മതമൗലികവാദവും ഭീകരവാദവും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാന്‍ കേരളം ഉള്‍പ്പെടെ ലോകത്തെങ്ങുമുളള പ്രബല വിഭാഗങ്ങളില്‍പ്പെട്ട മുസ്‌ലിം മതനേതൃത്വം തയ്യാറാവേണ്ടിയിരിക്കുന്നു
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോയുടെ ഓഫീസില്‍ കയറി പത്രാധിപര്‍ ഉള്‍പ്പെടെ 12 പേരെ അരുംകൊലചെയ്ത സംഭവം ഇനിയുമേറെ ശക്തിപ്പെടാന്‍ പോകുന്ന ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണ് തുറന്നുകാട്ടുന്നത്. യൂറോപ്പില്‍ പൊതുവില്‍ പ്രകടമായിവരുന്ന ഇസ്‌ലാമോഫോബിയയെ അത് ശക്തിപ്പെടുത്തുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
പാകിസ്താനിലെ സൈനിക സ്‌കൂളില്‍ 132 വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്റെ മരവിപ്പില്‍നിന്ന് ലോകം മോചനം നേടുംമുമ്പായിരുന്നു പാരീസിലെ മാധ്യമസ്ഥാപനത്തില്‍ നടത്തിയ നിഷ്ഠൂരഹത്യ.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അനുദിനം അധികരിച്ചുവരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2013 ല്‍ ലോകത്ത് 17,958 ഭീകരാക്രമണങ്ങള്‍ നടന്നുവെന്ന് സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 66 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
2014 ലെ ക്രോഡീകരിച്ച കണക്കുകള്‍ ലഭ്യമായില്ലെങ്കിലും അത് മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാവുമെന്ന് ഉറപ്പാണ്. 2015 ല്‍ ഭീകരാക്രമണം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് ആദ്യനാളുകളിലെ അനുഭവങ്ങള്‍തന്നെ നല്‍കുന്ന സൂചന.
ശക്തമായ മുന്‍കരുതലുകളുടെ പാശ്ചാത്തലത്തില്‍ ഭീകരാക്രമണങ്ങള്‍ക്ക് യൂറോപ്പില്‍ ഇടയ്ക്കാലത്ത് ശമനമുണ്ടായിരുന്നു. എന്നാല്‍ പാരീസിലെ ഭീകരാക്രമണവും ബ്രിട്ടന്‍ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍നിന്ന് ഇറാഖിലെ ഐ.എസ്. ഭീകരസംഘടനയിലേക്കുളള റിക്രൂട്ട്‌മെന്റുകളും യൂറോപ്പിനെ ഭീതിയുടെ മുനയില്‍ നിര്‍ത്തുകയാണ്.
2013 ലെ ഭീകരാക്രമണങ്ങളില്‍ 82 ശതമാനവും നടന്നത് കേവലം അഞ്ച് രാജ്യങ്ങളിലാണ്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, നൈജീരിയ, സിറിയ എന്നിവിടങ്ങളില്‍. 2014 ലെ സ്ഥിതിയും വ്യത്യസ്തമല്ല.
ഇവയില്‍ നൈജീരിയ ഒഴിച്ചുളളവ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളാണ്. നൈജീരിയയിലെ ജനസംഖ്യയില്‍ 40 ശതമാനത്തിലേറെ മുസ്‌ലീങ്ങളാണ്. അല്‍ഖ്വെയ്ദ, ഐ.എസ്.ഐ.എസ്, ബൊക്കോ ഹറാം, താലിബാന്‍ എന്നീ സംഘടനകളാണ് ഭീകരാക്രമണങ്ങളില്‍ 66 ശതമാനവും നടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതെല്ലാം നല്‍കുന്ന സന്ദേശം സുവ്യക്തമാണ്-
1) മുസ്‌ലിം രാഷ്ട്രങ്ങളില്‍ മുസ്‌ലിം ഭീകരവാദസംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ അനുദിനം ശക്തിയാര്‍ജ്ജിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷമായി ലോകത്തിന്റെ അനുഭവമാണിത്.
2) ഇന്ത്യയുള്‍പ്പെടെയുളള മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ഇടയ്‌ക്കെല്ലാമുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ മുഖ്യമായും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മുസ്‌ലിം ഭീകരവാദസംഘടനകളാണ്.
3) ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജീവിതം സ്തംബ്ധമാക്കുംവിധത്തിലുളള നിരന്തരമായ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംലോകത്ത് അരങ്ങേറുന്നതുപോലെ മറ്റൊരിടത്തും കാണാനാവില്ല.
എല്ലാവര്‍ക്കും അറിയാവുന്ന ഈ ലോകാനുഭവത്തില്‍ നിന്ന് മുസ്‌ലിം സമുദായം പാഠമുള്‍ക്കൊളളുന്നുണ്ടോ എന്നതാണ് ഇവിടെ പരിശോധിക്കേണ്ടത്.
മുസ്‌ലിം സമുദായം പാഠമുള്‍ക്കൊളളുക എന്നതിന്റെ അര്‍ത്ഥം കേരളം ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുളള ഇസ്‌ലാം മതനേതൃത്വം പാഠമുള്‍ക്കൊളളുക എന്നതാണ്. കാരണം, മതനേതൃത്വത്തിന്റെ നിര്‍ദേശങ്ങളും ഉപദേശങ്ങളും കല്പനകളും മതവിധികളുമൊക്കെയാണ് മുസ്‌ലിം ജനവിഭാഗത്തിലെ ബഹുഭൂരിപക്ഷത്തെയും സ്വാധീനിക്കുന്നത്.
ഇസ്‌ലാമില്‍ പൗരോഹിത്യമില്ലെന്ന് പറയാറുണ്ടെങ്കിലും പുരോഹിതന്‍മാരാണ് സമുദായത്തെ മുച്ചൂടും സ്വാധീനിക്കുന്നത്. ഒരുപക്ഷേ, മറ്റേതൊരു മതത്തിലേതിനേക്കാളും മതനേതൃത്വത്തിന്റെ സ്വാധീനം സമുദായാംഗങ്ങളില്‍ ഏറ്റവും ദൃഢമായി നിലകൊളളുന്നത് മുസ്‌ലിങ്ങളിലാണെന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല.
മുസ്‌ലീങ്ങള്‍ ഉള്‍പ്പെടുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴൊക്കെയും അവയ്ക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്ന ഒഴുക്കന്‍ മട്ടിലുളള പ്രസ്താവനയുമായി മതനേതൃത്വം രംഗത്തുവരും. ഇസ്‌ലാം എന്നാല്‍ സമാധാനമാണെന്നും അതിനു ഭീകരവാദവുമായി ഒരുവിധത്തിലും യോജിച്ചുപോകാനാവില്ലെന്നും ചൂണ്ടിക്കാട്ടപ്പെടും (സമര്‍പ്പണമെന്നും സമാധാനമെന്നുമൊക്കെയാണ് ഇസ്‌ലാമിന്റെ അര്‍ത്ഥം). അമേരിക്ക ഉള്‍പ്പെടെയുളള സാമ്രാജ്യത്വ പാശ്ചാത്യ രാജ്യങ്ങളുടെ അധിനിവേശം ഉള്‍പ്പെടെയുളള പ്രതിലോമപരമായ ഭരണനയങ്ങളും നടപടികളുമാണ് തീവ്രവാദവും ഭീകരവാദവും സൃഷ്ടിക്കുന്നതെന്നും മതനേതൃത്വം വാദിക്കും.
തീര്‍ച്ചയായും സത്യത്തിന്റെ അംശങ്ങള്‍ ഉള്‍ക്കൊളളുന്ന ഇത്തരം വാദഗതികളില്‍ യാഥാര്‍ത്ഥ്യത്തിന്റെ മറ്റു പല അംശങ്ങളും വിട്ടുകളയുകയാണ്. മതമൗലികവാദവും ഭീകരവാദവും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളാണ്. മറ്റു മതസമുദായങ്ങളെ അപേക്ഷിച്ച് മതമൗലികവാദവും ഭീകരവാദവും മുസ്‌ലിംകള്‍ക്കിടയില്‍ ആഴത്തില്‍ വേരൂന്നാനുളള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഈ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ കേരളം ഉള്‍പ്പെടെ ലോകത്തെങ്ങുമുളള പ്രബല വിഭാഗങ്ങളില്‍പ്പെട്ട മുസ്‌ലിം മതനേതൃത്വം തയ്യാറാവേണ്ടിയിരിക്കുന്നു. ആത്മപരിശോധനയും തിരുത്തലുകളുമില്ലാതെ അത് അസാധ്യമായിത്തീരും.
വിമര്‍ശകരെ കശാപ്പ് ചെയ്യുന്ന കാലം -3: പിടിമുറുക്കുന്ന അസഹിഷ്ണുത