ചുംബന സമരത്തിന് ചൂടാറുമ്പോള്‍

മുരളി തുമ്മാരുകുടി Posted on: 07 Jan 2015


സത്യം പറഞ്ഞാല്‍ രാഹുല്‍ പശുപാലിനോട് എനിക്കല്‍പ്പം കുശുമ്പുണ്ട്. ചുംബനസമരത്തിന്റെ ആവിഷ്‌കാരത്തിനും പ്രയോഗത്തിനുമുള്ള മുഴുവന്‍ ക്രെഡിറ്റും ഇപ്പോള്‍ രാഹുലിനാണ്. പക്ഷെ കോഴിക്കോട്ടെ ഹോട്ടല്‍ ആക്രമണത്തിനും തുടര്‍ന്നുണ്ടായ കൊച്ചിയിലെ ചുംബനസമരത്തിനും മൂന്നു വര്‍ഷം മുന്‍പേ തന്നെ കേരളത്തില്‍ വളര്‍ന്നു വരുന്ന 'സദാചാര പോലിസിങ്ങിനെ'തിരെ ഒരു ചുംബന സമരത്തിന്റെ ആവശ്യകത ഞാന്‍ മാതൃഭൂമിയില്‍ തന്നെ എഴുതിയതാണ്. അന്നാരും മൈന്‍ഡ് ചെയ്തില്ല.

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നല്ലേ, കോഴിക്കോട് സദാചാരം ഹോട്ടല്‍ തല്ലി പൊളിച്ചപ്പോള്‍ ചുംബനവും സമരം ആയി. പിന്നെ അതിനു വേണ്ടി അധ്വാനിച്ചതും ആളെക്കൂട്ടിയതും അറസ്റ്റില്‍ ആയതും ഒക്കെ രാഹുല്‍ ആയതിനാല്‍ തല്ക്കാലം ചുംബനസമരത്തിന്റെ പിതൃതര്‍ക്കം ഞാന്‍ മാറ്റി വക്കുന്നു. അല്ലെങ്കില്‍ത്തന്നെ 'വിജയത്തിന് പല അച്ഛന്‍മാര്‍' ഉണ്ടെന്ന് ('success has many fathers') ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ടല്ലോ.

ചുംബനസമരം ഇപ്പോള്‍ കേരളത്തില്‍ എല്ലാവര്‍ക്കും അറിയാവുന്ന ഒരു സമരരീതിയാണ്. കേരളത്തിന്റെ അതിരുകള്‍ കടന്ന് ഡല്‍ഹിയും ഹൈദ്രാബാദും കൊല്‍ക്കൊത്തയും ഒക്കെ വരെയെത്തി ഈ സമരം. ഇനി അത് ഇന്ത്യാ മഹാരാജ്യത്തിന്റെ അതിര്‍ത്തി കടന്ന് ദുരാചാര തമോഗര്‍ത്തങ്ങളില്‍ നിവസിക്കുന്ന മറ്റു നാടുകളിലും എത്തിയേക്കാം. ഒരു ആശയത്തിന്റെ വക്താവിന് ഇതില്‍പരം ഒന്നും ആഗ്രഹിക്കാന്‍ ഇല്ല.

ചുംബനസമരം തുടങ്ങിയ സമയത്തുതന്നെ ഇതിനെപ്പറ്റി എന്തെങ്കിലും എഴുതണം എന്നു കരുതിയതാണ്. പക്ഷെ ആ ദിവസങ്ങളില്‍ ചുംബന എഴുത്തുകാരുടെ സുനാമി ആയിരുന്നു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി എന്നു പറഞ്ഞപോലെ പത്രത്തിലും ബ്ലോഗിലും മൈക്രോബ്ലോഗിലും ഒക്കെയായി ചുംബനസമരത്തെ അനുകൂലിച്ചും എതിര്‍ത്തും ലേഖനങ്ങള്‍ അനവധി വന്നു. അതെല്ലാം ക്രോഡീകരിച്ച് ഒരു പുസ്തകം ഉണ്ടാക്കിയാല്‍ ഇനിയുള്ള ചുംബനസമരങ്ങള്‍ക്ക് കാശുപിരിക്കേണ്ട കാര്യമില്ല. പില്‍ക്കാലത്ത് ചുംബന സമരചരിത്രം എഴുതുന്നവര്‍ക്ക് അസംസ്‌കൃതവസ്തു കിട്ടുകയും ചെയ്യും.

ഇത്രയൊക്കെ എഴുതിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി ചുംബനസമരത്തെപ്പറ്റി എനിക്കെഴുതാന്‍ വിഷയമോ സ്ഥലമോ ഉണ്ടോ എന്നുപലവട്ടം ആലോചിച്ചു. എന്നാലും ചുംബനസമരത്തെപ്പറ്റി മൂക്കന്‍ ഒന്നും പറയാതിരുന്നാല്‍ പിന്നെ ഈ മൂക്കുംവെച്ചു നടന്നിട്ട് എന്തു കാര്യം?

ചുംബനം സമരമാകുമ്പോള്‍:
ചുംബനസമരം ഒരു വിജയമായിരുന്നോ എന്നൊക്കെ പില്‍ക്കാല ചരിത്രകാരന്മാര്‍ തിരുമാനിക്കട്ടെ. പക്ഷെ ഈ നൂറ്റാണ്ടില്‍ കേരളത്തിന്റെ ഇമാജിനേഷനെ ഇതുപോലെ ഇളക്കി മറിച്ച ഒരു സമരരീതി ഉണ്ടായിട്ടില്ല എന്നു നിസ്സംശയം പറയാം. നിരാഹാരം കിടന്നും ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനു കല്ലെറിഞ്ഞും കടയടപ്പിച്ചും ഒക്കെ പതിറ്റാണ്ടുകളായി സമരം ചെയ്തിരുന്ന നാട്ടില്‍ ഒരു പുതിയ രീതി കൊണ്ടുവന്നു വിജയിപ്പിച്ചു എന്നതുതന്നെ വലിയ കാര്യമാണ്.

ചുംബനസമരത്തിന്റെ രണ്ടാമത്തെ വിജയം, അതു നമ്മുടെ സംസ്‌ക്കാരിക രംഗത്തെ പൊള്ളത്തരവും ആഴമില്ലായ്മയും തുറന്നുകാട്ടി എന്നതാണ്. ഏറെ വിദ്യാസമ്പന്നര്‍ ആയിട്ടും സ്ത്രീകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും പുരുഷനോടൊപ്പം ഏറെ നാളായി മുന്നേറുന്ന സംസ്ഥാനമായിട്ടും കേരളത്തിലെ അടിസ്ഥാനമായ സംസ്‌കാരം ഇപ്പോഴും പുരുഷകേന്ദ്രീകൃതവും പലപ്പോഴും സ്ത്രീവിരുദ്ധവുമാണ്.

ഈ സ്ഥിതിക്കൊരു മാറ്റം നമ്മുടെ എഴുത്തുകാരിലൂടെ, സിനിമക്കാരിലൂടെ മറ്റു സാംസ്‌ക്കാരിക നായകന്മാരിലൂടെ (നായികമാരിലൂടെ) വരുമെന്ന എന്തെങ്കിലും പ്രതീക്ഷ പുതിയ തലമുറക്കുണ്ടായിരുന്നുവെങ്കില്‍ അതു പൊളിച്ചെടുക്കാന്‍ ചുംബനസമര കോലാഹലത്തിലൂടെ സാധിച്ചു. സക്കറിയയും എം.ജി.രാധാകൃഷ്ണനും ഒഴിച്ച് കേരളത്തിലെ പ്രഖ്യാത, വിഖ്യാത സാംസ്‌ക്കാരിക നേതൃത്വം ഒന്നും ചുംബനസമരത്തെ കണ്ടതായി നടിച്ചിട്ടില്ല.

ഒരു കണക്കിന് അവര്‍ പൊത്തിലൊളിച്ചിരുന്നതും നന്നായി. കാരണം സ്ത്രീകളുടെ വസ്ത്രധാരണത്തേയും മറ്റുമുള്ള ചില നായകരുടെ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ ലോകം ഏറെ കണ്ടിട്ടും സ്വന്തം പൊട്ടക്കുളത്തില്‍നിന്നും അവര്‍ ഒട്ടും പുറത്തെത്തിയിട്ടില്ല എന്നതാണ് വിളിച്ചറിയിച്ചത്.

അപ്പോള്‍ ചുംബനസമരം എന്തെങ്കിലും കേരളത്തിലെ യുവത്വത്തോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇതാണ്. നിങ്ങളുടെ തലമുറക്ക് മാറ്റങ്ങള്‍ വേണമെങ്കില്‍ നിങ്ങള്‍തന്നെ മുന്നോട്ടിറങ്ങണം, വേണമെങ്കില്‍ തല്ലുകൊള്ളുകയും വേണം. സംസ്‌ക്കാരത്തിലെ പുതുമകള്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ എത്തുമെന്നുള്ള പ്രതീക്ഷ വേണ്ട. കണ്ടിടത്തോളം പുതുമയുള്ള സംസ്‌ക്കാരത്തില്‍ നായകന്‍മാര്‍ക്ക് അത്ര താല്പര്യവും ഇല്ല. സംസ്‌ക്കാരത്തെ മുന്നോട്ട് നയിക്കാനല്ല, പഴമയെ കെട്ടിപ്പിടിച്ചിരിക്കാനാണ് അവര്‍ക്ക് താല്പര്യം.

നിയമം അറിയാത്ത നിയമപാലനം:
ചുംബന സമരത്തിനിടയില്‍ വന്ന വീഡിയോ ക്ലിപ്പിങ്ങുകളില്‍ എന്നെ ഏറ്റവും അതിശയിപ്പിച്ചത് കോഴിക്കോട്ടെ സമരത്തില്‍നിന്നുള്ള ഒരു രംഗമാണ്. ഒരു പുരുഷനും സ്ത്രീയും ചുംബിക്കാന്‍ ശ്രമിക്കുന്നു. ഒരു പുരുഷ പോലീസും ഒരു വനിതാ പോലീസും അവരെ രണ്ടുവശത്തേക്കും വലിച്ചു മാറ്റാന്‍ ശ്രമിക്കുന്നു. സര്‍ ഇവിടെ എന്താണ് നിയമപ്രശ്‌നം? ഇന്ത്യയില്‍ എവിടെയെങ്കിലും ആളുകള്‍ ചുംബിക്കുന്നത് ഏതെങ്കിലും നിയമം മൂലം നിരോധിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് അവരോടു ഒന്ന് പറഞ്ഞു നോക്കുന്നതല്ലേ ശരി? കേരളത്തില്‍ അങ്ങോളമിങ്ങോളം പരസ്യമായി മൂത്രമൊഴിക്കുന്ന ആരെയെങ്കിലും പകുതിവെച്ച് നിറുത്തിച്ച് പിടിച്ചു വലിച്ച് പോലീസ് വണ്ടിയില്‍ കയറ്റുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ക്രമം തെറ്റിയ ക്രമസമാധാനം:
ഇംഗ്ലീഷിലെ ലോ ആന്റ് ഓര്‍ഡര്‍ എന്ന പ്രയോഗത്തിന് പകരമാണ് കേരളത്തില്‍ ക്രമസമാധാനം എന്ന് ഉപയോഗിക്കുന്നത്. ഇത് ഭാഷാപരമായും പ്രായോഗികമായും ശരിയല്ല. ചുംബനസമരം ഇത് ശരിക്കും തുറന്നു കാട്ടി.

ചുംബനസമരത്തെ നേരിട്ട പോലീസ് ഉദ്യോഗസ്ഥരുടെ ഒരേ ഒരു ലക്ഷ്യം ക്രമസമാധാനപ്രശ്‌നം ഒഴിവാക്കുക എന്നതായിരുന്നു എന്ന് തോന്നുന്നു. പക്ഷെ കേരളത്തില്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് ക്രമത്തെ ആണ് (order), നിയമത്തെ (law) അല്ല. ജനാധിപത്യ സംവിധാനത്തില്‍ കൂടുതല്‍ പ്രധാനം നിയമവാഴ്ചയുടെ സംരക്ഷണമാണ് (maintaining rule of law), അല്ലാതെ സമാധാനത്തിന്റെ സംരക്ഷണം മാത്രമല്ല.

പട്ടാളഭരണവും രാജഭരണവും മറ്റ് ഏകാധിപത്യഭരണരീതികളും ഉള്ള സ്ഥലങ്ങളില്‍ എല്ലാം 'ക്രമസമാധാനം' മിക്കവാറും മികച്ചതാണ് പക്ഷെ നിയമം ഭരിക്കുന്നവരുടെ ചിന്ത അനുസരിച്ചും. നിയമവാഴ്ചയുടെ സംരക്ഷണവും സമാധാനപാലനവും ഒരുമിച്ച് നടത്താന്‍ ആണ് ജനാധിപത്യ ഭരണം ശ്രമിക്കേണ്ടത്, പക്ഷെ ഇവ തമ്മില്‍ ചേരാത്ത ഒരു സമയം വന്നാല്‍ ഒന്നാംസ്ഥാനം കൊടുക്കേണ്ടത് നിയമം പരിപാലിക്കുന്നതിനാണ്. അല്ലാതെ സമാധാനം പാലിക്കുന്നതിനല്ല. അടുത്തയിടക്ക് ഹരിയാനയില്‍ ഒരു ആള്‍ദൈവത്തെ അറസ്റ്റു ചെയ്യാന്‍ കോടതിയും പോലീസും നടത്തിയ ശ്രമത്തില്‍നിന്നും ഇത് വ്യക്തമാണ്. സമാധാനം പാലിക്കുക എന്നാതായിരുന്നു പ്രധാനമെങ്കില്‍ വെടിവെപ്പോ, മരണമോ ഒന്നും ഉണ്ടാകുമായിരുന്നില്ല. പക്ഷെ രാജ്യത്തെ നിയമവാഴ്ചയുടെ പാലനം ആണ് പ്രധാനം എന്ന് കോടതി കൃത്യമായി നിര്‍ദ്ദേശം നല്‍കി. സമാധാനം ലംഘിച്ചും പോലീസ് അത് നടപ്പിലാക്കുകയും ചെയ്തു.

ചുംബനസമരത്തിനെ എതിര്‍ക്കുന്നവര്‍ എത്രതന്നെ ഭൂരിപക്ഷം ആയിരുന്നാലും അവര്‍ എത്ര അക്രമം കാണിക്കും എന്ന് ഭീക്ഷണിപ്പെടുത്തിയാലും ജനാധിപത്യഭരണത്തിലെ പോലീസ് സംവിധാനം നിയമപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് ശ്രമിക്കേണ്ടത്. അല്ലാതെ നിയമം പാലിച്ചു സമരം ചെയ്യുന്നവരെയും അവരെ അടിച്ചോടിക്കാന്‍ വരുന്നവരേയും ഒരുപോലെ കാണുന്നതോ, നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവര്‍ ഭൂരിപക്ഷം ആയതിനാല്‍ നിയമപൂര്‍വം സമരം ചെയ്യുന്ന ന്യൂനപക്ഷത്തെ അറസ്റ്റ്‌ചെയ്ത് മാറ്റി ക്രമസമാധാനപ്രശ്‌നം ഒഴിവാക്കുന്നതോ നിയമവാഴ്ചയുടെ അന്തഃസത്തക്ക് ചേര്‍ന്നതല്ല. വെടിവയ്പും മരണവും ഉണ്ടായില്ലല്ലോ എന്നതായിരുന്നു ഭൂരിഭാഗത്തിന്റേയും ആശ്വാസം. ജനാധിപത്യത്തിന്റെ ആഴത്തില്‍ താല്‍പര്യം ഉള്ളവര്‍ ചിന്തിക്കേണ്ട വിഷയമാണ്.

ചുംബന സമരം ചുംബിക്കാനുള്ള സമരമാണോ?
ചുംബനസമരം മൂന്നു വിഷയങ്ങളില്‍ പരാജയപ്പെട്ടു എന്നാണ് എന്റെ വിശ്വാസം. ഒന്നാമത്തേത് ചുംബനസമരത്തിന്റെ ലക്ഷ്യങ്ങള്‍ വേണ്ട വിധം പൊതുസമൂഹത്തെ മനസ്സിലാക്കിക്കുന്നതില്‍. ചുംബനസമരം ചുംബിക്കാനുള്ള അവകാശത്തിന്റെ സമരമായിട്ടാണ് ഏറെ ആളുകള്‍ മനസ്സിലാക്കിയത്. കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സദാചാരപോലീസിങ്ങിനെതിരെ, മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനുമുള്ള സമൂഹത്തിന്റെ താല്പര്യത്തിനെതിരെ ഒക്കെയാണീ സമരം.

ചുംബനം ഒരു സമരരീതി ആണ്. പക്ഷെ സമരമായി ചുംബനം പോലെ ന്യൂസ് വാല്യു ഉള്ള ഒരു ഐറ്റം തെരഞ്ഞെടുത്തത് ഇവിടെ ഒരു ഇരുതലവാളായി. മീഡിയം (മാധ്യമം) ഇവിടെ മെസ്സേജിനെ (സന്ദേശത്തെ) കടത്തിവെട്ടി. ഇക്കാര്യത്തെ വ്യാപകമായും ഫലപ്രദമായും പ്രതിരോധിക്കുന്നതില്‍ സമരനേതൃത്വത്തിന് സാധിച്ചും ഇല്ല.

സ്ത്രീ പക്ഷ സമരം:
ചുബനസമരത്തിന്റെ രണ്ടാമത്തെ പരാജയമായി ഞാന്‍ കാണുന്നത് സ്ത്രീകളുടെ പങ്കാളിത്തം വേണ്ടത്ര ഉണ്ടാക്കാന്‍ കഴിയാതിരുന്നതാണ്. ഈ അടുത്തകാലത്തെ ഏറ്റവും നല്ല സ്ത്രീപക്ഷ സമരമായിരുന്നു ഇത്. കേരളത്തിലെ സദാചാര പോലീസിങ്ങിന്റെ മുഴുവന്‍ കണ്ണ് സ്ത്രീകളില്‍ ആണ്.

കേരളത്തില്‍ രാത്രിയോ പകലോ കറങ്ങിനടക്കുന്നതിനോ കഞ്ചാവടിക്കുന്നതിനോ, ഡിസ്‌കോയില്‍ പോയി പാട്ടുപാടുന്നതിനോ ഒന്നും പയ്യന്മാരെ ആരും വിലക്കുന്നില്ല. അവരുടെ വസ്ത്രധാരണ രീതികളെപ്പറ്റി ഒരു സാംസ്‌ക്കാരിക നായകനും അഭിപ്രായം പറയുന്നില്ല. സ്ത്രീകള്‍ കൂട്ടമായോ മറ്റു പുരുഷന്‍മാരുടെ കൂടെയോ പുറത്തിറങ്ങുമ്പോഴാണ് സദാചാര പോലീസുകാര്‍ക്ക് ഹാലിളകുന്നത്. അതുകൊണ്ടുതന്നെ സദാചാര പോലീസിങ്ങിനെതിരെയുള്ള ഈ സമരം സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരംതന്നെ ആയിരുന്നു.

പക്ഷെ, എന്തുകൊണ്ടോ ഈ വിഷയം ഇത്തരത്തില്‍ സ്ത്രീകളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സമരത്തിലുണ്ടായിരുന്ന സ്ത്രീകള്‍ക്കുപോലും വേണ്ടത്ര കഴിഞ്ഞിട്ടില്ല. ചുംബനം ഒരു സമരരീതി ആക്കിയതും, വിഷയത്തോട് അനുഭാവം ഉള്ള സ്ത്രീകളെ ഈ സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഇടവരുത്തിയിട്ടുണ്ട് എന്നാണ് എന്റെ അനുഭവം.

ചുംബിക്കാത്ത യുവത്വം:
പക്ഷെ ചുംബനസമരത്തിന്റെ ഏറ്റവും വലിയ പരാജയം ഇതു രണ്ടുമല്ല. മറിച്ച് യുവജനങ്ങളില്‍തന്നെ ഒരു വലിയ സംഘത്തെ അതിപ്പോഴും മറുചേരി ആയി കാണുന്നു എന്നതാണ്. ചുംബനസമരത്തെ അടിച്ചൊതുക്കാന്‍ മറൈന്‍ഡ്രൈവിലും കോഴിക്കോടും എത്തിയ ഭൂരിഭാഗം ആളുകളും ചുംബനസമരക്കാരുടെ സമപ്രായക്കാര്‍ ആയിരുന്നു.

ഈ മറുഭാഗക്കാരെ വര്‍ഗ്ഗീയവാദികളോ പിന്തിരിപ്പന്‍മാരോ മന്ദബുദ്ധികളോ ഒക്കെയായി ചിത്രീകരിക്കാനാണ് സമരത്തെ പിന്തുണക്കുന്നവര്‍ ശ്രമിച്ചത്, ഇപ്പോഴും ശ്രമിക്കുന്നത്. ഇതു ശരിയല്ല. കേരളത്തിലെ ബഹുഭൂരിപക്ഷം യുവാക്കള്‍ സദാചാര പോലീസുകാരല്ല. ചുംബനസമരത്തോടുള്ള എതിര്‍പ്പ് സദാചാര പോലീസിങ്ങിനോടുള്ള അനുഭാവം മാത്രം അല്ല, സദാചാരത്തെ പറ്റിയുള്ള തെറ്റായ അറിവ്, ആഴമില്ലാത്ത ജനാധിപത്യ ബോധം, പ്രസ്ഥാനങ്ങളോടുള്ള ചിന്തിക്കാത്ത വിധേയത്വം എന്നിങ്ങനെ പല കാരണങ്ങളാല്‍ ആണ് ഏറെ യുവാക്കള്‍ മറുവശത്ത് എത്തുന്നത്.

നമ്മുടെ സാംസ്‌ക്കാരിക നവോത്ഥാനത്തിനു വേണ്ടിയുള്ള സമരം എല്ലാ യുവജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്, പരസ്യമായി ചുംബിക്കുന്നവര്‍ക്കു മാത്രം ഉള്ളതല്ല. അപ്പോള്‍ ചുംബന സമരത്തെ എതിര്‍ക്കുന്നവരെ അധമന്‍മാരായി ചിത്രീകരിച്ച് മാറ്റി നിറുത്തുന്നത് സമര ലക്ഷ്യത്തിനു ചേര്‍ന്നതല്ല.

ചൂടാറുന്ന ചുംബന സമരം:
ഏതൊരു സമരമുറക്കും ആവര്‍ത്തനംകൊണ്ട് പ്രയോജനം കുറയും. ഇത് ആലിന്റെ മുകളില്‍ കയറിയിരിക്കുന്ന സമരം ആയാലും ആളെ കൊല്ലുന്ന സമരമായാലും ശരിയാണ്. ചുംബനസമരത്തിന് 2014 ല്‍ ഉള്ള നോവല്‍ട്ടി 2015 ല്‍ ഉണ്ടാകില്ല. കൊച്ചിയിലേയും കോഴിക്കോട്ടേയും സമരത്തിനു കിട്ടിയ കവറേജും ആലപ്പുഴ കിട്ടിയതും തമ്മില്‍ താരതമ്യം ചെയ്താല്‍ ഇത് ശരിക്കും ബോധ്യമാകും.

ഒരു പരിധി വരെ ഇനി ഒന്നോ രണ്ടോ ഇടത്തുകൂടി ഇതേ സമരം ചെയ്താല്‍ പോലീസും പൊതുസമൂഹവും ഒക്കെ ഇത് ശ്രദ്ധിക്കാതെയും ആകും. ചുംബനസമരം ചുംബിക്കാനുള്ള സമരം അല്ലാത്തതിനാല്‍ ആളുകളുടെ എതിര്‍പ്പു കുറയുന്നതോടെ ഈ സമര രീതിയുടെ പ്രസക്തിയും നഷ്ടപ്പെടും. പക്ഷെ, സദാചാര പോലീസിങ്ങ് പോലുള്ള സംസ്‌ക്കാരിക ജീര്‍ണ്ണത സമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളംകാലം അതിനെതിരെ സമരങ്ങള്‍ ഉണ്ടായേ തീരൂ. ഉപ്പുണ്ടാക്കാന്‍ സ്വാതന്ത്ര്യം കിട്ടിയാല്‍ തീരുന്നതായിരുന്നില്ലല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.

അതുകൊണ്ട് ഈ സമരം തുടര്‍ന്നുകൊണ്ടേ ഇരിക്കണം. അതിനു പുതിയ സമരരീതികള്‍ ഉണ്ടാകണം. പുതിയ സമരരീതികളെപറ്റി ആലോചിക്കുമ്പോള്‍ ഇപ്പോള്‍ ഗാലറിയില്‍ ഇരിക്കുന്ന ഭൂരിഭാഗം സ്ത്രീകളേയും മറുഭാഗത്ത് റോഡില്‍ ഇറങ്ങുന്ന യുവാക്കളേയും എങ്ങനെ ഈ സമരത്തില്‍ പങ്കാളികള്‍ ആക്കാം എന്നതായിരിക്കണം സമരത്തിനു നേതൃത്വം നല്‍കുന്നവരുടെ ചിന്ത.

നല്ല സദാചാര പോലീസും ഉണ്ട്:
മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് പൊതുവെ ഒരു നല്ലകാര്യം അല്ലെങ്കിലും അതു ശരിയായ ചില സന്ദര്‍ഭങ്ങള്‍ എങ്കിലും ഉണ്ട്. ഞാന്‍ ജീവിക്കുന്ന സ്വിസ്റ്റ്‌സര്‍ലാന്റ് ആ അര്‍ത്ഥത്തില്‍ സദാചാര പോലീസിങ്ങിന്റെ പറുദീസ ആണ്. രാത്രി പത്തുമണി കഴിഞ്ഞാല്‍ ഫ്ലാറ്റില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നതോ, നമ്മള്‍ വീട്ടിലെ വേസ്റ്റ് വേര്‍തിരിക്കാതെ ഒരുമിച്ച് ഇടുന്നതോ, നമ്മുടെ മുറ്റത്ത് പുല്ലുവെട്ടാതിരിക്കുന്നതോ നമ്മുടെ കാര്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതോ ഒക്കെ അയല്‍ക്കാര്‍ നോക്കിയിരിക്കയാണ്. ഉടന്‍ നമ്മെ വിളിച്ചു പറയും, പരിഹരിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ പോലീസിനെ വിളിക്കുകയും ചെയ്യും.

ഇതല്‍പം കടുപ്പമാണെങ്കിലും ഒരു കാര്യത്തില്‍ ഞാന്‍ സദാചാരപോലീസിനെ പൂര്‍ണമായും പിന്തുണക്കുന്നു. വീടുകളില്‍ കുട്ടികളെ മാതാപിതാക്കള്‍ ഉപദ്രവിക്കുന്നതിനെതിരെ വികസിത രാജ്യങ്ങളില്‍ സമൂഹം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. അടുത്ത വീട്ടിലെ കുട്ടിയെ ഉപദ്രവിക്കുന്നു എന്നോ എന്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നോ വന്നാല്‍ സദാചാര പോലീസ് ഉടന്‍ ഇടപെടും. അച്ഛനും അമ്മയും ജയിലിലാകും. കുട്ടിയെ സോഷ്യല്‍ സെക്യൂരിറ്റിക്കാര്‍ കൊണ്ടുപോകുകയും ചെയ്യും.

അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ സദാചാരം നോക്കി ഇരിക്കുന്ന നമ്മുടെ നാട്ടുകാര്‍ അവിടുത്തെ കുട്ടികളുടെ കാര്യത്തില്‍ അല്പം നോട്ടം കാണിച്ചിരുന്നു എങ്കില്‍ കേരളത്തില്‍ ഓരോ വര്‍ഷവും ഇത്രമാത്രം നടുക്കുന്ന അക്രമസംഭവങ്ങള്‍ കുട്ടികളുടെ നേരെ നമുക്കു ചുറ്റും ഉണ്ടാവുമോ?
 



1

 

ga