വിമര്‍ശകരെ കശാപ്പ് ചെയ്യുന്ന കാലം -2: മാറ്റത്തോടുളള വിമുഖതയും ജനാധിപത്യത്തിന്റെ നിരാസവും

കെ.കെ സുബൈര്‍ Posted on: 02 Feb 2015

കാലോചിതമായി നവീകരിക്കപ്പെടാത്ത മതം കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. അത് മതത്തെ ജീവനില്ലാത്തതാക്കാനും കടുത്ത മൗലികവാദത്തിന്റെ തടവറയില്‍ പാര്‍പ്പിക്കാനും ഇടയാക്കും. വര്‍ഗ്ഗീയതയും തീവ്രചിന്താഗതിയും അതിന്റെ സ്വാഭാവികമായ പരിണാമമായി മാറുന്നുവെന്നതാണ് വസ്തുത


ഇസ്‌ലാം താത്വികമായി മാനവികതയില്‍ അധിഷ്ഠിതമായ മതമാണ്. മനുഷ്യരെ ഒന്നാകെ അഭിസംബോധന ചെയ്യുകയും മത-ജാതി-വംശ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നീതി എന്ന സങ്കല്പം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്നതാണ് ഇസ്‌ലാമിന്റെ സവിശേഷത. ഇസ്‌ലാമിന്റെ മുഖ്യ ഗ്രന്ഥമായ ഖുര്‍ആനിലെ സൂക്തങ്ങളില്‍ ഇത് പ്രകടമായി കാണാം. എന്നാല്‍ വര്‍ഗ്ഗീയവത്ക്കരണം ഇസ്‌ലാമില്‍ ശക്തമായി നടക്കുന്നുവെന്നതാണ് പ്രായോഗികാനുഭവം.

മതവിശ്വാസവും ആചരണവും ശക്തമായും വ്യാപകമായും നിലനില്‍ക്കുമ്പോള്‍ തന്നെ മതതത്ത്വവും പ്രയോഗവും തമ്മില്‍ ഇത്രമേല്‍ അന്തരമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മതനേതൃത്വം പരിശോധിക്കേണ്ടതുണ്ട്. ഈ വലിയ അന്തരത്തിനുളള സാഹചര്യം മതത്തിനുളളില്‍ തന്നെ നിലനില്‍ക്കുന്നുവെന്നതാണ് വസ്തുത.

ഇസ്‌ലാം വര്‍ഗ്ഗീയവത്ക്കരിക്കപ്പെടുകയും വിശ്വാസികള്‍ തീവ്രവാദത്തിലേക്ക് വഴിമാറുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് ഇല്ലാതാക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതിനുളള നേരിയ ശ്രമങ്ങള്‍ പോലും മതനേതൃത്വം അട്ടിമറിക്കുന്നുവെന്നതാണ് വസ്തുത.

ഒന്നാമതായി, കാലോചിതമായ നവീകരണം എല്ലാ മതങ്ങളിലും അത്യന്താപേക്ഷിതമാണ്. ഹിന്ദുമതവും ക്രൈസ്തവമതവുമെല്ലാം അത്തരം നവീകരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പല കാലങ്ങളില്‍ ഉദയംചെയ്ത പരിഷ്‌കരണപ്രസ്ഥാനങ്ങളാണ് ഹിന്ദുമതത്തിലെ അനാചാരങ്ങളില്‍ പലതും ഇല്ലാതാക്കിയത്. ആ പ്രക്രിയ പൂര്‍ണമായെന്ന് അര്‍ത്ഥമില്ല. എങ്കിലും തൊട്ടുകൂടായ്മ ഉള്‍പ്പെടെ ജാതിസമ്പ്രദായത്തിന്റെ ബീഭത്സമായ രൂപങ്ങള്‍ പലതും ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളോടുളള വിവേചനവും ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും ഉള്‍പ്പെടെ ഒട്ടേറെ അനാശ്വാസ്യകരമായ പ്രവണതകള്‍ തുടച്ചുനീക്കാന്‍ നവീകരണപ്രസ്ഥാനങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്.

ആധുനികതയെ അതിശക്തമായി എതിര്‍ത്തവരായിരുന്നു ക്രൈസ്തവ മതനേതൃത്വം. വൈജ്ഞാനിക മേഖലകളിലെ കണ്ടെത്തലുകളുടെ പേരില്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ക്രൈസ്തവ മതനേതൃത്വത്തിന്റെ പീഡനമേല്‍ക്കേണ്ടിവന്ന ചരിത്രം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ തെറ്റുകള്‍ പില്‍ക്കാലത്ത് ഏറ്റുപറഞ്ഞ ക്രൈസ്തവ മതനേതൃത്വം ആധുനികതയെ സ്വീകരിക്കാന്‍ തയ്യാറായി.

എന്നാല്‍, നവീകരണമെന്നോ നവോത്ഥാനമെന്നോ ഉച്ചരിക്കാന്‍ പോലും പറ്റില്ലെന്ന നിലപാടാണ് മുസ്‌ലിം മതനേതൃത്വം എന്നും കൈക്കൊളളുന്നത്. മുഹമ്മദ് നബി ജീവിച്ച പതിനാല് നൂറ്റാണ്ട് മുമ്പത്തെ അറേബ്യയിലെ അവസ്ഥയില്‍നിന്ന് ഇന്നും ലോകത്തെ നോക്കിക്കാണണമെന്നുളള നിര്‍ബന്ധബുദ്ധിയാണ് മതമേലധ്യക്ഷന്‍മാര്‍ പലപ്പോഴും വെച്ചുപുലര്‍ത്തുന്നത്.

മതത്തെ ജീവനില്ലാത്തതാക്കാനും അതിനെ കടുത്ത മൗലികവാദത്തിന്റെ തടവറയില്‍ പാര്‍പ്പിക്കാനുമാണ് ഇതിടയാക്കുന്നത്. വര്‍ഗ്ഗീയതയും തീവ്രചിന്താഗതിയും അതിന്റെ സ്വാഭാവികമായ പരിണാമമായി മാറുന്നുവെന്നതാണ് വസ്തുത.

ജാതിരഹിതവും സമത്വപൂര്‍ണവും ജനാധിപത്യത്തെയും ബഹുസ്വരതയേയും ഉള്‍ക്കൊളളുകയും ചെയ്യുന്ന ആശയങ്ങളാണ് ഇസ്‌ലാമിലുളളത്. മധ്യകാലത്ത് അറേബ്യയില്‍ മുഹമ്മദ് നബി സൃഷ്ടിച്ച സമാനതകളില്ലാത്ത വിപ്ലവം ഇസ്‌ലാമിന്റെ ആശയഗാംഭീര്യത്തിന്റെ ഫലമായിരുന്നു.

എന്നാല്‍ കാലാന്തരത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ പില്‍ക്കാല മതനേതൃത്വം തയ്യാറായില്ല. മാറ്റങ്ങള്‍ ഉള്‍ക്കൊളളുകയെന്നാല്‍ ഇസ്‌ലാമില്‍ നിന്നുളള വ്യതിചലനമാണെന്ന മിഥ്യാസങ്കല്പം വരെ മതനേതൃത്വം പ്രചരിപ്പിച്ചു. ലോകകാര്യങ്ങളെക്കുറിച്ചുളള മതനേതൃത്വത്തിന്റെ അജ്ഞതയും നിക്ഷിപ്ത താത്പര്യങ്ങളുമാണ് ഇതിനു വഴിവെച്ചത്. മതനേതൃത്വത്തിന്റെ ഇത്തരം കടുംപിടിത്തങ്ങള്‍ക്ക് മുസ്‌ലിം ലോകം വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ട്.

ഇസ്‌ലാമില്‍ നവോത്ഥാനം വേണമെന്ന് പറയുമ്പോള്‍, മതം പൊളിച്ചെഴുതണമെന്നല്ല അര്‍ത്ഥമാക്കുന്നത്. ഈ നവോത്ഥാനം സാധ്യമാക്കേണ്ടത് രണ്ട് വിധത്തിലാണ്. ഒന്ന്, ഇസ്്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങളിലേക്ക് തിരിച്ചുപോകണം. രണ്ട്, കാലാനുസൃതമായ നല്ല മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ മതത്തെ പര്യാപ്തമാക്കണം.

ഒന്നാമത്തെ കാര്യം നമുക്ക് പരിശോധിക്കാം. ഇസ്‌ലാമിന്റെ അടിസ്ഥാനമൂല്യങ്ങളിലേക്ക് തിരിച്ചുപോകുകയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? കരുണ, നീതി, സത്യസന്ധത തുടങ്ങിയ മൂല്യങ്ങള്‍ക്കാണ് ഇസ്‌ലാം അടിസ്ഥാനപരമായി മുന്‍ഗണന നല്‍കുന്നത്.

കരുണയും നീതിയും സത്യസന്ധതയുമെല്ലാം ആരോടാണ് പുലര്‍ത്തണ്ടതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിംകളോട് മാത്രമല്ല, എല്ലാ വിഭാഗം മനുഷ്യരോടും കരുണ കാട്ടണമെന്നാണ് ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും പക്ഷികളോടും പരിസ്ഥിതിയോടും കരുണ കാട്ടണമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

ഇത് വിളംബരം ചെയ്യുന്ന ഖുര്‍ആനിക സൂക്തങ്ങളും നബിവചനങ്ങളുമുണ്ട്. താന്‍ ഒരു വലിയ തെറ്റ് ചെയ്‌തെന്നും തന്നെ ശിക്ഷിക്കണമെന്നും പറഞ്ഞുകൊണ്ട് വന്ന സ്ത്രീയോട് മുഹമ്മദ് നബി ചോദിച്ചത് ആരോടെങ്കിലും നിങ്ങള്‍ കരുണ കാണിച്ചോ എന്നായിരുന്നു. ഒരു മനുഷ്യനോടും കാണിച്ചില്ലെന്ന് സ്ത്രീ മറുപടി നല്‍കിയപ്പോള്‍, ഏതെങ്കിലും ജീവിയോട് കരുണ കാട്ടിയോവെന്ന് പ്രവാചകന്‍ ചോദിച്ചു. ദാഹിച്ചുവലഞ്ഞ നായക്ക് കുടിക്കാന്‍ വെളളം നല്‍കിയെന്ന് സ്ത്രീ പറഞ്ഞപ്പോള്‍, നിങ്ങളുടെ പാപം അല്ലാഹു പൊറുത്തുതരുമെന്നാണ് പ്രവാചകന്‍ മറുപടി നല്‍കിയത്. ഇസ്‌ലാം ഉദ്‌ഘോഷിക്കുകയും പ്രവാചകന്‍ കാട്ടിത്തരികയും ചെയ്യുന്ന കാരുണ്യപ്രവാഹത്തിന്റെ ഒരംശം മാത്രമാണിത്.

അതായത്, ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന കാരുണ്യം അതിവിശാലമാണ്. നീതിയുടെ കാര്യവും സമാനമാണ്. 'ആരോടെങ്കിലുമുളള നിങ്ങളുടെ ശത്രുത അവരോട് അനീതി കാണിക്കാന്‍ കാരണമാകരുതെ'ന്ന് ഖുര്‍ആന്‍ പറയുന്നു.

ഇസ്‌ലാം അടിസ്ഥാനപരമായി ഉയര്‍ത്തിപ്പിടിക്കുന്നത് മാനവികമായ ഇത്തരം ആശയങ്ങളായിട്ടും സമുദായത്തിനുളളില്‍ വര്‍ഗ്ഗീയത അപകടകരമാംവിധം പിടിമുറുക്കുന്നത് എന്തുകൊണ്ടാണ്? ഒന്നാമതായി, ഇസ്്‌ലാമിക ആശയങ്ങളെ അതിന്റെ യഥാര്‍ത്ഥരൂപത്തിലും സത്ത ഉള്‍ക്കൊണ്ടും പഠിപ്പിക്കുന്നതിനു പകരം സങ്കുചിത വീക്ഷണത്തോടെ പകര്‍ന്നുനല്‍കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ലോകത്തെ വിശാലമായി കാണാന്‍ പ്രാപ്തിയില്ലാത്തവരും ഭൗതിക വിജ്ഞാനമില്ലാത്തവരും മതപാഠശാലകളില്‍ അധ്യാപനം നടത്തുമ്പോള്‍ സംഭവിക്കുന്നതാണിത്.

രണ്ടാമതായി, ഇസ്‌ലാമിന്റെ മുഖ്യഗ്രന്ഥമായ ഖുര്‍ആനില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും ഈ സങ്കുചിതത്വം നിഴലിക്കുന്നുണ്ട്. സമകാലിക സാഹചര്യങ്ങളുമായി കൂട്ടിയിണക്കാന്‍ വേണ്ടി ഖുര്‍ആനിക സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന സ്ഥിതിയും വേണ്ടുവോളമുണ്ട്.

ഇത് രണ്ടും സംഭവിക്കുമ്പോഴുണ്ടാകുന്ന ഫലങ്ങളില്‍ ഒന്നാമത് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുളള വിമുഖതയും, രണ്ടാമത് വര്‍ഗ്ഗപരമായ അതിബോധവുമായിരിക്കും.

യഥാര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ പറയുന്ന കാര്യങ്ങള്‍ രണ്ടുവിധത്തില്‍ വേണം വ്യാഖ്യാനിക്കാന്‍. ഒന്ന്, എക്കാലത്തും പ്രസക്തമായ ശ്വാശതമൂല്യങ്ങളും ആരാധനാക്രമങ്ങളുമാണ്. രണ്ട്, പ്രത്യേക ചരിത്രസാഹചര്യത്തില്‍ അവതരിച്ച സൂക്തങ്ങളാണ്. നീതി, കരുണ, സത്യസന്ധത, ക്ഷമ തുടങ്ങിയ മൂല്യങ്ങളും നിസ്‌കാരം ഉള്‍പ്പെടെയുളള ആരാധനാക്രമങ്ങളും ആദ്യ ഗണത്തില്‍പ്പെടുന്നതാണ്. ഇസ്‌ലാമിന്റെ സ്വത്തമാണത്. അതില്ലാതാവുമ്പോള്‍ മതം തന്നെ ഇല്ലാതാവുകയാണ് ചെയ്യുക. അവ നിലനിര്‍ത്തേണ്ടത് മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത താത്പര്യമാണ്.

ഖുര്‍ആന്‍ അവതരിച്ചത് അറേബ്യയിലായിരുന്നതിനാല്‍ പതിനാല് നൂറ്റാണ്ട് മുമ്പ് അവിടെ നിലനിന്ന പ്രത്യേക സാമൂഹിക സാഹചര്യങ്ങള്‍ ആ മഹദ്ഗ്രന്ഥത്തിനു അവഗണിക്കാനാവുമായിരുന്നില്ല. പുരാതനവും പിന്തിരിപ്പനുമായ ഗോത്രസമൂഹത്തിന്റെ ജീവിതപ്രശ്‌നങ്ങള്‍ ഖുര്‍ആനിനു അഭിമുഖീകരിക്കേണ്ടിവന്നു. അടിമത്തം, ബഹുഭാര്യത്വം, യുദ്ധം, ശിക്ഷാവിധികള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് അങ്ങനെയാണ്.

അടിമത്തത്തെ നിരോധിക്കുന്നതിനു പകരം മനുഷ്യത്വരഹിതമായ ആ സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്താനാണ് ഇസ്‌ലാം ശ്രമിച്ചത്. കാരണം, സമൂഹത്തില്‍ അത്രമേല്‍ വ്യാപകമായിരുന്ന അടിമത്തത്തെ ഒറ്റയടിക്ക് നിരോധിക്കുക അപ്രായോഗികമായിരുന്നു. പകരം, അടിമത്തത്തെ നിരുത്സാഹപ്പെടുത്തുകയും അടിമകള്‍ക്ക് അന്തസ്സ് പകര്‍ന്നുനല്‍കുകയും ചെയ്യുക വഴി കിരാതമായ ആ സമ്പ്രദായത്തെ ക്രമേണ നിഷ്‌കാസനം ചെയ്യാനാണ് ഇസ്‌ലാം ശ്രമിച്ചത്.

അന്നത്തെ അറേബ്യയുടെ സാമൂഹിക പശ്ചാത്തലം കണക്കിലെടുത്താണ് ഇസ്‌ലാം അങ്ങനെ ചെയ്തത്. അപ്പോള്‍, അടിമത്തം നിരോധിച്ചില്ല എന്നതിനര്‍ത്ഥം ഇസ്‌ലാമില്‍ അത് അനുവദനീയമാണ് എന്നല്ല. നീതിയുടെ താത്പര്യത്തിനു പ്രത്യേക സാഹചര്യത്തില്‍ പ്രത്യേക മാര്‍ഗമാണ് സ്വീകരിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ബഹുഭാര്യത്വത്തിന്റെ കാര്യത്തിലും സമാനമായ സ്ഥിതിവിശേഷമാണുളളത്. അറേബ്യയിലെ ഗോത്രസമൂഹ സാഹചര്യത്തില്‍ സ്ത്രീക്ക് ഒരു വിലയും നിലയുമുണ്ടായിരുന്നില്ല. ഒരു പുരുഷനു എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാമായിരുന്നു. ഒരു ഭാഗത്ത് പെണ്ണായി പിറന്നതിന്റെ പേരില്‍ അവള്‍ ജീവനോടെ കുഴിച്ചുമുടപ്പെടുന്ന കാടത്ത സമ്പ്രദായം നിലനിന്നു. മറ്റൊരു തലത്തില്‍, സ്ത്രീകളെ തോന്നുംപോലെ വിവാഹം ചെയ്യുകയും അവരോട് യാതൊരു ബാധ്യതയും നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ക്രൂരമായ പുരുഷകേന്ദ്രീത സമൂഹവ്യവസ്ഥ നിലനിന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ്, വിവാഹത്തിനു ഇസ്‌ലാം വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു പുരുഷനു നാലുപേരെ മാത്രമേ വിവാഹം കഴിക്കാവൂവെന്ന് നിബന്ധന വെച്ചു. മാത്രമല്ല, എല്ലാ ഭാര്യമാരോടും തുല്യനീതി പുലര്‍ത്തണമെന്നും അക്കാര്യത്തില്‍ അണുവിട വിവേചനം കാട്ടരുതെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. നിരാലംബരെ സംരക്ഷിക്കുകയെന്ന വലിയ ലക്ഷ്യം ഇതിനു പിന്നിലുണ്ടായിരുന്നു. ''വിധവകളോടും നിരാലംബരോടും നീതി കാട്ടാന്‍ കഴിയുന്നില്ലെന്ന് കരുതുന്നുവെങ്കില്‍, നിങ്ങള്‍ രണ്ടോ മൂന്നോ നാലോ സ്ത്രീകളെ വിവാഹം കഴിക്കുക''-ഖുര്‍ആന്‍ പറയുന്നു.

അതായത്, ബഹുഭാര്യത്വം അനിയന്ത്രിതമായ തലത്തില്‍ എത്തിനില്‍ക്കുകയും സ്ത്രീകള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും അവഗണനയിലും പിന്നാക്കാവസ്ഥയിലും തളച്ചിടപ്പെടുകയും ചെയ്ത പതിനാല് നൂറ്റാണ്ട് മുമ്പത്തെ സാമൂഹിക സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ ഇത്തരമൊരു കാഴ്ച്ചപ്പാട് അതീവ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു.

എന്നാല്‍, ഇന്നത്തെ സാമൂഹികാന്തരീക്ഷം പതിനാല് നൂറ്റാണ്ട് മുമ്പുളള അവസ്ഥയുമായി ഒരുവിധത്തിലും താരതമ്യം ചെയ്യാവുന്നതല്ല. സമൂഹജീവിതത്തില്‍ സ്ത്രീ-പുരുഷ സമത്വം എന്ന സങ്കല്‍പ്പം ശക്തിപ്പെടുകയും സ്ത്രീകള്‍ പുരുഷനു തുല്യമായി എല്ലാവിധ ഉയര്‍ന്ന പദവികളിലും എത്തുകയും ചെയ്ത ഇന്നത്തെ ലോകത്ത് ബഹുഭാര്യത്വം എന്ന ആശയം ഇസ്‌ലാമിന്റെ തന്നെ നീതിസങ്കല്പത്തിനു വിരുദ്ധമാണ്. മാത്രമല്ല, മുസ്‌ലിം ജനസാമാന്യം ഈ മാറ്റം ഉള്‍ക്കൊളളുകയും ബഹുഭാര്യത്വം മുസ്‌ലിം സമൂഹത്തില്‍നിന്ന് വലിയൊരളവില്‍ തുടച്ചുമാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

അപ്പോഴും ബഹുഭാര്യത്വത്തിനു സാംഗത്യമുണ്ടെന്ന വികലമായ കാഴ്ച്ചപ്പാടാണ് മതനേതൃത്വം വെച്ചുപുലര്‍ത്തുന്നത്. മാറ്റത്തെ ഉള്‍ക്കൊളളാന്‍ മതനേതൃത്വം തയ്യാറാകുന്നില്ലെന്നതിന്റെ ഉത്തമോദാഹരണമാണിത്. കുടുംബാസൂത്രണം, വിവാഹമോചനം, ശിക്ഷാവിധികള്‍ തുടങ്ങി സ്വകാര്യ-സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ മേഖലകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ തയ്യാറാവാത്ത മതനേതൃത്വത്തിന്റെ കടുംപിടിത്തങ്ങള്‍ നമുക്ക് കാണാനാവും.

മതതത്ത്വങ്ങളെ പദാനുപദമായും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റിയും ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് മനുഷ്യസമൂഹത്തിന്റെ കാലാനുഗതമായ മാറ്റങ്ങളെ ഉള്‍ക്കൊളളാനാവാത്ത ഈ കടുംപിടിത്തങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാനാവും.

ശാബാനു കേസും വാമൊഴി വിവാഹമോചനവുമെല്ലാം അവിടെ നില്‍ക്കട്ടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം വന്നപ്പോള്‍ അതിനെപോലും കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനകളിലെ മതനേതാക്കള്‍ കണ്ണുമടച്ച് എതിര്‍ക്കുകയാണ് ചെയ്തത്. വിവാഹമെന്നത് സുതാര്യമായ ചടങ്ങായിരിക്കെ, അത് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ എന്തിനാണ് മതനേതാക്കള്‍ എതിര്‍ത്തത്? പൗരന്‍മാരുടെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവെക്കാന്‍ ഏതൊരു ക്ഷേമരാഷ്ട്ര സര്‍ക്കാരിനും ബാധ്യതയില്ലേ?

ശൈശവവിവാഹം പോലുളള കാര്യങ്ങളില്‍ ഒരു ഒളിച്ചുകളി വേണമെന്ന നിര്‍ബന്ധമാണ് അത്തരം എതിര്‍പ്പിനു ആധാരമായത്. എന്തുതന്നെയായാലും നിയമനിര്‍മ്മാണസഭ ഉണ്ടാക്കിയ നിയമമായതിനാല്‍, മതനേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പൗരന്‍മാരും ആ നിയമം പാലിക്കാന്‍ ഇന്ന് നിര്‍ബന്ധിതരായിരിക്കുന്നുവെന്നതാണ് കാര്യം.

പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച നിയമത്തിനും സ്ത്രീകള്‍ മുഖംമൂടുന്നതിനും ഇസ്‌ലാമിന്റെ പിന്‍ബലമില്ലെന്നും അത് സ്ത്രീകളെ പിന്നാക്കാവസ്ഥയില്‍ തളച്ചിടുമെന്നുമുളള വാദത്തിനും എതിരെ ഈ നാട്ടിലെ മുസ്‌ലിം മതനേതാക്കള്‍ ഹാലിളകി രംഗത്തുവന്നത് ഈയടുത്തകാലത്ത് നമ്മള്‍ കണ്ടതാണ്. മുസ്‌ലിം ജനസാമാന്യത്തെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-വൈജ്ഞാനിക മേഖലകളില്‍ പിന്നാക്കാവസ്ഥയില്‍ തളച്ചിടുകയാണ് മതനേതൃത്വത്തിന്റെ ഇത്തരം കടുത്തനിലപാടുകളുടെ ഫലം.

ആധുനികതയെ ഉള്‍ക്കൊളളുന്നതില്‍ മുസ്‌ലിം മതനേതൃത്വം അറച്ചുനിന്നതിന്റെ ഏറ്റവും പ്രകടമായ തെളിവ് അതിന്റെ ജനാധിപത്യനിരാസമാണ്. 21-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും ജനാധിപത്യവുമായി താദാത്മ്യം പ്രാപിക്കാന്‍ മുസ്‌ലിം ലോകം തയ്യാറായിട്ടില്ല. സംവാദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴികളില്‍ നിന്ന് സംഘര്‍ഷത്തിന്റെയും ഭീകരതയുടെയും വഴികളിലേക്ക് പോവുകയെന്നത് ജനാധിപത്യനിരാസത്തിന്റെ സ്വാഭാവിക പരിണാമമാണ്.

ലോകത്തെ 45 ഓളം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ രണ്ട് രാജ്യങ്ങളില്‍ മാത്രമാണ് സമ്പൂര്‍ണ്ണ ജനാധിപത്യമുളളത്. ഇന്തോനേഷ്യയിലും തുര്‍ക്കിയിലുമാണത്. അറബ് വസന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട 2011-ലെ പ്രക്ഷോഭത്തിന്റെ ഫലമായി ടുണീഷ്യ മതേതര ജനാധിപത്യത്തിലേക്ക് ചുവടുവെച്ചിട്ടുണ്ട്. അതിന്റെ ഭാവിയുടെ കാര്യം പറയാന്‍ സമയമായിട്ടില്ല.

മറ്റു മുസ്്‌ലിം രാജ്യങ്ങളില്‍ നിയന്ത്രിത ജനാധിപത്യമോ കുടുംബാധിപത്യവും ഏകാധിപത്യവുമുളള ഭരണക്രമങ്ങളോ ആണ് നിലനില്‍ക്കുന്നത്. ഏകാധിപത്യം നിലനില്‍ക്കുന്ന പല മുസ്്‌ലിം രാജ്യങ്ങളിലും (പ്രത്യേകിച്ച് എണ്ണ ഉത്പാദക രാജ്യങ്ങള്‍) അവിടങ്ങളിലെ ജനാധിപത്യ വിരുദ്ധ ഭരണക്രമത്തിനു അമേരിക്കയുള്‍പ്പെടെയുളള പാശ്ചാത്യരാജ്യങ്ങളുടെ ആശീര്‍വാദമുണ്ട്. എന്നാല്‍, ഈ രാജ്യങ്ങളിലെ മതനേതൃത്വമാണ് ഏകാധിപത്യത്തിനു തണലേകുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. മതനേതൃത്വവും ഭരണാധികാരികളും തമ്മിലുളള വലിയൊരു അഡ്ജസ്റ്റ്‌മെന്റ് ഇവിടെ പ്രകടമാണ്.

യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന ആശയം ജനാധിപത്യത്തെ അംഗീകരിക്കുന്നതാണ്. ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് അഭയം തേടി മുഹമ്മദ് നബി മദീനയിലേക്ക് പലായനം ചെയ്ത സംഭവമാണ് ഹിജ്‌റ. മദീനയിലെത്തിയ പ്രവാചകന്‍ അവിടെ രൂപംനല്‍കിയ ഭരണക്രമം ജനാധിപത്യവും ബഹുസ്വരതയും ഉള്‍ക്കൊളളുന്നതായിരുന്നു.

മീഖാത്തുല്‍ മദീന എന്ന പേരില്‍ പ്രവാചകന്‍ രൂപംനല്‍കിയ ഉടമ്പടിയില്‍ ജൂതന്‍മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്ക് തുല്യമായ അവകാശങ്ങളും അധികാരങ്ങളും നല്‍കി. മദീനയെ ബാഹ്യശക്തികളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ എല്ലാവര്‍ക്കും തുല്യ ബാധ്യതയുണ്ടെന്നും നിഷ്‌കര്‍ഷിച്ചു. എല്ലാവര്‍ക്കും അവരുടേതായ മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കപ്പെട്ടു. ഇതിനെ അടിസ്ഥാനമാക്കിയാണ് പില്‍ക്കാലത്ത് ഖലീഫ ഭരണം സ്ഥാപിക്കപ്പെട്ടത്. ചരിത്രകാരന്‍മാര്‍ അതിനെ ആദിമരൂപത്തിലുളള ജനാധിപത്യം (പ്രോട്ടോ ഡമോക്രസി) എന്ന് വിശേഷിപ്പിച്ചു.

ഭരണത്തില്‍ മാത്രമല്ല, മതജീവിതത്തിലും ഈ ആശയം ഇസ്‌ലാം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. മതത്തില്‍ ബലാത്ക്കാരമില്ലെന്ന ഖുര്‍ആനിക സൂക്തം ഇതാണ് വ്യക്തമാക്കുന്നത്. ആര്‍ക്കും അവരിഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാമെന്നും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാമെന്നും ഇസ്‌ലാം പറയുന്നു.''സത്യം നിന്റെ നാഥനില്‍നിന്നുളളതാണ്, വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അവിശ്വസിക്കുന്നവര്‍ക്ക് അവിശ്വസിക്കാം''-ഖുര്‍ആന്‍ പറയുന്നു.

വിശ്വസത്തിന്റെയും അവിശ്വാസത്തിന്റെയും കാര്യത്തില്‍ മനസ്സാക്ഷി സ്വാതന്ത്ര്യമുണ്ടെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. നിനക്ക് നിന്റെ മതമാണ് വലുതെന്നും അവന് അവന്റെ മതമാണ് വലുതെന്നും ഖുര്‍ആനില്‍ പറയുന്നുണ്ട്.

സ്വകാര്യ-സാമൂഹിക ജീവിതത്തിലെ ഈ ജനാധിപത്യബോധം മുസ്‌ലിം ലോകത്തുനിന്ന് പില്‍ക്കാലം ചോര്‍ന്നുപോകുന്നതാണ് കാണുന്നത്. യഥാര്‍ത്ഥ ഇസ്‌ലാമിക ഭരണം നിലനിന്നതു തന്നെ 30 വര്‍ഷത്തോളമാണ്. ഖലീഫമാരുടെ ആ കാലഘട്ടത്തില്‍ തന്നെ ഒട്ടേറെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തലപൊക്കി. നാലാമത്തെ ഖലീഫയായ അലിക്കു ശേഷം മുസ്‌ലിം ലോകം ഏകാധിപത്യത്തിന്റെ വഴികളിലൂടെയാണ് സഞ്ചരിച്ചത്.

ഉമവിയ്യ, അബ്ബാസിയ്യ, ഫാത്തിമിയ്യ തുടങ്ങി ഓട്ടോമന്‍ തുര്‍ക്കികളുടെ അധപതനം വരെയുളള കാലഘട്ടങ്ങളില്‍ മതത്തെ രാഷ്ട്രീയവത്ക്കരിച്ചാണ് ഭരണം നടത്തിപ്പോന്നത്. ഭൂപ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാനും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാനും മതത്തെ ഒരു ഉപകരണമാക്കി മാറ്റി. സ്വാര്‍ത്ഥ താത്പര്യാര്‍ത്ഥം മതത്തില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടു. അവയെല്ലാം ജനാധിപത്യത്തിന്റെയും നീതിയുടെയും നിരാസത്തിനു വഴിതെളിച്ചു.

ഇസ്്‌ലാം വിട്ടുപോകുന്നവരോട് (മുര്‍ത്തദ്) യുദ്ധം പ്രഖ്യാപിക്കാന്‍ ഭരണകൂടത്തിനു അവകാശമുണ്ടെന്ന തത്വം രൂപപ്പെട്ടത് അങ്ങനെയാണ്. മലയാളത്തില്‍ ഉള്‍പ്പെടെ ഇറങ്ങുന്ന ചില മതഗ്രന്ഥങ്ങളില്‍ ഇന്നും അത് കാണാം.

മതം ഉപേക്ഷിക്കുന്നവരോട് യുദ്ധമാകാമെങ്കില്‍ ഈ ലോകം ചോരക്കളമാകുമായിരുന്നു. ജനാധിപത്യത്തിന്റെ കടുത്ത നിരാസമായിരിക്കും അത്. ഖുര്‍ആനിക ആശയത്തിനു തന്നെ വിരുദ്ധമാണത്. ''വിശ്വസിക്കുകയും അവിശ്വസിക്കുകയും വീണ്ടും വിശ്വസിക്കുകയും വീണ്ടും അവിശ്വസിക്കുകയും ചെയ്താല്‍ അല്ലാഹു അവനോട് പൊറുക്കുകയോ നേര്‍മാര്‍ഗം കാട്ടുകയോ ചെയ്യില്ല'' (ഖുര്‍ആന്‍ 4:137). അവിശ്വസിക്കുന്നവരോട് യുദ്ധം ചെയ്യണമെന്ന് ഈ ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്നില്ല.

ഇന്നൊരാള്‍ മതത്തില്‍ വിശ്വസിക്കുകയും നാളെ അവിശ്വസിക്കുകയും മറ്റന്നാള്‍ വീണ്ടും വിശ്വസിക്കുകയും പിറ്റേന്നാള്‍ അവിശ്വസിക്കുകയും ചെയ്യുമ്പോള്‍ അവന്റെ വിശ്വാസ്യത തന്നെയാണ് നഷ്ടപ്പെടുന്നത്. അങ്ങനെ ചെയ്യുന്നവരോട് അല്ലാഹു പൊറുക്കില്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അങ്ങനെ ചെയ്യുന്നവരെ ആക്രമിക്കണമെന്നോ കൊല്ലണമെന്നോ എവിടെയും ഖുര്‍ആന്‍ പറയുന്നില്ല.

എന്നിട്ടും ഇസ്‌ലാം മതം ഉപേക്ഷിക്കുന്നവനോട് യുദ്ധം ചെയ്യണമെന്ന ആശയം എങ്ങനെയാണ് രൂപംകൊണ്ടത്? പില്‍ക്കാല മുസ്‌ലിം ഭരണാധികാരികള്‍ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഉണ്ടാക്കിയെടുത്തതാണിത്. ഇസ്‌ലാം ഉപേക്ഷിക്കുന്ന ആളുകള്‍ അയല്‍രാജ്യത്തെ ക്രിസ്ത്യന്‍ ഭരണാധികാരിയുമായി ഗൂഢാലോചന നടത്തുമെന്നും അവര്‍ സ്വന്തം രാഷ്ട്രത്തിനെതിരെ തിരിയുമെന്നുമുളള ഭയാശങ്കയില്‍ നിന്ന് രൂപംനല്‍കിയ ജനാധിപത്യവിരുദ്ധ നയമാണത്. അതിനു മതതത്ത്വവുമായി ബന്ധമില്ല. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുളള ഇത്തരം ചില കൂട്ടിച്ചേര്‍ക്കലുകള്‍ മതത്തില്‍ കടന്നുകൂടിയിട്ടുണ്ട്.

ജനാധിപത്യവിരുദ്ധവും ഫ്യൂഡലിസം അടിസ്ഥാനമാക്കിയുളളതുമായ ഭരണക്രമങ്ങള്‍ മുസ്‌ലിം രാജ്യങ്ങളില്‍ മാത്രമല്ല, ഇരുപതാം നൂറ്റാണ്ടുവരെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിലനിന്നിരുന്നു. എന്നാല്‍, 19-ാം നൂറ്റാണ്ട് മുതല്‍ ശക്തിപ്രാപിച്ചുവന്ന ജനാധിപത്യ-മതേതരത്വ ആശയങ്ങളോട് ക്രിസ്ത്യാനികളും ഹൈന്ദവരും ഉള്‍പ്പെടെയുളള മതസമൂഹങ്ങള്‍ കാട്ടിയ പ്രതിബദ്ധത മുസ്‌ലിംലോകത്തു നിന്നുണ്ടായില്ല എന്നതാണ് വസ്തുത.

ജനാധിപത്യവും മതേതരത്വവും ഉള്‍ക്കൊളളുന്ന ആധുനിക ലോകക്രമത്തോടുളള മുസ്്‌ലിം മതനേതൃത്വത്തിന്റെ വിരുദ്ധ മനോഭാവമാണ് തീവ്രവാദവും ഭീകരതയും ഉള്‍പ്പെടെ ഇസ്്‌ലാമിക സമൂഹങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ കാതലായ കാരണം. മാറ്റങ്ങളെ ഉള്‍ക്കൊളളാനാവാതെ മതമെന്നത് കെട്ടിക്കിടക്കുന്ന വെളളമാണെന്ന ധാരണ പ്രബലമാകാന്‍ ഇതിടവരുത്തിയിട്ടുണ്ട്.



1

 

ga