അന്യമാകുന്ന നമ്മുടെ കമ്പോളങ്ങള്‍

ജോര്‍ജ് മുകളേല്‍ Posted on: 16 Jan 2015


ആഗോളവല്‍ക്കരണത്തിന്റെ തിക്കിലും തിരക്കിലുംപെട്ട് ഇന്ത്യക്ക് സ്വന്തം കമ്പോളങ്ങള്‍ നഷ്ടമാവുകയാണ്. ചൈനയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാല്‍ ഇന്ത്യന്‍ കമ്പോളം നിറയുന്നു. ഫര്‍ണീച്ചര്‍ മുതല്‍ വ്യവസായ ഉപകരണങ്ങള്‍വരെ ചൈനയുടേതായി ഇന്ത്യന്‍ വിപണിയിലുണ്ട്.

ഇന്ത്യയില്‍ വന്നെത്തുന്ന പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഭൂരിപക്ഷവും ഇലക്ട്രോണിക്‌സ്, മെഷിനറി, കെമിക്കല്‍സ്, രാസവളം, പ്‌ളാസ്റ്റിക്, പേപ്പര്‍, ട്രാന്‍സ്‌പോര്‍ടേഷന്‍/ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ്. ദീപാവലി പോലുള്ള ഉല്‍സവകാലങ്ങളില്‍ ചൈനീസ് സാധനങ്ങളാല്‍ ഇന്ത്യന്‍ വിപണി ആഘോഷിക്കുന്നു. സാരി നിര്‍മ്മിക്കുന്നതിനുള്ള നൂല് പോലും ഇപ്പോള്‍ ചൈനയില്‍ നിന്നുള്ളതാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പുതിയ നിയതിയും സംസ്‌കാരവും രൂപപ്പെട്ടതോടെ അനേകം രാജ്യങ്ങള്‍ വിദേശ നിയന്ത്രണാധികാരത്തില്‍നിന്നും മോചിതരായി സ്വന്തം ഭരണത്തിന്‍ കീഴിലെത്തി. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും വ്യാപകമായതോടെ വിവരസാങ്കേതികവിദ്യയില്‍ മുന്നേറ്റമുണ്ടായി. തോമസ് ഫ്രീമേന്‍ തന്റെ പുസ്തകത്തില്‍ പറയുന്നതുപോലെ, ലോകം പരന്നതായി മാറി. പല രാജ്യങ്ങളും അവരുടെ കമ്പോളങ്ങള്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് തുറന്നുകൊടുത്തു. പുതിയ സംരംഭങ്ങളും ഉല്‍പ്പന്നങ്ങളുംകൊണ്ട് കമ്പോളം നിറഞ്ഞു. ജനതയുടെ ജീവിത നിലവാരം ഉയരാന്‍ തുടങ്ങി. ഇന്ത്യയും ചൈനയുമടക്കം അനേകം രാജ്യങ്ങളില്‍ ധനികരുടെ എണ്ണം വര്‍ദ്ധിച്ചതോടൊപ്പം പുതിയ അവസരങ്ങള്‍ ഓരോ ദിവസവും സൃഷ്ടിക്കപ്പെട്ടു.

ഇതിന്റെ തരംഗം കൂടുതലും അനുഭവപ്പെട്ടത് ഇന്ത്യയിലും ചൈനയിലുമായിരുന്നു. ക്രമാതീതമായി വര്‍ദ്ധിച്ച ജനസംഖ്യ ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായി. വിദേശരാജ്യങ്ങള്‍ ഇന്ത്യയിലും ചൈനയിലും സംരംഭങ്ങള്‍ തുടങ്ങാനും അവരുടെ സാമഗ്രികള്‍ വിറ്റഴിക്കാനും മല്‍സരിച്ചു. ഇന്ത്യയിലേയും ചൈനയിലേയും മധ്യവര്‍ഗത്തിന്റെ വളര്‍ച്ച പുതിയ മല്‍സരങ്ങള്‍ക്ക് വേദിയായി.

ഒരിക്കല്‍ കുതിച്ചുയര്‍ന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇന്ന് മുരടിച്ചു നില്‍ക്കുന്നു. സര്‍വീസ് സെക്ടറിന്റെ വികാസം ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജിയുടെ കുതിച്ചുകയറ്റം മൂലമായിരുന്നു. ഐ ടി രംഗത്ത് അനേകം സമര്‍ത്ഥരായ ജോലിക്കാരെ മറ്റ് രാജ്യങ്ങളേക്കാളും കൂടുതല്‍ ആഗോളവ്യാപകമായി നല്‍കാന്‍ കഴിഞ്ഞതായിരുന്നു ഇന്ത്യന്‍ സാമ്പത്തികവളര്‍ച്ചക്ക് കാരണമായത്.

പബ്‌ളിക് സര്‍വീസ്, ഐടി, ഗതാഗതം, ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവയും ഉള്‍പ്പെട്ടതാണ് നല്ല വളര്‍ച്ചാനിരക്കുണ്ടായിരുന്ന ഇന്ത്യന്‍ സര്‍വീസ് സെക്ടര്‍. ആഗോള സാമ്പത്തികമാന്ദ്യത്തോടെ സര്‍വീസ് സെക്ടര്‍ തകരുകയും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയുമാണുണ്ടായത്. സാമ്പത്തികമാന്ദ്യം ഇന്ത്യക്ക്മാത്രം ഉണ്ടായ ദുരന്തമല്ല. സാമ്പത്തിക കെടുതിയും കീഴോട്ട് പോകുന്ന വളര്‍ച്ചയും ലോകത്തിലെ എല്ലാ രാജ്യങ്ങളും അനുഭവിക്കുന്നു. സാമ്പത്തിക വളര്‍ച്ച അസൂയാര്‍ഹമാംവിധം നേടിയ ബ്രിക്‌സ് (BRICS) രാജ്യങ്ങള്‍ ഇന്ന് എങ്ങനെ അവരുടെ വളര്‍ച്ചയെ പുനരുജീവിപ്പിക്കാം എന്നുള്ള ചിന്തയിലാണ്.

സര്‍വീസ് സെക്ടറില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ ചൈന അവരുടെ ഉല്പാദന മേഖല വളര്‍ത്തിയെടുക്കനാണ് ശ്രമിച്ചത്. വിദേശരാജ്യങ്ങളുടെ സഹായത്തോടെ പുതിയ വ്യവസായശാലകള്‍ ചൈനയില്‍ ഉയര്‍ന്നു. കുറഞ്ഞ വേതനത്തില്‍ സാധനങ്ങള്‍ ഉല്പാദിപ്പിച്ച് മറ്റുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. ഉല്പാദനരംഗത്തുള്ള ഈ വളര്‍ച്ചക്ക് കാരണം അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍, ഉല്പാദനക്ഷമത എന്നിവയൊക്കെ മെച്ചപ്പെടുത്തിയതിനാലാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ ശ്രദ്ധ ഊന്നാതിരുന്നതിനാല്‍ ഇന്ത്യയുടെ ഉല്പാദന മേഖല തളരുകയും കയറ്റുമതി കുറഞ്ഞ് ഇറക്കുമതി വര്‍ദ്ധിക്കുകയും ചെയ്തു. ജനങ്ങള്‍ക്കാവശ്യമായതും ഇഷ്ടപ്പെട്ടതുമായ സാധനങ്ങള്‍ സുലഭമായി ലഭിക്കാതിരുന്നതിനാല്‍ ചൈനയില്‍നിന്നും സാധനങ്ങള്‍ ഇന്ത്യന്‍ കമ്പോളത്തിലേക്ക് ഒഴുകി. ഇന്ത്യയിലെ മദ്ധ്യവര്‍ഗം, ചൈനീസ് നിര്‍മ്മിത സാധനങ്ങളാല്‍ അവരുടെ വീടുകള്‍ നിറയ്ക്കാന്‍ തുടങ്ങി.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളേക്കാള്‍ പത്തു മുതല്‍ എഴുപത് ശതമാനം വരെ വിലക്കുറവുള്ളതാണ് ചൈനയില്‍നിന്നും എത്തുന്ന സാധനങ്ങള്‍. ഇന്ത്യയില്‍ ഉല്‍പ്പാദനച്ചിലവ് കൂടിയതിനാല്‍ അനേകം വ്യാപാരികളും ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ്. നിലവാരം കുറവാണെങ്കില്‍പ്പോലും വിലക്കുറവുള്ളതിനാല്‍ ചൈനയില്‍നിന്നും ധാരാളം ടെക്‌സ്‌റ്റൈല്‍ മെഷിനുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ടെക്‌സ്‌റ്റൈല്‍ മെഷിനറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ വക്താവ് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ചൈന, അവരുടെ ഉല്‍പ്പന്നങ്ങള്‍ അനേകം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. ഏറ്റവും കൂടുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത് അമേരിക്കയിലേക്കാണ് (16.7 ശതമാനം). ഇന്ത്യയിലേക്ക് 2.2 ശതമാനവും. ചൈനയില്‍നിന്ന് ഏതു സാധനവും വില കുറഞ്ഞ് ലഭ്യമാകുമ്പോള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വേഗം വിറ്റഴിയും.

ഇന്ത്യയില്‍നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും വളരെ അന്തരം ഉണ്ട്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മി വര്‍ദ്ധിക്കുകയാണ്. 2013-14 വര്‍ഷത്തില്‍ പതിനഞ്ചു ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചപ്പോള്‍ 51 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇറക്കുമതി ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ ദൂരവ്യാപക സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാവുന്നതിനാല്‍ ചൈനീസ് ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യപ്പെടുന്ന 1500 ഉല്‍പ്പന്നങ്ങള്‍ നിരീക്ഷണത്തിനു വിധേയമായിട്ടുണ്ട്.

ഇന്ത്യന്‍ ഉല്‍പ്പാദനരംഗത്തെ ഹനിക്കുന്ന ധാരാളം ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. സില്‍ക്ക്, ചെരുപ്പ്, ഖദര്‍, മറ്റ് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഓട്ടോമൊബൈല്‍ പാര്‍ട്‌സ്, സിറാമിക്‌സ്, പ്‌ളാസ്റ്റിക്ഉല്‍പ്പന്നങ്ങള്‍, സോളാര്‍ ബാറ്ററികള്‍, ഇലക്ട്രിക്ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, സിഡി, സിഡി കവര്‍ എന്നിവയും അതില്‍ ഉള്‍പ്പെടുന്നു.

മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പ്രതിവര്‍ഷവും വര്‍ദ്ധിക്കുന്നത്ആശങ്കാജനകമാണ്. ഈ ഉല്‍പ്പന്നങ്ങളെല്ലാം ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം.

ഇരുമ്പയിര് കയറ്റുമതിയില്‍ മൂന്നാംസ്ഥാനമുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ ഇരുമ്പയിരിനുവേണ്ടി ചൈനയെ ആശ്രയിക്കുന്നു. 2015 സാമ്പത്തിക വര്‍ഷത്തില്‍ പത്ത് മില്ല്യണ്‍ ടണ്‍ ഇരുമ്പയിര് ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുമ്പയിരിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ വളരെ കുറഞ്ഞു. ഇത് തുടര്‍ന്നാല്‍ ഇന്ത്യയിലെ ഇരുമ്പ് ഉല്‍പ്പാദനം കുറയുകയും, ഇരുമ്പ്സ്റ്റീല്‍ സാമഗ്രികള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനത്തിലും താഴേക്ക് എത്തുന്നതിനുള്ള കാരണം ശുഷ്‌കിച്ച കയറ്റുമതിയും മൂലധന നിക്ഷേപത്തിലുള്ള കുറവുമായിരുന്നു. ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കണമെങ്കില്‍ അതനുസരിച്ച് സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കുകയും വിദേശികള്‍ക്ക് ഇഷ്ടമാകുന്ന വിധത്തില്‍ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയും വേണം. ഇതിനായി ഇന്ത്യന്‍ ഉല്‍പ്പാദനരംഗം സജീവമാക്കുകയും അതിനുവേണ്ട ഒത്താശകള്‍ ഏര്‍പ്പെടുത്തുകയുമാണ് വേണ്ടത്.

ഉല്‍പ്പാദനരംഗത്ത് ചൈനക്കൊപ്പം ഇന്ത്യ എത്തണമെങ്കില്‍ ഇനിയും ധാരാളം വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇതിനു കാരണങ്ങള്‍ പലതുണ്ട്. ചൈനയില്‍ ഇപ്പോഴും കുറഞ്ഞ വേതനത്തിന് തൊഴിലാളികള്‍ ലഭ്യമാണ്. മണിക്കൂറിന് വെറും അര ഡോളറിന് ചൈനയില്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറായിരിക്കുന്ന വിദഗ്ദ്ധരായ തൊഴിലാളികളുണ്ട്. 5362 ടെറവാള്‍ട്ട് ഹവര്‍ വൈദ്യുതി ചൈനയില്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഇന്ത്യയിലേത് 1103 ടെറവാള്‍ട്ട് ഹവര്‍ മാത്രമാണ്.

ചരക്ക് ഗതാഗതത്തിന് ആവശ്യമായ റോഡുകള്‍, ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ വികസനം അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യുന്നതിനുവേണ്ട സമയവും ചിലവും ഇന്ത്യയുടേതിനേക്കാള്‍ വളരെ കുറവാണ്. 2013 ലെ കണക്കനുസരിച്ച് ചൈനക്ക് 5.98 മില്ല്യന്‍ കിലോമീറ്റര്‍ ഹൈവേയും, 104,000 കിലോമീറ്റര്‍ എക്‌സ്പ്രസ്‌വേയും, 103,144 കിലോമീറ്റര്‍ റെയില്‍വേയും ഉള്ളപ്പോള്‍ ഇന്ത്യക്ക് യഥാക്രമം 67,000 കിലോമീറ്റര്‍, 1,000 കിലോമീറ്റര്‍, 64,460 കിലോമീറ്റര്‍ മാത്രമാണുള്ളത്.

കൊളോണിയല്‍ ഭരണത്തില്‍നിന്നും മോചനം നേടിയ ഇരുരാജ്യങ്ങളും തമ്മില്‍ പല കാര്യങ്ങളിലും സാമ്യമുണ്ടെങ്കിലും അനേകം കാര്യങ്ങളില്‍ വ്യത്യാസമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ജനാധിപത്യ ഭരണവും കമ്പോള കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയും തിരഞ്ഞെടുത്തപ്പോള്‍ ചൈന സ്വേഛാധിപത്യവും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുമാണ് നടപ്പിലാക്കിയത്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തിലും താഴെയായി മുരടിച്ചപ്പോള്‍ ചൈനയുടെ വളര്‍ച്ച ഇന്ത്യയുടേതിനേക്കാള്‍ ഉയര്‍ന്ന് 7.5 ശതമാനമായി നില്‍ക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക മുരടിപ്പിന് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, പണപ്പെരുപ്പം, വര്‍ദ്ധിച്ച പലിശ നിരക്ക് തുടങ്ങിയവയാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു.

ഇന്ത്യന്‍ ഉല്‍പ്പാദനരംഗം മികച്ചതാക്കുന്നതോടൊപ്പം നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപത്തിന് അനുയോജ്യ കാലാവസ്ഥ സൃഷ്ടിച്ചെടുക്കേണ്ടതും അത്യാവശ്യമായിരിക്കുന്നു. വിദേശ നിക്ഷേപത്തിന് ഇന്ത്യന്‍വിപണി തുറന്നതിനു ശേഷം അനേകം വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ വ്യവസായങ്ങള്‍ ആരംഭിച്ചു. വാള്‍മാര്‍ട്ട്, നോകിയ, പോസ്‌കോ, അര്‍സിലോര്‍ മിറ്റല്‍, വൊഡാഫോണ്‍, ഫിഡിലിറ്റി, ഇങ്ങ്, എഐജി, ന്യൂയോര്‍ക് ലൈഫ് ഇങ്ങനെ പോകുന്നു വിദേശ കമ്പനികളുടെ പേരുകള്‍. പക്ഷേ, കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ അനേകം വിദേശ കമ്പനികള്‍ അവരുടെ ഇടപാടുകള്‍ മതിയാക്കി ഇന്ത്യ വിട്ടു.

നികുതിക്കെണി, ചുവപ്പുനാട, ഭൂമി വിട്ടുകിട്ടാനുള്ള കാലതാമസം, വിദേശകമ്പനികളോടുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പ്രതികൂല മനോഭാവം, രൂപയുടെ മൂല്യശോഷണം തുടങ്ങിയവ വിദേശകമ്പനികളുടെ ഇറങ്ങിപ്പോക്കിന് കാരണമായി പറയുന്നു. ദൃഢനയങ്ങള്‍, ആകര്‍ഷകമായ നികുതിയും ചുങ്കവും, ഇലക്ട്രോണിക്മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ഭരണസംവിധാനം, വില കുറഞ്ഞതും ആശ്രയിക്കാവുന്നതുമായ വൈദ്യുതി, നൂലാമാലകളില്ലാത്ത തൊഴില്‍നിയമങ്ങള്‍, തൊഴിലാളികളുടെ കാര്യക്ഷമതയും അച്ചടക്കവും എന്നുള്ളതെല്ലാം വിദേശകമ്പനികളുടെ മുതല്‍മുടക്കിന് കളമൊരുക്കും.

അതേസമയം, ടാറ്റാ മോട്ടോഴ്‌സ് അടക്കം പല ഇന്ത്യന്‍ കമ്പനികളും ചൈനയില്‍ വ്യവസായശാലകള്‍ തുടങ്ങുകയാണ്. ടാറ്റാ മോട്ടോഴ്‌സ് അവരുടെ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ നിര്‍മ്മിക്കാന്‍ തിരഞ്ഞെടുത്തത് ചൈനയായിരുന്നു. 1.78 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി ആരഭിച്ചിരിക്കുന്നത് ചൈനയില്‍നിന്നും ലഭിക്കുന്ന തൊഴിലും അസംസ്‌കൃത സാധനങ്ങളും പ്രയോജനപ്പെടുത്തിയാണ്. അനേകം ഇന്ത്യാക്കാര്‍ക്ക് ലഭിക്കേണ്ട തൊഴിലും വരുമാനവും ഇതുമൂലം നഷ്ടപ്പെടുന്നു.

ചൈനീസ് ഇറക്കുമതിക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ ചെറുതും വലുതുമായ അനേകം വ്യവസായങ്ങള്‍ തകരുകയും അനേകര്‍ തൊഴില്‍രഹിതരാവുകയും ചെയ്യും. അതോടൊപ്പം ഇന്ത്യന്‍ ഉല്‍പ്പാദനരംഗത്ത് പുതിയ ആവേശം സൃഷ്ടിച്ചെടുക്കുകയും വേണം. ഇതിനായി പ്രധാനമായും നാലു മേഖലകളില്‍ നവീകരണം വരുത്തണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

വ്യവസായങ്ങള്‍ക്ക് പറ്റിയ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക എന്നതാണ് പരിഗണിക്കേണ്ട ആദ്യത്തെ നവീകരണ മേഖല. വ്യാപാരവ്യവസായികളും ഗവണ്‍മെന്റും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കി, സുദൃഢബന്ധം സൃഷ്ടിച്ചെടുക്കുവാന്‍ ബഹുമുഖ സമീപനങ്ങള്‍ അത്യാവശ്യമാണ്. ലോകബാങ്കിന്റെ സൂചിക അനുസരിച്ച് ബിസിനസ്സിന് അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വളരെ താഴ്ന്ന സ്ഥാനമാണുള്ളത്. പുതിയ വ്യവസായം തുടങ്ങുന്നതിനുള്ള ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയില്‍ 179 -ാം സ്ഥാനവും, കരാര്‍ നടപ്പിലാക്കുന്നതില്‍ 186 -ാം സ്ഥാനവും, മൊത്തത്തില്‍ 134 -ാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്.

പൊതുവിഭവങ്ങളുടെ ലഭ്യത സൃഷ്ടിച്ചെടുക്കുകയാണ് രണ്ടാമത്തെ നവീകരണമേഖല. ഉല്‍പ്പാദനരംഗം അഭിവൃദ്ധിപ്പെടണമെങ്കില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, വിദ്യാഭ്യാസം, ജുഡീഷ്യറി തുടങ്ങിയ പൊതുരംഗങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്. വൈദ്യുതി ഉല്‍പ്പാദനം, മികച്ച റോഡുകളുടേയും എക്‌സ്പ്രസ്‌വേയുടേയും ലഭ്യത, ഭൂമി പെട്ടെന്ന് രജിസ്റ്റര്‍ചെയ്തു കിട്ടുന്നതിനുള്ള സാധ്യത എന്നിവയിലെല്ലാം വ്യത്യാസം വരേണ്ടതുണ്ട്.

പ്രാഥമിക വിദ്യാഭ്യാസത്തിലും കവിഞ്ഞ തൊഴില്‍ വൈദഗ്ദ്ധ്യം വിദ്യാഭ്യാസ പരിഷ്‌കരണത്തിലൂടെ സാധിക്കാവുന്നതാണ്. കാര്യക്ഷമതയുള്ള അര്‍ഹരായ തൊഴിലാളികള്‍ ഇന്ത്യയില്‍ സുലഭമല്ലാത്തതാണ് വ്യവസായോല്‍പ്പാദനത്തിന്റെ അനേക പ്രതിബന്ധങ്ങളില്‍ ഒന്ന്. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ മൂന്നിലൊന്നു പേര്‍ക്കും പ്രൈമറി വിദ്യാഭ്യാസം പോലുമില്ലാത്തവരാണ്. വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ പണം മുടക്കുകയും, കാര്‍ക്കശ്യം കുറഞ്ഞ പാഠ്യപദ്ധതികള്‍ സൃഷ്ടിക്കുകയും, വിദ്യാഭ്യാസരംഗത്തെ അഴിച്ചുപണികളെ എതിര്‍ക്കുന്ന ടീച്ചേഴ്‌സ് യൂണിയനുകളെ നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്.

ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ജോലിക്കാരുടെ അപര്യാപ്തത, ഫണ്ടുകളുടെ കുറവ്, വര്‍ദ്ധിച്ച ജോലിഭാരം എന്നിവയാല്‍ ജുഡീഷ്യറിയുടെ കാര്യക്ഷമത നഷ്ടപ്പെടുന്നു. കരാറും മറ്റ് ബന്ധപ്പെട്ട നിയമങ്ങളും ഇതിനാല്‍ നടപ്പിലാക്കാന്‍ കഴിയാതെയാകുന്നു. വാണിജ്യവ്യവസായ ഇടപാടുകള്‍ക്ക് ആവശ്യമായ പ്രത്യേക കോടതി സംവിധാനം ഏര്‍പ്പെടുത്തുകയും കൂടുതല്‍ ജോലിക്കാരെ നിയമിച്ച് അവര്‍ക്കാവശ്യമായ തൊഴില്‍പരിശീലനം നല്‍കുവാനും തയ്യാറാകണം.

തൊഴില്‍രംഗ നവീകരണമാണ് മൂന്നാമത്തെ പ്രധാന മേഖല. ലോകത്തിലെ ഏറ്റവും കര്‍ക്കശ തൊഴില്‍ ചട്ടങ്ങളാണ് ഇന്ത്യയിലുള്ളതെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ അരവിന്ദ് പനഗരിയ പറയുന്നു. ഇന്ത്യന്‍ ഉല്‍പ്പാദനമേഖലയിലെ തൊഴില്‍നിയമങ്ങളെപ്പറ്റി ധാരാളം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉല്‍പ്പാദനക്ഷമത കുറഞ്ഞ തൊഴിലാളികളാണ് ഇന്ത്യക്കുള്ളതെന്ന ധാരണ ആഗോള വ്യാപകമാണ്.

വ്യവസ്ഥാപിത ചിട്ടവട്ടങ്ങളെ പുനരുദ്ധരിപ്പിക്കുന്നതാണ് നവീകരണത്തിന്റെ നാലാമത്തെ മേഖല. ഉത്തരവാദിത്വബോധം സൃഷ്ടിച്ചെടുക്കല്‍, സിവില്‍ സര്‍വീസ് പരിഷ്‌കരണം, അസൂത്രണ കമ്മീഷന്റെ ഉടച്ച് വാര്‍ക്കല്‍, സ്വകാര്യമേഖലക്ക് കൂടുതല്‍ പങ്കാളിത്തം തുടങ്ങിയവ പരിഗണിക്കപ്പെടേണ്ടതാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

ഉല്‍പ്പാദനരംഗം അഭിവൃദ്ധിപ്പെടണമെങ്കില്‍ സംസ്ഥാന ഗവണ്മേന്റുകളുടെ സഹകരണവും അത്യാവശ്യമാണ്. വ്യാപാര വ്യവസായങ്ങള്‍ക്ക് അനുയോജ്യ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിലും, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും, വിദ്യാഭ്യാസ പരിഷ്‌കരണത്തിലും സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഉല്‍പ്പാദനം സംബന്ധിക്കുന്ന മൂന്നില്‍ രണ്ട് നിയമവ്യവസ്ഥകളും സംസ്ഥാനങ്ങളെ ബാധിക്കുമെന്ന് പ് ളാനിങ്ങ് കമ്മീഷനിലെ മുന്‍അംഗമായ അരുണ്‍ മെര അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോഡിയുടെ 'മേക്ഇന്‍ ഇന്ത്യ' പദ്ധതി അനുസരിച്ച് ഉല്‍പ്പാദനരംഗത്തിന്റെ വളര്‍ച്ചക്കാവശ്യമായ അനേകം മാറ്റങ്ങള്‍ വരുത്തി തുടങ്ങി. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തിനായി ഗവണ്മേന്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക്‌മേല്‍ ഇറക്കുമതി നികുതി വര്‍ദ്ധിപ്പിച്ചു. ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി നിരോധിക്കുന്നത് സപ്‌ളൈ ഡിമാന്റ് വിടവ് വര്‍ദ്ധിപ്പിക്കും. പടക്കം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 6,000 കോടി രൂപയുടെ ഇന്ത്യന്‍ പടക്കവ്യവസായം തകരാതിരിക്കാന്‍ ഇത് സഹായിക്കും. പടക്ക നിര്‍മാണ മേഖലയിലെ 300,000 തൊഴിലാളികള്‍ക്ക് ഇത് ആശ്വാസമരുളും.

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാനും ഇന്ത്യന്‍ ഉല്‍പ്പാദനത്തെ പ്രോല്‍സാഹിപ്പിക്കാനുമായി ഗവണ്മേന്റ് ഏറ്റെടുത്ത മറ്റൊരു നടപടിയാണ് തൊഴില്‍നിയമ ഭേദഗതി. ഇന്ത്യന്‍ തൊഴില്‍ രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സംസ്‌കാരം, ഉല്‍പ്പാദനത്തേയും സാമ്പത്തിക വളര്‍ച്ചയേയും പരിപോഷിപ്പിക്കാന്‍ ഉതകുന്നതല്ല. നേരിട്ടുള്ള വിദേശ മുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കാന്‍ തൊഴില്‍ സംസ്‌കാര പരിവര്‍ത്തനം അനിവാര്യമാണ്. അതിന്റെ ഭാഗമായി തൊഴില്‍ സമയങ്ങളിലും, തൊഴിലുടമ നല്‍കുന്ന പരിശീലനത്തിലൂടെ തൊഴിലാളികളുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാന്‍ അപ്രന്റിസുകളെ നിയമിക്കുന്നതിലും നിയമഭേദഗതി ആവശ്യമാണ്. തൊഴില്‍ വൈദഗ്ദ്ധ്യം ഉണ്ടാക്കാന്‍ തൊഴില്‍മന്ത്രാലയം ധാരാളം മെച്ചപ്പെട്ട പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതി ഇട്ടിട്ടുണ്ട്.

വിദേശ കമ്പനികളുടെ നിക്ഷേപ ശതമാനം 26 ല്‍ നിന്ന് 49 ആക്കി ഉയര്‍ത്തി. റെയില്‍വേ നിര്‍മാണത്തിനും ഉന്നമനത്തിനുമായി വിദേശനിക്ഷേപം 100 ശതമാനമാക്കി. ചൈനയും ജപ്പാനുമായുണ്ടാക്കിയ കരാറനുസരിച്ച് ഡല്‍ഹിയേയും മുംബൈയേയും പരസ്പരം ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് ട്രെയിനുകളുടെയും സൂപ്പര്‍ ഹൈവേയുടെയും നിര്‍മാണം ഉടനെ ആരംഭിക്കും. ഫോര്‍ഡ് മോട്ടോഴ്‌സ് അവരുടെ രണ്ടാമത്തെ പ്ലൂന്റ് 2015 ല്‍ ഗുജറാത്തിലും, ജാപ്പനീസ് ഓട്ടോ പാര്‍ട്ട്‌സ് കമ്പനി രാജസ്ഥാനിലും, യമഹ മോട്ടോഴ്‌സ് ചെന്നൈയിലും, പാനാസോണിക് ഡല്‍ഹിയിലും പുതിയ സംരംഭങ്ങള്‍ തുടങ്ങും.

ആഗോളവല്‍ക്കരണംമൂലം ഇന്ത്യക്കും ചൈനക്കും അനുകൂല സാഹചര്യങ്ങളാണുള്ളത്. ഒരു സമയത്ത് ലോകം മുഴുവനും നിറഞ്ഞുനിന്നിരുന്ന പാശ്ചാത്യരേക്കാളും അതിവളര്‍ച്ച നേടി ഇന്ത്യയും ചൈനയും ലോകക്രമത്തിന്റെ മുന്‍നിരയിലെത്തിക്കഴിഞ്ഞു. 2018 ല്‍ ചൈനയേയും പിന്നിലാക്കി ഇന്ത്യയുടെ വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്ന് ഗോള്‍ഡ്‌മേന്‍ സാക്‌സ് പ്രവചിക്കുന്നു. ഇന്ത്യ-ചൈന ബന്ധം പല രംഗങ്ങളിലും സുദൃഢമാക്കിയാല്‍ ഇരു രാജ്യങ്ങളും അനേകം നേട്ടങ്ങള്‍ കൈവരിക്കും. ചൈന പ്രസിഡന്റ്‌സി ജിന്‍പിങ്ങിന്റെ ഇന്ത്യ സന്ദര്‍ശനം പുതിയ ബന്ധങ്ങള്‍ക്കുള്ള ചവിട്ട്പടിയാണ്. വിവിധ പദ്ധതികളിലൂടെ ചൈന 100 മില്ല്യന്‍ ഡോളര്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് ഉല്‍പ്പാദനരഗത്തും അടിസ്ഥാന സൗകര്യങ്ങളിലും പുതിയ ഉണര്‍വുണ്ടാക്കും.

വ്യത്യസ്തത പുലര്‍ത്തുന്ന ഇന്ത്യയുടെ സ്വകാര്യ മേഖല, സ്വതന്ത്രമായ രാഷ്ട്രീയ, നിയമ വിഭാഗങ്ങള്‍ തുടങ്ങിയവ ഇന്ത്യയുടെ വ്യവസായ ഉല്‍പ്പാദന വളര്‍ച്ചക്ക് അനുയോജ്യമാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന വളരെ വലിയ ഒരു വിഭാഗവും, തൊഴില്‍ രംഗത്തിനാവശ്യമായ യുവജനങ്ങളുടെ വന്‍നിരയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് അനുഗ്രഹമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. ഇതുമൂലം കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനും സാധിക്കും.

ലേഖകന്റെ ഈമെയില്‍ വിലാസം: geomuk@gmail.com



1

 

ga