന്റെ ആവശ്യമില്ല. അതിന്റെ അടിസ്ഥാനം ജാഗ്രത്തായ നീതി ബോധവും നാം അഭിമുഖീകരിക്കുന്നത് മനുഷ്യാവസ്ഥകളെയാണെന്ന യാഥാര്‍ത്ഥ്യബോധവുമായിരിക്കണം. ഭൂതകാല ഓര്‍മ്മകളെ തള്ളിപ്പറഞ്ഞ്, സാമൂഹ്യബോധമില്ലാത്ത കുറ്റം പറച്ചിലിനും വര്‍ഗ്ഗീയ വെറുപ്പിനുമാണ് വര്‍ത്തമാനകാലചര്‍ച്ചകള്‍ വഴിവെക്കുന്നതെങ്കില്‍ അവ ദ്രോഹമേ ചെയ്യു.

(ലേഖകന്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനാണ്.)



1

 

ga