കേരളത്തിലെ പഠന നിലവാരം: വ്യാഖ്യാനങ്ങളും യാഥാര്‍ഥ്യവും

സേതുനാഥ് ആര്‍ Posted on: 20 Feb 2015

കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പഠന നിലവാരം യഥാര്‍ഥത്തില്‍ സ്വകാര്യ വിദ്യാലയങ്ങളുടേതിനേക്കാള്‍ കുറവാണോ?



പ്രഥം എന്ന സന്നദ്ധ സംഘടന, രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസത്തെപ്പറ്റി ഗവേഷണം നടത്തി വര്‍ഷാവര്‍ഷം പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് 'അസര്‍'. 'ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട്' എന്നതിന്റെ ചുരുക്കപ്പേരാണിത്. 'അസര്‍ 2014' റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കുകയുണ്ടായി. മാതൃഭൂമി ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഈ റിപ്പോര്‍ട്ടിനെ വ്യാഖ്യാനിച്ചുകൊണ്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മാതൃഭൂമി പത്രത്തില്‍ ജനവരി 15 ('പ്രാഥമിക വിദ്യാഭ്യാസത്തില്‍ കേരളം പിന്നോട്ട്', പേജ് 5), ജനവരി 17 ('പഠനത്തില്‍ വടക്കന്‍ ജില്ലകള്‍ ശരാശരിയിലും താഴെ', പേജ് 15) തീയതികളില്‍ രണ്ട് വ്യത്യസ്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഈ വാര്‍ത്തകളുടെ ഉള്ളടക്കത്തെ പ്രധാനമായും ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, കേരളത്തിലെ കുട്ടികളുടെ പഠന നിലവാരം താഴുകയാണ്. രണ്ട്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്വകാര്യ വിദ്യാലയങ്ങളേക്കാള്‍ പഠനത്തില്‍ പിന്നിലാണ്. മൂന്ന്, കൂടുതല്‍ കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വടക്കന്‍ ജില്ലകളില്‍ വിദ്യാഭ്യാസ നിലവാരം 2010 നെ അപേക്ഷിച്ച് 2014 ല്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു.

വിവിധ വര്‍ഷങ്ങളിലെ 'അസര്‍' റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി മേല്‍പ്പറഞ്ഞ നിഗമനങ്ങള്‍ ഓരോന്നും എത്രത്തോളം ശരിയാണെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. 'അസര്‍' റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി മാത്രമാണ് ഈ ലേഖനത്തിലെ വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

'അസര്‍' എന്ത്, എങ്ങനെ?

ആദ്യമായി മനസ്‌സിലാക്കേണ്ടത്, 'അസര്‍' റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനം കേവലം ചെറിയൊരു ശതമാനം വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന മാതൃകാ (സാമ്പിള്‍) പഠനങ്ങളാണ് എന്നതാണ്. തിരഞ്ഞെടുത്ത ഗ്രാമങ്ങളിലെ തിരഞ്ഞെടുത്ത കുട്ടികളെ അവരുടെ വീടുകളില്‍വെച്ച് നേരത്തെ തയ്യാറാക്കിയ 'മൂല്യ നിര്‍ണയ ഉപാധി' ഉപയോഗിച്ച് മലയാളം, ഇംഗ്‌ളീഷ്, ഗണിതം എന്നീ വിഷയങ്ങളിലെ പഠന നിലവാരം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് 'അസര്‍' ചെയ്യുന്നത്.

കേരളത്തില്‍ 5-16 വയസ്സ് പ്രായപരിധിയിലുള്ള ഏതാണ്ട് 5400 കുട്ടികളെ മാത്രമാണ് 2014 ല്‍ പഠനത്തിന് വിധേയമാക്കിയത്. ഈ പ്രായപരിധിയില്‍ കേരളത്തില്‍ ഏകദേശം 55 ലക്ഷത്തോളം കുട്ടികളുണ്ട്. അതില്‍ കേവലം 0.01 ശതമാനം മാത്രമാണ് പഠത്തില്‍ ഉള്‍പ്പെട്ടത് എന്നര്‍ഥം.

എത്രമാത്രം ശാസ്ര്തീയതയോടെ നടത്തുന്ന പഠനമാണെങ്കിലും ഇത്രയും ചെറിയൊരു 'സാമ്പിള്‍' തികച്ചും അപര്യാപ്തമാണ്. എന്നിരുന്നാല്‍ പോലും ഇത്ര ശാസ്ര്തീയമായും സുതാര്യമായും രാജമെമ്പാടും വര്‍ഷങ്ങളായി നടക്കുന്ന ഏകമാത്ര പഠനം എന്ന നിലയ്ക്ക് 'അസറി'ന്റെ കണ്ടെത്തലുകള്‍ ഗൗരവമര്‍ഹിക്കുന്നവയാണ്.

ഒരു വാദത്തിനു വേണ്ടി, പഠനത്തിനു വിധേയരാകുന്ന കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 'അസര്‍' പറയുന്ന ശതമാനക്കണക്കുകള്‍ സംസ്ഥാനത്തെ വിദ്യാഭാസ നിലവാരത്തിന്റെ ഒരു പൊതുസൂചകമായി അംഗീകരിച്ചാല്‍ തന്നെ, ഈ കണക്കുകളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന അവയുടെ വ്യാഖ്യാനകാര്യത്തില്‍ പലപ്പോഴും മാധമങ്ങള്‍ വേണ്ടത്ര ശ്രദ്ധചെലുത്താറില്ല എന്നതാണ് യാഥാര്‍ഥ്യം.

പഠനനിലവാരം ഇടിയുന്നത് ഏതൊക്കെ വിഷയങ്ങളില്‍

ഏതെങ്കിലും ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അതറിയില്ല, ഇതറിയില്ല എന്ന തരത്തില്‍ കണക്കുകളെ വ്യാഖ്യാനിക്കുന്നത് സമഗ്രമായ ഒരു ധാരണ നല്‍കാന്‍ സഹായിക്കില്ല. കുറച്ചേറെ വര്‍ഷങ്ങളിലെ തുടര്‍ പ്രവണതകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂ.

കേരളത്തിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഇടിയുകയാണ് എന്ന ഒന്നാമത്തെ വ്യാഖ്യാനം തന്നെ ആദ്യം പരിശോധിക്കാം. ഈ നിഗമനം ശരിയാകണമെങ്കില്‍, മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ 'അസര്‍' പരിശോധിക്കുന്ന മൂന്ന് വിഷയങ്ങളിലെയും പഠനനിലവാരം തുടര്‍ച്ചയായി ഇടിയുകയാണ് എന്ന തരത്തിലുള്ള വ്യക്തമായ പ്രവണതകള്‍ (സൂചനകള്‍) ആവശ്യമാണ്.

മലയാളഭാഷ വായിക്കാനുള്ള കുട്ടികളുടെ കഴിവ് പരിശോധിച്ച പരീക്ഷയുടെ കാര്യമെടുക്കാം. ഈ പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന തലം രണ്ടാംക്ലാസ് നിലവാരത്തിലുള്ള ഒരു കഥാശകലം കുട്ടിക്ക് വായിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. 2014 ല്‍ രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളില്‍ കേവലം 23.4 ശതമാനം പേര്‍ക്ക് മാത്രമേ ആ നിലവാരത്തിലുള്ള കഥാശകലം വായിക്കാന്‍ അറിയൂ എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്.

സ്വഭാവികമായും, രണ്ടാം ക്‌ളാസില്‍ പഠിക്കുന്ന 100 ശതമാനം കുട്ടികളും ആ നിലവാരത്തിലുള്ള കഥാശകലം വായിക്കാന്‍ പ്രാപ്തരാകത്തിടത്തോളം കാലം പഠന നിലവാരം ഉയര്‍ന്നതാണ് എന്ന് പറയാന്‍ സാധിക്കുകയില്ല. ആ നിലവാരത്തില്‍ എത്തുക എന്നതാവണം നമ്മുടെ ലക്ഷ്യവും. ആ നിലക്ക് കേവല അര്‍ഥത്തില്‍ നമ്മുടെ കുട്ടികളുടെ പഠന നിലവാരം താഴ്ന്നതാണ്.

പക്ഷെ, ഇതേ പ്രവണത കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി തുടര്‍ന്ന് വരുന്നതാണ് എന്നകാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ അതൊരു പൊതുസ്വഭാവമാണെന്ന് മനസ്സിലാക്കാവുന്നതാണ് ('അസര്‍' ആദ്യമായി പഠനം നടത്തിയത് 2006 ല്‍ ആണ് എന്നതിനാല്‍ അതിനു മുന്‍പുള്ള കാലത്തെ കണക്കുകള്‍ ലഭ്യമല്ല). ആ പൊതുസ്വഭാവത്തില്‍ മാറ്റം വരുമ്പോഴാണ്, ആപേക്ഷികമായി, നിലവാരം കൂടിയെന്നോ ഇടിഞ്ഞെന്നോ നമുക്ക് പറയാന്‍ സാധിക്കുക.

അത്തരമൊരു ആപേക്ഷിക നിലവാരമാണ് മേല്‍ സൂചിപ്പിച്ച പത്രവാര്‍ത്തകളില്‍ വ്യഖ്യാനിക്കപ്പെട്ടതും ഈ ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്നതും.

വേണ്ടത് സൂക്ഷ്മവിശകലനം

പഠനത്തിനു വിധേയരാക്കിയ ഓരോ ക്ലാസിലും പഠിക്കുന്ന കുട്ടികളില്‍ എത്രപേര്‍ക്ക് ഈ കഥാശകലം വായിക്കാന്‍ സാധിച്ചു എന്നതിന്റെ ഒരു താരതമ്യമാണ് പട്ടിക-1 ല്‍ നല്‍കിയിരിക്കുന്നത്.


പഠനനിലവാരം തുടര്‍ച്ചയായി കുറയുന്ന ഒരു പ്രവണതയും മേല്‍പ്പറഞ്ഞ പട്ടിക നല്‍കുന്നില്ല. എന്ന് മാത്രമല്ല, 2013 ലെ നിലവാരം 2006, 2010, 2012 വര്‍ഷങ്ങളെ അപേക്ഷിച്ച് ഏതാണ്ട് തുല്യമോ ചിലപ്പോഴെങ്കിലും കൂടുതലോ ആണെന്നും കാണാവുന്നതാണ്. ഒപ്പംതന്നെ, 2012 നെ അപേക്ഷിച്ച് ഒന്നാംതരത്തില്‍ ഒഴികെ എല്ലാ തരങ്ങളിലെയും പഠന നിലവാരം 2013 ല്‍ സാമാന്യം നല്ല തോതില്‍ കൂടിയിരുന്നതായും കാണാം.

എന്നാല്‍ ഈ ഒരു പ്രവണത 2014 എന്ന ഒറ്റവര്‍ഷം നേര്‍വിപരീതമായി എന്നുമാത്രം. ഇങ്ങനെ കേവലം ഒരു വര്‍ഷത്തെ പ്രകടനം കുറഞ്ഞോ കൂടിയോ എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം പഠനനിലവാരം ഇടിഞ്ഞുവെന്നോ ഉയര്‍ന്നുവെന്നോ തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. 2013 ലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കുട്ടികളുടെ പഠനനിലവാരം കൂടി എന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അതും തെറ്റാണ്.

ഒരു പ്രത്യേക വര്‍ഷം നിരക്കുകള്‍ കൂടുകയോ കുറയുകയോ ചെയ്യുന്നത്, ആ വര്‍ഷം തിരഞ്ഞെടുത്ത കുട്ടികളുടെ പ്രത്യേകതകള്‍ കൊണ്ടോ, പരീക്ഷ നടത്തിയതിന്റെ പ്രത്യേകതകള്‍ കൊണ്ടോ, മന:പൂര്‍വ്വമല്ലാതെ സംഭവിച്ച പക്ഷപാതം മൂലമോ ആകാം. ഇത്തരത്തിലുള്ള സൂക്ഷ്മവിശകലനത്തിന് വിധേയമാക്കാതെ, കണക്കുകള്‍ സ്വന്തം സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കുന്നത് ഒരിക്കലും ഭൂഷണമല്ല.

നിലവാരത്തകര്‍ച്ച ഗണിതത്തില്‍ മാത്രം

ഇനി ഗണിതക്രിയകള്‍ ശരിയാം വണ്ണം ചെയ്യാനുള്ള കഴിവിനെപ്പറ്റി പരിശോധിക്കാം. ഈ പരീക്ഷയുടെ ഏറ്റവും ഉയര്‍ന്ന തലം മൂന്നക്ക സംഖ്യയെ ഒറ്റ അക്കം കൊണ്ട് ഹരിക്കാന്‍ കുട്ടികള്‍ക്ക് അറിയാമോ എന്ന് പരിശോധിക്കുകയാണ്. ഇതിന്റെ താരതമ്യ കണക്കുകള്‍ പട്ടിക 2-ല്‍ നല്‍കിയിരിക്കുന്നു.


ഗണിതത്തിന്റെ കാര്യത്തില്‍ 2006, 2010, 2012 വര്‍ഷങ്ങളിലെ നിലവാരം പ്രൈമറിതലത്തില്‍ ക്രമാനുഗതമായി കൂടുന്നതായും ഉയര്‍ന്ന തലങ്ങളില്‍ ആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നതായും കാണാം. എന്നാല്‍ 2012, 2013, 2014 എന്നീ മൂന്ന് വര്‍ഷങ്ങളില്‍ എല്ലാ ക്ലാസ്സുകളിലും നിലവാരം തുടര്‍ച്ചയായി ഇടിയുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു. വ്യവകലനക്രിയയുടെ കാരത്തിലും ഇത്തരത്തിലുള്ള തുടര്‍ച്ചയായുള്ള ഇടിവ് ദൃശ്യമാണ്.

ഇംഗ്ലീഷിന്റെ നിലവാരം ഉയരുകയാണെന്ന മേല്‍ സൂചിപ്പിച്ച പത്രവാര്‍ത്തകളിലെ പരാമര്‍ശം ശരിതന്നെയാണ് എന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

ചുരുക്കത്തില്‍ 'അസര്‍' പരിശോധനക്ക് വിധേയമാക്കുന്ന മൂന്ന് വിഷയങ്ങളില്‍ ഗണിതത്തിന്റെ കാര്യത്തില്‍ മാത്രമേ പഠനനിലവാരം ഇടിയുന്നു എന്ന് വ്യക്തമായി പറയാനാകൂ. ഇത്തരമൊരു ഇടിവിന്റെ കാരണം സര്‍ക്കാര്‍തലത്തില്‍ തന്നെ സൂക്ഷ്മമായി പരിശോധിക്കേണ്ടതും പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളുടെ താരതമ്യം

രണ്ടാമതായി, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്വകാര്യ വിദ്യാലയങ്ങളെക്കാള്‍ പഠനത്തില്‍ പിന്നിലാണ് എന്ന വ്യാഖ്യാനം പരിശോധിക്കാം. യഥാര്‍ഥത്തില്‍, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരേക്കാള്‍ കുറവാണ് എന്നാണ് പറയേണ്ടത്.

ഒറ്റ നോട്ടത്തില്‍ ഈ രണ്ട് വാചകങ്ങളും ഒന്നാണെന്ന് തോന്നുമെങ്കിലും രണ്ടിന്റെയും അര്‍ഥം വ്യത്യസ്തമാണ്. ആദ്യ വാചകം, ഒരു വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ആ വിദ്യാലയം സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ മേഖലയിലാണ് എന്ന ഘടകത്തെ മാത്രം ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നാണ് ദ്യോതിപ്പിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ വാചകം, കുറച്ചുകൂടി വിശാലമായ അര്‍ഥത്തില്‍, ഒരു വിദ്യാലയത്തിലെ പഠന നിലവാരം ആ വിദ്യാലയത്തിന്റെ സ്വഭാവത്തേക്കാള്‍ ഉപരി, അവിടെ പഠിക്കുന്ന കുട്ടികളുടെ സവിശേഷ സാഹചര്യങ്ങളെക്കൂടി ആശ്രയിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.

അതായത്, ഒരു വിദ്യാലയം സര്‍ക്കാര്‍ മേഖലയില്‍ ആയതുകൊണ്ടോ സ്വകാര്യ മേഖലയില്‍ ആയതുകൊണ്ടോ മാത്രം പഠനത്തില്‍ പിന്നോക്കം ആകുന്നില്ല. മറിച്ച്, ആ വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടെ സവിശേഷമായ സാഹച്യരങ്ങളാണ് പഠന നിലവാരത്തെ സ്വാധീനിക്കുന്നത്.

എന്തു കൊണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പുറകില്‍

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്വകാര്യ വിദ്യാലയങ്ങളേക്കാള്‍ പഠനത്തില്‍ പിന്നിലാണ് എന്ന കേവല അര്‍ഥത്തിലുള്ള പ്രയോഗം സാധൂകരിക്കുന്ന ഒരു തെളിവും 'അസര്‍' മുന്നോട്ട് വെക്കുന്നില്ല. മാത്രവുമല്ല, 'അസറി'ന്റെ 19-ാം പേജില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളേക്കാള്‍ മികച്ച പഠന നിലവാരം പുലര്‍ത്തുന്നു എന്ന ധാരണ ഒരു മിഥ്യ മാത്രമാണെന്ന് അസന്നിഗ്ധമായി വക്തമാക്കുന്നു.

പഠനനിലവാരം എന്നത്, കേവലം വിദ്യാലയങ്ങളില്‍ പകര്‍ന്ന് നല്‍കുന്ന അറിവിനെ മാത്രമല്ല ആശ്രയിക്കുന്നത്. മറിച്ച്, ഓരോ കുട്ടിയുടെയും വക്തിത്വ സവിശേഷതകള്‍, കുടുംബ സാഹചര്യം, രക്ഷിതാക്കളുടെ നിലവാരം, തുടങ്ങി വിദ്യാലയവുമായി നേരിട്ട് ബന്ധമില്ലാത്ത ഒട്ടനവധി ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്ന ഒന്നാണ്. അതിനാല്‍, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരെയും സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരെയും കേവലം അവരുടെ പ്രകടനത്തിന്റെ (അല്ലെങ്കില്‍ നേടിയ മാര്‍ക്കിന്റെ) അടിസ്ഥാനത്തില്‍ മാത്രം താരതമ്യം ചെയ്യുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പഠനനിലവാരത്തെ സ്വാധീനിക്കുന്ന ബാഹ്യഘടകങ്ങള്‍ നിയന്ത്രിച്ചതിനു ശേഷം, സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒരേ സാമൂഹ്യ-സാമ്പത്തിക ജീവിത പശ്ചാത്തലമുള്ള കുട്ടികളെ താരതമ്യം ചെയ്യുമ്പോള്‍ പഠനനിലവാരത്തില്‍ വിദ്യാലയങ്ങള്‍ തമ്മിലുള്ള അന്തരം ഗണ്യമായി കുറയുകയും പ്രാദേശിക ഭാഷാ പ്രാവീണ്യത്തിന്റെ കാരത്തില്‍ ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്വകാര വിദ്യാലയങ്ങളേക്കാള്‍ മികവു പുലര്‍ത്തുകയും ചെയ്യുന്നതായി വ്യക്തമാകുന്നു എന്ന് 'അസര്‍' പറയുന്നു. മറ്റ് വിഷയങ്ങളിലെ പഠനനിലവാരത്തിന്റെ കാരത്തിലും ഈ പ്രവണതകള്‍ ദൃശ്യമാണ്.

ഇത്തരം തെളിവുകള്‍ 'അസര്‍' മാത്രമല്ല, നമ്മുടെ രാജ്യത്ത് നടത്തിയ ഒട്ടനവധി ശാസ്ര്തീയ പഠനങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. അതുകൊണ്ടാണ്, പത്രവാര്‍ത്തയില്‍ നിന്നും വ്യത്യസ്തമായി, രണ്ടാമത്തെ നിഗമനം, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരേക്കാള്‍ കുറവാണ് എന്ന തരത്തില്‍ ഈ ലേഖകന്‍ മാറ്റിയെഴുതിയത്. ഈ പ്രസ്താവം തികച്ചും ശരിയാണെന്ന് മാത്രമല്ല, അതിനാധാരമായ മേല്‍ വിവരിച്ച പ്രകാരമുള്ള കാരണങ്ങളും വളരെ വ്യക്തമായി പ്രതിധ്വനിപ്പിക്കുന്നു.

പഠനനിലവാരവും പഠിക്കുന്നവരുടെ 'നിലവാര'വും

ഇന്നത്തെ കേരളീയ സമൂഹത്തില്‍ ഈ പ്രസ്താവത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ ഡിസ്ര്ടിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഓണ്‍ എഡൂക്കേഷന്റെ (DRE) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ കേവലം 21.45 ശതമാനം പേര്‍ മാത്രമാണ് ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. എയിഡഡ് മേഖലയില്‍ പഠിക്കുന്ന 42.36 ശതമാനവും അണ്‍ എയിഡഡ് മേഖലയില്‍ പഠിക്കുന്ന 35.22 ശതമാനവും ഉള്‍പ്പടെ 77.58 ശതമാനം പേര്‍ പഠിക്കുന്നത് സ്വകാര്യ വിദ്യാലയങ്ങളിലാണ്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പോകുന്ന ഭൂരിഭാഗം കുട്ടികളും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍പ്പെടുന്നവരാണ്. പഠനത്തിന് ഒട്ടുംതന്നെ അനുകൂലമായ ജീവിതപശ്ചാത്തലമോ സൗകര്യങ്ങളോ ഇല്ലാത്തതുകൊണ്ടുതന്നെ, സ്വാഭാവികമായും അവരുടെ പഠന നിലവാരവും കുറവായിരിക്കും. അല്ലാതെ, 'സര്‍ക്കാര്‍ വിദ്യാലയം' എന്ന മുദ്ര മാത്രമല്ല അതിന് ഉത്തരവാദി.

ഇത്തരം പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ, കുറ്റം സര്‍ക്കാര്‍ വിദ്യാലയങ്ങളുടെതാണെന്ന രീതിയില്‍ വ്യാഖ്യാനങ്ങള്‍ നടത്തുന്നത് കണ്ണടച്ച് ഇരുട്ടാണെന്ന് നടിക്കലാണ്. സര്‍ക്കാര്‍ വിദ്യാലങ്ങളിലെ നിലവാരം 'കൂപ്പുകുത്തുന്നുണ്ടെങ്കില്‍' അതിനുള്ള ഒരു പ്രധാന കാരണം മികച്ച പശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സ്വകാര്യവിദ്യാലയങ്ങളില്‍ ചേക്കേറുന്നതാണെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും ഉള്‍ക്കൊണ്ടേ മതിയാകൂ.

വടക്കിനെ 'ബെടക്കാ'ക്കുമ്പോള്‍

മൂന്നാമത്തെ നിഗമനം, കുടുതല്‍ കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വടക്കന്‍ ജില്ലകളില്‍ വിദ്യാഭാസ നിലവാരം 2010 നെ അപേക്ഷിച്ച് 2014 ല്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നതാണ്.

ഇടയിലുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ ശ്രദ്ധിക്കാതെ, കേവലം രണ്ട് വര്‍ഷങ്ങളിലെ കണക്കുകള്‍ മാത്രം താരതമ്യം ചെയ്ത് ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നതിലെ യുക്തിരാഹിത്യം ലേഖനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചത് ഇക്കാരത്തിലും ബാധകമാണ്. എന്നിരുന്നാലും, 2014 ല്‍ മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് വടക്കന്‍ മേഖലയില്‍ നിലവാരത്തിന്റെ കാര്യത്തില്‍ ഗണ്യമായ കുറവുണ്ടായതായി പത്രവാര്‍ത്തയില്‍ ഉദ്ധരിച്ചിരിക്കുന്ന കണക്കുകളില്‍ കാണാം.

പശ്ചാത്തലം മനസ്സിലാക്കാതെ, കണക്കുകള്‍ മാത്രം വ്യാഖ്യാനിച്ച് 'ആടിനെ' എങ്ങനെ 'പട്ടി'യാക്കാം എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഈ വ്യാഖ്യാനം.

ഈ ഇടിവിനുള്ള പ്രധാന കാരണം വാസ്തവത്തില്‍ 'അസര്‍' പഠനത്തില്‍ ഈ വര്‍ഷം വരുത്തിയ പ്രധാനമായ ഒരു മാറ്റമാണെന്നതാണ് സത്യം. 'അസറി'ന്റെ തുടക്കം മുതല്‍, കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള കുട്ടികളെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം രണ്ട് ജില്ലകള്‍ കണ്ണൂരും കോഴിക്കോടും ഒഴിവാക്കപ്പെട്ടതായി കാണാം. ഇവ രണ്ടും വടക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്നവയാണ് എന്നുമാത്രമല്ല, കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും പഠന നിലവാരത്തില്‍ വടക്കന്‍ മേഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നവയാണ് എന്ന വസ്തുതയും എടുത്ത് പറയേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും പറയാതെ ഏറ്റവും മികച്ച രണ്ട് ജില്ലകളെ പഠനത്തില്‍ ഉള്‍പ്പെടുത്താതെ 'അസര്‍' 2014 ല്‍ നടത്തിയ പഠനത്തെ 2010 ല്‍ അവയെ ഉള്‍പ്പെടുത്തി നടത്തിയ പഠനവുമായി താരതമ്യം ചെയ്ത് വടക്കന്‍ കേരളത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് അടിസ്ഥാന ഗണിതക്രിയകള്‍ അറിയുന്ന കുട്ടികളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തിന്റെ കുറവുണ്ടായി എന്നും അക്ഷരങ്ങള്‍ വായിക്കാന്‍ അറിയുന്നവരുടെ എണ്ണത്തില്‍ പത്ത് ശതമാനത്തിന്റെ കുറവുണ്ടായി എന്നും പ്രസ്താവിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.

യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത് കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ഒഴിവാക്കിയുള്ള 2010 ലെ നിലവാരവും 2014 ലെ നിലവാരവും പരിശോധിക്കുകയാണ്. ഈ രണ്ട് ജില്ലകളും ഒഴിവാക്കിയുള്ള ജില്ലകളിലെ 3-5 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ വ്യവകലനം ചെയ്യാന്‍ അറിയുന്നവരുടെ ശതമാന കണക്കുകള്‍ മേഖല തിരിച്ച് പട്ടിക -3 ല്‍ കൊടുത്തിരിക്കുന്നു.


ഈ താരതമ്യത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടയിലുണ്ടായ നിലവാരക്കുറവ് തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഏതാണ്ട് ഒരുപോലെയാണെന്ന് കാണാവുന്നതാണ്. മധ്യ കേരളവും അത്ര പിന്നിലല്ല.

കരിവാരിത്തേക്കരുത്!

ഇതേ രീതിയില്‍ കണക്കാക്കിയാല്‍, 1-2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അക്ഷരങ്ങളും വാക്കുകളും വായിക്കാന്‍ അറിയാവുന്ന കുട്ടികളുടെ ശതമാനം അഞ്ച് വര്‍ഷം കൊണ്ട് വടക്കന്‍ കേരളത്തില്‍ 12.31 ശതമാനവും മധ്യ-തെക്കന്‍ മേഖലകളില്‍ ഏതാണ്ട് 5 ശതമാനവും കുറഞ്ഞതായി കാണാം.

ഇവിടെ, വടക്കന്‍ കേരളത്തില്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് വലിയ ഇടിവ് ഉണ്ടായതായി തോന്നുന്നതിനുള്ള പ്രധാന കാരണം ആ മേഖലയില്‍പ്പെടുന്ന കാസര്‍ഗോഡ് ജില്ലയിലെ ശതമാനത്തിലുണ്ടായ കുറവാണെന്ന് വ്യക്തമാകും. കാസര്‍കോട് ജില്ലയില്‍ ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ശതമാനം, 98.0 (2010), 93.8 (2012), 95.8 (2013) എന്നിങ്ങനെയായിരുന്നു. വര്‍ഷങ്ങളായി വലിയ വ്യത്യാസം കാണിക്കാതിരുന്ന നിലവാരം പക്ഷെ 2014 ല്‍ കുത്തനെ ഇടിഞ്ഞ് 77.3 ശതമാനം ആയിരിക്കുന്നതായി കാണാം.

കേവലം ഒരു വര്‍ഷത്തിലുണ്ടായ ഈ ഇടിവ് ഒരിക്കലും ഒരു വ്യക്തമായ സൂചനയായി കണക്കാക്കാനാകില്ല. അടുത്ത വര്‍ഷം ഇത് വീണ്ടും പഴയ ശതമാനത്തിനടുത്തേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. ഇത്തരം വന്‍ഇടിവുകള്‍ മുന്‍പ് പലപ്പോഴും 'അസര്‍' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉദാഹരണമായി, പത്തനംതിട്ട ജില്ലയില്‍ 3-5 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ വ്യവകലനക്രിയ ചെയ്യാന്‍ കഴിയുന്ന കുട്ടികളുടെ ശതമാനം 2012 ല്‍ 71.4 ശതമാനം ആയിരുന്നത്, 2013 ല്‍ കുത്തനെ ഇടിഞ്ഞ് 49.5 ശതമാനം ആയെങ്കിലും 2014 ല്‍ വീണ്ടും വര്‍ദ്ധിച്ച് 68.5 ശതമാനത്തിലേക്ക് എത്തിയതായി കാണാം.

ഇങ്ങനെയുള്ള ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുക്കാതെ, കേവലം ശതമാന കണക്കുകളിലെ വ്യത്യാസം മാത്രം കണക്കിലെടുത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതലുള്ള വടക്കന്‍ മേഖലയെ 'കരിവാരിത്തേക്കുന്ന' തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്.

സത്യം കണ്ടില്ലെന്ന് നടിക്കരുത്!

കേരളത്തിലെ പഠന നിലവാരം തുടര്‍ച്ചയായി ഇടിയുകയാണ് എന്ന തരത്തിലുള്ള ഒരു ദു:സൂചനയും 'അസര്‍' റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നില്ല. ഗണിതത്തിന്റെ നിലവാരത്തിലുള്ള ഇടിവ് യാഥാര്‍ഥ്യമാണെങ്കിലും അക്കാരത്തിലും വിവിധ പ്രാദേശിക മേഖലകള്‍ തമ്മില്‍ പറയത്തക്ക അന്തരങ്ങള്‍ ഇല്ല എന്നതാണ് സത്യം.

എന്നാല്‍ ഗൗരവമേറിയ ഒരു പ്രശ്‌നം 'അസര്‍' മുന്നോട്ട് വക്കുന്നുണ്ട്. സ്വകാര്യവിദ്യാലയങ്ങള്‍ അനുദിനമെന്ന വണ്ണം കൂണുകള്‍പോലെ മുളക്കുമ്പോഴും മികച്ച ജീവിത പശ്ചാത്തലമുള്ള കുട്ടികള്‍ കൂടുതലായി സ്വകാര്യവിദ്യാലയങ്ങളിലേക്ക് പറിച്ച് നടപ്പെടുമ്പോഴും, ഏറെ കൊട്ടിഘോഷിക്കെപ്പെടുന്ന അവയിലെ പഠനനിലവാരം അഖിലേന്ത്യാതലത്തില്‍ തന്നെ താഴോട്ടാണ് എന്ന യാഥാര്‍ഥ്യം വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണ വക്താക്കളെ നോക്കി 'കൊഞ്ഞനം കുത്തുമ്പോള്‍' കണ്ടില്ലെന്ന് നടിക്കാന്‍ പൊതുസമൂഹത്തിനാകുമോ?
(ചെന്നൈയിലെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)




1

 

ga