എഴുത്തു തുടങ്ങിയതില്‍ പിന്നെ ജീവിതത്തിലുണ്ടായ പ്രധാന മാറ്റം എന്നു നാട്ടില്‍ ചെന്നാലും മൂന്നോ നാലോ മീറ്റിങ്ങില്‍ സംസാരിക്കാന്‍ ക്ഷണം ഉണ്ടാകും എന്നതാണ്. ക്ഷണിക്കുന്നവര്‍ മിക്കവാറും വേണ്ടപ്പെട്ടവരോ അതോ അടുത്ത ആരുടെയെങ്കിലും ശുപാര്‍ശയുമായി വരുന്നവരോ ആയതിനാല്‍ ക്ഷണം സ്വീകരിക്കല്‍ ആണ് പതിവ്. ഇതുകൂടാതെ സുരക്ഷയെപ്പറ്റിയും മറ്റും ഞാന്‍ തന്നെ മുന്‍കയ്യെടുത്ത് മീറ്റിംഗുകള്‍ സംഘടിപ്പിക്കാറുമുണ്ട്. ഇതില്‍ രണ്ടില്‍നിന്നും നാട്ടിലെ മീറ്റിംഗുകളുടെ രീതിയെപ്പറ്റി എനിക്ക് ചില നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ട്. അതാണ് ഇന്നത്തെ വിഷയം.
അപ്പൊ അങ്ങട് തൊടങ്ങാം അല്ലേ?: സമയത്തിന് മീറ്റിങ്ങ് തുടങ്ങുക എന്നത് കേരളത്തില്‍ അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ സമൂഹം ഒന്നടങ്കം സമ്മതിച്ചിരിക്കുന്ന കാര്യവും ആണ്. മൂന്നുമണിക്ക് വായനശാലയില്‍ മീറ്റിങ്ങ് ഉണ്ട് എന്നു പറഞ്ഞാല്‍ നാലുമണിക്കാണ് വായനക്കാര്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നത്. 'സാറേ മൂന്നു മണി എന്നാണ് നോട്ടീസില്‍, സാറൊരു നാലുമണിയായിട്ട് വന്നാല്‍ മതി' എന്നു സംഘാടകര്‍തന്നെ നമ്മെ വിളിച്ച് പറയും. 'അപ്പോള്‍ പിന്നെ നാലുമണിക്കാണ് മീറ്റിങ്ങ് എന്നു നോട്ടീസടിച്ചാല്‍ പോരേ?' 'അതു വേണ്ട, അപ്പോള്‍ ആളുകള്‍ അഞ്ചുമണിക്കേ വരികയുള്ളൂ'. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ കൈക്കൂലി മേടിക്കും എന്ന ഉറപ്പില്‍ അവരുടെ ശമ്പളം കൂട്ടാതിരിക്കുന്നത് പോലുള്ള ഒരു പരിപാടിയാണിത്.
ഇക്കാര്യത്തിന് ഒരു മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മീറ്റിങ്ങുകള്‍ സമയത്ത് തുടങ്ങുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കണം. ഏതെങ്കിലും സ്ഥാപനം രണ്ടു പ്രാവശ്യം മീറ്റിങ്ങുകള്‍ സമയത്തിനു തുടങ്ങിയാല്‍ മൂന്നാമത്തെ പ്രാവശ്യം ആളുകള്‍ സമയത്തിന് എത്തുമെന്നതിന് സംശയം വേണ്ട. മൂന്നു മണിയും നാലു മണിയും എല്ലാം ആളുകള്‍ക്ക് സമമാണ്. മീറ്റിങ്ങ് വൈകും എന്ന സ്വയം നിവര്‍ത്തിക്കുന്ന പ്രവചനത്തില്‍ (
self fulfilling prophecy) നിന്നാണ് ആളുകള്‍ വൈകി എത്തുന്നത്.
മീറ്റിങ്ങിനു പോയിത്തുടങ്ങിയതോടെ എനിക്ക് ജ്യോത്സ്യന്മാരിലും രാഹുകാലത്തിലും ബഹുമാനം കൂടി എന്നു പറയണം. അന്ധവിശ്വാസം ആണെങ്കിലും ഇവര്‍ കുറിച്ചുകൊടുക്കുന്ന മുഹൂര്‍ത്തത്തിന്റെ സമയപരിധി ഇല്ലായിരുന്നു എങ്കില്‍ നാട്ടില്‍ കല്യാണങ്ങള്‍ വല്ലതും സമയത്തു നടക്കുമോ?
സ്വാഗതപ്രസംഗം എന്ന പാര: കേരളത്തിലെ മീറ്റിങ്ങുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിദ്ധ്യമാണ് സ്വാഗതപ്രസംഗകന്റേത്. ഔചിത്വത്തിന്റെ അഭാവമാണ് നല്ല സ്വാഗതപ്രസംഗകന്റെ മുഖമുദ്ര. മീറ്റിംഗിലെ പ്രധാന പ്രാസംഗികരെപ്പറ്റി ഉള്ളതും ഇല്ലാത്തതും പറഞ്ഞു പുകഴ്ത്തുക, മുഖ്യാതിഥിയും താനും തമ്മിലുള്ള പരിചയം പൊങ്ങച്ചമായി അവതരിപ്പിക്കുക, മീറ്റിംഗിലെ കാതലായ വിഷയത്തെപ്പറ്റി അറിയുന്നതും അറിയാത്തതുമായ ഗീര്‍വാണം വിളമ്പുക എന്നിങ്ങനെ തുടങ്ങി പത്തു മിനിട്ടു മുതല്‍ നാല്പതു മിനുട്ടുവരെ ഇതു നീളും. വേദിയിലും സദസ്സിലുമുള്ള 'ഏറെ തിരക്കുണ്ടായിട്ടും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഈ സമ്മേളനത്തിനെത്തിച്ചേര്‍ന്ന' ആളുകള്‍ക്ക് ബോറടിക്കുകയും ചെയ്യും. ഒരു വര്‍ഷത്തില്‍ അഞ്ചോ പത്തോ പ്രാവശ്യം സ്വാഗതപ്രസംഗം സഹിക്കുന്ന എന്റെ കാര്യം ഇങ്ങനെയെങ്കില്‍ ദിവസം മൂന്നോ നാലോ പ്രാവശ്യം സ്വാഗതം ചെയ്യപ്പെടേണ്ടിവരുന്ന പാവം മന്ത്രിമാരുടെ കാര്യം ഓര്‍ക്കൂ.
അന്താരാഷ്ട്ര മീറ്റിങ്ങുകളില്‍ സ്വാഗതപ്രസംഗം എന്ന കലാപരിപാടി വ്യത്യസ്തമാണ്. പരമാവധി അഞ്ചു മിനുട്ടാണ് ഇതിന് അനുവദിക്കുക. നാലു കാര്യങ്ങള്‍ ഇതിനിടക്ക് പറഞ്ഞു തീര്‍ക്കണം. ഒന്നാമതായി മീറ്റിംഗിലെ സുരക്ഷാ സംവിധാനങ്ങള്‍. തീപിടുത്തമോ മറ്റ് അപായങ്ങളോ ഉണ്ടായാല്‍ ആളുകള്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി നിര്‍ദ്ദേശം. രണ്ടാമത് ശുചിത്വ സംവിധാനങ്ങള്‍ എന്താണ് എന്നത്. മൂന്നാമത് മീറ്റിങ്ങിനു വന്നിട്ടുള്ളവര്‍ക്ക് യാത്രാബത്തയോ ഹോട്ടല്‍ സൗകര്യങ്ങളോ ഒക്കെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെങ്കില്‍ അതിനെപ്പറ്റിയുള്ള നിര്‍ദ്ദേശം. നാലാമത് മീറ്റിങ്ങിലേക്ക് സ്വാഗതസംഘത്തിന്റെ വക ഒറ്റ വാക്കില്‍ സ്വാഗതം. കഴിഞ്ഞു കാര്യം. വാസ്തവത്തില്‍ ഇതിന്റെ ആവശ്യമേ ഉള്ളൂ.
കേരളത്തിലല്ല ഇന്ത്യയില്‍ മറ്റൊരിടത്തുപോലും ഒരു മീറ്റിങ്ങിലും സുരക്ഷാനിര്‍ദ്ദേശങ്ങള്‍ നല്കാറില്ല എന്നത് എന്നെ എപ്പോഴും വിഷമിപ്പിക്കാറുണ്ട്. ഞാന്‍ സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളില്‍ ഇത് ഞാന്‍ എങ്ങനെയും നല്കാറുണ്ട്. ഇങ്ങേര്‍ക്കെന്താ തലയ്ക്കു സുഖം ഇല്ലേ എന്നാ മട്ടില്‍ ആളുകള്‍ എന്നെ നോക്കാറും ഉണ്ട്. പക്ഷെ പരിചയം ഇല്ലാത്ത എവിടെയെങ്കിലും പകലോ രാത്രിയോ മീറ്റിങ്ങിനു പോകുമ്പോള്‍ പുറത്തേക്ക് വേഗത്തില്‍ കടക്കാനുള്ള വഴി എങ്കിലും ആളുകള്‍ ഓര്‍ത്ത് വച്ചാല്‍ നല്ലത്.
അദ്ധ്യക്ഷന് എന്താണ് ഈ മീറ്റിംഗില്‍ കാര്യം?: സാധാരണഗതിയില്‍ യോഗനടപടികള്‍ നിയന്ത്രിക്കുക എന്നതാണ് അദ്ധ്യക്ഷന്റെ ജോലി. ഇത് മീറ്റിങ്ങിന് വരുന്ന അതിഥികളെ സ്റ്റേജിലേക്ക് ക്ഷണിക്കുക, മീറ്റിംഗിന്റെ ലക്ഷ്യത്തെപ്പറ്റി ചുരുക്കി രണ്ടു വാക്ക് പറയുക. പ്രാസംഗികനെ പരിചയപ്പെടുത്തുക (അതും മിതമായി), സദസ്സില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ അവ ചോദിക്കാന്‍ അവസരം നല്കുക, സദസ്സില്‍ നിന്നും അനാവശ്യ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുക എന്നതൊക്കെയാണ്.
കേരളത്തിലെ ഇപ്പോഴത്തെ ഇവന്റ് മാനേജുമെന്റ് യോഗങ്ങളില്‍ അദ്ധ്യക്ഷന്റെ ഈ ഉത്തരവാദിത്തമെല്ലാം ആങ്കര്‍ അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ഏറ്റെടുത്തിരിക്കയാണ്. എന്നാല്‍ അദ്ധ്യക്ഷസ്ഥാനം ഒഴിവാക്കിയിട്ടും ഇല്ല. ഫലമോ തനിക്കു മൈക്ക് കിട്ടുന്ന സമയം അദ്ധ്യക്ഷന്‍ സ്വാഗതം മുതല്‍ വിഷയാവതരണം വരെ എല്ലാത്തിലും കൈയ്യിട്ടു വാരും. സ്വാഗതം ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി.
സ്ത്രീകള്‍ ഇല്ലാത്ത വേദി: കേരളത്തില്‍ പൊതുരംഗത്തും പ്രൊഫഷണല്‍ രംഗത്തും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അനവധി ഉണ്ട്. എന്നാല്‍ ഏതു മീറ്റിങ്ങിന്റെ വേദിയില്‍ പോയാലും സ്ത്രീകളെ കാണുക അപൂര്‍വം ആണ്. ഇപ്പോള്‍ ആങ്കറിങ്ങിനായി കൂടുതല്‍ സ്ത്രീകളാണ് വരാറ്. പിന്നെ അതിഥികള്‍ക്ക് പൂവോ ബൊക്കെയോ ഒക്കെ കൊടുക്കാനും.
ഇത് നമ്മള്‍ തീര്‍ച്ചയായും മാറ്റിയെടുക്കണം. വേദിയില്‍ പുരുഷന്‍മാര്‍ മാത്രം ഇരുന്ന്, സ്ത്രീകള്‍ക്ക് ആലങ്കാരികപദവികള്‍ കൊടുത്ത് കാര്യങ്ങള്‍ സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം ആണ് നല്കുന്നത്. ഏത് മീറ്റിങ്ങ് സംഘടിപ്പിക്കുമ്പോഴും അതില്‍ വിഷയം അവതരിപ്പിക്കാന്‍ കഴിവുള്ള സ്ത്രീകളെ പ്രത്യേകം അന്വേഷിച്ച് ക്ഷണിക്കുക എന്നത് ഒരു ശീലമാക്കണം.
ചുഴലിപോലെ എത്തുന്ന സെലിബ്രിട്ടികള്‍: കേരളത്തിലെ മീറ്റിംഗുകളില്‍ എന്നെ ഏറ്റവും അലോസരപ്പെടുത്തുന്നത്, മീറ്റിങ്ങ് തുടങ്ങി പകുതിയാകുമ്പോള്‍ ഓടിയെത്തുന്ന സെലിബ്രിട്ടികള്‍ ആണ്. ഇത് രാഷ്ട്രീയക്കാരോ സിനിമാക്കാരോ ഒക്കെ ആകാം, അല്പം പൊങ്ങച്ചം വേണമെന്നേ ഒള്ളൂ. അമേരിക്കയിലെ ചില നഗരങ്ങളില്‍ ടൊര്‍ണാഡോ എന്ന ചുഴലി അടിക്കുന്ന പോലെയാണിത്. അവര്‍ വന്നു ചേര്‍ന്നാല്‍ പിന്നെ മീറ്റിങ്ങിന്റെ എല്ലാ അച്ചടക്കവും നഷ്ടപ്പെടും. ഘനഗംഭീരമായി പ്രസംഗിച്ചുകൊണ്ടിരുന്ന പ്രാസംഗികനെ വിട്ട് സംഘാടകര്‍ എല്ലാം സെലിബ്രിട്ടിയെ സ്വീകരിക്കാന്‍ ഓടും. ജനത്തിന്റെ ശ്രദ്ധ മുഴുവന്‍ സെലിബ്രിട്ടിയിലേക്ക്. വേദിയില്‍ ഫോട്ടോഗ്രാഫര്‍മാരുടെ തിക്കും തിരക്കും. പ്രസംഗത്തില്‍ ആര്‍ക്കും താല്പര്യമില്ല. പിന്നെ സെലിബ്രിട്ടി എന്തെങ്കിലും പറയുന്നതുവരെ മീറ്റിംഗ് നടത്തുന്നത് പാഴ്‌വേല ആണ്. എന്നാല്‍ സെലിബ്രിട്ടി സംസാരിച്ചു കഴിഞ്ഞാലെങ്കിലും ശല്യം തീരുമോ, ഇല്ല. പിന്നെ അവരുടെ കൂടെ ഫോട്ടോ എടുക്കാനും ഒക്കെ തിരക്കായി. സെലിബ്രിട്ടികള്‍ക്ക് ലോകത്തിലെ മിക്കവാറും കാര്യങ്ങളെപ്പറ്റി 'നല്ല അറിവു'ള്ളതിനാല്‍ മറ്റുള്ളവരുടെ പ്രസംഗം കേള്‍ക്കാന്‍ അവര്‍ നില്‍ക്കാറും ഇല്ല. അവരുടെ പ്രസംഗം കഴിഞ്ഞാല്‍ അവര്‍ പൊടിയും തട്ടി (കാശും വാങ്ങി) സ്ഥലം വിടും. ആണവോര്‍ജ്ജത്തെപ്പറ്റിയുള്ള മീറ്റിങ്ങ് ആണെങ്കിലും സിനിമാതാരം സംസാരിച്ചു കഴിഞ്ഞാല്‍ അടുത്തത് ബി.എ.ആര്‍.സി ചെയര്‍മാന്‍ ആണെങ്കിലും ജനം അധികവും സ്ഥലം വിടും. ഇനി എങ്ങനെയെങ്കിലും പ്രസംഗം ഒന്ന് അവസാനിപ്പിക്കൂ എന്ന മട്ടിലാകും സംഘാടകരുടെ നമ്മോടുള്ള പെരുമാറ്റം.
എന്തിനാണ് ഈ ആണവ സമ്മേളനത്തിനു ചുഴലികളെ വിളിച്ചു വരുത്തുന്നത് എന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളായ സംഘാടകരോട് ചോദിച്ചിട്ടുണ്ട്. 'സാറേ പത്രത്തില്‍ എന്തെങ്കിലും വാര്‍ത്ത വരണമെങ്കില്‍ ഇവരെ വിളിച്ചേ പറ്റൂ' എന്നതാണ് അവരുടെ മറുപടി. എളുപ്പത്തില്‍ ആളെ കൂട്ടാം എന്നതും ഒരു ഉപകാരം ആണ്. വിഷയത്തില്‍ താല്പര്യം ഇല്ലാത്ത ആളെ കൂട്ടേണ്ട കാര്യം ഉണ്ടോ എന്ന് ആലോചിക്കേണ്ടതാണ്.
വിജ്ഞാനത്തിന്റെ വണ്‍വേ ട്രാഫിക്: സമ്മേളനങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തുന്നവരോട് ചോദ്യം ചോദിക്കാനും സംവദിക്കാനും ഉള്ള അവസരം കേരളത്തിലെ മീറ്റിങ്ങുകളുടെ ഭാഗമല്ല. ശാസ്ത്രജ്ഞന്‍ സ്റ്റേജില്‍ ഇരിക്കുന്നു. അര മണിക്കൂറോ ഒരു മണിക്കൂറോ സംസാരിക്കുന്നു. പിന്നെ അടുത്തയാളുടെ സംസാരമാണ്. അല്ലാതെ ചോദ്യോത്തര വേള ഇല്ല.
ഐ ഐ ടിയില്‍ സംഘടിപ്പിച്ചിരുന്ന മീറ്റിങ്ങുകളില്‍ വരുന്നത് എത്ര ജഗജില്ലി ആണെങ്കിലും അവരോടു സംവദിക്കാന്‍ കുട്ടികള്‍ക്ക് അവസരം കിട്ടുമായിരുന്നു. ഈ സംവാദം കുട്ടികള്‍ക്ക് ആത്മ വിശ്വാസം ഉണ്ടാക്കും എന്നത് മാത്രമല്ല പലപ്പോഴും വേദിയിലുള്ളവരേക്കാള്‍ വിവരമുള്ളവര്‍ സദസ്സില്‍ ഉണ്ടാകും. മീറ്റിങ്ങ് അവരുടെ ഇടപെടലുകൊണ്ട് സമ്പന്നമാകുകയും ചെയ്യും.
ഒരു മുന്നൂറു പേര്‍ വരെ കൂടുന്ന സമ്മേളനങ്ങളില്‍ പ്രാസംഗികരോട് ചോദ്യം ചോദിക്കാന്‍ ഉള്ള അവസരം സദസ്സില്‍ ഉള്ളവര്‍ക്ക് നിര്‍ബന്ധമായും കൊടുക്കണം. ഇത് മീറ്റിങ്ങിനു വരാന്‍ വിഷയത്തില്‍ താല്പര്യമുള്ളവര്‍ക്ക് കൂടുതല്‍ പ്രേരണ നല്കും. വിഷയത്തില്‍ വിവരം ഇല്ലാത്ത വിദ്വാന്മാര്‍ ഗീര്‍വാണം അടിക്കാന്‍ പേടിച്ചു അങ്ങോട്ട് വരികയും ഇല്ല. മീറ്റിങ്ങ് നടത്തുന്നവര്‍ ഒന്നു ശ്രദ്ധിക്കുക.
നന്ദി ഇല്ലാത്തതിനു നന്ദി. ഒരു മാതിരി മീറ്റിങ്ങിലെ കാതല്‍ ആയ ഭാഗം എല്ലാം കഴിയുമ്പോള്‍ വരുന്നു നന്ദി പ്രസംഗം. മീറ്റിങ്ങിനു വന്ന പ്രാസംഗികരോടും കഴ്ചക്കരോടും, മീറ്റിങ്ങിന്റെ കസേര കൊണ്ട് വന്ന ആളോടും ഒക്കെ സംഘടകര്ക്ക് നന്ദി ഉണ്ടെന്നു പ്രത്യേകം പറയേണ്ട കാര്യം ഇല്ല. വേണമെങ്കില്‍ ഒറ്റ വാക്കില്‍ അത് പറയുന്നതും കുഴപ്പം അല്ല. പക്ഷെ പലപ്പോഴും ഏതെങ്കിലും ഒരാള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കുന്നതായിരിക്കും ഈ നന്ദി പ്രസംഗം. അദ്ദേഹം അത് കൊഴുപ്പിക്കുകയും ചെയ്യും. ഒരു മീറ്റിങ്ങിനു വന്നു പകുതിയില്‍ ഇറങ്ങി പോകുന്നത് ശരി അല്ല എന്ന് തോന്നുന്നവരെ മുഷിപ്പിക്കുകയും ചെയ്യും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ ബോറടി ഒഴിവാക്കാന്‍ ആള്‍ പ്രോട്ടോക്കോള്‍സ് ഡ്യൂലി ഒബ്‌സര്‍വഡ് (
all protocols duly observed) എന്ന ഒരു ഗില്ലറ്റിന്‍ പ്രയോഗം ഉണ്ട്. അത് പറഞ്ഞാല്‍ പിന്നെ ഒന്നും പറയേണ്ട, ശുഭം.
ബൊക്കെയും മാലയും പിന്നെ: കേരളത്തില്‍ മീറ്റിങ്ങിനു പോയാല്‍ ഒരു ബൊക്കെയോ പൂമാലയോ ഒക്കെ ശരാശരി പ്രതീക്ഷിക്കാവുന്നതാണ്. വാസ്തവത്തില്‍ ഒരു ആവശ്യവുമില്ലാത്തതും. ഫോട്ടോഗ്രാഫര്‍മാര്‍ക്കല്ലാതെ വേറെ ആര്‍ക്കും ഒരു ഗുണവും ഇല്ലാത്ത ഒരു പരിപാടിയാണിത്. ഒരു കിലോ പൂവ് ഫ്ലാറ്റില്‍ എത്തിച്ചാല്‍ പിന്നെ കളയാന്‍ പോലും മാര്‍ഗം ഇല്ല. ആവശ്യമെങ്കില്‍ ഒരു പുസ്തകമോ, ഒഴിവാക്കാന്‍ വയ്യെങ്കില്‍ ഒരു പൂവ് മാത്രമോ കൊടുക്കാവുന്നതാണ്.
അല്ല ഈ ബൊക്കെ മാത്രമേ ഉള്ളോ?: അമേരിക്കയില്‍ പ്രാസംഗികര്‍ക്ക് കൃത്യമായ റേറ്റ് ഉണ്ട്. ഏറ്റവും കൂടുതല്‍ റേറ്റ് ബില്‍ ക്ലിന്റണ് ആണെന്നാണ് കേട്ടിട്ടുള്ളത്. അത് ഒരു മീറ്റിങ്ങിന് ഒരു കോടി രൂപയുടെ മുകളില്‍ വരും. അദ്ദേഹത്തെ തൊട്ട് സാധാരണ പ്രാസംഗികര്‍ക്ക് വരെ ആയിരം ഡോളറാണെങ്കിലും ഒരു തുക ഉണ്ട്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലും ഇത് വന്നു തുടങ്ങി. അടുത്ത ഇടയ്ക്കു മുംബയിലെ ഒരു സമ്മേളനത്തിന് എന്നെ വിളിച്ചപ്പോള്‍ സാറിന്റെ റേറ്റ് എത്ര എന്ന് പ്രത്യേകം ചോദിച്ചത് എന്നെ സന്തോഷിപ്പിച്ചു.
കേരളത്തില്‍ പക്ഷെ സ്വാഗതപ്രാസംഗികന്റെ പ്രശംസയും വലിയ പൂമാലയും ഒക്കെയല്ലാതെ ഞങ്ങളെപ്പോലെയുള്ള പ്രാസംഗികര്‍ക്ക് മറ്റൊന്നും ഇല്ല. അത്യാവശ്യം മര്യാദയുള്ള സംഘാടകര്‍ ആണെങ്കില്‍ ഒരു വണ്ടി അയച്ചുതരും, അല്ലെങ്കില്‍ വണ്ടിക്കൂലി വേണോ എന്ന് ചോദിക്കുകയെങ്കിലും ചെയ്യും. ഭൂരിഭാഗവും സംഘാടകര്‍ സലിംകുമാര്‍ പറഞ്ഞപോലെ 'നന്ദി മാത്രം' ഉള്ള ആളുകള്‍ ആണ്. വണ്ടിക്കൂലി ആണെങ്കിലും ചോദിച്ചു വാങ്ങുന്ന പ്രാസംഗികരോട് സംഘാടകര്‍ക് പുച്ഛവും ആണ്.
ഇതിനര്‍ത്ഥം മീറ്റിങ്ങിനു വരുന്നവര്‍ക്ക് കൂലി കൊടുക്കുന്നതിനെപ്പറ്റി കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നു കരുതരുത്. അടുത്തയിടക്ക് കേരളത്തിലെ ഒരു കോളേജിലെ ആര്ട്‌സ് ക്ലബ് മീറ്റിംഗ് സംഘാടകരും ആയുള്ള ഒരു സംഭാഷണം എന്റെ സുഹൃത്ത് പറയുകയുണ്ടായി. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ സിനിമാതാരങ്ങളും ഒക്കെയായി പരിചയവും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കോളേജിലെ പിള്ളേര്‍ അദ്ദേഹത്തെ ചെന്നു കണ്ടത്.
'സര്‍ ഞങ്ങള്‍ കൊല്ലത്തെ ....... കോളേജില്‍ നിന്നാണ്. കോളേജിലെ യൂണിയന്‍ ഉല്‍ഘാടനത്തിന് ...... നടിയെ കിട്ടുമോ സാര്‍. ഞങ്ങള്‍ അന്‍പതിനായിരം രൂപ വരെ കൊടുക്കാം. വന്നു വിളക്ക് കൊളുത്തിയിട്ടു പോയാല്‍ മതി'.
'കൊല്ലത്ത് കുരീപ്പുഴ ശ്രീകുമാര്‍ ഉണ്ടല്ലോ. ആര്ട്‌സ് ക്ലബിന് അദ്ദേഹത്തേക്കാള്‍ മികച്ച പ്രാസംഗികരായി നിങ്ങള്‍ക്ക് ആരെ കിട്ടും. അദ്ദേഹത്തെ ക്ഷണിച്ചുകൂടെ ?'.
സിനിമാ നടിയേയോ ചുരുങ്ങിയത് ഒരു നടനേയോ കിട്ടാന്‍ അവര്‍ ഏറെ ശ്രമിച്ചു. പിന്നെ അവസാനം പറഞ്ഞു.
'ഒരു കണക്കിന് അതും ശരിയാ, പിന്നെ കുരീപ്പുഴ സാറാവുമ്പോള്‍ ബസിനു വന്നോളും, പാട്ടും പാടും, കാശും കൊടുക്കേണ്ട'.
ഇതാണ് വിഷയത്തില്‍ വിവരം ഉള്ള പ്രാസംഗികര്‍ക്ക് കേരളത്തില്‍ ഉള്ള വില. എന്റെ അഭിപ്രായത്തില്‍ നാട്ടില്‍ ഉള്ള പ്രാസംഗികര്‍ ഒക്കെ സംഘടിച്ചു മിനിമം കൂലി നിശ്ചയിക്കേണ്ട കാലം ആയി. നമുക്ക് നഷ്ടപ്പെടുവാന്‍ ബൊക്കെയും സ്വാഗത പ്രാസംഗികന്റെ ഭംഗി വാക്കുകളും മാത്രമേ ഉള്ളൂ. കിട്ടിയാലോ? ശരാശരി വര്‍ഷത്തില്‍ നൂറു മീറ്റിങ്ങില്‍ സംസാരിക്കുന്ന ഒരാള്‍ക്ക്് 5000 വച്ച് മേടിച്ചാലും അഞ്ചു ലക്ഷം ആയി. നല്ല ആശാരിക്കു ഇപ്പോള്‍ 2000 ഉണ്ട്, ഇരുപതു കൊല്ലം പരിചയം ഉള്ള ഒരു പ്രൊഫസര്‍ക്കൊ പത്രപ്രവര്‍ത്തകനോ സാഹിത്യകാരനോ ഒക്കെ 5000 ചോദിക്കുന്നതില്‍ ഒരു തെറ്റും ഇല്ല. വണ്ടിക്കൂലി വേറെ.
രണ്ടാമത്തെ തച്ച്: ഇത്രേം ഒക്കെ പറഞ്ഞത് കൊണ്ട് ഞാന്‍ ഇനി ഉള്ള കാലം പ്രസംഗ തൊഴിലാളി ആകാന്‍ ആണ് പ്ലാന്‍ എന്ന് കരുതേണ്ട. സുരക്ഷയെപ്പറ്റി വിശദമായും ജീവിതത്തെപ്പറ്റി തമാശ ചേര്‍ത്തും എഴുതുന്നതിനാല്‍ ഞാന്‍ ഗാഢമായും സരസമായും സംസാരിക്കുന്ന ഒരു പ്രാസംഗികന്‍ ആണെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണ ഉണ്ട്. അതുകൊണ്ടുതന്നെയാണ് എന്നെ ആളുകള്‍ വിളിക്കുന്നതും. എന്നാല്‍ ഏറെ നാളായി മനസ്സില്‍ സൂക്ഷിക്കുന്ന ഒരു രഹസ്യം ഞാന്‍ പറഞ്ഞേക്കാം. ഞാന്‍ വാസ്തവത്തില്‍ ഒരു പ്രാസംഗികനേ അല്ല. പ്രസംഗത്തില്‍ എനിക്ക് താല്പര്യവുമില്ല. ഇതില്‍ സംശയം ഉള്ളവര്‍ എന്റെ
ഒന്ന് കണ്ടു നോക്കണം.
ആശാരിയെ രണ്ടാമതു വിളിക്കുമ്പോഴാണ് അയാളുടെ പണി ഇഷ്ടപ്പെട്ടതായി കരുതേണ്ടതെന്ന് എന്റെ അമ്മാവന്‍ എന്നോടു പറഞ്ഞു തന്നിട്ടുണ്ട്. ഫെഡറല്‍ ബാങ്കിലല്ലാതെ മറ്റൊരിടത്തും എന്നെ രണ്ടാമത് സംസാരിക്കാന്‍ ക്ഷണിച്ചില്ല എന്നത് അമ്മാവന്റെ തത്വത്തെ സാധൂകരിക്കുന്നു. ഫെഡറല്‍ ബാങ്കിലെ എച്ച്.ആര്‍. മാനേജര്‍ എന്റെ നാട്ടുകാരനും സുഹൃത്തും ആയ തമ്പി കുരിയന്‍ ആയതാണ് ഒരു രണ്ടാമൂഴം കിട്ടാന്‍ ഇടയാക്കിയത് എന്നാണെന്റെ വിശ്വാസം.