മദ്യവിഷയത്തില്‍ കേരളത്തെ സംബന്ധിച്ച് ഒരു കാര്യം ശരിയാണ്: കുടി ഒരല്‍പം കൂടുതലാണ്. കേരളത്തിന്റെ അമിതമായ കുടി ഒരല്‍പം കുറക്കുന്നത് നല്ലതാണ്, പക്ഷെ എങ്ങനെ? ഈ പ്രശ്‌നം പരിഹരിക്കാനുള്ള രാഷ്ട്രതന്ത്രജ്ഞന്മാരുടെ ഭയങ്കരമായ ചര്‍ച്ചകള്‍ എന്തോ നല്ല പരിഹാരം കൊണ്ടുവരും എന്ന് പ്രതീക്ഷിച്ചു കുടിവിരുദ്ധരും കുടിയന്മാരുമായ മലയാളികള്‍ മാസങ്ങള്‍ കാത്തിരുന്നു. അവസാനം നിഷ്‌കളങ്കമായ ആ പരിഹാരം വന്നു. കുടിക്കുന്ന സാധനം കിട്ടാതിരുന്നാല്‍ പോരെ, കുടി കുറയുമല്ലോ. വളരെ അല്‍പബുദ്ധിയും ബാലിശവുമായ ആ പരിഹാരം പ്രതീക്ഷിച്ചതിലും നന്നായിരുന്നു എന്ന് വിരുദ്ധരും നിരാശാജനകം എന്ന് കുടിയന്മാരും.

കേരളത്തിലെ ജനങ്ങള്‍ മദ്യപിക്കുന്നത് ഒരു രസത്തിനല്ല. കാര്യങ്ങള്‍ പെട്ടന്ന് മെഴുമെഴാ എന്നാവണം. അവരുടെ രസം പൂസാകല്‍ ആണ്, കൂടാതെ ഒരു പതിവും. ഇന്ത്യയില മൊത്തം കുടിയന്മാരുടെ മനോഭാവം ആണിത്. അത് കൊണ്ടായിരിക്കാം കിങ്ങ്ഫിഷര്‍ വീര്യം കൂടിയ ബിയറും ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഈ ബിയര്‍ വിദേശ വിപണിയില്‍ ലഭ്യമല്ല. കാരണം അവിടെ കുടിയുടെ ലക്ഷ്യം കുറച്ചു കുടിച്ചു, കൂടുതല്‍ പൂസാകലല്ല. അതേസമയം 'ഇതോരെണ്ണം കഴിച്ചാല്‍ എന്നാ ആകാനാ' എന്ന മലയാളിയുടെ ചോദ്യത്തില്‍ പൂസാകാനുള്ള ത്വര ഒളിഞ്ഞിരുപ്പുണ്ട്.
മലയാളിയുടെ മദ്യപാനം ഒരു പ്രശ്‌നമായി കാണും മുമ്പ്് മറ്റു ചില കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. മദ്യവ്യവസായം പണക്കാരായ ചില അബ്കാരികളുടെ കയ്യില്‍ മാത്രമായി ഒതുക്കുന്നത് എന്തുകൊണ്ടാണ്? മദ്യവ്യവസായം നല്ല ലാഭകരമാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ഹോട്ടലുകളും മറ്റും തുടങ്ങുന്ന എല്ലാവരും മദ്യം വില്‍ക്കാനുള്ള ലൈസന്‍സിന് ശ്രമിക്കാത്തത്? ഈ ലൈസന്‍സ് കിട്ടാനുള്ള യോഗ്യത എന്താണ്? എങ്ങനെയാണ് യോഗ്യത ഉള്ളവരില്‍ നിന്നും ചിലരെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത്? ഇതൊക്കെ പൊതുജനത്തിനു അറിയാത്ത വിവരങ്ങളാണ്.
എന്നാല്‍ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ വിവരങ്ങള്‍ ഇതൊക്കെയാണ്: രാഷ്ട്രീയ ഭേദമന്യേ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളരെ അധികം കൈക്കൂലിയും മറ്റും കൊടുത്തു ബാര്‍ ഹോട്ടല്‍ തുടങ്ങിയാല്‍ ലാഭം ഉണ്ടാക്കാന്‍ വേറെ ചില പരിപാടികള്‍ കൂടി ചെയ്യണം. നിലവാരം കുറഞ്ഞ സാധനങ്ങള്‍ ബോട്ടിലിലാക്കി വിറ്റും ടാക്‌സ് വെട്ടിച്ചും വേണം ലാഭം ഉണ്ടാക്കാന്‍. ഇതില്‍ ഒരു പങ്കു രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്ളതാണ്. വിദേശങ്ങളില്‍ ഒരു കൊച്ചു കട തുടങ്ങണമെങ്കില്‍ പോലും കമ്പ്യുട്ടറൈസ്ഡ് ബില്ലിങ്ങ് മെഷീന്‍ വേണം. എത്ര കച്ചവടം നടന്നു എന്നത് ഈ മെഷീനില്‍ ഉണ്ടാകും. കേരളത്തില്‍ ഏതു ബാറിലാണ് സര്‍ക്കാരിനു ഓഡിറ്റു ചെയ്യാന്‍ പറ്റിയ ഇത്തരം മെഷീന്‍ ഉള്ളത്? എന്തുകൊണ്ട് ഇത് നിര്‍ബന്ധം ആക്കിക്കൂട?
മദ്യ വ്യാപാരത്തിന്റെ കുത്തക വല്‍ക്കരണം സമുഹത്തിന് വളരെ ദോഷകരമാണ്. മറ്റു വ്യാപാരങ്ങളില്‍ഉണ്ടാകുന്ന പോലെ മത്സരം ഇല്ലാത്തതാണ് മദ്യവ്യാപാരം. അവിടെ ആളുകളെ ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ അന്തരീക്ഷം ഉണ്ടാക്കുന്നതിനോ (അങ്ങനെ, മദ്യം പൂസാകാനല്ല, ആസ്വദിച്ചു കഴിക്കാനാനെന്ന ആശയം ഉണ്ടാക്കുന്നതിനോ) സൌകര്യങ്ങള്‍ ഒരുക്കുന്നതിനോ അല്ലെങ്കില്‍ ഗുണ നിലവാരമുള്ള മദ്യം വിളമ്പുന്നതിനോ നടത്തിപ്പുകാര്‍ ശ്രമിക്കില്ല. കാരണം നിവൃത്തിയില്ലാത്തതിനാല്‍ ആളുകള്‍ അവരുടെ അടുത്തേ വരുകയുള്ളല്ലോ. അതിന്റെ ഫലമാണ് കേരളത്തിലെ പൂട്ടിയ ചില ബാറുകള്‍ മുത്രപ്പുരക്ക് സമാനമായത്.
കേരളത്തിലെ ഇപ്പോളത്തെ മദ്യവിരുദ്ധതയും നിരോധിക്കാനുള്ള ശ്രമവും അമിത ഉപയോഗത്തിന്റെ മാത്രം ഫലമല്ല. മദ്യപാനത്തെ സദാചാരത്തിന്റെ കടലാസില്‍ പൊതിഞ്ഞതിന്റെ കൂടി ഒരു ഫലമാണ്. നല്ല മദ്യം ലഭ്യമാക്കണം എന്നും മദ്യവ്യാപാരത്തിന്റെ കുത്തകവല്‍ക്കരണം അവസാനിപ്പിക്കണം എന്ന് പറഞ്ഞു ആരും സമരം ചെയ്യാന്‍ ഇറങ്ങുന്നില്ല. നേരെ മറിച്ചു മദ്യം നിരോധിക്കണം എന്ന് പറഞ്ഞിറങ്ങാന്‍ ആളുകള്‍ ഉണ്ട് താനും. ഇത് ഭുരിപക്ഷം ജനങ്ങളും നിരോധനം ആവശ്യപ്പെടുന്നവരാണ് എന്ന വിശ്വാസം സര്‍ക്കാരില്‍ ജനിപ്പിക്കുന്നു.
എന്ത് നിയമം കൊണ്ടുവന്നാലും കുറച്ചു കാലത്തേക്ക് ജനങ്ങള്‍ അത് അനുസരിക്കും. അത് പോലെ ആണ് ബാറുകള്‍അടച്ചപ്പോള്‍ ഉണ്ടായ സമൂഹത്തിലെ ചില മാറ്റങ്ങളും. അതിനര്‍ഥം ഇനിയുള്ള കാലം ഈ സ്ഥിതി തുടരും എന്നല്ല. ഈ ചെറിയ മാറ്റം പതിവില്‍ നിന്നും വ്യത്യസ്തമായ അവസ്ഥ വന്നപ്പോള്‍ അതിനോട് യോജിക്കാന്‍ ജനങ്ങള്‍ എടുക്കുന്ന സമയം കൊണ്ടാണ്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനം ആക്കുമ്പോളും മറ്റും പെട്ടന്നുണ്ടാവുന്ന മാറ്റവും പിന്നീട് തിരിച്ചു പോകുന്നതും നാം കണാറുള്ളതാണ്.
ബാറുകള്‍അടപ്പിച്ചു ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം മദ്യം കൊടുക്കാന്‍ അനുവദിച്ചാല്‍ലോ സ്റ്റാര്‍ കുടിയന്മാര്‍ എന്ത് ചെയ്യും? അവര്‍ ഇപ്പോള്‍ ഉള്ള സര്‍ക്കാരിന്റെ മദ്യം വില്‍ക്കുന്ന കടകളെ ആശ്രയിക്കും. ചെറിയ കുടിയന്മാരില്‍ പലരും സ്വയം അതിനു മെനക്കെടില്ല പകരം കുടിക്കാതിരിക്കും. പക്ഷെ അവരല്ല നാട്ടിലെ പ്രധാന പ്രശ്‌നം, വലിയ കുടിയന്മാര്‍ ആണ്. ചിലര്‍ വാങ്ങി വീട്ടിലോ മറ്റോ കൊണ്ടുപോയി കുടിക്കും. (ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ നല്ല കാര്യം ആണ്. റോഡില്‍ ഇവറ്റകളുടെ ശല്യം ഉണ്ടാവില്ലല്ലോ പക്ഷെ ' കുടിച്ചാല്‍ വീട്ടില്‍ കിടക്കണം' എന്നൊന്നും പറയാന്‍പറ്റില്ല). പിന്നെ വീട്ടില്‍ കൂടുതല്‍ വാങ്ങി വച്ച് (എന്നും പോയി ക്യു നിലക്കണ്ടല്ലോ, മാത്രമല്ല ഇനി മുതല്‍ ക്യൂ നീളമുള്ളതായിരിക്കും) ഇടക്ക് കുടിക്കാം എന്ന പരിപാടി ഒന്നരാടന്‍ കുടിയനെ ദിവസക്കുടിയനാക്കാനും ഇടയാക്കിയേക്കാം. കാരണം വീട്ടില്‍ സാധനം സ്റ്റോക്ക് ഉള്ളപ്പോള്‍എങ്ങനെ കുടിക്കാതിരിക്കും.
പണ്ട് കശുമാങ്ങയും നെല്ലിക്കയും ഒക്കെ പുളിപ്പിച്ച്, വാറ്റി ഉണ്ടാക്കിയ പ്രകൃതിദത്തമായ മാങ്ങാവെള്ളത്തെ ,ഈ കോപ്പിന് വല്ലാത്തൊരു മണമാണ് ചൊവയാണ് എന്ന് ക്രൂരമായി പരിഹസിച്ചു വിദേശിയുടെ പുറകെ പോയപ്പോള്‍ ഓര്‍ത്തോ ഇങ്ങനെ ഒരു പണി വരും എന്ന്? പക്ഷെ രക്ഷകര്‍ ഇനിയും വരും, വിഷമിക്കുന്ന മലയാളികള്‍ക്ക് വേണ്ടി പുളിപ്പിക്കാന്‍ വീപ്പകളും, വാറ്റാന്‍ കലങ്ങളും ആയി. അതെ വ്യാജന്‍മാര്‍ തന്നെ.

മദ്യവ്യാപാരം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആയിരുന്നപ്പോള്‍, നികുതി വെട്ടിക്കുന്നതും, നിലവാരം കുറഞ്ഞ മദ്യം വില്‍ക്കുന്നതും, പ്രായം കുറഞ്ഞവര്‍ക്ക് മദ്യം വില്‍ക്കുന്നതും, കുടിച്ചു വണ്ടി ഓടിക്കുന്നതും (ഈ വണ്ടി ഓട്ടം തുടങ്ങുന്നത് എവിടെ നിന്നാണ് എന്ന് കൃത്യമായി സര്‍ക്കാരിനു അറിയാമായിരുന്നു), അമിത കുടിയും സര്‍ക്കാരിനു നിയന്ത്രിക്കാന്‍കഴിയുന്നില്ല. അല്ലെങ്കില്‍ അതിനുള്ള ഇച്ഛാശക്തി ഇല്ല. ഇനി യാതൊരു സര്‍ക്കാര്‍ നിയന്ത്രണത്തിലും അല്ലാത്ത, ആര് എവിടെ വില്‍ക്കുന്നു എന്ന് അറിയാന്‍ നിര്‍വാഹം ഇല്ലാത്ത, കുടിയന്റെ വാഹനം എവിടുന്നു തുടങ്ങുന്നു എന്നറിയിക്കാത്ത വ്യാജന്മാര്‍ വരുമ്പോള്‍ അതിനെ നിയന്ത്രിക്കും എന്ന സര്‍ക്കാര്‍ മോഹം മടയത്തരം ആണ്.സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടന്ന മദ്യവ്യാപാരത്തെ കുത്തക വല്ക്കരിച്ചു, അതില്‍ നിന്നും പണം പിടുങ്ങുന്ന രാഷ്ട്രീയക്കാര്‍, അതിലും ലാഭകരമായ വ്യാജന്മാരെ സഹായിക്കില്ല എന്ന് തോന്നുന്നുണ്ടോ? സ്ഥലത്തെ രാഷ്ട്രീയ പയ്യന്മാരുടെ ആശീര്‍വാദത്തോടെ തന്നെയായിരിക്കും ഇനി ഈ ബിസിനസ്. ഈ ആശീര്‍വാദം വാങ്ങാത്തവര്‍ എക്‌സൈസ്‌കാരുടെ ഇരയാകും.
ചാരായം നിരോധിച്ചപ്പോള്‍, മറ്റു മദ്യങ്ങള്‍ലഭ്യമായിരുന്നിട്ടു കൂടി വ്യാജന്മാര്‍ ഇറങ്ങിയിരുന്നു. അപ്പോള്‍ നിയമപരമായ എല്ലാ മദ്യ ഉറവിടങ്ങളും നിലച്ചാലോ? ഗുജറാത്തിലെയും മറ്റും അവസ്ഥ സര്‍ക്കാര്‍ പഠിക്കേണ്ടതായിരുന്നു.
കേരളത്തിലെ അമിത കുടി പരിഹരിക്കാന്‍ ആദ്യം വേണ്ടിയിരുന്നത് അതിനെക്കുറിച്ച് പഠിക്കലായിരുന്നു. സമൂഹത്തിലെ ആരൊക്കെയാണ്, ഏതു വിഭാഗത്തില്‍ പെട്ടവരാണ് കൂടുതല്‍ കുടിക്കുന്നത്, ഈ വിഭാഗങ്ങളുടെ അല്ലെങ്കില്‍ വ്യക്തികളുടെ വിദ്യാഭ്യാസവും സാമ്പത്തികവുമായ അവസ്ഥയുമായി കുടിയുടെ അളവിന് ബന്ധമുണ്ടോ എന്നതൊക്കെ ഇപ്പോള്‍ അജ്ഞാതമായ കാര്യമാണ്.
വീര്യം കൂടിയ വിസ്‌കി, റം, ബ്രാണ്ടി തുടങ്ങിയവയ്ക്ക് കൂടുതല്‍ നികുതി ചുമത്തുകയും അവയെ അപേക്ഷിച്ച് ബീയര്‍ വൈന്‍, കള്ള് തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുക എന്നത് ഉപഭോഗം കുറക്കാന്‍ഉള്ള ഒരു വഴിയാണ്. എല്ലാ തരത്തിലും ഉള്ള മദ്യത്തിനു വലിയ തോതില്‍ വില വര്‍ധിപ്പിക്കുന്നത് കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് നിരോധനത്തിന് സമാനം ആണ്. ഇതു ഗുണത്തെക്കാള്‍ ദോഷമേ ചെയ്യു. അതുകൊണ്ടാണ് സമുഹത്തില്‍ആരാണ് കൂടുതല്‍ മദ്യം കഴിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തേണ്ടത് ആവശ്യമാണ് എന്ന് സൂചിപ്പിച്ചത്.
മദ്യത്തിന്റെ കുത്തക വല്‍ക്കരണം അവസാനിപ്പിക്കേണ്ടതാണ്. നിബന്ധനകള്‍ പാലിക്കുന്നഎല്ലാവര്‍ക്കും ബീയര്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുവദിക്കണം. പിന്നെ ഓരോപഞ്ചായത്തിലും എത്ര ബീയര്‍ പാര്‍ലറുകള്‍ വേണമെന്നും ഒരു വര്‍ഷം എത്ര ലൈസന്‍സുകള്‍ അനുവദിക്കണമെന്നും പഞ്ചായത്തിനു (അതായത് അവിടുത്തെ ജനങ്ങള്‍ക്ക്) തീരുമാനിക്കാന്‍ പറ്റണം. അപ്പോള്‍ മദ്യപാനികളും മദ്യവിരുദ്ധരും ചേര്‍ന്ന് ചര്‍ച്ച ചെയ്തു സ്വന്തം നാട്ടില്‍ എത്ര ബാറുകള്‍(എനിക്ക് പബ്ബുകള്‍എന്ന് വിളിക്കാനാണ് ഇഷ്ടം) വേണം എന്ന്തീരുമാനിക്കും. മാത്രമല്ല ഈ ലൈസന്‍സുകള്‍ അപേക്ഷകര്‍ക്ക് പരസ്യമായി നറുക്കെടുപ്പിലൂടെ കൊടുക്കണം. അപ്പോള്‍ അതിലെ അഴിമതിയും കുറയും. കൂടാതെ കമ്പ്യുട്ടര്‍ അടിസ്ഥാനമാക്കിയ ബില്ലിംഗ് മെഷീനുകള്‍ഉപയോഗിക്കണം എന്നത് നിര്‍ബന്ധമാക്കണം (ഇത് എല്ലാ കടകള്‍ക്കും വേണം). ഒരു സ്ഥലത്ത് ഒരു ബാര്‍ മാത്രമായി അനുവദിക്കാനും പാടില്ല.
വേണമെങ്കില്‍, എല്ലാ മദ്യപാനികള്‍ക്കും ബാറുകള്‍ ഫോട്ടോ വച്ച കാര്‍ഡുകള്‍ നല്‍കണം. ഇത് അധാറിനെയോ മറ്റോ അടിസ്ഥാനപ്പെടുത്തി നല്‍കാം. ഇതിനുള്ള ചെലവ് ബാറുകളും കുടിയന്മാരും ചേര്‍ന്ന് കണ്ടെത്തണം. ഓരോ ഗ്ലാസ് ബീയറോ വൈനോ വാങ്ങുമ്പോളും ഈ കാര്‍ഡ് കമ്പ്യുട്ടറില്‍ രേഖപ്പെടുത്തണം (ഇതിനു ഒരു ബാര്‍കോഡ് റീഡര്‍മതി. മറ്റു സാങ്കേതിക വിദ്യകളും ഉണ്ട്). ഇങ്ങനെ രേഖപ്പെടുത്താതെ മദ്യം വാങ്ങണമെങ്കില്‍ ഇരട്ടി വില കൊടുക്കണം. അതുപോലെ ഈ കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ക്ക്ഒരു നിശ്ചിത യുണിറ്റ് മദ്യം മാത്രമേ വാങ്ങാന്‍ സാധിക്കാവു. അതായത് ഒരാള്‍ക്ക് ഒരു ദിവസം എത്ര മദ്യം കഴിക്കാം എന്നതിന്റെ ശാസ്ത്രീയമായ കണക്കുകളനുസരിച്ച്. പിന്നെ കൂടുതല്‍വാങ്ങി കഴിക്കണമെങ്കില്‍ ഇരട്ടി തുക നല്‍കേണ്ടി വരും. അല്ലെങ്കില്‍,ഒരു സ്ഥലത്ത് ഒന്നില്‍ കൂടുതല്‍ ബാറുകള്‍ ഉണ്ടെങ്കില്‍, ഇരട്ടിയില്‍അധികമായി ബാറുകള്‍ക്ക്എത്ര വേണമെങ്കിലും വാങ്ങാം. അപ്പോള്‍പെട്ടന്ന് ഒരു ബീയര്‍ കുടിക്കാം എന്ന് വിചാരിക്കുന്നവനും കാര്‍ഡ് ഇല്ലെങ്കിലും ഒരല്പം കൂടിയ വില കൊടുത്തു കഴിക്കാം. അവന്റെ അവകാശവും ആരും തടയുന്നില്ല.
ഒരാളുടെ കാര്‍ഡുകൊണ്ട് മറ്റൊരാള്‍മദ്യം വാങ്ങില്ലേ എന്നത് ഒരു പ്രശ്‌നമാണ്. കോഫീയും മറ്റും വങ്ങുമ്പോള്‍ചെയ്യുന്ന ലോയല്‍റ്റി കാര്‍ഡിന്റെ വിപരീതം ഇതിനു പ്രയോഗിച്ചു നോക്കാവുന്നതാണ്. ലോയല്‍റ്റി കാര്‍ഡ് ഉപയോഗിച്ചാല്‍ഉദാഹരണത്തിന്, പത്ത് കോഫീ വങ്ങുമ്പോള്‍പതിനോന്നമാത്തെത് ഫ്രീ ആണ്. ഇത്തരം ലോയല്‍റ്റി കാര്‍ഡുകള്‍ഇപ്പോള്‍മൊബൈല്‍ഫോണില്‍ആപ്പുകള്‍ആയാണ് നിലവിലുള്ളത്. മദ്യത്തിന്റെ കാര്യത്തില്‍, ഓരോ ആറു മാസത്തിലും ഒരു നിശ്ചിത അളവില്‍കുറവ് മദ്യം വാങ്ങിയ കാര്‍ഡുകള്‍ക്ക് അടുത്ത ആറു മാസം വരെ ചെറിയ റിഡക്ഷന്‍ കൊടുക്കാം. ഇതിനുള്ള തുക കുടിയന്മാരില്‍നിന്നും നികുതിയായി വാങ്ങാം. അപ്പോള്‍സ്വന്തം കാര്‍ഡ് അനാവശ്യമായി ചെറുകുടിയന്മാര്‍ആര്‍ക്കും കൊടുക്കില്ല. ഇതിനൊന്നും വലിയ പണിയില്ല. കാര്‍ഡു സ്‌കാന്‍ചെയ്യുമ്പോള്‍അറിയാം വിലക്കുറവു കിട്ടുമോ ഇല്ലയോ എന്നത്. ഒരു വര്ഷം കഴിഞ്ഞു സര്‍ക്കാരിന്റെ കയ്യില്‍വരുന്ന മദ്യപാനത്തിന്റെ എല്ലാ വിവരങ്ങളും വല്ല സ്റ്റാറ്റിസ്ടിക്‌സ് വിദഗ്തര്‍ക്കും കൊടുക്കുകയാണെങ്കില്‍അവര്‍ആ ഡേറ്റ പഠിച്ചു കൂടുതല്‍ നല്ല നയങ്ങള്‍ഉണ്ടാക്കാനുള്ള ക്ലു തരുകയും ചെയ്യും.
കാര്‍ഡില്ലാതെ വില കൂടുതല്‍കൊടുക്കേണ്ടി വന്നാല്‍വ്യാജന്മാര്‍തല പോക്കില്ലേ എന്നത് ഒരു ചോദ്യം ആണ്. ചെറിയ നിയന്ത്രണങ്ങള്‍ ആണെങ്കില്‍ വ്യാജന്മാര്‍അത്ര അധികം തല പോക്കില്ല. ചെറിയ വില വര്‍ദ്ധന കാരണം, ജനങ്ങള്‍ വ്യാജന്മാരെ തേടി പോകുന്നതിന്റെ വര്‍ദ്ധിച്ച റിസ്‌ക് എടുക്കാന്‍ സാധ്യത കുറവായിരിക്കും. എന്നാല്‍ നിയമപരമായി ലഭിക്കുന്ന മദ്യത്തിന്റെ വില അവര്‍ക്ക് താങ്ങാന്‍ സാധിക്കാതാകുമ്പോള്‍, അല്ലെങ്കില്‍ ഒരിക്കലും ലഭിക്കാതെ വരുമ്പോള്‍ അവര്‍ ആ റിസ്‌ക്എടുക്കാന്‍ തയ്യാറാകും. ആദ്യം വലിയ കുടിയന്മാര്‍..പിന്നെ അവര്‍ സുഖമായി റിസ്‌ക് ഇല്ലാതെ കുടിക്കുന്നത് മനസിലാകുമ്പോള്‍, മറ്റുള്ള ഇടത്തരം കുടിയന്മാരും.

വ്യാജന്മാരെ അടക്കി നിര്‍ത്തുന്നതില്‍ ബാറുകാര്‍ക്കും ഒരു പങ്കുണ്ട്.(ബാറുകാര്‍ വ്യാജനെ ഉണ്ടാക്കി കുപ്പിയിലാക്കി 'മാന്യമായി' വില്ക്കുന്നുണ്ട് എന്നത് വേറെ കാര്യം). പക്ഷെ മറ്റു നാടന്‍ വ്യാജന്മാര്‍ വ്യാപകമായാല്‍ ബാറുകാരുടെ ബിസിനസ് പൊട്ടും. അതിനാല്‍ ബാറുകള്‍ ഉള്ളപ്പോള്‍ മറ്റു വ്യാജന്മാര്‍ തലപോക്കുന്നതും കുറവായിരിക്കും. ബാറുകള്‍ നികുതി വെട്ടിപ്പു നടത്തിയും കമ്പ്യുട്ടര്‍ കാര്‍ഡു സിസ്റ്റത്തെ ഒക്കെയും മറികടന്നും അമിത വരുമാനം ഉണ്ടാക്കുന്നത്തടയാന്‍ സര്‍ക്കാറിന് കഴിഞ്ഞാല്‍ (വേണമെങ്കില്‍ ഇത് എളുപ്പമാണ്) വ്യാജന്മാര്‍ ഉണ്ടാകാതിരിക്കാന്‍ ബാറുകാര്‍ ശ്രമിച്ചു കൊള്ളും. കൂടുതല്‍ ബാറുകള്‍ ഒരു സ്ഥലത്ത് വരുന്നതും ഒരു ബാറിന്റെ അമിത വരുമാനം തടയുന്നതിന്റെ ഭാഗമാണ്. ഒന്നില്‍ കൂടുതല്‍ ബാറുകള്‍ഒരു സ്ഥലത്ത് വന്നു എന്നതിനാല്‍ ഒരാള്‍കുടിക്കുന്ന മദ്യത്തിന്റെ അളവ് കൂടുന്നില്ല. ബാറുകള്‍ക്ക് അമിത ലാഭം ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒന്നോ രണ്ടോ നാടന്‍ വ്യാജന്മാര്‍ വരുന്നത് പോലും ബാറുകളുടെ ലാഭത്തെ കാര്യമായി ബാധിക്കും. അപ്പോള്‍ വ്യാജന്മാരെ ഒതുക്കുന്ന വിഷമം പിടിച്ച പരിപാടി ബാറുകള്‍ നടത്തിക്കൊള്ളും.
മന്ത്രിമാര്‍ മദ്യപ്രശ്‌നം വിട്ട് സംസ്ഥാനത്തിന്റെ സാമ്പത്തീക സ്ഥിതി മെച്ചപ്പെടുത്താനും സര്‍ക്കാര്‍ആശുപത്രികള്‍ നല്ല രീതിയില്‍ നടത്ത ാനും വൈദ്യുതി ക്ഷാമം പരിഹരിക്കാാനുംന വഴി കാണട്ടെ. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ വലിയ ശതമാനം മദ്യത്തില്‍ നിന്നുള്ളതാണ് എന്നത് വികസനങ്ങള്‍ കുറവാണ് എന്ന് കൂടിയാണ് സൂചിപ്പിക്കുന്നത്. ഒരു പക്ഷെ, കുറഞ്ഞ വരുമാനവും, ജീവിത സാഹചര്യങ്ങളും കുടിയിലൂടെ മാനസിക ആശ്വാസം കണ്ടെത്തുന്ന ജനങ്ങളെയും ഉണ്ടാക്കുന്നുണ്ടാകാം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ മദ്യനയം അത്ര ബുദ്ധിപൂര്‍വ്വം ഉള്ളതല്ല. എന്തിനാണ് ഞായറാഴ്ച ഡ്രൈ ഡേ? എന്തുകൊണ്ട് ഒരു പ്രവൃത്തി ദിനം ആക്കിയില്ല? ഞായറാഴ്ചയാണ് ജനങ്ങള്‍ കൂടുതല്‍ കുടിക്കുന്നതെന്ന് പഠിച്ചിട്ടുണ്ടോ?
സമ്പൂര്‍ണ്ണ മദ്യനിരോധനം വേണം എന്ന് ചില മത സംഘടനകള്‍ ആവശ്യപ്പെട്ടു എന്നതിന്നാല്‍ ഒരു മതേതര രാജ്യത്ത് ഒരു സര്‍ക്കാര്‍ അത് കാര്യമായി എടുക്കാന്‍ പാടില്ല. പള്ളിയില്‍ വീഞ്ഞു ഉപയോഗിക്കുന്നതു നിര്‍ത്തണം എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന അത്ര കാര്യമായി എടുക്കാന്‍പറ്റില്ല. എങ്കിലും സമ്പൂര്‍ണ്ണ മദ്യ നിരോധനം ആവശ്യപ്പെടുന്ന സഭക്ക് തങ്ങളുടെ ആവശ്യം ഒന്നു കൂടി ഉയര്‍ത്തി കാണിക്കാന്‍ വീഞ്ഞ് മാറ്റാവുന്നതാണ്. ഒലിവു ചില്ലകള്‍ക്ക് പകരം കുരുത്തോല ഉപയോഗിക്കാമെങ്കില്‍, വീഞ്ഞിനു പകരം വല്ല മുന്തിരി ജ്യുസോ പൈനാപ്പിള്‍ ജ്യുസോ ഉപയോഗിക്കാം എന്നത് ഒരു സമ്പൂര്‍ണ്ണ മദ്യവിരോധിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ ശരിയായി തോന്നും.
മദ്യത്തെ മറ്റു മയക്കു മരുന്നുകള്‍ക്ക് സമാനമായി കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അത് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഒരു വ്യക്തിയാണ്. അമിത നിയന്ത്രണങ്ങള്‍ഒരു സമുഹത്തിന്റെ ജീര്‍ണ്ണതയെയാണ് കാണിക്കുന്നത്. ഒരു സ്വതന്ത്ര സമൂഹത്തില്‍ നിയന്ത്രണങ്ങള്‍ കുറവായിരിക്കും.
നിരോധനമോ അമിത നിയന്ത്രണങ്ങളോ മദ്യ വര്‍ജിത സമൂഹത്തെ ഒരിക്കലുംസൃഷ്ട്ടിക്കുന്നില്ല. മദ്യം വര്‍ജിക്കാനും അല്ലെങ്കില്‍ അനിയന്ത്രിതമായ ഉപയോഗം ഒഴിവാക്കാനും സഹായിക്കുന്ന തരത്തിലുള്ള നയങ്ങള്‍ രൂപീകരിക്കലും ബോധവത്ക്കരണവും ആയിരിക്കും പൂര്‍ണ്ണമായ നിരോധനത്തെക്കാളുംഫലപ്രദം. സര്‍ക്കാരിന്റെ ഇപ്പോള്‍ഉള്ള നിയമങ്ങളവര്‍ നടപ്പാക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് നല്ല മദ്യം ലഭിക്കുമായിരുന്നു. എന്ത് നയങ്ങള്‍ ഉണ്ടാക്കിയാലും, അതിനെ മറികടക്കാന്‍ രാഷ്ട്രീയക്കാര്‍ കൂട്ട് നില്‍ക്കുന്ന കാലം, നല്ലൊരു മദ്യപാന സംസ്‌കാരം ഇവിടെ ഉണ്ടാവാന്‍ പോകുന്നില്ല.